Top

ഹാപ്പിയായില്ലേ സുക്കര്‍ബര്‍ഗ് സര്‍, കേരള മന്ത്രിമാര്‍ ലൈക്ക് കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്

ഹാപ്പിയായില്ലേ സുക്കര്‍ബര്‍ഗ് സര്‍, കേരള മന്ത്രിമാര്‍ ലൈക്ക് കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്
2017ല്‍ ഫേസ്ബുക്ക് രാഷ്ട്രീയ രംഗത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ മറികടന്നു. വരാന്‍ പോകുന്ന വലിയ വിജയത്തിന്റെ സൂചനയായിട്ടാണ് ഈ വിജയത്തെ ശുദ്ധഗതിക്കാരായ കോണ്‍ഗ്രസ്സുകാര്‍ കാണുന്നത്. നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും വന്‍വിജയം നേടിയതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് തന്നെയാണ് അവരുടെയും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഈ അടുത്ത ദിവസങ്ങളില്‍ “How Facebook’s political unit enables the dark art of digital propaganda“ എന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിച്ചതും മോദി അതെങ്ങനെ സാധിച്ചു എന്നുള്ളതാണ്.

ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഗുണമുള്ള സുപ്രധാന മീറ്റിംഗ് ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനാണ് യോഗം വിളിച്ചു ചേര്‍ത്തത്. പങ്കെടുത്തത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും.

യോഗത്തിന്റെ മുഖ്യതീരുമാനങ്ങളില്‍ ഒന്ന് മന്ത്രിമാര്‍ തങ്ങളുടെ ഫേസ്ബുക്ക് ലൈക്കിന്റെ എണ്ണം കൂട്ടണം എന്നതാണെന്ന് മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. “സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ മന്ത്രിമാര്‍ ശക്തമായി ഇടപെടുന്നു. നവമാധ്യമങ്ങളില്‍ മന്ത്രിമാരുടെ പേജുകളിലെ ലൈക്ക് കൂട്ടാനുള്ള തന്ത്രങ്ങള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപ്പാക്കണ”മെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കാര്യത്തില്‍ പല മന്ത്രിമാരും ഇപ്പോള്‍ പിന്നിലാണ്. പേജ് ലൈക്കിന്റെ കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക് ആണ് മുന്‍പില്‍. മുഖ്യമന്ത്രി പോലും ഐസകിന്റെ പിറകിലാണ്. തോമസ് ഐസകിന് 617,959 ലൈക്കുള്ളപ്പോള്‍ പിണറായി വിജയന് 597,803 ആണ് പേജ് ലൈക്ക്. ആലപ്പുഴയിലെ കവി മന്ത്രി ജി സുധാകരന് ഒരു ലക്ഷത്തില്‍ അധികം ലൈക്കുണ്ട്. എന്നാല്‍ സിപിഐ മന്ത്രി പി തിലോത്തമന്റെ കാര്യമാണ് കഷ്ടം. 577 ലൈക്കാണുള്ളത്. തിലോത്തമന്‍ അടക്കമുള്ള സിപിഐ മന്ത്രിമാര്‍ ബോയ്ക്കോട്ട് ചെയ്തു പുറത്തുചാടിച്ച കുട്ടനാട് ചാണ്ടിച്ചായനുണ്ട് അര ലക്ഷത്തിനടുത്ത്. കാനത്തിന്റെ താത്വിക വിശകലനം ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നു.എന്തായാലും ഈ അവസ്ഥ ഇനി തുടരാന്‍ പറ്റില്ല. നവമാധ്യമ ഇടപെടലിനായി പേഴ്സണല്‍ സ്റ്റാഫിലെ ഒരംഗത്തിന് ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചു. മന്ത്രി തോമസ് ഐസകിനെ കണ്ടു പഠിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപദേശിച്ചിരിക്കുന്നത്.

തോമസ് ഐസകിന്റെ നവമാധ്യമ ഇടപെടല്‍ കുറെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യലും ആദരാഞ്ജലി അര്‍പ്പിക്കലും ഉത്സവാസംശകള്‍ നേരലുമല്ല. അത് പൊതുമധ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു extension ആണ്. രാഷ്ട്രീയ നേതാവ് എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഡോകുമെന്റേഷന്‍ കൂടിയാണ്. കൂടാതെ പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും നടക്കുന്ന സംവാദങ്ങളില്‍ ഒരു ഇടപെടല്‍ സ്പെയ്സാണ്. (തന്റെ നവമാധ്യമ ഇടപെടല്‍ പുസ്തക രൂപത്തിലാക്കി ആശയവിനിമയത്തിന്റെ മറ്റൊരു സാധ്യതയും അദ്ദേഹം പരീക്ഷിച്ചു)

ഉദാഹരണത്തിന് നടി പാര്‍വ്വതിയ്ക്ക് നേരെ ആരാധക കൂട്ടം നടത്തുന്ന തെറി വിളിക്കെതിരെ ഐസക് ഇട്ട പോസ്റ്റ് നോക്കുക;

“ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാർവതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തിൽ ഉയർത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബർ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.”നവമാധ്യമ രംഗത്തെ ഇടപെടലില്‍ അത്ഭുതപ്പെടുത്തിയ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഫേസ്ബുക്കിലും ട്വിറ്ററിലും അദ്ദേഹത്തിന്റെതായി വന്ന പോസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിച്ച കാര്യം ഓര്‍ക്കുക. എന്നാല്‍ വി എസിന്റെ ആ ഔദ്യോഗിക പേജ് കാണാനില്ല എന്നതാണ് കൌതുകകരം. ഇപ്പോള്‍ അദ്ദേഹത്തിന്റെ നവമാധ്യമ സെല്‍ പ്രവര്‍ത്തിക്കുന്നുമില്ല.

ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ മുന്‍പന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. 10 ലക്ഷത്തിന് മുകളിലാണ് അദ്ദേഹത്തിന്റെ പേജ് ലൈക്ക്. ഒഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24നു ഇട്ട പോസ്റ്റാണ് അവസാനത്തേത്. അതിനു തൊട്ടു പിന്നിലായി കെ കരുണാകരന് ഒരു സ്മരണാഞ്ജലി പോസ്റ്റും ഉണ്ട്.

സോളാര്‍ വിഷയം കത്തി നിന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പേജില്‍ വന്നു തെറി പറഞ്ഞ, കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആളുകളെ പേജ് അഡ്മിന്‍ ബ്ളോക്ക് ചെയ്യുകയുണ്ടായി. അവരെല്ലാവരും കൂടി ഉമ്മന്‍ ചാണ്ടി ബ്ലോക്കിയവരുടെ പേജ് ഉണ്ടാക്കിയ കൌതുകകരമായ കാഴ്ചയും നമ്മള്‍ കണ്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 705,599 ലൈക്കാണ് ഉള്ളത്. ഇപ്പോള്‍ നവമാധ്യമ രംഗത്ത് സജീവമായ ഇടപെടല്‍ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവ് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ഫേസ്ബുക്കിന് കാശ് കൊടുത്ത് പോസ്റ്റുകള്‍ ബൂസ്റ്റ് ചെയ്യുന്ന പരിപാടി ചെന്നിത്തലയ്ക്ക് ഈ അടുത്തകാലത്ത് ഏണിയായി. രമേശ് ചെന്നിത്തലയുടെ ചില പോസ്റ്റുകള്‍ ലൈക്ക് ചെയ്തിരിക്കുന്നത് റഷ്യക്കാരാണ് എന്നു ഓണ്‍ലൈനിലെ ചില 'ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍' കണ്ടെത്തിയിരുന്നു.

ഫേസ്ബുക്കിന്റെ പൊളിറ്റിക്കല്‍ യൂണിറ്റ് മോദിക്ക് വേണ്ടി എങ്ങനെയാണ് പണി എടുത്തത് എന്നതിനെ കുറിച്ച് ബ്ലൂംബര്‍ഗ് കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു അവസാനിപ്പിക്കാം.

“ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ പ്രചാരത്തിന് പിന്നില്‍ ഫേസ്ബുക്കിന് കാര്യമായ പങ്കുണ്ട്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്ക് നിരവധി കാംപെയിനുകള്‍ നടത്തിയിരുന്നു. വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ മോദി ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ജയിച്ചതോടെ മോദിയുടെ ഫേസ്ബുക്ക് ഫോളോവര്‍മാരുടെ എണ്ണം 4.3 കോടിയായി ഉയര്‍ന്നു.

http://www.azhimukham.com/india-do-faceclock-block-who-criticise-modigovt-sanghparivar-bjp/

മോദിയുടെ ജയത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗും ഫ്രീ ഇന്റര്‍നെറ്റ് പരിപാടിയുമായി ഇന്ത്യ സന്ദര്‍ശിച്ചു. ഫേസ്ബുക്കിന്റെ അധികമാരും അറിയാത്ത പൊളിറ്റിക്കല്‍ വിംഗിനെ നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായിരുന്ന കാറ്റി ഹാര്‍ബത്തും ഇന്ത്യയിലെത്തിയിരുന്നു. അവര്‍ വര്‍ക് ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിച്ചു. ആറായിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

മോദിയുടെ സോഷ്യല്‍ മീഡിയ കാംപെയിന്‍ വിജയം കണ്ടതോടുകൂടി അനുയായികള്‍ എതിരാളികളെ ആക്രമിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും കൂടുതല്‍ ശക്തമായി. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. വാട്‌സ് ആപ്പിലെ വ്യാജ പ്രചാരണം മൂലം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ വലിയ ഭീഷണികള്‍ വന്നു. ഭരണകക്ഷിയെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കും മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും നേരെ വധഭീഷണികള്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിയതില്‍ ഫേസ്ബുക്കിന്റെ പങ്ക് നിര്‍ണായകമാണ്.”

http://www.azhimukham.com/vayicho-facebook-role-modi-victory/

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വെറും പോസ്റ്റ് ഒട്ടിക്കാനുള്ള ഭിത്തി മാത്രമല്ല എന്നാണ് മോദി തെളിയിച്ചത്. രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത് അതിനാണ്. നമ്മുടെ മന്ത്രിമാര്‍ ഇനി എന്തൊക്കെ അത്ഭുതങ്ങളാണ് കാണിക്കാന്‍ പോകുന്നത് ആവോ? ലൈക്ക് കൂടിയില്ലെങ്കിലും അഞ്ചുകൊല്ലം കഴിഞ്ഞാല്‍ വോട്ടെങ്കിലും കൂടിയാ മതിയായിരുന്നു.

http://www.azhimukham.com/facebook-extraterritorial-state-run-by-algorithms-zuckerberg-technology/

Next Story

Related Stories