TopTop

"അന്ത്യവിധി ദിനത്തില്‍ ദൈവം നമ്മോടു ചോദിക്കും; ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍ എന്തുകൊണ്ട് ആശ്വസിപ്പിക്കാന്‍ വന്നില്ല”; മാണി വാക്യം

"അന്ത്യവിധി ദിനത്തില്‍ ദൈവം നമ്മോടു ചോദിക്കും; ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍ എന്തുകൊണ്ട് ആശ്വസിപ്പിക്കാന്‍ വന്നില്ല”; മാണി വാക്യം
ശബരിമല വിഷയം കത്തി നില്‍ക്കുന്നതിനിടെ കെ എം മാണി പാലാ ജയിലില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടത് അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എല്ലാവരും ശ്രദ്ധിച്ചത് ആദ്യ ദിനം തന്നെ പോയി കൈമുത്തിയ പി സി ജോര്‍ജ്ജിനെയാണ്. എന്തായാലും തന്റെ മണ്ഡലത്തിലെ സബ് ജയിലില്‍ കഴിയുന്ന ‘കുറ്റം സംശയാതീതമായി തെളിയുന്നതുവരെ നിരപരാധിയായ’ ഒരുവനെ കാണാന്‍ പോകുന്നതില്‍ എന്തെങ്കിലും തെറ്റുള്ളതായി മാണി സാറിന് തോന്നുന്നില്ല. കുറവിലങ്ങാട് മഠം പാലായില്‍ ആയിരുന്നെങ്കില്‍ താന്‍ കാണാന്‍ പോവുമായിരുന്നു എന്നാണ് മാണി ഇന്നലെ പറഞ്ഞത്. “സീസറിന്റെ ഭാര്യ” സംശയാതീത ആയിരിക്കണം എന്ന പഴയ ജസ്റ്റിസ് കമാല്‍ പാഷ വചനമൊന്നും മാണി സാറിന്റെ സ്മരണയില്‍ വന്നില്ല.

ദൈവം ചോദിക്കും, അതുകൊണ്ടാണ് ബിഷപ്പിനെ ജയിലില്‍ പോയി കണ്ടത് എന്നാണ് മാണിയുടെ വിശദീകരണം. “ക്രിസ്തീയ വിശ്വാസ പ്രകാരം അന്ത്യവിധി ദിനത്തില്‍ ദൈവം നമ്മോടു ചോദിക്കും. ഞാന്‍ കാരാഗൃഹത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ട് ആശ്വസിപ്പിക്കാന്‍ വന്നില്ലെന്ന്” മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പറയുന്നു. “ജയിലില്‍ എത്തി ആശ്വസിപ്പിക്കുന്നത് സുവിശേഷ ശുശ്രൂഷയാണ്. ബിഷപ്പ് ജയില്‍ വാസം നടത്തുന്നത് പാലായിലാണ്. ഞാന്‍ അവിടത്തെ ജനപ്രതിനിധി കൂടിയായതിനാല്‍ സന്ദര്‍ശിച്ചു.” പാലാ ജയിലില്‍ കഴിയുന്ന എത്ര പുള്ളികള്‍ക്ക് മാണി സാര്‍ ശുശ്രൂഷ നല്‍കിയിട്ടുണ്ട് എന്നു ആരും ചോദിച്ചേക്കരുത്. ഇപ്പോ കിടക്കുന്നത് കണ്ട ആപ്പ ഊപ്പകളൊന്നുമല്ല. ദൈവം തന്നെയാണ് എന്നാണ് മാണി പറഞ്ഞു വെക്കുന്നത്.

കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് വന്നപ്പോഴും പറഞ്ഞത് ഇതുതന്നെയല്ലേ?

