Top

പിന്നെ എന്താണ് സഖാവേ, സഖാവ് എന്ന വിളിയുടെ അര്‍ത്ഥം? സിപിഎം നേതാവ് ജോസഫൈനോടാണ്

പിന്നെ എന്താണ് സഖാവേ, സഖാവ് എന്ന വിളിയുടെ അര്‍ത്ഥം? സിപിഎം നേതാവ് ജോസഫൈനോടാണ്
പികെ ശശി കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെങ്കിലും ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. വനിതാ കമ്മീഷന്‍ അധ്യക്ഷ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കുമെന്നാണ് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചത് എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ അങ്ങനെ സ്വമേധയാ കേസെടുക്കാനൊന്നും ഒരുക്കമല്ല. പരാതിക്കാരി പരാതിയുമായി തിരുവനന്തപുരത്തെ കമ്മീഷന്റെ വാതിലില്‍ മുട്ടണം എന്നാണ് അധ്യക്ഷ എം സി ജോസഫൈന്‍റെ ഒരു ഇത്.

“പരാതിയുമായി കമ്മീഷനെ സമീപിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന്” സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നെ ടീച്ചര്‍ ഒരു കാര്യം കൂടി പറഞ്ഞു, “മനുഷ്യനായാല്‍ തെറ്റ് പറ്റും.” അപ്പോള്‍ തങ്ങളുടെ മുന്‍പില്‍ വരുന്ന കേസുകളില്‍ ഈ തത്വചിന്ത വെച്ചാണോ അതോ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണോ നീതി നടപ്പാക്കുന്നത് എന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കൂടി ഡല്‍ഹിയില്‍ പോരാടിയ ജനാധിപത്യാ മഹിളാ അസോസിയേഷന്റെ അമരക്കാരി കൂടിയായിരുന്ന എം സി ജോസഫൈന്‍ വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

മുന്‍പ് ഇതേപോലെ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുകൊണ്ട് പി സി ജോര്‍ജ്ജ് ആലപ്പുഴ പ്രസ്സ് ക്ലബില്‍ വെച്ചു ഒരു പ്രസ്താവന നടത്തി. നമ്മുടെ മാധ്യമ ശിങ്കങ്ങള്‍ അതൊരു പ്രാദേശിക വാര്‍ത്ത മാത്രമാക്കി മുക്കി. പിസിയുടെ വായാടിത്തം ഇതായിരുന്നു; “നിര്‍ഭയ നേരിട്ടതിനെക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്കെതിരെ ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ നടി എങ്ങനെയാണ് തൊട്ടടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയത്?”

ഇതുമായി ബന്ധപ്പെട്ട് എം സി ജോസഫൈനെ അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ ഈ കാര്യം ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അടക്കം പ്രശ്നം പൊതുചര്‍ച്ചയില്‍ കൊണ്ടുവന്നപ്പോള്‍ വനിതാ കമ്മീഷന്‍ പിസിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തു നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ അതിനോട് പൂഞ്ഞാര്‍ പുലി പ്രതികരിച്ചത് നിയമത്താല്‍ സ്ഥാപിതമായ വനിതാ കമ്മീഷന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ തനിക്ക് നോട്ടീസ് അയച്ചാല്‍ "സൌകര്യമുള്ളപ്പോള്‍" ഹാജരാകുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞത്. "തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ല. അവര്‍ ആദ്യം വനിതകളുടെ കാര്യം നോക്കട്ടെ. വനിതാ കമ്മീഷന്‍ എന്നെ ഒരു ചുക്കും ചെയ്യില്ല.”

ഇത് കേട്ട് ജോസഫൈന്‍ വെറുതെ ഇരുന്നില്ല. "ജോര്‍ജ്ജിന്റെ വിരട്ട് തന്റെ അടുത്ത് വേണ്ട" എന്നായിരുന്നു കമ്യൂണിസ്റ്റ് വീര്യത്തോടെ ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ ഇന്നലത്തെ സഖാവിന്റെ വാക്കുകളോ?

“പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. പരാതിക്കാരിയായ യുവതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല.”

സംസ്ഥാന വനിതാ കമ്മീഷന്‍ എന്ന അര്‍ദ്ധ ജൂഡീഷ്യല്‍ സ്ഥാപനത്തിന്റെ മേധാവി ആണെങ്കിലും എം സി ജോസഫൈന്‍ ഇപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മൂന്നാഴ്ച മുന്‍പ് കിട്ടിയ പരാതി അറിഞ്ഞില്ല എന്നു പറയുന്നതു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇനി പാര്‍ട്ടിയിലെ പുതിയ സെറ്റപ്പ് വെച്ച് അറിഞ്ഞില്ല എന്നു വെയ്ക്കുക, സംഭവം വാര്‍ത്ത ആയപ്പോഴെങ്കിലും അന്വേഷിക്കമായിരുന്നില്ലേ സഖാവിന്? ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗം എന്നു പറഞ്ഞാല്‍ പാര്‍ട്ടി മെംബറും വനിതാ അസോസിയേഷന്‍ അംഗവുമൊക്കെ ആയിരിക്കില്ലേ? അപ്പോള്‍ താങ്കളുടെ സഹപ്രവര്‍ത്തകയല്ലേ ആ പെണ്‍കുട്ടി? പിന്നെ എന്താണ് സഖാവേ, സഖാവ് എന്ന വിളിയുടെ അര്‍ത്ഥം?

എന്തായാലും രേഖാ ശര്‍മ്മയുടെ ഷോ തുടങ്ങുന്നതിന് മുന്‍പ് മാനം രക്ഷിക്കാണെങ്കിലും എന്തെങ്കിലും നടപടി എടുക്കുന്നതായിരിക്കും എം സി ജോസഫൈന് നല്ലത്. സംസ്ഥാന സര്‍ക്കരിനെയും സിപിഎമ്മിനെയും അടിക്കാന്‍ കിട്ടുന്ന ഒരു വടിയും പാഴാക്കാത്ത പാര്‍ട്ടിയുടെ പ്രതിനിധിയാണ് അവരെന്നും സഖാവ് ജോസഫൈന് അറിയാമായിരിക്കുമല്ലോ!

https://www.azhimukham.com/newswrap-pc-george-challenges-women-commission-sajukomban/

https://www.azhimukham.com/offbeat-how-cpm-handle-sexual-allegation-case-against-pksasi-mla/

https://www.azhimukham.com/facebookdiary-cpim-should-stand-with-victim-women-manila-writes/

Next Story

Related Stories