കണ്ണൂര്‍ മോഡല്‍ ക്വട്ടേഷന്‍ ടീം അഥവാ പുതുതലമുറ രാഷ്ട്രീയ ഭസ്മാസുരന്‍മാര്‍

ഇനിയൊരു കൊലപാതകം രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നടക്കാതിരിക്കാനുള്ള കാരണമായി പെരിയ ഇരട്ടക്കൊലപാതകം മാറുമെന്ന് കരുതാം

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം എന്നു പോലീസ് സംശയിക്കുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കൊല നടന്ന ദിവസം പ്രദേശത്ത് കണ്ട കണ്ണൂര്‍ രജിസ്ട്രേഷന്‍ ജീപ്പിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല ചെയ്യപ്പെട്ട യുവാക്കളുടെ മൃതദേഹത്തിലുള്ള മുറിവുകളുടെ സ്വഭാവവും കണ്ണൂരില്‍ നടക്കാറുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. വിദഗ്ധ പരിശീലനം കിട്ടിയവരാണ് വെട്ടിയത് എന്നാണ് പോലീസിന്റെ നിഗമനം. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. നെറ്റിയുടെ മുകളിലുള്ള ഈ വെട്ടാണ് മരണകാരണം എന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. മഴു പോലുള്ള ആയുധം കൊണ്ടുള്ള വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നിരുന്നു. ശരത്ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടുണ്ട്.

കഴിഞ്ഞ 50 വര്‍ഷമായി വടക്കന്‍ കേരളത്തില്‍ നിന്നും പ്രത്യേകിച്ചു കണ്ണൂരില്‍ നിന്നും നിരന്തരം കേള്‍ക്കാറുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് ഈ യുവാക്കളുടെ ആരുംകൊലയും. ഈ കാലയളവില്‍ വ്യത്യസ്ഥ പാര്‍ട്ടികളിലായി നിരവധി പ്രവര്‍ത്തകരും നേതാക്കളും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും നടന്ന ചങ്ങല കൊലപാതകങ്ങള്‍ കടുത്ത രാഷ്ട്രീയ കിടമത്സരത്തിന്റെ ഭാഗമായി നടന്നതായിരുന്നെങ്കില്‍ സമീപകാലത്തായി നേതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട പ്രാദേശിക പ്രവര്‍ത്തകര്‍ സ്വയം തീരുമാനിച്ചു നടത്തുന്ന കൊലകളും മണല്‍-ക്വാറി മാഫിയകളുമായി ബന്ധപ്പെട്ടൊക്കെ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ വാടകക്കെടുത്തു നടത്തുന്ന കൊലകളുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത് പുതിയ കാല രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ മുഖമാണ് വെളിവാക്കുന്നത്.

തികച്ചും അപകടകരമായ ഘട്ടത്തിലേക്കാണ് വടക്കന്‍ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കടന്നു പോകുന്നത് എന്നു കരുതേണ്ടി വരും. പല പ്രാദേശിക മേഖലകളിലും ഭസ്മാസുരന് വരം കൊടുത്തതുപോലെയായിട്ടുണ്ട് ഇപ്പോള്‍. ആയുധങ്ങള്‍ യഥേഷ്ടം സംഘടിപ്പിക്കാവുന്ന തരത്തിലേക്കും നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ നിര്‍ബാധം കിട്ടുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ പരിശീലനം ലഭിച്ച ആളുകള്‍ തങ്ങള്‍ക്ക് ചുറ്റും ഒരു ഗുണ്ടാ സംഘത്തെ പരിശീലിപ്പിച്ച് കൂടെ നിര്‍ത്തുകയാണ്. ഇവര്‍ പാര്‍ട്ടി ക്വട്ടേഷന്‍ കൂടാതെ മറ്റ് ക്വട്ടേഷനുകളും ജില്ല കടന്നുള്ള കൊലപാതകങ്ങളും ഏറ്റെടുക്കുന്ന രീതിയിലേക്ക് ‘പുരോഗമിച്ചു’ കഴിഞ്ഞു.

ഇനിയൊരു കൊലപാതകം രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നടക്കാതിരിക്കാനുള്ള കാരണമായി പെരിയ ഇരട്ടക്കൊലപാതകം മാറുമെന്ന് കരുതാം. പാര്‍ട്ടി അംഗങ്ങള്‍ ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തള്ളിപ്പറയും എന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍ പ്രസ്താവിച്ചതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ പുറത്താക്കി കഴിഞ്ഞു. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ അക്രമത്തിന് സന്നദ്ധരാവില്ല എന്നാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

എന്നാല്‍ ടി പി ചന്ദ്രശേഖരനെ കൊല ചെയ്തവര്‍ അനധികൃതമായി പരോള്‍ നേടി നാട്ടിലിറങ്ങുകയും അവിടെ വെച്ചു വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍. ഇവരെയൊന്നും തള്ളിപ്പറയാന്‍ സി പിഎം ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധിയ്ക്കണം. കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് കൊല്ലത്ത് പറഞ്ഞത് പികെ കുഞ്ഞനന്തന്‍ പാവമാണ് എന്നാണ്. കുഞ്ഞനന്തനെ കേസില്‍ തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നെന്നാണ് കോടിയേരി പറഞ്ഞത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കാന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കാം. അതല്ലെങ്കില്‍ ആയുധമെടുക്കുന്നവരെ, അത് സിപിഎമ്മോ കോണ്‍ഗ്രസ്സോ ബിജെപിയോ മുസ്ലീം ലിഗോ ആകട്ടെ, അധികാരത്തില്‍ നിന്നും പുറംതള്ളുന്ന രീതിയിലേക്ക് ജനങ്ങള്‍ തങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കുക തന്നെ വേണം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