TopTop
Begin typing your search above and press return to search.

പി.ടി ഉഷയും പി.യു ചിത്രയും മാത്രം പോര; ഈ കുട്ടികളെ കാത്തു സൂക്ഷിക്കണം

പി.ടി ഉഷയും പി.യു ചിത്രയും മാത്രം പോര; ഈ കുട്ടികളെ കാത്തു സൂക്ഷിക്കണം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിക്കെതിരെ പി.യു ചിത്ര ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചിത്രയെ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡെറേഷന്‍ തയ്യാറായില്ലെങ്കിലും കേരളത്തില്‍ അത് വലിയ പ്രതിഷേധ അലകള്‍ ഉയര്‍ത്തുകയും സംസ്ഥാന ഗവണ്‍മെന്‍റ് പി.യു ചിത്രയെ ഏറ്റെടുക്കുകയും ചെയ്യുകയുണ്ടായി. ഈ വിവാദത്തില്‍ പിടി ഉഷയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതും നിര്‍ഭാഗ്യകരമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി.

“ഇത്തരം അവസരങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്നതാണെന്നും അവസരം നഷ്ടപ്പെട്ടാല്‍ ഇനിയൊരിക്കലും കിട്ടാതെ പോകാമെന്നു”മുള്ള പി.യു ചിത്ര കേസിലെ കോടതിയുടെ വിധി പ്രസ്താവമാണ് ഏറെ ശ്രദ്ധേയം. ഇന്നലെ ഹരിയാനയിലെ റോത്തക്കില്‍ കേരളത്തിനായി കിരീടം നിലനിര്‍ത്തിയ കുട്ടികള്‍ക്കും വിധി പ്രസ്താവത്തിലെ വരികള്‍ ബാധകമാണ്. കാരണം അവരുടെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ നിമിഷങ്ങളിലൂടെയാണ് ഈ കായിക പ്രതിഭകള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അവരെ കാത്തുസൂക്ഷിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ബാധ്യതയുണ്ട്.

“സ്വന്തം തട്ടകത്തില്‍ ഗുണ്ടായിസം വരെ കാട്ടാന്‍ മുതിര്‍ന്ന ഹരിയാനയെ 29 പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് ഇന്നലെ കേരളം ദേശീയ സീനിയര്‍ സ്കൂള്‍ അത്‌ലറ്റിക്സില്‍ തുടര്‍ച്ചയായ ഇരുപതാം കിരീടം സ്വന്തമാക്കിയത്.” കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 9 സ്വര്‍ണവും 9 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടും. 88 പോയിന്റാണ് കേരളത്തിന് കിട്ടിയത്.

രണ്ടാം സ്ഥാനം നേടിയ ഹരിയാന വലിയ പ്രകോപനങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഹരിയാന കായിക താരങ്ങള്‍ കേരള ക്യാമ്പില്‍ അതിക്രമിച്ചു കയറുകയും കായികതാരത്തെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ 4x400 റിലേയില്‍ സര്‍വ്വകലാശാല താരത്തെ ടീമില്‍ ഉള്‍പ്പെടുത്തി ഹരിയാന കള്ളക്കളി കളിച്ചത് കേരള ടീം കണ്ടെത്തുകയും ഒടുവില്‍ നാലാം സ്ഥാനം നേടിയ കേരള ടീമിന് വെങ്കലം കിട്ടുകയും ചെയ്തു.

“പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായി വിഭജിച്ച ശേഷമുള്ള രണ്ടാമത്തെ മീറ്റാണിത്. ഒന്നായി നടത്തിയ 61 മീറ്റുകളില്‍ തുടര്‍ച്ചയായി 19 തവണ കേരളത്തിനായിരുന്നു കിരീടം. കഴിഞ്ഞ വര്‍ഷം പൂനെയില്‍ നടന്ന പ്രഥമ അണ്ടര്‍ 19 മീറ്റില്‍ 11 സ്വര്‍ണമടക്കം 114 പോയിന്‍റ് നേടിയിരുന്നു”. (ദേശാഭിമാനി)

ഇത്തവണ ഹരിയാനയുടെ ശക്തമായ വെല്ലുവിളിയും പ്രതികൂല കാലാവസ്ഥയും കേരള ടീമിന്റെ വിജയ തിളക്കം കുറച്ചു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വിജയശ്രീലാളിതരായ ടീം നാളെ കേരളത്തിലേക്ക് പുറപ്പെടും. തീര്‍ച്ചയായും സര്‍ക്കാരും ജനങ്ങളും എല്ലാം അവരുടെ വിജയത്തില്‍ അത്യാഹ്ലാദം പ്രകടിപ്പിക്കുകയും കുട്ടികളെ ചുമലിലേറ്റി ആഘോഷിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ നാടുകളില്‍, സ്കൂളുകളില്‍ സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടും. അതില്‍ മന്ത്രിമാരും എംഎല്‍എമാരും പ്രാദേശിക ജനപ്രതിനിധികളും പങ്കെടുക്കും. അവരെ പൊന്നാടകള്‍ അണിയിക്കും. താത്ക്കാലിക ആശ്വാസമായി ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടും.

