TopTop
Begin typing your search above and press return to search.

ഒരു വെടിക്ക് കാനത്തിന് എത്രയാ പക്ഷികള്‍!

ഒരു വെടിക്ക് കാനത്തിന് എത്രയാ പക്ഷികള്‍!

തോമസ് ചാണ്ടി വിഷയം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനോ പ്രതിപക്ഷമാകാന്‍ കൊതിക്കുന്ന ബിജെപിക്കോ അല്ല. അതിനുള്ള ഉത്തരം ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിലെ ഒന്നാം ലീഡ് വാര്‍ത്തയാണ്.

"സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും മുന്‍ നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായിലിനെ ഇടതുമുന്നണിയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി"- മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരയ്ക്ക് ചാഞ്ഞാല്‍ പൊന്നിന്‍റെ മരമായാലും കാനം വെട്ടും!

തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പരസ്യമായി പ്രതികരിച്ചതിനാണ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇസ്മായില്‍ ദേശീയ എക്സിക്യൂട്ടിവ് അംഗം ആയതുകൊണ്ട് തന്നെ സംസ്ഥാന തലത്തില്‍ നടപടി എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് പരാതി മേലാവിലോട്ട് പോകും.

മന്ത്രിസഭായോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്ക്കരിച്ചത് പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കാതെയാണ് എന്നായിരുന്നു ഇസ്മായിലിന്റെ പ്രതികരണം. മാത്രമല്ല തങ്ങളുടെ ബഹിഷകരണമാണ് തോമസ് ചാണ്ടിയുടെ രാജി വേഗത്തില്‍ ആക്കിയത് എന്ന സിപിഐയുടെ അവകാശവാദവും ഇസ്മായില്‍ പൊളിച്ചുകളഞ്ഞു. ചാണ്ടിയുടെ രാജി വൈകിയിട്ടില്ല എന്നായിരുന്നു ഇസ്മായിലിന്റെ വിദഗ്ധ വിലയിരുത്തല്‍.

ഇസ്മായിലിന്റെ അനവസര സംസാരത്തിന് കൂടുതല്‍ പബ്ലിസിറ്റി കൊടുത്തത് ദേശാഭിമാനിയാണെന്നും സിപിഐ എക്സിക്യൂട്ടിവില്‍ ചര്‍ച്ച ഉണ്ടായി എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഇസ്മായില്‍ സിപിഎമ്മിന്റെ ചട്ടുകമായി എന്ന് വ്യംഗ്യം. എക്സിക്യൂട്ടീവിലെ 20 പേരും ഇസ്മായിലിനെ വിമര്‍ശിച്ചു എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും കാനം ഹാപ്പിയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ തനിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങിയ ആളെ നടപ്പ് സമ്മേളന കാലയളവില്‍ തന്നെ മൂലയ്ക്കിരുത്താന്‍ സാധിച്ചിരിക്കുന്നു. ഇസ്മായിലിന്റെ പ്രവൃത്തി ദോഷം സുധാകര റെഡ്ഡിയെ അറിയിക്കാനും കാനം തീരുമാനിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ ആ ദേശീയ എക്സിക്യൂട്ടീവില്‍ നിന്നും വലിച്ചു താഴെ ഇടണം. ഇപ്പോള്‍ പന്ന്യന്‍ രവീന്ദ്രനും ബിനോയ് വിശ്വവുമാ ണ് കാനത്തെ കൂടാതെ ദേശീയ എക്സിക്യൂട്ടീവിലുള്ളത്.

തോമസ് ചാണ്ടി വിഷയത്തില്‍ അങ്ങനെ കാനം കുറേ പക്ഷികളെ എയ്തിട്ടു. അതിലെ ഏറ്റവും വലിയ പക്ഷികള്‍ പിണറായിയും ഇസ്മായിലും തന്നെ. പിണറായിയുടെ ചിറകിന് മുറിവേല്‍പ്പിക്കാനേ കഴിഞ്ഞുള്ളൂ എങ്കില്‍ ഇസ്മായിലിന്റെ ഒരു ചിറകു അരിഞ്ഞു കളയുക തന്നെ ചെയ്തു. മറ്റേ ചിറകു അരിയാനുള്ള ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്.

http://www.azhimukham.com/newswrap-cpm-cpi-tussle-in-new-hieghts/

കാനത്തിന്റെ കാര്‍മ്മികത്വത്തില്‍ എടുത്ത മന്ത്രിസഭാ ബഹിഷ്ക്കരണ തീരുമാനവും ഇപ്പോള്‍ ഇസ്മായിലിനെ പോലുള്ള അതിശക്തനായ നേതാവിനെതിരെ കൈക്കൊണ്ട നിലപാടും പൊതുസമൂഹത്തിലും പാര്‍ട്ടിയിലും കാനത്തിന്റെ റെയ്റ്റിംഗ് കുത്തനെ കൂട്ടി. (മൂഡീസ് റെയ്ടിംഗാണെന്ന് തെറ്റിദ്ധരിക്കരുത്). മാത്രമല്ല ഇടതു മുന്നണിയില്‍ പിണറായി വിജയനോട് നേര്‍ക്ക് നേരെ നിന്നു സംസാരിക്കാന്‍ കഴിവുള്ള മുട്ട് വിറയ്ക്കാത്ത നേതാവ് കാനം മാത്രമാണ് എന്ന സംസാരവും സൈബര്‍ ലോകത്തെ പാണന്‍മാര്‍ പാടി നടക്കുന്നുണ്ട്.

മറ്റൊന്നു സിപിഎം സൈബര്‍ സഖാക്കളുടെ ലക്കുകെട്ട ഭള്ള് വിളിയാണ്. നരേന്ദ്ര മോദിക്കെന്ന പോലെ അതും കാനത്തിന് ലാഭം തന്നെ.

http://www.azhimukham.com/news-cpi-leader-ke-ismail-on-lake-palace-road-contoversy/

ഇനി കാനത്തിന് പാര്‍ട്ടി സമ്മേളനത്തില്‍ ശ്രദ്ധ പതിപ്പിക്കാം. കാരണം, മുറിവേറ്റ ഇസ്മായില്‍ അങ്ങനെ അടങ്ങിയിരിക്കും എന്ന് കരുതാന്‍ വയ്യല്ലോ. അള മുട്ടിയാല്‍ എന്താണ് സംഭവിച്ചു കൂടാത്തത്...

തീരുമാനം മാധ്യമങ്ങളെ അറിയിച്ചു കൊണ്ട് കാനം ഇങ്ങനെ പറഞ്ഞു- “കെ.ഇ ഇസ്മായില്‍ കമ്യൂണിസ്റ്റുകാരനാണ്. പാര്‍ട്ടി നിലപാട് അദ്ദേഹവും അംഗീകരിച്ചു."

അപ്പോഴും ചാണ്ടിയുടെ റോഡിന് എം പി ഫണ്ട് അനുവദിച്ചതിന്റെ റൂട്ട് എന്താണെന്ന് മാത്രം കാനം വ്യക്തമാക്കിയില്ല. ആരുമൊട്ട് ചോദിച്ചുമില്ല.

http://www.azhimukham.com/newswrap-pinarayi-cpi-tussle-in-thomaschandy-resignation-sajukomban/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories