TopTop
Begin typing your search above and press return to search.

ലിറ മെക്കീ, ഷാഹിന നഫീസ; മരണവും കള്ളക്കേസും തീവ്ര ദേശീയതയുടെ കാലത്ത് മാധ്യമ പണി നന്നായി നടത്തുന്നു എന്നതിന് തെളിവാകുമ്പോള്‍

ലിറ മെക്കീ, ഷാഹിന നഫീസ; മരണവും കള്ളക്കേസും തീവ്ര ദേശീയതയുടെ കാലത്ത് മാധ്യമ പണി നന്നായി നടത്തുന്നു എന്നതിന് തെളിവാകുമ്പോള്‍

വടക്കന്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ ഡെറി നഗരത്തില്‍ കലാപത്തിനിടെ തീവ്ര ദേശീയ വാദികളുടെ വെടിയേറ്റ് മാധ്യമ പ്രവര്‍ത്തക ലിറ മെക്കീ കൊല്ലപ്പെട്ടു. 29 വയസ്സു മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. തീവ്ര ദേശീയ വാദികളുടെ ശക്തി കേന്ദ്രമായ ക്രിഗനില്‍ വ്യാഴാഴ്ച രാത്രി കലാപകാരികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് വെടിയേറ്റത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ദേശീയ വാദ സംഘമായ ന്യൂ ഐ ആര്‍ എയാണ് കലാപത്തിന് പിന്നില്‍.

2016ലെ ലോകത്തെ മികച്ച 30 മാധ്യമ പ്രവര്‍ത്തകരുടെ ഫോബ്സ് മാസികയുടെ പട്ടികയില്‍ ഇടം പിടിച്ച ലിറ അറ്റ്ലാന്റിക് മാഗസിന്‍, ബസ്ഫീല്‍ഡ് ന്യൂസ് ഫീഡ് എന്നീ മാധ്യമങ്ങളിലാണ് ലിറ ജോലി ചെയ്തിരുന്നത്. അറിയപ്പെടുന്ന അന്വേഷണാത്മക പത്ര പ്രവര്‍ത്തകയും ബ്ലോഗറുമാണ് ലിറ. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുന്‍പ് ആക്രമികള്‍ പെട്രോള്‍ ബോംബ് എറിയുന്ന ചിത്രം ലിറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട വാര്‍ത്തയാണ് പത്ര സ്വാതന്ത്ര്യത്തില്‍ ഇന്ത്യ പിന്നോട്ട് എന്നത്. 180 രാജ്യങ്ങളില്‍ ഇന്ത്യ 140 ആം സ്ഥാനത്താണ് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം സ്ഥാനം 138 ആയിരുന്നു. അതായത് തീവ്ര ദേശീയ വാദികളുടെ ഭരണകാലത്ത് ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ട് പോയിരിക്കുന്നു എന്നര്‍ത്ഥം. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം അപകടകരമാണെന്നും പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇന്ത്യയില്‍ 6 മാധ്യമ പ്രവര്‍ത്തകര്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മറ്റ് ഏഴു പേരുടെ മരണവും ഇതേ കാരണങ്ങള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുന്‍ തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ് എന്ന ഹിന്ദുത്വ തീവവാദിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയെ കുറിച്ചുള്ള രാത്രി ചര്‍ച്ചയില്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയെ അപഹസിക്കുന്നത് കെട്ടു. തീവ്രവാദിയുടെ മനോഭാവം തന്നെക്കാള്‍ നല്ലവണ്ണം ഷാഹിനയ്ക്ക് മനസിലാകും എന്നായിരുന്നു അയാളുടെ ആരോപണം. മദനിക്കെതിരെയുള്ള കള്ള സാക്ഷി സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ ഷാഹിന കുടകില്‍ പോയതും കര്‍ണ്ണാടക പോലീസ് കള്ളക്കേസില്‍ കുടുക്കിയതുമാണ് സന്ദീപ് ഇവിടെ പരാമര്‍ശിക്കുന്നത്. അതായത് ഷാഹിന തീവ്രവാദിയാണ് എന്നു പരോക്ഷ സൂചന.

എന്നാല്‍ താനീ കേസ് ബാഡ്ജ് ഓഫ് ഹോണര്‍ ആയിട്ടാണ് എടുക്കുന്നത് എന്നാണ് ഷാഹിന മറുപടി പറഞ്ഞത്. ഞാന്‍ പണി നന്നായി ചെയ്യുന്നു എന്നതിന്റെ തെളിവായിട്ടാണ് ഇതിനെ കാണുന്നത് ഹിന്ദുത്വ ഫാസിസ്റ്റ് സര്‍ക്കാര്‍ എങ്ങിനെയാണ് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്നു ഔട്ട്ലുക്ക് ലേഖിക നേഹാ ദീക്ഷിതിന്റെ ഉദാഹരണ വെച്ചു ഷാഹിന വിശദീകരിക്കുന്നുണ്ട്. ആര്‍ എസ് എസ് ചൈല്‍ഡ് ട്രാഫ്ഫിക്കിംഗ് നടത്തുന്നു എന്ന ഔട്ട്ലുക്കിലെ റിപ്പോര്‍ട്ടിന്റെ പേരില്‍ നിയമ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് നേഹ.

കായികമായ ആക്രമണത്തിന് പുറമെ സംഘപരിവാര്‍ ട്രോള്‍ ആര്‍മിയുടെ ഓണ്‍ലൈന്‍ ആക്രമണത്തിനും മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. പ്രെസ്റ്റിറ്റ്യൂട്ട് എന്നാണ് അവര്‍ മാധ്യമ പ്രവര്‍ത്തകരെ സംബോധന ചെയ്യുന്നത് തന്നെ. ബര്‍ഖാ ദത്ത് ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ നിരന്തര ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ കാര്യത്തില്‍ പ്രബുദ്ധ കേരളവും ഭിന്നമല്ലെന്ന് ശബരിമല സമരം തെളിയിച്ചു. എന്‍ ഡി ടിവിയുടെ സ്നേഹ കോശി, ന്യൂസ് മിനുറ്റ്സിന്റെ സരിതാ ബാലന്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ സുഹാസിനി രാജ് എന്നിവര്‍ ആക്രമിക്കപ്പെടുകയും തടയപ്പെടുകയും ചെയ്തു. കൂടാതെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും മാധ്യമ വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം കൊടുത്തത് എന്നതാണ് ഞെട്ടിക്കുന്നത്.

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതും ഇത് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗൌരി ലങ്കേഷുമാര്‍ ആവര്‍ത്തിക്കും എന്നു തന്നെയാണ് ഈ തിരഞ്ഞെടുപ്പ് കാലവും നല്‍കുന്ന സൂചനകള്‍. മാധ്യമങ്ങള്‍ ഇതുവരെയില്ലാത്ത വിധം നിശബ്ദവുമാണ് എന്നതാണ് പേടിപ്പിക്കുന്നതും.


Next Story

Related Stories