Top

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മളാണ്

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മളാണ്
ചിലപ്പോള്‍ ഈ അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും അനാഥത്വം നിറഞ്ഞ മരണത്തിന്റെ ചിത്രം ഇതായിരിക്കാം. പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ദളിത്‌ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അച്ഛന്‍ കെ വി പാപ്പു ഇന്നലെ ഉച്ചയോടെ വഴിയില്‍ വീണു മരിച്ചു കിടന്നു.

സോളാര്‍ കേസില്‍ മുന്‍ ഭരണക്കാരില്‍ പ്രമുഖര്‍ ഒന്നടങ്കം നഗ്നരായി നാണംകെട്ട് സമൂഹ മധ്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ മരണവാര്‍ത്തയും പുറത്തുവന്നത് എന്നത് യാദൃശ്ചികം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ച രാഷ്ട്രീയ വിവാദം സോളാര്‍ കേസായിരുന്നു എങ്കില്‍ സമൂഹ്യ കാരണം ജിഷയുടെ മരണവും പോലീസ് അതിനെ കൈകാര്യം ചെയ്ത രീതിയും ഉണ്ടാക്കിയ ജനകീയ രോഷമായിരുന്നു.

അന്ന് ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളിയായിരുന്നു സാമൂഹിക മനഃസാക്ഷിയെ ഞെട്ടിച്ചതും ഉറക്കം നഷ്ടപ്പെടുത്തിയതും. കൊല്ലപ്പെടുമ്പോള്‍ ജിഷ താമസിച്ചിരുന്നത് അമ്മയുടെ കൂടെ ആയിരുന്നു. അച്ഛനെവിടെ എന്ന അന്വേഷണത്തിന്, കുറച്ചു കാലങ്ങളായി പിരിഞ്ഞു താമസിക്കുകയാണ് എന്ന ഉത്തരമാണ് കിട്ടിയത്. മാധ്യമങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയപ്പോള്‍ തീര്‍ത്തും അവശനും നിരാശനുമായ ഒരു മനുഷ്യന്റെ ചിത്രം തെളിഞ്ഞു വന്നു. എന്തായാലും ജിഷയുടെ കൊലപാതകം എന്ന വലിയ സാമൂഹിക ദുരന്തത്തിനിടയില്‍ മഞ്ഞപ്പത്ര ജേര്‍ണലിസത്തിനൊന്നും ആരും മുതിര്‍ന്നില്ല എന്നത് ആശ്വാസകരം.

ഇന്ന് പാപ്പുവിന്റെ മരണം ചരമ പേജിലും പ്രാദേശിക പേജിലുമായി ഒതുങ്ങിയിരിക്കുന്നു. “കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ വഴിയരുകില്‍ മരിച്ച നിലയില്‍” എന്ന നാട്ടുവര്‍ത്തമാനം പേജിലെ മാതൃഭൂമി വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു, “രോഗങ്ങള്‍ മൂലം അവശനായിരുന്ന പാപ്പു വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീട്ടില്‍ നിന്നും പുറത്തുവന്നു വെള്ളം വാങ്ങി കുടിച്ചതായി സമീപവാസിയായ സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഇവര്‍ പുറത്തുപോയി വന്നപ്പോള്‍ വഴിയരുകില്‍ കിടക്കുന്നതാണ് കണ്ടത്."സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊടുത്ത വീട്ടിലാണ് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും കഴിയുന്നത്. വിവിധ സംഘടനകളും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്നെങ്കിലും പാപ്പുവിനെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആനുകൂല്യങ്ങളില്‍ ഒരു പങ്ക് തനിക്കും ലഭിക്കണം എന്നാവശ്യപ്പെട്ട് പാപ്പു പലതവണ അധികൃതരുടെ മുന്‍പില്‍ കൈ നീട്ടിയിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.

"വാഹനത്തില്‍ നിന്നും വീണതിനാല്‍ ലോട്ടറി കച്ചവടത്തിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ പാചകം ചെയ്യാത്തതിനാല്‍ സമീപവാസികള്‍ നല്‍കിയിരുന്ന കഞ്ഞിവെള്ളം കുടിച്ചായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്"- മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/jisha-rape-murder-perumbavoor-dalit-discrimination-jacobite-church-shibi/

ജിഷയുടെ മരണം വലിയ രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചയ്ക്കും പ്രക്ഷോഭ സമരങ്ങള്‍ക്കും കാരണമായപ്പോള്‍ പിന്നീട് അത് മാധ്യമ വിഷയമായത് പാപ്പുവിലൂടെയായിരുന്നു. അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം പിടിക്കപ്പെട്ടപ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുകയും തുടര്‍ അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് പാപ്പു മാധ്യമങ്ങളുടെ മുന്‍പില്‍ എത്തി. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

http://www.azhimukham.com/caste-kerala-india-society-dalit-vaikhari/

എന്നാല്‍ ജിഷയുടെ കേസില്‍ പോലീസ് കഥ എഴുതുകയാണ് എന്ന ആരോപണത്തില്‍ പാപ്പു ഉറച്ചു നിന്നു. അതിനെ കുറിച്ച് അഴിമുഖത്തിലെ കോളത്തില്‍ രവിചന്ദ്രന്‍ ഇങ്ങനെ എഴുതുന്നു, "ഏപ്രില്‍ 28-ന്‌ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തുന്നതിലും സംസ്‌കരിക്കുന്നതിലുമൊക്കെ പോലീസിന്റെ ഭാഗത്തു നിന്ന്‌ ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അമീറുള്‍ ഇസ്‌ളാമിനെ പോലീസ്‌ പിടികൂടിയതോടെ ഇത്തരം ആരോപണങ്ങള്‍ ഒന്നാകെ കെട്ടടങ്ങുകയും ചെയ്‌തു. (ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും സമരങ്ങളും പിന്നീടുയര്‍ന്നു വന്നിരുന്നെങ്കിലും കൂടുതല്‍ ശക്തി പ്രാപിച്ചില്ല) ജിഷയും പ്രതിയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന പോലീസിന്റെ കുറ്റപത്രത്തില്‍ തന്റെ ലൈംഗികദാഹ പൂര്‍ത്തീകരണത്തിനായി അമീര്‍, ജിഷയെ സമീപിച്ചെന്നും ജിഷ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ്‌ പറയുന്നത്‌. ഇതിനുള്ള തെളിവായി കത്തിയും ജിഷയുടെ വീടിനു പിന്നിലെ ഭിത്തിയിലെ പൊത്തില്‍ അമീര്‍ വലിക്കുന്ന ബീഡിയും മറ്റും പൊതിഞ്ഞു വച്ചതും പോലീസ്‌ വിവരിക്കുന്നുണ്ട്‌. അമീര്‍ സംഭവ സമയത്ത്‌ ധരിച്ച ചെരിപ്പാണ്‌ കേസിലെ സുപ്രധാനമായ മറ്റൊരു തെളിവ്‌. കുറ്റപത്രത്തില്‍ ഈ കാര്യങ്ങള്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്‌. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില ഇണങ്ങാത്ത കണ്ണികളാണ്‌ കെ.വി പാപ്പു തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്‌. ശരിയായ തരത്തില്‍ തെളിവു ശേഖരിക്കാനോ അന്വേഷണം നടത്താനോ മുതിരാതെ അമീറുള്‍ ഇസ്‌ളാമിനെ പ്രതിചേര്‍ത്ത്‌ പോലീസ്‌ ഒരു കഥ കെട്ടിച്ചമയ്‌ക്കുകയായിരുന്നുവെന്നാണ്‌ പാപ്പു പറയുന്നത്‌."

http://www.azhimukham.com/jisha-murder-father-seeks-cbi-investigation/

ഇതിനിടയില്‍ തനിക്ക് വധഭീഷണി ഉണ്ട് എന്ന വെളിപ്പെടുത്തലുമായി പാപ്പു എത്തി. മകളുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി പാപ്പു അന്ന് പറഞ്ഞു.

ജിഷ കേസിന്റെ വിസ്താരം ആരംഭിക്കാനിരിക്കെയാണ് പാപ്പുവിന്റെ മരണം. കേസില്‍ തൊണ്ണൂറ്റി ആറാം സാക്ഷിയാണ് പാപ്പു. നേരത്തെ മറ്റൊരു സാക്ഷിയായ അയല്‍വാസി സാബു കഴിഞ്ഞ ജൂലൈയില്‍ ആത്മഹത്യ ചെയ്തിരുന്നു.

http://www.azhimukham.com/do-not-rest-in-peace-jisha-shehla-rashid-azhimukham/

ജിഷ കേസില്‍ പിന്നീട് ഉയര്‍ന്ന വിവാദങ്ങളെക്കാള്‍ ഏറെ വേദനിപ്പിക്കുന്നത് പാപ്പുവിന്റെ ദുരിത ജീവിതവും മരണവുമാണ്. ജിഷ വിഷയം ഉയര്‍ത്തിയ സാമൂഹിക 'ഒഴിവാക്കലി'ന്റെ (exclusion) വിഷയം തന്നെയാണ് പാപ്പുവിലൂടെയും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹത്തിലെ നിരാലംബരും നിസ്സഹായരുമായ മനുഷ്യര്‍ക്ക് ആരാണ് തുണ? ഗവണ്‍മെന്‍റോ, രാഷ്ട്രീയ പാര്‍ട്ടികളോ, അയല്‍ക്കൂട്ടമോ, ഗ്രാമസഭകളോ, മത സാമുദായിക സംഘടനകളോ, സന്നദ്ധ സംഘടനകളോ, മാധ്യമങ്ങളോ?

http://www.azhimukham.com/perumbavoor-dlait-girl-rape-murder-patriarchy-society-vishak-2/

ഒരു 'കമ്പി'പ്പുസ്തകം വായിക്കുന്നതുപോലെ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ത്തിയോടെ വായിക്കാന്‍ വേണ്ടി നിയമസഭയുടെ വെബ്സൈറ്റിലേക്ക് ഇടിച്ചുകയറിയ, സരിതയുടെ വാട്ട്സപ്പ് ക്ലിപ്പിന് വേണ്ടി ദാഹിച്ചു നടന്ന, ബിജു രാധാകൃഷ്ണന്റെ കൂടെ സി ഡി തേടിയിറങ്ങിയ 'പ്രബുദ്ധ' മലയാളി ഒരു നിമിഷം ചിന്തിക്കുക.

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മള്‍ തന്നെയല്ലേ?

http://www.azhimukham.com/girl-brutally-killed-police-government-society-kerala-rakesh-azhimukham/

http://www.azhimukham.com/perumbavoor-dalit-girl-brutal-murder-kk-shahina-azhimukham/

Next Story

Related Stories