എന്നാല്‍ ഈ കുട്ടികള്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നു എന്ന് നോക്കാനും അവര്‍ക്ക് വേണ്ട തുടര്‍പരിശീലന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും അവരുടെ ജീവിതത്തിനു കരുതല്‍ നല്‍കാനും ഇവരെ ആരെയും പിന്നീട് കാണാറില്ല. സര്‍ക്കാരും കായിക സംഘടനകളും നിരുത്തരവാദപരമായ നയങ്ങള്‍ക്കൊണ്ടും സ്ഥാപിത താത്പര്യങ്ങള്‍ക്കൊണ്ടും ഈ കുട്ടികളുടെ ഭാവികൊണ്ട് പന്താടിയ കഥകള്‍ നിരവധിയുണ്ട് നമുക്ക് മുന്‍പില്‍.

http://www.azhimukham.com/news-wrap-highcourt-verdict-in-favour-of-pu-chithra-sajukomaban/

പി.യു ചിത്രയ്ക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി.

"കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലെ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. കുട്ടികളുടെ പ്രത്യാശകള്‍ പോലും ഇത്തരം താത്പര്യങ്ങളുണ്ടായാല്‍ തകരും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും. നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കും. നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകും. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്‌സാഹനങ്ങളും നല്‍കും. ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.” മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌ വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ അടുത്ത കാലത്തെ രണ്ട് കായിക സംഭവങ്ങള്‍ കൂടി.

ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മലയാളിയായ ആദിവാസി യുവാവ് ടി ഗോപി. ചൈനയിലെ ദോങ്ഗുവാനില്‍ നടക്കുന്ന പതിനാറാമത് ചാംപ്യന്‍ഷിപ്പിലാണ് വയനാട്ടുകാരനായ തോന്നയ്ക്കല്‍ ഗോപി സുവര്‍ണ്ണ താരമായത്. 2 മണിക്കൂര്‍ 15.48 മിനിറ്റില്‍ ഗോപി വിജയരേഖ കടന്നത്. ഗോപി നാട്ടില്‍ എത്തിയതോ സര്‍ക്കാര്‍ എന്തെങ്കിലും സ്നേഹ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതായോ എവിടേയും കേട്ടില്ല.

ഗോപിയുടെ കഥ ഇവിടെ വായിക്കാം;

http://www.azhimukham.com/sports-life-story-of-olimpyan-marathon-runner-from-wayanad-tribal-community-gopi/

പൊരുതി നേടിയ മെഡലുകള്‍ തുടര്‍ പരിശീലനത്തിനായി നീന്തല്‍ താരം സജന്‍ പ്രകാശ് വില്‍ക്കാനൊരുങ്ങുന്നു എന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. കേരള പോലീസില്‍ ജോലി ലഭിച്ചെങ്കിലും ഇതുവരെയായി സജന് ശമ്പളം ലഭിച്ചിട്ടില്ല. ഭീമമായ തുകയാണ് പരിശീലനത്തിന് ചിലവാക്കേണ്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും വരാനിരിക്കെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജന്‍. ആറ് സ്വര്‍ണവും രണ്ടു വെള്ളിയുമാണ് സജന്‍ ദേശീയ ഗെയിംസില്‍ വാരിക്കൂട്ടിയത്.

‘നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകും’ മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്ക്കെടുക്കാം. പക്ഷേ ഒരു വാചകമടി എന്നതില്‍ ഉപരി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നാണ് അറിയേണ്ടത്.

http://www.azhimukham.com/sports-tribal-malayali-t-gopi-becomes-first-indian-man-win-gold-asian-marathon-championship/

http://www.azhimukham.com/sports-school-athletic-champion-now-turned-to-a-shop-salesman-in-kerala-by-dhanya/

http://www.azhimukham.com/kerala-sports-burning-out-issue-national-athletics-meet-k-c-arun/

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories