Top

ശരിക്കും ‘അയ്യപ്പ സ്വാമി കി ജയ്’ വിളിക്കേണ്ടത് ടോമിന്‍ തച്ചങ്കരിയാണ്

ശരിക്കും ‘അയ്യപ്പ സ്വാമി കി ജയ്’ വിളിക്കേണ്ടത് ടോമിന്‍ തച്ചങ്കരിയാണ്
ശബരിമല കര്‍മ്മ സമിതിയും ആര്‍ എസ് എസും ബിജെപിയും ഒക്കെ ചേര്‍ന്ന് നടത്തിയ അര ഡസന്‍ ഹര്‍ത്താലുകള്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സാരമായ പരുക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ശബരിമല സര്‍വീസുകളിലൂടെ ആനവണ്ടി നേടിയത് 45.2 കോടി രൂപ. ഇതെന്താ വലിയ കാര്യമാണോ എന്നു ചോദിക്കുന്നവരോടുള്ള വിശദീകരണം ഇതാണ്. ഈ വര്‍ഷത്തേക്കാള്‍ എത്രയോ മടങ്ങ് തീര്‍ഥാടകര്‍ വന്ന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയാണ് ഈ വരുമാന വര്‍ദ്ധനവ്.

ഹൈക്കോടതി ഇടപെടല്‍, എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍, ജീവനക്കാരുടെ പണിമുടക്ക് ഭീഷണി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരിയും തൊഴിലാളികളും തമ്മിലുള്ള ശീതസമരം, മിന്നല്‍ പണിമുടക്കുകള്‍, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങളുമായിട്ടാണ് കെ എസ് ആര്‍ ടി സി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത്. 100 ബസ്സുകളാണ് സംഘ പരിവാര്‍ ഹര്‍ത്താലിനിടെ തകര്‍ക്കപ്പെട്ടത്. കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയും. അതിനിടയില്‍ ശബരിമലയില്‍ നിന്നുള്ള ഈ നല്ല വാര്‍ത്ത ആശ്വാസകരം തന്നെ.

നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിലൂടെയാണ് കെ എസ് ആര്‍ ടി സി വന്‍ ലാഭം ഉണ്ടാക്കിയിരിക്കുന്നത്. ബെയ്സ് ക്യാമ്പില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ഥാടകരുടെ ഏക ആശ്രയം കെ എസ് ആര്‍ ടി സിയായിരുന്നു. നിലക്കല്‍-പമ്പ റൂട്ടില്‍ നിന്നും 31.2 കോടിയും ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും 14 കോടിയുമാണ് വരുമാനം. 2017-18 കാലത്ത് ഈ സ്ഥാനത്ത് 15.2 കോടി മാത്രമാണ് കളക്ട് ചെയ്തത് എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

99 നോണ്‍-എസി ബസും 44 എ സി ബസും 10 ഇലക്ട്രിക് ബസുമാണ് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തിയത്. ദീര്‍ഘ ദൂര സര്‍വ്വീസിനായി 700 ഓളം ബസുകളാണ് ഉപയോഗിച്ചത്. തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സമീപിച്ചത് എ സി ബസിനായിരുന്നു. ക്യൂ‌ആര്‍ കോഡും ഡിജിറ്റല്‍ ടിക്കറ്റിംഗ് സിസ്റ്റവും കണ്ടക്ടര്‍ ലെസ്സ് സംവിധാനവും ലാഭം കൂട്ടി എന്നാണ് ടോമിന്‍ ജെ തച്ചങ്കരി അവകാശപ്പെടുന്നത്.

എന്തായാലും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ പുതിയ നേട്ടത്തെ ഉപയോഗിക്കാന്‍ തച്ചങ്കരി ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും 'അയാള്‍ ഉള്ളതുകൊണ്ടു നിങ്ങള്‍ക്ക് ശമ്പളം കിട്ടുന്നു' എന്നു പറഞ്ഞു കട്ട സപ്പോര്‍ട്ടായി നില്‍ക്കുന്ന മുഖ്യമന്ത്രിയുള്ളപ്പോള്‍.

ഈ ശബരിമല സീസണിലെ കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകൾക്ക് വൻ സ്വീകാര്യത. ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സർവ്വീസ് വിജയമാണെന്നാണ് വിലയിരുത്തൽ.

അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് അയ്യപ്പഭക്തർക്കായി KSRTC സർവീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്റർ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കിൽ വരുമാനവും ലഭിച്ചു. വൈദ്യുതി ചാർജ്ജും വെറ്റ്ലീസ് ചാർജ്ജും ഒഴിവാക്കിയാൽ , ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെ എസ് ആർ ടി സി നേടി.


Read More: കെഎസ്ആര്‍ടിസിയില്‍ എന്താണ് ടോമിന്‍ തച്ചങ്കരിയുടെ രഹസ്യ ദൗത്യം?

ഡീസൽ എ സി ബസുകൾക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തിൽ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് 6 രൂപയാണ് ചെലവ്. വൈദ്യുതി ചാർജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത.10 വർഷത്തേക്ക് വാടകക്കെടുത്ത ഇ- ബസുകൾ ഇനി ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കും.

ഇലക്ട്രിക് വാഹനങ്ങളെ സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിൾ നയത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. കേരള ഓട്ടോ മൊബൈൽസ് ആകട്ടെ ഇലക്ട്രിക് ഓട്ടോകൾ വാണിജ്യ അടിസ്ഥാനത്തിൽ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്.


ഈ പോസ്റ്റ് കെ എസ് ആര്‍ ടി സിയില്‍ ആധുനികവത്ക്കരണം നടത്താന്‍ ശ്രമിക്കുന്ന തച്ചങ്കരിക്കുള്ള പൊന്‍തൂവലും പച്ചക്കൊടിയുമായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

അതേസമയം പിരിച്ചുവിടപ്പെട്ട എം പാനല്‍ ജീവനക്കാര്‍ ഇന്നലെ സെക്രട്ടറിയേറ്റിന് ചുറ്റും ശയന പ്രദക്ഷിണം നടത്തി. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും കെ എസ് ആര്‍ ടി സി മാനേജ്മെന്റും കോടതിയുമൊക്കെ തങ്ങളെ ചതിച്ചു എന്ന ഫീലിംഗിലാണ് അവര്‍ സമരവുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ അവരുടെയും ഏറ്റവും വലിയ ശത്രു തച്ചങ്കരി തന്നെയാണ്.

എം പാനലുകാര്‍ ഓട് പൊളിച്ച് വന്നവരല്ല. എംപ്ലായ്മെന്‍റ് എക്സേഞ്ച് വഴി നിയമനം ലഭിച്ചവരാണ്. സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് തച്ചങ്കരിയാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് നേതാക്കള്‍ ഇന്നലത്തെ സമരത്തില്‍ പ്രസംഗിച്ചത്.

അതേസമയം പിന്‍വാതില്‍ നിയമനം നിലനില്‍ക്കുന്നതല്ല എന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എം പാനല്‍ വിഷയത്തില്‍ തങ്ങളുടെ ഭാഗം കടുപ്പിച്ചിരിക്കുകയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍.

കാര്യങ്ങള്‍ തന്റെ വഴിക്കു തന്നെ നീങ്ങുമ്പോള്‍ തച്ചങ്കരിയും വിളിക്കും 'അയ്യപ്പ സ്വാമി കി ജയ്...!'

Read More: Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ

Next Story

Related Stories