TopTop
Begin typing your search above and press return to search.

'തോക്കിന്‍ കുഴലി'ലൂടെ വയനാട് പിടിക്കാന്‍ വരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് വരിനിലം കാളനെ അറിയുമോ?

തോക്കിന്‍ കുഴലിലൂടെ വയനാട് പിടിക്കാന്‍ വരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് വരിനിലം കാളനെ അറിയുമോ?

കഴിഞ്ഞ ദിവസം മംഗളത്തിലെ എസ് നാരായണന്‍ ഒരു എക്സ്ക്ളൂസീവ് അടിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ആ വാര്‍ത്ത എന്നാണ് വെപ്പ്. (നാരായണന്‍ മുന്‍പും ഇത്തരം സ്കൂപ്പുകള്‍ അടിച്ചിട്ടുണ്ട്. ഒന്നുകില്‍ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന മട്ടില്‍) തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോ വാദികള്‍ ശ്രമിക്കും എന്നാണ് വാര്‍ത്ത. എന്തായാലും തനിക്ക് സുരക്ഷ വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗണ്‍മാനെ നിയമിച്ചു എന്നും ഇന്നത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷ ആവശ്യപ്പെട്ട് തുഷാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി എന്നിവരെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി മത്സര രംഗത്ത് എത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമായി വയനാട് മാറിക്കഴിഞ്ഞു. രാഹുലിന്റെ സുരക്ഷാ സംവിധാനങ്ങളും മറ്റും വയനാട്ടുകാര്‍ക്ക് പുതിയൊരു തെരഞ്ഞെടുപ്പ് അനുഭവമായിരിക്കും എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ഗണ്‍മാന്‍ തോക്കിന്റെറെ സുരക്ഷിതത്വത്തില്‍ തുഷാര്‍ പ്രചരണത്തിന് ഇറങ്ങാന്‍ തയ്യാറാകുന്നത്. ഒപ്പം അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറാവും എന്ന കാര്യം തീര്‍ച്ച.

ആവശ്യപ്പെട്ടാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിന് സുരക്ഷയൊരുക്കാന്‍ സന്നദ്ധമാണ് എന്നു പോലീസ് അറിയിച്ചെങ്കിലും വേണ്ടെന്ന നിലപാടാണ് സുനീര്‍ സ്വീകരിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥി ആവശ്യപ്പെട്ടില്ലെങ്കിലും അവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. സ്ഥാനാര്‍ത്ഥികള്‍ വനാതിര്‍ത്തിയില്‍ നടത്തുന്ന പ്രചാരണത്തിന് പ്രത്യേക പൊലീസ് സുരക്ഷയും ഒരുക്കാന്‍ തീരുമാനമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് ലഘുലേഖകള്‍ വയനാട്ടില്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വയനാട് പ്രസ്സ് ക്ലബ്ബില്‍ തപാല്‍ വഴി സി പി ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ ലഘുലേഖകളും പോസ്റ്ററുകളും എത്തി എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാര്