ട്രെന്‍ഡിങ്ങ്

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

വ്യാജ വാര്‍ത്തകളും കലാപങ്ങളും സൃഷ്ടിച്ചു ലാഭം കൊയ്യുന്ന ഏര്‍പ്പാടിന് അരങ്ങൊരുങ്ങി കഴിഞ്ഞു

മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഇന്നലെ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ബിജെപി നേതാവ് പത്മകുമാറിനോട് ഇങ്ങനെ പറഞ്ഞു, ‘ശബരിമല നട തുറക്കുമ്പോള്‍ കേരളത്തിലെ ജയിലുകള്‍ മാളികപ്പുറത്തമ്മമാരെ കൊണ്ട് നിറയും, അല്ലേ?’

ഇന്നലെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു, “ശബരിമലയില്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയാണ് നടപ്പാക്കുന്നത്. അതല്ലാതെ മറ്റെന്താണ് ചെയ്യാന്‍ കഴിയുക?”

നമ്മള്‍ ഏത് ന്യായാധിപര്‍ പറയുന്നത് കേള്‍ക്കണം?

വേണു സിപിഎം പ്രതിനിധിയോട് ഇങ്ങനെ പറഞ്ഞു: ഹൈന്ദവ വിശ്വാസത്തിന്റെ മേഖലയില്‍ നിങ്ങള്‍ക്ക് (സര്‍ക്കാരിനും സിപിഎമ്മിനും) മനസിലാവാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ആചാരലംഘനം ഉണ്ടായാല്‍ അവര്‍ക്ക് അവരുടേതായ പരിഹാര ക്രിയകള്‍ ഉണ്ട്…

ആ അജ്ഞത സ്ഥാപിക്കാന്‍ അദ്ദേഹം ഉദാഹരിച്ചത് കണ്ണൂര്‍ കല്യാശ്ശേരിയിലെ കീച്ചേരി ക്ഷേത്രത്തിലെ സ്ത്രീകള്‍ക്കുള്ള വിലക്കാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ആ ക്ഷേത്രം ഭരിക്കുന്നത്.

ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയെ മുട്ടുകുത്തിക്കാന്‍ ബിജെപി പ്രതിനിധി കൊണ്ടുവരേണ്ട തെളിവ് വേണു തന്നെ അവതരിപ്പിക്കുന്നു. അതിനുള്ള ഗവേഷണം അദ്ദേഹം തന്നെ ചെയ്തിരിക്കുന്നു. അഭിനന്ദനാര്‍ഹം തന്നെ ഈ ‘നൈപുണ്യം’!

മാതൃഭൂമി മാനേജ്മെന്റിനോടാണ്, ഈ അവതാരകനെ നിങ്ങള്‍ എങ്ങോട്ടേക്കാണ് കയറൂരി വിട്ടിരിക്കുന്നത്? മീശയില്‍ കൈപൊള്ളിയ മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ വേവലാതികള്‍ മനസിലാക്കാം. തിരുവനന്തപുരം ശാസ്തമംഗലത്ത് അതിനു ശേഷം മാതൃഭൂമി വില്‍ക്കാത്ത എനിക്കറിയാവുന്ന കടകള്‍ ഇപ്പോഴുമുണ്ട്. ശബരിമല വിഷയത്തില്‍ മുന്‍നിരയില്‍ നിന്നു പോരാടുന്ന എന്‍എസ്എസിനെ പ്രീതിപ്പെടുത്താതെ മറ്റ് വഴികളില്ലാതായിരിക്കുന്നു ആ മാധ്യമത്തിന്. (വേണുവിന്റെ ആമുഖ പ്രഖ്യാപനം ഇങ്ങനെ-ഒന്നും രണ്ടുമല്ല. നൂറ് ഹിന്ദു സംഘടനകളാണ് കോട്ടയത്ത് ഒരു കുടക്കീഴില്‍ അണിനിരന്നത്. കരുക്കള്‍ നീക്കിത്തുടങ്ങിയത്. നൂറില്‍ ഒന്ന് എന്‍എസ്എസ് ആണ്. പെരുന്നയുടെ പ്രതിഷേധം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.) പക്ഷേ, ശബരിമലയില്‍ നിരന്തരം നടത്തുന്ന ചര്‍ച്ചകളിലെ ‘വിശ്വാസി പക്ഷപാതിത്വം’, മാതൃഭൂമി കൂടി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നവോഥാന നേട്ടങ്ങളെ തകര്‍ക്കുന്നതല്ലേ എന്നു ശ്രേയാംസ്കുമാറിനോ പി.വി ചന്ദ്രനോ മനസിലായില്ലെങ്കിലും എംപി വീരേന്ദ്രകുമാറിന് മനസിലാവേണ്ടേ?

