Top

'ദുരുദ്ദേശക്കാരാ'യ കന്യാസ്ത്രീകള്‍ ഒരു കെഎസ്ആര്‍ടിസി ബസിന് പോലും കല്ലെറിഞ്ഞിട്ടില്ല കോടിയേരീ...

കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശപരമാണെന്ന പ്രസ്താവനയുമായി ഇന്നലെ രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് എന്തെങ്കിലും അടവ് തന്ത്രത്തിന്റെ ഭാഗമാണോ എന്നു വ്യക്തമല്ല. കത്തോലിക്ക സഭയുടെ പ്രീതി പിടിച്ചുപറ്റുക, അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍, ഫ്രാങ്കോ മുളയ്ക്കലിന്റെ അനിവാര്യമായ അറസ്റ്റ് മൂലം ഉണ്ടായേക്കാവുന്ന പരിക്കിന്റെ കാഠിന്യം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളായിരിക്കും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി നിര്‍വ്വഹിച്ചത് എന്നു വേണം കരുതാന്‍. എന്തുതന്നെയായാലും സിപിഎം ഉയര്‍ത്തിപ്പിടിക്കും എന്നവകാശപ്പെടുന്ന സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം ഒന്നുകൂടി വ്യക്തമാക്കുന്നതായി ഈ പ്രസ്താവന.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ സങ്കുചിത താത്പര്യക്കാരാണ് എന്നും അവര്‍ക്ക് ദുരുദ്ദേശം ഉണ്ടെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. 'സമര കോലാഹലം ഉയര്‍ത്തി തെളിവ് ശേഖരണം തടസപ്പെടുത്താന്‍ സമരക്കാര്‍ ശ്രമിക്കുകയാണ്' എന്നും കോടിയേരി ആരോപിച്ചു. ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ടാണ് എന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഷപ്പായാലും മുക്രിയായാലും പൂജാരിയായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞതായി മാതൃഭൂമി, മലയാള മനോരമ തുടങ്ങി ഒട്ടുമിക്ക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് കോടിയേരി ഈ അഭിപ്രായ പ്രകടനം നടത്തിയത്. വേദിയില്‍ കന്യാസ്ത്രീകളുടെ സമരത്തില്‍ ഡിവൈഎഫ്ഐ ഇടപെടാന്‍ സമയമായില്ല എന്നു കഴിഞ്ഞ ദിവസം പ്രസ്താവിച്ച എം സ്വരാജും ഉണ്ടായിരുന്നു.

കോടിയേരിയുടെ പ്രസ്താവന ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ; “ജലന്ധര്‍ ബിഷപ്പിനെതിരായ നടപടികളുടെ പേര് പറഞ്ഞു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. നാലു വര്‍ഷം മുന്‍പ് യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവമാണ് ഇപ്പോള്‍ പരാതിയായി എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതിനാലാണ് പരാതിക്കാരി പരാതിപ്പെടാന്‍ തയ്യാറായത്.”
ഇത്രയും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി.

“ഇതിന്‍മേല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കുന്നത്. പരാതിക്ക് ആധാരമായ സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ കടമയാണ്. അല്ലാതെ അറസ്റ്റ് ചെയ്യാനാകില്ല.” ഇത് പറഞ്ഞിരിക്കുന്നത് മുന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരി.

ഇതൊക്കെ വാദത്തിന് വേണ്ടി അംഗീകരിക്കാം, എന്നാല്‍ താഴെ പറഞ്ഞതോ?

“കോലാഹലത്തിന് ഇറങ്ങുന്നവര്‍ അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ എതിര്‍ക്കാനാകില്ല.
” കോടിയേരി പ്രയോഗിച്ച ദുരുദ്ദേശം എന്ന വാക്ക് ദേശാഭിമാനി എഡിറ്റ് ചെയ്തു കളഞ്ഞെങ്കിലും സമരത്തെ കോലാഹലം എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ ഒരു കെഎസ്ആര്‍ടിസി ബസിന് നേരെ പോലും കല്ലെറിയാതെ സഹന സമരം നടത്തുന്ന കന്യാസ്ത്രീകളെ അപമാനിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി.

ഇതേ വാദങ്ങള്‍ വളരെ വിശദമായി തന്നെ കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ ലേഖനമായി എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നതു ഇങ്ങനെ, "ഈ സമരത്തെ ഒരു സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍ ഡി എഫ് സര്‍ക്കാരിനും സി പി എമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികള്‍ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതേതര വിശ്വാസികള്‍ തിരിച്ചറിയണം."

കുറച്ചുകൂടി കടന്നു കോടിയേരി സമര കോലാഹലത്തെ ഇങ്ങനെ വിശദീകരിക്കുന്നു, പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികര്‍ എല്ലാം മോശക്കാര്‍ ആണെന്നുള്ള വര്‍ഗ്ഗീയ പരാമര്‍ശം ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അത്തരം വര്‍ഗ്ഗീയ ശക്തികളെ തിരിച്ചറിയണം. കോടിയേരി ആവശ്യപ്പെടുന്നു.

Also Read: തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം


ശരിയാണ് കെ.എം ഷാജഹാന്‍, കെ.കെ രമ, പി. ഗീത, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയ ‘സങ്കുചിത’ താത്പര്യക്കാര്‍ ആ സമരത്തിന്റെ മുന്നണിയില്‍ ഉണ്ട്. അതുകൊണ്ട് ഇരയുടെ കൂടെ നില്‍ക്കുന്ന കന്യാസ്ത്രീമാര്‍ ദുരുദ്ദേശക്കാരാകുമോ? അവരുടെ കൂടെ നില്‍ക്കുന്ന വിവിധ സ്ത്രീ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ദുരുദ്ദേശക്കാരാകുമോ? ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച സിപിഎം നേതാക്കളായ വി.എസും എം.എം ലോറന്‍സും സങ്കുചിതക്കാരാകുമോ? മറ്റൊരുദാഹരണവും വേണ്ട. താഴെ കൊടുത്തിരിക്കുന്നത് ഒരു സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകന്റെ വീഡിയോ ആണ്. ഒന്നു കണ്ടു നോക്കിയിട്ട് പറയൂ... അയാള്‍ സര്‍ക്കാര്‍ വിരുദ്ധനോ?ഇനി കോടിയേരി പറയുന്നതു പോലെ സമരത്തിന്റെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണ പ്രചരണം ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അതിനെ തുറന്നു കാട്ടാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ച 'സങ്കുചിത' നേതാക്കളും കന്യാസ്ത്രീകളും. ബിജെപിയും ആര്‍ എസ് എസും എന്‍ എസ് എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ ആട്ടിന്‍ തോലണിഞ്ഞു സമര വേദിയില്‍ പ്രത്യക്ഷപ്പെട്ടതാണ് കോടിയേരി ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ യാഥാര്‍ഥ്യമുണ്ട് എന്നു പറയാതിരിക്കാനും ആവില്ല.

അതേസമയം പരാതി നല്‍കി 70 ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം തങ്ങള്‍ക്ക് നീതി കിട്ടില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇരയും കന്യാസ്ത്രീകളും സമരരംഗത്തിറങ്ങിയത് എന്ന യാഥാര്‍ഥ്യം കോടിയേരി മനസിലാക്കണം. അതിനു ശേഷം മാത്രമാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ പോലീസ് തയ്യാറായതും എന്ന് പാര്‍ട്ടി സെക്രട്ടറി ഓര്‍ക്കണം. സമരം ഇന്ന് രണ്ടാഴ്ച പൂര്‍ത്തിയാകുകയാണ്.

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്


പ്രളയകാലത്ത് ജലന്ധറില്‍ പോയ അന്വേഷണ ഉദ്യോഗസ്ഥര്‍ കളിച്ച നാടകമൊക്കെ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണ്. മണിക്കൂറുകളോളം ചോദ്യം ചെയ്തു എന്നു പോലീസ് അവകാശപ്പെട്ട അതേ സമയത്ത് മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലൂടെ ബിഷപ്പ് ഫ്രാങ്കോ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരുന്നതും കണ്ടു. ഇതെല്ലാം ഉണ്ടാക്കിയ സംശയങ്ങളും കേസ് ഏതുവിധേനയും അട്ടിമറിക്കാന്‍ സഭ ഏതറ്റം വരെയും പോകും എന്ന തിരിച്ചറിവുമാണ് ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സമരപാത സ്വീകരിക്കാന്‍ കന്യാസ്ത്രീകള്‍ തയ്യാറായത്. വഞ്ചി സ്ക്വയറിലെ സമരപ്പന്തലില്‍ വരച്ചുവെച്ച കന്യാസ്ത്രീയുടെ ചിത്രത്തില്‍ അവര്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് വിശുദ്ധ പുസ്തകമല്ല, ഇന്ത്യന്‍ ഭരണഘടനയാണ് എന്നതിന്റെ വിപ്ലവാത്മകതയെങ്കിലും തിരിച്ചറിയാനുള്ള സെന്‍സിബിലിറ്റി ‘വിപ്ലവപാര്‍ട്ടി’യുടെ നേതാവ് കാണിക്കണമായിരുന്നു. അതോ ഭരണഘടന ഇപ്പോഴും ബൂര്‍ഷ്വാ ഏര്‍പ്പാടാണ് എന്ന നിലപാടാണോ?

ഒരു ചോദ്യം മാത്രം കൊടിയേരിയോട്; തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണ് മനസിലെങ്കില്‍ ആ ഉമ്മന്‍ ചാണ്ടിയെയോ കണ്ണന്താനത്തെയോ പോലെ ബ .. ബ.. ബ.. പറഞ്ഞാല്‍ പോരായിരുന്നോ? നിയമം നിയമത്തിന്റെ വഴിക്കു അങ്ങനെ ഒഴുകി പോവുകയില്ലേ..

എന്തായാലും ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയാം. പാര്‍ട്ടി ഭരണഘടനയ്ക്ക് എന്തെങ്കിലും വിലയുണ്ടോ എന്ന്...

https://www.azhimukham.com/newswrap-similarities-between-catholic-church-and-cpm-writes-saju/

https://www.azhimukham.com/kerala-protesting-nun-against-bishop-and-patriarchy-making-history-in-women-movement-writes-kr-dhanya/

https://www.azhimukham.com/offbeat-how-cpm-handle-sexual-allegation-case-against-pksasi-mla/

Next Story

Related Stories