TopTop
Begin typing your search above and press return to search.

മോദിഫൈഡ് മേജര്‍ രവിയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം പി രാജീവ് സഖാവ് കാണിക്കുമോ?

മോദിഫൈഡ് മേജര്‍ രവിയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം പി രാജീവ് സഖാവ് കാണിക്കുമോ?
ബലാക്കോട്ടിനെ ബാലറ്റിലാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് തല്‍ക്കാലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിടി വീണിരിക്കുന്നു. പക്ഷേ അതുകൊണ്ടെന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പ് തങ്ങളുടെ വാട്ടര്‍ ലൂ ആകുമോ എന്നു സംശയമുള്ള മോദി-ഷാ കറക്കുകമ്പനി നിയമ ലംഘനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. അവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ഇല്ലാതിരിക്കെ ആ ശൂന്യത നികത്തുന്നത് കലാകാരന്‍മാരും ചലചിത്ര പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും വിരമിച്ച ഉന്നത ഉദ്യോസ്ഥരും ഒക്കെയാണ് എന്നതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം.

എന്തുകൊണ്ട് മോദി വീണ്ടും അധികാരത്തില്‍ വരരുത് എന്ന് പ്രചരണത്തിന് സാംസ്കാരിക-അക്കാദമിക് ലോകത്ത് വലിയ ശ്രദ്ധ നേടുമ്പോഴാണ് 907 കലാകാരന്മാര്‍ മോദി അനുകൂല പ്രസ്താവനയുമായി രംഗത്ത് വരുന്നത്. “അഞ്ചു വര്‍ഷമായി അഴിമതി രഹിത ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമാണ്” എന്നും ഇവര്‍ പ്രസ്താവനയില്‍ ആവാശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസല്‍ ആചാര്യന്‍ പണ്ഡിറ്റ് ജസ് രാജ്, വീണാവാദകന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, നര്‍ത്തകരായ ഭാരതി ശിവാജി, സരോജ വൈദ്യനാഥന്‍, രാജാ റെഡ്ഡി, രാധാ റെഡ്ഡി, ഗായകരായ അനുരാധ പൌഡ്വാള്‍, ശങ്കര്‍ മഹാദേവന്‍, നടന്‍മാരായ വിവേക് ഒബ്റോയി ആനന്ദ് മഹാദേവന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ നമ്മുടെ മേജര്‍ രവിയും. അതേ, എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പ്രചാരണ വേദിയില്‍ കണ്ട അതേ മേജര്‍. ഒപ്പം 5 മേനോന്‍മാരും രണ്ട് നായര്‍ മാരും മോദി വീണ്ടും വരണം എന്നാഗ്രഹിക്കുന്നതായി പറയുന്നുണ്ട്. നര്‍ത്തകി ജയപ്രഭാ മേനോന്‍, പത്രപ്രവര്‍ത്തകന്‍ ശ്രീപ്രകാശ് മേനോന്‍, സംവിധായിക പാര്‍വ്വതി മേനോന്‍, എഴുത്തുകാരന്‍ രാജേന്ദര്‍ മേനോന്‍, രമേഷ് മേനോന്‍ എന്നിവരാണ് മോദിയെ പിന്തുണയ്ക്കുന്ന മേനോന്‍ സമൂഹം. തലസ്ഥാനത്തെ കാവി സംഗമങ്ങള്‍ അലങ്കരിക്കാറുള്ള നടി മേനക സുരേഷ് കുമാറും പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്. ശബരിമല സമരം ചൂടുപിടിച്ചപ്പോള്‍ നാമ ജപ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ ഈ പഴയ തിര നായിക ഉണ്ടായിരുന്നു. കൂട്ടത്തില്‍ പത്രപ്രവര്‍ത്തകനായ രാജ് നായരും ഒപ്പിട്ടതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് രാജ് നായര്‍ എന്നു ഗൂഗിള്‍ ചെയ്തു നോക്കിയയെങ്കിലും കണ്ടെത്താനായില്ല. റിപ്പോര്‍ട്ട് പ്രകാരം ഒപ്പിട്ടിരിക്കുന്നത് അഞ്ച് സാംസ്കാരിക മേനോന്‍മാരും മൂന്ന് സാംസ്കാരിക നായന്മാരും.

എന്തുപറ്റി നമ്മുടെ മേജറിന്? ഇവിടെ രാജീവ്, അവിടെ മോദി !

ഏതെങ്കിലും രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്നതുകൊണ്ടല്ല ഇങ്ങനെ പറയുന്നതും ചെയ്യുന്നതുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മേജര്‍ രവി എറണാകുളത്ത് പി രാജീവിന്റെ വേദിയില്‍ എത്തിയത്. രാജീവുമായി ദീര്‍ഘകാലമായുള്ള വ്യക്തിബന്ധവും രാജ്യസഭ എംപി എന്ന നിലയില്‍ രാജീവിന്റെ പ്രകടനങ്ങള്‍ വീക്ഷിച്ചിരുന്നൊരാളെന്ന നിലയില്‍ അദ്ദേഹം മികച്ചൊരു ജനപ്രതിനിധിയായിരിക്കുമെന്ന വിശ്വാസവുമാണ് തന്നെ ആ വേദിയില്‍ എത്തിച്ചതെന്നാണ് മേജര്‍ പറഞ്ഞത്. ഈ വേദിയില്‍ തന്നെ കാണുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നുണ്ടാവും എന്ന് ഒരു ചിരിയോടെ പറഞ്ഞാണ് മേജര്‍ പ്രസംഗം തുടങ്ങിയത് തന്നെ.

പ്രളയം നേരിട്ട കേരള സര്‍ക്കാരിനെ ശ്ലാഘിച്ചുകൊണ്ട് നേരത്തെ മേജര്‍ രവി രംഗത്ത് വന്നിരുന്നു. അതുപോലെ തന്നെ പുല്‍വാമയില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം സുരക്ഷാ പാളിച്ചയാണ് എന്നു തുറന്നടിച്ചുകൊണ്ട് രവി രംഗത്ത് വന്നിരുന്നു.

മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ തെറി വിളിച്ച്, ഗൌരി ലങ്കേഷ് വധത്തെ സ്വഭാവിക തിരിച്ചടിയായി വ്യാഖ്യാനിച്ച മേജര്‍ ഒരു ഘട്ടത്തില്‍ തങ്ങളുടെ പാളയത്തില്‍ നിന്നും കുടിയൊഴിഞ്ഞു പോവുകയാണ് എന്നു സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ വിശ്വസിച്ച് വരുന്ന സമയത്താണ് ഒരു കച്ചവട സിനിമയിലെ ട്വിസ്റ്റ് പോലെ മോദി അനുകൂല പ്രസ്താവനയില്‍ തുല്യം ചാര്‍ത്തിക്കൊണ്ട് ഈ മുന്‍ സൈനികന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

റഫാല്‍ അഴിമതിയില്‍ മോദി സര്‍ക്കാരിന് സുപ്രീം കോയടതിയില്‍ തിരിച്ചടിയേറ്റത് ഇന്നലെയാണ്. പുല്‍വാമയും ബാലക്കോട്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി ഉപയോഗിച്ചതും ഈ കഴിഞ്ഞ ദിവസമാണ്. ഇതൊക്കെ അറിഞ്ഞിട്ടും മിസ്റ്റര്‍ രവി പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പണ്ട് ഇ എം എസ് ആര്‍ എസ് എസിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞതുപോലെ മേജര്‍ രവിയുടെ വോട്ട് വേണ്ടെന്ന് രാജീവ് സഖാവ് പറയുമോ?

ഫാസിസത്തിനെതിരായുള്ള പോരാട്ടത്തില്‍ ആര്‍ജ്ജവത്തോടെയുള്ള ചില സ്റ്റേറ്റ്മെന്റുകള്‍ക്കും പ്രാധാന്യമുണ്ട്.

Read More: മേജര്‍ രവിക്ക് എന്താണ് പറ്റിയത്? അന്തംവിട്ട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍

Next Story

Related Stories