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യമാണ് പ്രശ്നം, സുപ്രീം കോടതി വിധിയല്ല എന്നതാണ് വിശ്വാസികളുടെ കൂടെ നില്‍ക്കുന്ന ‘പുരോഗമന സമൂഹം’ എടുക്കുന്ന നിലപാട്. അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മാധ്യമങ്ങളുമൊക്കെ പെടുന്നു. ബിജെപിയും ആ നിലപാട് പറയുന്നു. പക്ഷേ അതിനെ പൊളിക്കുന്ന പരമര്‍ശമല്ലേ ഇന്നലെ ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്?

“റിവ്യൂ ഹര്‍ജിയില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ആര്‍ക്കും കാത്തിരിക്കാനാവില്ല” എന്നാണ് ഹൈക്കോടതി പറഞ്ഞതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. താനൊരു ഗാന്ധിയനാണെന്നും രക്തചൊരിച്ചാല്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് എന്നു കോടതി വ്യക്തമാക്കിയതായി മനോരമ.

റിവ്യൂ ഹര്‍ജിയില്‍ തീരുമാനം വരും വരെ ഉത്തരവ് ധൃതിപ്പിടിച്ചു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി എം. തങ്കപ്പ മേനോനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതിയില്‍ തന്നെ പോകാമെന്നിരിക്കെ എന്തിന് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി വന്ന എന്ന കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

കോടതി വിധി എന്തായാലും വിശ്വാസികളുടെ കൂടെയാണ് തങ്ങള്‍ എന്ന നിലപാട് ഇന്നലെയും ബിജെപി ആവര്‍ത്തിച്ചു. ഇന്നലെ നടന്ന ബിജെപിയുടെ സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനം എടുത്തത്. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയാലും നിയമ സാധുവായ എല്ലാ സമരങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടാകും. സമാധാനപരമായ സമരത്തിനാണ് ബിജെപി ആഹ്വാനം ചെയ്യിരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 8 മുതല്‍ 13 വരെ ശബരിമല സംരക്ഷണ രഥയാത്ര നടത്തും. ഇന്ന് പുനരര്‍പ്പണ പ്രതിജ്ഞയും മൂന്നാം തീയതി കോട്ടയത്തു സമര പ്രഖ്യാപന സമ്മേളനവും നടത്തും. 4, 5, 6 തിയതികളില്‍ ശബരിമലയില്‍ വിശ്വാസികളുടെ ഒപ്പം നിന്നു പ്രവര്‍ത്തിക്കും.

ആചാര ലംഘനമുണ്ടായാല്‍ ശക്തമായി നേരിടാന്‍ ശബരിമല കര്‍മ്മസമിതിയുടെ ഇന്നലെ കോട്ടയത്തു ചേര്‍ന്ന യോഗം തീരുമാനിച്ചു. 126 സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 4 മുതല്‍ 12 വരെ വിവിധ തരത്തിലുള്ള സമര പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.

ഇന്നലെ വേണുവിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി നേതാവ് പത്മകുമാര്‍ പോലീസ് മര്‍ദ്ദനമേറ്റ് ഒരു അയ്യപ്പ ഭക്തന്‍ പമ്പയില്‍ കൊല്ലപ്പെട്ടു എന്നു പുറത്തു പറയുന്നത്. കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല അത്തരമൊരു വാര്‍ത്ത ത്തങ്ങളുടെ ശ്രധയില്‍ പെട്ടിട്ടില്ല എന്നും പത്മകുമാറിന് മാത്രം കിട്ടിയ വാര്‍ത്ത ആയിരിക്കുമെന്നാണ് അപ്പോള്‍ പ്രതികരിച്ചത്.

അതിനു താഴെ മാതൃഭൂമി ഇതേ വാര്‍ത്ത സ്ക്രോള്‍ ചെയ്യുന്നുണ്ടായിരുന്നു. ‘പത്തനംതിട്ടയില്‍ ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്റെ മരണം ദുരൂഹമാണ് എന്നാരോപിച്ച് ബിജെപിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.’

വ്യാജ വാര്‍ത്തകളും കലാപങ്ങളും സൃഷ്ടിച്ച് ലാഭം കൊയ്യുന്ന ഏര്‍പ്പാടിന് അരങ്ങൊരുങ്ങി കഴിഞ്ഞു. റേറ്റിംഗിന് വേണ്ടി മുറിവില്‍ വിഷം പുരട്ടുന്ന പരിപാടിയാണ് വേണുവടക്കമുള്ളവര്‍ ചെയ്യുന്നത് എന്ന് ആരാണ് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക?

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ ‘തെറിജപ’ പ്രതിഷേധവും; ഇതെന്ത് രാഷ്ട്രീയം? ഭക്തി?

പാലക്കാട്ടെ ഇന്ത്യയിലെ ഏക കൈപ്പത്തി പ്രതിഷ്ഠ ക്ഷേത്രവും ഇന്ദിരാ ഗാന്ധിയും തമ്മിലെന്ത്? മതേതര കോണ്‍ഗ്രസ് എന്ന മിത്ത്

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