ഒടോബര്‍ ഒന്നാം തിയ്യതി മെത്രാന്‍ മാത്യൂ അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍, മലങ്കര സഹായ മെത്രാന്‍ സാമുല്‍ ഐ റേനിയൂസ് എന്നിവരോടൊപ്പമാണ് ജയിലില്‍ എത്തിയത്. ‘യേശുവിനെ കുരിശില്‍ തറച്ചതെന്തിനാ..? തെറ്റ് ചെയ്തിട്ടാണോ..?’ എന്നാണ് ബിഷപ്പ് ചോദിച്ചത്. ബിഷപ്പിന് പ്രാര്‍ത്ഥനാ സഹായം നല്‍കാനാണ് ജയിലിലെത്തിയതെന്നും ബിഷപ്പ് പറഞ്ഞു.

നടിയോടൊപ്പം, ദിലിപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന മോഹന്‍ലാല്‍ സിദ്ധാന്തം തന്നെയാണ് മാണിയും പ്രഖ്യാപിക്കുന്നത്. ഇരയോടൊപ്പമാണ് താന്‍, മാണി ഇന്നലെ പറഞ്ഞു. പക്ഷേ ജയിലില്‍ കിടക്കുന്ന ബിഷപ്പ് ബലാത്സംഗം ചെയ്തു എന്നു പറയാറായിട്ടില്ല. വിധിക്കാറായിട്ടില്ല.

ബാര്‍ കോഴയടക്കമുള്ള നിരവധി കേസുകള്‍ വിജിലന്‍സ് വാളായി തൂങ്ങിക്കിടക്കുന്നതിനാല്‍ സ്വന്തം കാര്യവും കൂടിയാണ് മാണി പറയുന്നത് എന്നതും കൂടി വായിച്ചെടുക്കുക. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് അകത്തു നിന്നും പുറത്തു നിന്നുമുള്ള കുത്തേറ്റ് കുറ്റവാളിയെ പോലെ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്നത് മാണി സാര്‍ മറക്കില്ല. അന്ന് തനിക്ക് ശുശ്രൂഷ നല്‍കാന്‍ ഈ ബിഷപ്പുമാരൊക്കെയേ ഉണ്ടായിരുന്നുള്ളൂ എന്നു മാണിക്കറിയാം.

മറ്റൊരു മാരണം പണ്ട് തന്റെ കുഞ്ഞാടായിരുന്ന പി സി ജോര്‍ജ്ജാണ്. ബിഷപ്പ് ആരോപണ വിധേയനായ തുടക്കം മുതല്‍ തന്നെ ജോര്‍ജ്ജ് കൂടെയുണ്ട്. താനാണ് ബിഷപ്പിന്റെ ഏറ്റവും അടുത്ത ആളെന്ന മട്ടില്‍. കന്യാസ്ത്രീയെ തെറിവിളിച്ചുകൊണ്ട് ബിഷപ്പ് ഫാന്‍സിന് ആവേശം പകരാനും ജോര്‍ജ്ജിന് കഴിയുന്നുണ്ട്. പക്ഷേ മാണി സാര്‍ക്ക് അന്തസ്സ് വിട്ടു വര്‍ത്തമാനം പറയാന്‍ പറ്റുമോ? അതുകൊണ്ട് അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ ബിഷപ്പിന് ദൈവ ശുശ്രൂഷ നല്‍കി തിരിച്ചു വന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ് നിയമസഭയില്‍ പ്രസംഗിച്ച 'നരക തീ'യുടെ ഓര്‍മ്മ മാണി സാറിനെ ഇതുവരെ വിട്ടുപോയിട്ടില്ല തന്നെ.

https://www.azhimukham.com/keralam-frnicolas-manipparambils-visit-at-kuravilangadu-nunnery-shouldbe-exposed-writes-saju/

https://www.azhimukham.com/newswrap-bishop-murikkan-and-pcgeorge-visits-franco-mulkkal-writes-saju/

https://www.azhimukham.com/newswrap-catholic-church-takes-revenge-action-against-sisiter-luci-writes-saju/

https://www.azhimukham.com/news-update-bishop-eparchy-of-kanjirappally-visit-frnco-mulakkal-in-jail/

https://www.azhimukham.com/offbeat-church-with-satan-writes-kaantony/

Next Story

Related Stories