TopTop

മൃതദേഹത്തിന് വേണ്ടി കടിപിടി കൂടുന്നത് സന്ദേശം സിനിമയില്‍ മാത്രമല്ല; ബലിദാനികളും രക്തസാക്ഷികളും ഇത് കാണുക

മൃതദേഹത്തിന് വേണ്ടി കടിപിടി കൂടുന്നത് സന്ദേശം സിനിമയില്‍ മാത്രമല്ല; ബലിദാനികളും രക്തസാക്ഷികളും ഇത് കാണുക
ചില സംഭവങ്ങള്‍ സിനിമയില്‍ മുട്ടന്‍ കോമഡിയാണ്. നമ്മള്‍ തലയറഞ്ഞു ചിരിക്കും. എന്നാല്‍ ജീവിതത്തില്‍ അവ ദുരന്തവും പ്രഹസനവുമാകും.

അതുപോലെ ഒന്നാണ് ഇന്നലെ തൃശൂര്‍ കയ്പ്പമംഗലത്ത് നടന്നത്. സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ മരിച്ച ഒരു ഹതഭാഗ്യനെ തങ്ങളുടെ രക്തസാക്ഷിയും ബലിദാനിയും ആക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ഈ രണ്ടു മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സന്ദേശമെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിലാണ് ഇതുപോലൊരു രംഗം മലയാളി കണ്ടതും ആസ്വദിച്ചതും. ശനിയാഴ്ച തൃശ്ശൂരില്‍ നടന്ന രാഷ്ട്രീയ സംഘട്ടനവും മരണവും സിനിമയെ പോലും നാണിപ്പിക്കുന്ന രംഗങ്ങളായാണ് അരങ്ങേറിയത്.

മാതൃഭൂമിയുടെ തലക്കെട്ടും റിപ്പോര്‍ട്ടും ഇങ്ങനെ; “ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു”. ബിജെപി പ്രവര്‍ത്തകനായ സഹോദരന്റെ മകനെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ സതീശന്‍ എന്നയാളാണ് പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നായിരുന്നു പ്രാദേശിക സിപിഎം –ബിജെപി പ്രവര്‍ത്തകരുടെ അവകാശവാദം. അതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു.

മരണവിവരമറിഞ്ഞ് ആദ്യം വീട്ടിലെത്തിയത് സിപിഎം പ്രവര്‍ത്തകര്‍. പിന്നാലെ ബിജെപി പ്രവര്‍ത്തകരും എത്തി. മരണവീട്ടില്‍ വീണ്ടും സംഘര്‍ഷമായി. പോലീസെത്തി. ഒടുവില്‍ പോലീസ് രണ്ടു കൂട്ടരെയും വീട്ടില്‍ നിന്നും പുറത്താക്കി.

സതീശന്‍ സിപിഎം പ്രവര്‍ത്തകനാണ് എന്നു വീട്ടുകാര്‍ അറിയിച്ചതായി പോലീസ് മാധ്യമങ്ങളോടെ പറഞ്ഞു എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനിടയില്‍ തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലത്തും കൊടുങ്ങല്ലൂരും ബിജെപി ഇന്ന് (തിങ്കള്‍) ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നു നോക്കാം.

"മര്‍ദ്ദനം തടയാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു; രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ഹര്‍ത്താല്‍” (ദേശാഭിമാനി)

http://www.azhimukham.com/sudheesh-minni-rss-cpim-facebook-azhimukham/

സതീശന്‍ സിപിഎമ്മിന്റെ ഉറച്ച പ്രവര്‍ത്തകന്‍ ആണെന്നും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബിജെപിക്കാര്‍ പോസ്റ്റ് മോര്‍ട്ടം തടഞ്ഞിരിക്കുകയാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു മതത്തില്‍ പെട്ട ആള്‍ സതീശന്റെ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ട എന്നു പറഞ്ഞും ബിജെപിക്കാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ദേശാഭിമാനി ആരോപിക്കുന്നു.

അതേസസമയം മൃതദേഹം വിട്ടുകിട്ടണമെന്നും ആചാര പ്രകാരം അടക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.

“സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന പട്ടികജാതി വിഭാഗക്കാരനെ മര്‍ദിച്ചു കൊന്നു” എന്നാണ് ജന്‍മഭൂമിയുടെ തലക്കെട്ട്. മലയാള മനോരമയിലും മാതൃഭൂമിയിലും ഇല്ലാത്ത രണ്ടു കാര്യങ്ങള്‍ ജന്‍മഭൂമിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊല്ലപ്പെട്ടയാള്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് വന്നയാളാണ് എന്നതും പട്ടികജാതി വിഭാഗക്കാരനാണ് എന്നതും. ആ രണ്ട് സൂചനകള്‍ തരുന്ന രാഷ്ട്രീയ മൈലേജ് എന്താണെന്ന് ബിജെപിക്ക് നന്നായി അറിയാം.

http://www.azhimukham.com/kannur-political-murder-cpm-bjp-kaantony-azhimukham/

അകത്തെ പേജില്‍ ആറ് വാര്‍ത്തകളാണ് ജന്‍മഭൂമി കൊടുത്തിരിക്കുന്നത്. 'പ്രേരണയായത് കോടിയേരിയുടെ വാക്കുകള്‍' എന്ന ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയും 'സിപിഎം നേതാക്കള്‍ക്ക് എതിരെ ബന്ധുക്കളും നാട്ടുകാരും' എന്ന ബോക്സ് ന്യൂസും നല്‍കിക്കൊണ്ട് സാമാന്യം വിശദമായി തങ്ങളുടെ ഭാഗം സമര്‍ത്ഥിക്കാന്‍ ജന്‍മഭൂമി ശ്രമിച്ചിട്ടുണ്ട്.

സംഘപരിവാര്‍ ആരോപിക്കുന്ന ചുവപ്പ് - ജിഹാദ് പ്രചരണത്തിന് ആക്കം കൂട്ടാനുള്ള ഒരു തെളിവ് കൂടിയായി എന്ന മട്ടില്‍ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം നല്‍കുമ്പോള്‍ പ്രാദേശിക തര്‍ക്കത്തിനിടയില്‍ ഉണ്ടായ ഹൃദയാഘാത മരണം എന്ന നിലയില്‍ ലഘൂകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഫ്ലെക്സ് വെയ്ക്കുന്നതിലുള്ള വാക്കേറ്റത്തില്‍ നിന്നുടലെടുത്ത സംഘര്‍ഷം ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രബുദ്ധ രാഷ്ട്രീയത്തെ തുറിച്ചു നോക്കുന്ന യാഥാര്‍ഥ്യം. ഒപ്പം മൃതദേഹത്തിന് വേണ്ടിയുള്ള രാഷ്ട്രീയ ചെന്നായ്ക്കളുടെ കടിപിടിയും.

‘രാഷ്ട്രീയ കൊലപാതകം’ എന്ന് പോലീസ് വിളിക്കുന്ന ഈ 'കലാപരിപാടി' ഒരു സാമൂഹിക ദുരന്തമാണ് എന്നത് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നാണ് തിരിച്ചറിയുക?

http://www.azhimukham.com/kannur-political-murder-salim-kumar-face-book-post-azhimukham/

Next Story

Related Stories