TopTop
Begin typing your search above and press return to search.

ആലിംഗന വിവാദം; സെന്‍റ് തോമസിലെ ഒത്തുതീര്‍പ്പില്‍ മാത്രം ഒതുങ്ങില്ല ഈ വിഷയം

ആലിംഗന വിവാദം; സെന്‍റ് തോമസിലെ ഒത്തുതീര്‍പ്പില്‍ മാത്രം ഒതുങ്ങില്ല ഈ വിഷയം

2017ന്‍റെ ഒടുവിലത്തെ ദിനങ്ങളില്‍ ഉയര്‍ന്നു വന്ന തിരുവനന്തപുരം സെന്‍റ് തോമസ് സ്കൂളിലെ ആലിംഗന വിവാദത്തിന് ഒടുവില്‍ അന്ത്യം. സ്കൂളും കോടതിയും, കുട്ടികളുടെ പഠിക്കുക എന്ന പ്രാഥമിക അവകാശത്തിന് പുറംതിരിഞ്ഞു നിന്നപ്പോള്‍ പൊതുസമൂഹവും മാധ്യമങ്ങളും പ്രത്യേകിച്ച്, നവമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉയര്‍ത്തിയ സംവാദം ഫലം കാണുകയായിരുന്നു. മത–സാമുദായിക ലേബലില്‍ കേരളത്തില്‍ തഴച്ചുവളരുന്ന വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുള്ള ഒരു താക്കീത് കൂടിയായി ഈ സംഭവം മാറി. ഇന്നലെ സ്കൂള്‍ മാനേജ്മെന്റും സ്കൂളിന്റെ ശിക്ഷാ നടപടികള്‍ക്ക് വിധേയമായി കഴിഞ്ഞ അഞ്ചു മാസമായി പഠനം നിഷേധിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളും തമ്മില്‍ അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ശശിതരൂര്‍ എംപിയുടെ മുന്‍കയ്യിലാണ് പ്രശ്നപരിഹാര ചര്‍ച്ച നടന്നത്.

“കരാര്‍ പ്രകാരം പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിക്ക് വ്യാഴാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷയില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് ബുധനാഴ്ച മുതല്‍ ക്ലാസില്‍ തിരിച്ചു കയറാ”മെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ശിക്ഷാ നടപടി മൂലം ആണ്‍കുട്ടിക്കുണ്ടായ ഹാജര്‍ നഷ്ടം പരിഹരിക്കാന്‍ സി ബി എസ് സിയുമായി സ്കൂള്‍ മാനേജ്മെന്‍റ് സംസാരിക്കും. അതുപോലെ തന്നെ അസൈന്‍മെന്‍റ്സും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടിക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ഒരധ്യാപകനെ ചുമതലപ്പെടുത്താം എന്നും സ്കൂള്‍ മാനേജ്മെന്‍റ് സമ്മതിച്ചു.

അതേസമയം സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ കൊടുത്ത പരാതിയുമായി മുന്‍പോട്ട് പോകില്ല എന്നു രക്ഷിതാക്കള്‍ സമ്മതിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ കോടതിയെ സമീപിക്കുന്നതിനെ മാനേജ്മെന്‍റ് തടസ്സപ്പെടുത്തുകയില്ല. കൂടാതെ ആണ്‍കുട്ടിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും സ്കൂള്‍ സമ്മതിച്ചു. സ്കൂളിലേക്ക് തിരിച്ചെത്തുന്ന പെണ്‍കുട്ടിക്ക് നേരെ യാതൊരു മോശം പെരുമാറ്റവും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

http://www.azhimukham.com/offbeat-hug-controversy-stthomas-school/

കേരളത്തില്‍ തഴച്ചുവളരുന്ന സകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും നിര്‍ബാധം തുടരുകയാണ് എന്നതിന്റെ അവസാന ഉദാഹരണമല്ല സെന്‍റ് തോമസ് സ്കൂളിലെ സംഭവം. കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ച ഗൌരി നേഘ എന്ന പതിനഞ്ചുകാരിയായിരുന്നു 2017-ലെ മറ്റൊരു രക്തസാക്ഷി. കുട്ടി മരിച്ചത് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് എന്നു മാതാപിതാക്കള്‍ തുടക്കം മുതല്‍ തന്നെ ആരോപിച്ചിരുന്നു.

http://www.azhimukham.com/trending-15-years-old-student-suicide-parents-still-asking-police-who-behind-it-kr-dhanya-report/

കഴിഞ്ഞ ജൂലൈ 21-ന് നടപടി എടുക്കപ്പെട്ട കുട്ടികള്‍ അഞ്ചു മാസമായി പുറത്തു നില്‍ക്കുകയായിരുന്നു എന്നതും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്നതും പൊതുസമൂഹവും സര്‍ക്കാരും മാധ്യമങ്ങളും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട കാര്യമാണ്. ഇതിനിടയില്‍ കുട്ടികള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്രയായിരിക്കും എന്നത് സങ്കല്‍പ്പിക്കാവുന്നതിനു അപ്പുറമാണ്. ഒടുവില്‍ ബാലാവകാശ കമ്മീഷനില്‍ അടക്കം പരാതിയുമായി കയറി ഇറങ്ങേണ്ടി വന്നു കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും. എന്നാല്‍ ബാലാവകാശ കമ്മീഷന്റെ അനുകൂല വിധി ഹൈക്കോടതിയില്‍ അട്ടിമറിക്കപ്പെടുന്നതും നമ്മള്‍ കണ്ടു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് അപ്പുറം സ്കൂളിന്റെ അച്ചടക്കത്തിനും അവകാശത്തിനും പ്രാധാന്യം കൊടുത്ത കോടതി വിധി ആരെയും ലജ്ജിപ്പിക്കുന്നതാണ്. ഇതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും അഴിമുഖം കോളമിസ്റ്റുമായ പ്രമോദ് പുഴങ്കര ഇങ്ങനെ എഴുതി;

“ജസ്റ്റിസ് ഷാജി ചാലി വിധി പറഞ്ഞു. കെട്ടിപ്പിടിക്കുകയോ, ലജ്ജാവഹം! പയ്യന്‍ കാണിച്ചത് മഹാപരാധം, സ്‌കൂളിന്റെ മാനമിടിഞ്ഞില്ലേ എന്നു സ്‌കൂളിനൊപ്പം ന്യായാധിപനും വിലപിക്കുന്നു. അവനെ പുറത്താക്കാന്‍ സ്‌കൂളുകാര്‍ക്ക് സകല അധികാരവുമുണ്ട്. അങ്ങനെ രണ്ടു കൌമാരക്കാര്‍ കെട്ടിപ്പിടിച്ചു തകര്‍ക്കാന്‍ നോക്കിയ സദാചാരത്തെ രക്ഷപ്പെടുത്തിയ ഹൈക്കോടതി, വിധിന്യായമെന്ന വഷളന്‍ സാഹിത്യത്തില്‍ സൌജന്യമായി ചില ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കുന്നുണ്ട്. അതിലൊന്ന്, പയ്യന്‍സിന്റെ താതമാതാക്കള്‍ക്ക് പിഴയിടാം എന്നാണ്. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും എന്ന്. ആഹാ ഹാ! കോടതി മാഷെ, അവരെക്കൊണ്ടു നടുറോട്ടില്‍ ഏത്തമിടീക്കണോ, ചാട്ടയ്ക്കടിക്കണോ! ഇതേത് നിയമവും നീതിയുമാണ് ഈ കോടതി വ്യാഖ്യാനിച്ചു ഗുരുഭൂതരാകുന്നത്.”

http://www.azhimukham.com/offbeat-stthomasschool-thiruvananthapuram-pramodpuzhankara-fbpost/

എന്തായാലും സെന്‍റ് തോമസ് സംഭവം ഒരു കാര്യം ഉറപ്പിക്കുന്നു. നമ്മുടെ വിദ്യാലയങ്ങള്‍ ഉടച്ചുവാര്‍ക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും സ്കൂളിലെ ആണ്‍-പെണ്‍ ബന്ധങ്ങളെ, സൌഹൃദങ്ങളെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തില്‍. അല്ലെങ്കില്‍ കോടതിയില്‍ തെളിവിനായി സ്വകാര്യ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ മോഷ്ടിച്ചെടുക്കുന്ന സ്കൂള്‍ മാനേജ്മെന്റിനെയും കുട്ടികളെ കുറിച്ച് ഫേസ്ബുക്കില്‍ വഷളന്‍ സാഹിത്യം എഴുതി ഇടുന്ന അദ്ധ്യാപഹയനെയും നമ്മള്‍ ഇനിയും കാണേണ്ടി വരും.

http://www.azhimukham.com/trending-i-was-harassed-in-same-kerala-school-that-suspended-students-for-hug/

സെന്‍റ് തോമസ് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ഇപ്പോള്‍ എക്കണോമിക്സ് അസിസ്റ്റന്‍റ് പ്രൊഫസറുമായ റിയ എലിസബത്ത് ജോര്‍ജ്ജ് എന്‍ ഡി ടിവി.കോമില്‍ എഴുതിയ കുറിപ്പില്‍ പറയുന്നതുകൂടി ശ്രദ്ധിയ്ക്കുക; “ഒരു കുട്ടിയെ സൃഷ്ടിക്കാനും തകര്‍ക്കാനും ഒരു ടീച്ചര്‍ക്ക് എളുപ്പം സാധിക്കും; അരക്ഷിതത്വവും ഉത്കണ്ഠയും വിഷാദവും പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ വ്യാപകമാവുന്ന ഒരു ലോകത്തില്‍ അധ്യാപകര്‍ അതീവ ജാഗ്രതയോടെ വേണം വിദ്യാര്‍ത്ഥികളുമായി ഇടപെടാന്‍.”

വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചു കഥ എഴുതിയതിന് കഥാകൃത്ത് എന്‍ പ്രഭാകരന്റെ കൈ വെട്ടും എന്ന ഭീഷണി സന്ദേശമയച്ച അധ്യാപകരുടെ നാട്ടില്‍ 2018ലെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കാം.

http://www.azhimukham.com/trending-reply-to-n-prabhakaran-teachers-must-get-such-type-of-games/

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories