Top

പി.സി ജോര്‍ജ്ജിനെ മാത്രമല്ല, ആരെ വേണമെങ്കിലും വിളിച്ചുവരുത്താം ഇനി വനിതാ കമ്മീഷന്

പി.സി ജോര്‍ജ്ജിനെ മാത്രമല്ല, ആരെ വേണമെങ്കിലും വിളിച്ചുവരുത്താം ഇനി വനിതാ കമ്മീഷന്
ഒഖി നിറഞ്ഞു നിന്ന ഇന്നലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ക്കിടയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അത് സംസ്ഥാന വനിതാ കമ്മീഷനെ കുറിച്ചാണ്.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഏത് വ്യക്തിയെയും വിളിച്ചുവരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്നതാണ് പുതിയ തീരുമാനം. ഇതിനായുള്ള നിയമ ഭേദഗതിയുടെ കരടിനാണ് ഇന്നലെ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

“നിലവിലുള്ള കേരള വനിതാ കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചുവരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ” എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു ജനപ്രതിനിധിയും ഉത്തരവാദപ്പെട്ട രാഷ്ടീയ നേതാവും കൂടിയായ പി സി ജോര്‍ജ്ജ് തികച്ചും അവജ്ഞ നിറഞ്ഞ ഭാഷയിലാണ് അതിനോടു പ്രതികരിച്ചത്.

“വനിതാ കമ്മീഷന്‍ തനിക്ക് നോട്ടീസ് അയച്ചാല്‍ സൌകര്യമുള്ളപ്പോള്‍ ഹാജരാകുമെന്നാണ്” പിസി ജോര്‍ജ്ജ് പറഞ്ഞത്. “തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ല. അവര്‍ ആദ്യം വനിതകളുടെ കാര്യം നോക്കട്ടെ. വനിതാ കമ്മീഷന്‍ തന്നെ ഒരു ചുക്കും ചെയ്യില്ല.” ജോര്‍ജ്ജ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

http://www.azhimukham.com/newswrap-pc-george-challenges-women-commission-sajukomban/

1990ല്‍ കേരള നിയമസഭ ചര്‍ച്ച ചെയ്തു പാസാക്കുകയും 1995ല്‍ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ച കേരള വനിതാ കമ്മീഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട വനിതാ കമ്മീഷനെയാണ് ഒരു ജനപ്രതിനിധി തന്നെ ഇകഴ്ത്തി കാണിച്ചത്. വനിതാ കമ്മീഷന്‍ തനിക്കെതിരെ കേസെടുത്തത് നന്നായെന്ന് അഭിപ്രായപ്പെട്ട പിസി ജോര്‍ജ്ജ് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ള അവസരമായിട്ടാണ് കാണുന്നതെന്നും പറയുകയുണ്ടായി. വനിതാ കമ്മീഷന്‍ നിയമം നടത്താന്‍ അല്ലെന്നും പേരുണ്ടാക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും പിസി ജോര്‍ജ്ജ് അന്ന് പരിഹസിച്ചു.

ഏറെ വെല്ലുവിളികള്‍ നടത്തിയെങ്കിലും വനിതാ കമ്മീഷന് മുന്‍പില്‍ ഒടുവില്‍ പിസിക്ക് മൊഴി കൊടുക്കേണ്ടി വന്നു. ആ കേസ് സംബന്ധിച്ച മറ്റ് നടപടിക്രമങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും വനിതാ കമ്മീഷന്‍ നിയമം സധൈര്യം നടപ്പാക്കുകയാണെങ്കില്‍ ഏത് കൊലകൊമ്പനെയും നിയമത്തിന്റെ മുന്‍പിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്നതുറപ്പാണ്.

http://www.azhimukham.com/kerala-women-commission-attitude-hadiya-case-criticizing-kr-dhanya/

നിരവധി കുറ്റവും കുറവും ചൂണ്ടികാണിക്കാമെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ പരാതി ധൈര്യസമേതം ചെന്നു പറയാനുള്ള ഇടം എന്ന നിലയില്‍ വനിതാ കമ്മീഷന് സുപ്രധാനമായ സ്ഥാനമാണുള്ളത്. പ്രത്യേകിച്ചും വ്യവസ്ഥാപിത പോലീസ് സംവിധാനത്തില്‍ നിന്നും പലപ്പോഴും നീതി കിട്ടാതിരിക്കുമ്പോള്‍. ഗാര്‍ഹിക പീഡന, ലൈംഗിക പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്ന കള്ളക്കളികള്‍ പലപ്പോഴും ഇരകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന തരത്തിലായി മാറുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന ഒരിടമായി നമ്മുടെ പോലീസ് സ്റ്റേഷനുകള്‍ ഇതുവരെ മാറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ ദിവസമാണ് താന്‍ ജോലിചെയ്യുന്ന കൊച്ചിയില്‍ നിന്നും നാട്ടിലേക്കു പോകാന്‍ തിരിച്ച അമൃത ഉമേഷ് എന്ന ബര്‍സയെ പോലീസ് പിടിച്ചുകൊണ്ടു പോവുകയും അപമാനിക്കുകയും ചെയ്തത്. കേരള പോലീസ് പലപ്പോഴും സദാചാര പോലീസ് ആവുന്ന വാര്‍ത്തകള്‍ പലപ്പോഴും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

http://www.azhimukham.com/kerala-mathrubhumis-embedded-journalism-and-merin-joseph-need-to-meet-bersa/

വനിതകള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും എന്ന പ്രഖ്യാപനവുമായാണ് ഇടതുപക്ഷം അധികാരത്തില്‍ ഏറിയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. വനിതാ ക്ഷേമവകുപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാന വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ തീരുമാനവും നമ്മുടെ സംസ്ഥാനത്തെ കൂടുതല്‍ സ്ത്രീ സൌഹൃദമാക്കും എന്നു പ്രതീക്ഷിക്കാം.

http://www.azhimukham.com/news-wrap-congress-protest-against-vincent-case-sajukomban/

അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമനങ്ങളായ അധ്യക്ഷയും അംഗങ്ങളും സ്ഥാപിത താത്പര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കും എന്ന ഉറപ്പ് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു കിട്ടേണ്ടതുണ്ട്. അല്ലെങ്കില്‍ പിസി ജോര്‍ജ്ജിനെ പോലെ നാവിന് എല്ലില്ലാത്തവര്‍ക്ക് തോന്നിയപോലെ ഭര്‍സിക്കാനുള്ള ഒരു പ്രസ്ഥാനമായി അത് മാറും.

http://www.azhimukham.com/news-wrap-what-is-the-connection-between-sunny-leone-and-shone-george-sajukomban/

Next Story

Related Stories