TopTop
Begin typing your search above and press return to search.

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?
ഇന്നലെ അര്‍ദ്ധരാത്രിയോടെ സന്നിധാനത്ത് നടന്ന പ്രതിഷേധവും കൂട്ട അറസ്റ്റും ശബരിമല വിഷയം കൂടുതല്‍ സങ്കീര്‍ണ്ണവും സംഘര്‍ഷപൂരിതമാകും എന്നാണ് സൂചിപ്പിക്കുന്നത്. മണ്ഡലകാല പൂജയ്ക്കായി നട തുറന്നതു മുതല്‍ കനത്ത പോലീസ് നിയന്ത്രണത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. നിലവില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും നടവരവിലും കുറവുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പോലീസിന്റെ നിയന്ത്രണം കാരണമാണോ അതോ സന്നിധാനം സംഘര്‍ഷഭരിതമായതുകൊണ്ട് സമാധാനത്തോടെ അയ്യപ്പ ദര്‍ശനം നടത്താന്‍ കഴിയില്ല എന്നതുകൊണ്ട് ഭക്തര്‍ പിന്നോട്ട് അടിക്കുന്നതാണോ എന്നു വ്യക്തമല്ല.

ഇന്നലെ രാത്രി പത്തരയോടെ വലിയ നടപ്പന്തലില്‍ ഒരു കൂട്ടം ഭക്തര്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചത്. വിരി വെക്കാന്‍ സ്ഥലം അനുവദിക്കുന്നില്ലെന്നും പോലീസ് ശരണം വിളിക്കാന്‍ അനുവദിക്കുന്നില്ല എന്നും വിരി വെക്കുന്ന സ്ഥലം വൃത്തി ഹീനമാണ് എന്നും ആരോപിച്ചുകൊണ്ടുമാണ് പ്രതിഷേധം ആരംഭിച്ചത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“നിരോധനാജ്ഞ ലംഘിച്ചെന്ന പേരില്‍ മുന്നോറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി” എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. “ഹരിവരാസനം ചൊല്ലി നടയടച്ചാല്‍ എല്ലാവരും മടങ്ങണമെന്ന പോലീസിന്റെ നിര്‍ദേശത്തിനെതിരെ പെട്ടെന്നാണ് പ്രതിഷേധം തുടങ്ങിയത്. അന്നദാന മണ്ഡപത്തിന് മുന്നില്‍ രണ്ടു തീര്‍ഥാടകര്‍ ശരണം വിളിച്ചതോടെ മറ്റുള്ളവരും ഓടിയെത്തി ഘോഷയാത്രയായി വലിയ നടപ്പന്തലിലെത്തി. കൂടുതലാരും കടക്കാതെ മൂവായിരത്തോളം പോലീസുകാര്‍ ഇവര്‍ക്ക് ചുറ്റുമായി വലയം തീര്‍ത്തു.” മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജേഷ് എന്ന എറണാകുളത്ത് നിന്നുള്ള തീര്‍ഥാടകനാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. എന്നാല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ എല്ലാവരെയും അറസ്റ്റ് ചെയ്യണം എന്ന ആവശ്യത്തോടെ പ്രതിഷേധക്കാര്‍ രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എസ് പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ മാതൃഭൂമിയില്‍ എത്തുമ്പോഴേക്കും ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറില്‍ ഒന്നായി കുറഞ്ഞു. അതായത് 50 പേര്‍. അതേസമയം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത് 28 പേരെ കസ്റ്റഡിയില്‍ എടുത്തു എന്നാണ്. ആര്‍ എസ് എസിന്റെ എറണാകുളത്തെ പ്രധാന നേതാക്കളില്‍ ഒരാളായ രാജേഷ് എന്നയാളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് 200 ഓളം പേര്‍ പ്രതിഷേധിച്ചു എന്നും അതില്‍ 70 ഓളം പെര്‍ക്കെതിരെ കേസെടുത്തു എന്നുമാണ്. ജന്‍മഭൂമി പറയുന്നത് നൂറുകണക്കിന് ഭക്തരെ അറസ്റ്റ് ചെയ്തു എന്നാണ്. കേരളകൌമുദിയുടെ കണക്ക് ഏറെക്കുറെ മാതൃഭൂമിയുടെ കണക്കിനോട് അടുത്ത് നില്‍ക്കുന്നതാണ്. 55 പേരെ അറസ്റ്റ് ചെയ്തു എന്നാണ് കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി മനോരമയുടെ തന്നെ ഓണ്‍ലൈന്‍ പതിപ്പിലെ കൌതുകരമായ കണക്കിലേക്ക്. “നൂറോളം പേരെയാണ് ഇന്നലെ കൊണ്ടുവന്നത്. എന്നാൽ 65 പേർക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.”

ഈ വിഷയത്തിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ; ശബരിമലയില്‍ ഇന്നലെ നടപ്പന്തലില്‍ പ്രതിഷേധം നടത്തിയ കണ്ടാല്‍ അറിയുന്ന 150 പേര്‍ക്ക് എതിരെ കേസ് എടുത്തു. 70 പേരെ അറസ്റ്റ് ചെയ്തു. മുമ്പ് പ്രതിഷേധം നടത്തിയതില്‍ കേസുള്ള 15 പേരും അറസ്റ്റ് ചെയ്തവരിലുണ്ട്.

ആപ്പോള്‍ ആ 300 പേരുടെ കണക്ക് എവിടെ നിന്നു കിട്ടി മനോരമേ? ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ഒരു പോലീസ് നടപടിയെ തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പെരുപ്പിച്ചു കാണിക്കുന്ന മനോരമയുടെ ലക്ഷ്യമെന്ത്? ആരെ സഹായിക്കാന്‍? ശബരിമല സീസണ്‍ തുടങ്ങിയതോടെ റേറ്റിംഗില്‍ ഏറെ മുന്നിലേക്ക് പോയി എന്നവകാശപ്പെടുന്ന ജനം ടിവിക്ക് പഠിക്കുകയാണോ മനോരമ?

ഇന്നത്തെ മലയാള മനോരമ പത്രത്തിലെ പേജ് ഒന്‍പതിലെ ചില വാര്‍ത്താ തലക്കെട്ടുകള്‍ കൂടി നോക്കാം
1. വാവര്‍ നടയില്‍ എത്താന്‍ പോലീസിനോട് ചോദിക്കണം
2. വെള്ളമില്ല, ഭക്ഷണമില്ല, വാതിലില്ലാത്ത ശുചിമുറികള്‍; മലയോളം ദുരിതം
3. രേഖകള്‍ വൈകുന്നു; സാവകാശ ഹര്‍ജി അനിശ്ചിതത്വത്തില്‍’
4. തീരാദുരിതം മൂന്നാം ദിനവും
5. ശശികല സ്ഥിരം കുറ്റവാളിയെന്ന് പോലീസ് ; കോടതി അനുവദിച്ചില്ല
6. പോലീസ് ഭരണമെന്ന് എന്‍ എസ് എസ്
7. സുരേന്ദ്രന്റെ അറസ്റ്റ്: സ്റ്റേഷനിലും സംഘര്‍ഷം
9. ബിജെപി കേന്ദ്രനേതാക്കളും ശബരിമലയിലേക്ക്
10. തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ ഇടിവ് (ടേബിള്‍)
11. വൃശ്ചികം രണ്ടിന്റെ തിരക്ക് കുറവ് 2017, 2018 (ചിത്ര താരതമ്യം)
12. വാരഫലം കാര്‍ട്ടൂണ്‍ -‘പിടി’വാശി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ടോളിയില്‍ എടുത്തുകൊണ്ടുപോകുന്ന പിണറായിയും കൊടിയേരിയും.

ചിന്തിക്കുന്നവര്‍ക്ക് ഇത്രയും ദൃഷ്ടാന്തം പോരെ..

https://www.azhimukham.com/newswrap-how-prime-time-channel-debate-handles-sabarimala-women-entry-issue-writes-saju/

https://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

https://www.azhimukham.com/newswrap-disaster-reporting-shouldbe-changed/

https://www.azhimukham.com/trending-facebookdiary-kerala-become-africa-manorama-anchor-nishas-question-on-nipah-irks-doctor/

https://www.azhimukham.com/kerala-the-curious-case-of-k-surendran/


Next Story

Related Stories