Top

കമല്‍ ജനങ്ങളുടെ ഇടയില്‍; രജനി ഹിമാലയത്തില്‍

കമല്‍ ജനങ്ങളുടെ ഇടയില്‍; രജനി ഹിമാലയത്തില്‍
തമിഴകത്തിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ജനത്തെ ഇളക്കിമറിച്ച് ഉലകനായകന്‍ കമല്‍ ഹാസന്റെ പര്യടനത്തിന് തുടക്കമായെന്ന് ഈറോഡില്‍ നിന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അനിവാര്യമായ രാഷ്ട്രീയമാറ്റത്തിന് പിന്തുണയേകാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് തന്നെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കമല്‍ അഭിസംബോധന ചെയ്തത്. “ജനത്തെ സമ്മേളനങ്ങളിലേക്ക് എത്തിക്കുന്നതല്ല. മറിച്ച് താഴെത്തട്ടില്‍ ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണ് മാറ്റം സാധ്യമാകൂ” എന്നു കമല്‍ പറഞ്ഞു.

തൊഴിലാളികളുടെ നഗരമായ തിരുപ്പൂരിലെ അവിനാശിയിലും പെരുന്തുറയിലും ജനങ്ങളെ കമല്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫെബ്രുവരി 21നാണ് മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് കമല്‍ വിരാമമിട്ടത്.

കമല്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി തന്റെ രാഷ്ട്രീയ നയപ്രഖ്യാപന യാത്ര തുടങ്ങിക്കഴിഞ്ഞു. അപ്പോള്‍, കമലിന് മുന്‍പേ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനി ഇപ്പോള്‍ എവിടെയാണ്?

http://www.azhimukham.com/india-makkal-needhi-maiam-kamals-new-party-not-right-or-left-it-is-centre/

രജനികാന്ത് ഇന്നലെ ഹിമാലയത്തിലേക്ക് തിരിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. "പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനും ബാബാജിയുടെ ആശ്രമം സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്ര"യെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്നലത്തെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരാഴ്ച കഴിഞ്ഞ് ചെന്നൈയില്‍ മടങ്ങിയെത്തിയതിന് ശേഷമായിരിക്കും രജനിയുടെ സുപ്രധാനമായ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31-ന് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം സജീവമാക്കാന്‍ സംസ്ഥാനത്തുടനീളം രജനി മക്കള്‍ മണ്‍ട്രം ജില്ലാ ഭാരവാഹികളെ നിയമിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

http://www.azhimukham.com/offbeat-who-behind-rajinikanths-political-entry-writes-visakh/

ഒപ്പം തന്റെ പുതിയ ചിത്രമായ കാലയുടെ റിലീസിംഗ് തയ്യാറെടുപ്പിലുമാണ് രജനി. കരികാലന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കബാലി സംവിധായകന്‍ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കറുപ്പിന്റെ ദ്രാവിഡ രാഷ്ട്രീയമാണ് പറയാന്‍ ശ്രമിക്കുന്നത് എന്നു ഇതിനകം ഹിറ്റായി കഴിഞ്ഞ ടീസറില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. രജനിയുടെ ആത്മീയ രാഷ്ട്രീയവും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

http://www.azhimukham.com/filmnews-to-become-successfull-politician-one-need-something-above-name-money-fame-says-rajanikanth-to-kamalhasan/

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതായിരിക്കും രാജിനിയുടെ രാഷ്ട്രീയ പാര്‍ട്ടിയും നയപരിപാടികളും എന്ന സൂചനയുണ്ടെങ്കിലും പെരിയാര്‍ പ്രതിമ തകര്‍ത്തതിനെ ശക്തമായി അപലപിച്ചുകൊണ്ട് തന്റെ ദ്രാവിഡ രാഷ്ട്രീയ സ്വത്വം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പെരിയാറിന്റെ പ്രതിമ തകര്‍ത്തത് പ്രാകൃതം എന്നാണ് രജനി അഭിപ്രായപ്പെട്ടത്. അതേ സമയം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച് രാജ ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇതിനെ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ടതില്ല എന്ന മിതവാദ നിലപാടായിരുന്നു പിന്നീട് അദ്ദേഹം കൈക്കൊണ്ടത്.

http://www.azhimukham.com/newswrap-safron-is-not-my-colour-says-kamalhaasan-after-his-meeting-with-pinarayivijayan-sajukomban/

എന്നാല്‍ ബിജെപി നേതാവ് എച്ച് രാജയെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു കമല്‍ ഹാസന്‍. പെരിയാറിനെ കുറിച്ചുള്ള രാജയുടെ പരാമര്‍ശങ്ങള്‍ ശിക്ഷാര്‍ഹമാണെന്നാണ് കമല്‍ പറഞ്ഞത്. സര്‍ക്കാര്‍ പെരിയാര്‍ പ്രതിമയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ തമിഴന്മാര്‍ പെരിയാര്‍ പ്രതിമകള്‍ സംരക്ഷിച്ചോളം, പകരം പൊലീസ് സംരക്ഷണം രാജയെ പോലെ ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കു നല്‍കണം എന്നാണ്. നേരത്തെ തന്നെ കാവി അല്ല നിറമെന്ന് കമല്‍ ഹാസന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

http://www.azhimukham.com/paranjith-kalakarikalan-rajnikant-movie-teaser/

എന്തായാലും രണ്ടു സൂപ്പര്‍ താരങ്ങള്‍ തമിഴ് രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രാഷ്ട്രീയ നടന്‍മാര്‍ കാണികളായി മാറുമോ എന്നേ അറിയേണ്ടതുള്ളൂ. ഒപ്പം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കീഴടക്കി തെക്കോട്ടേക്ക് വരുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അടവ് തന്ത്രങ്ങള്‍ തമിഴ് മണ്ണില്‍ പച്ച പിടിക്കുമോ എന്നും.

http://www.azhimukham.com/trending-kamal-haasan-against-bjp-leader-h-raja/

Next Story

Related Stories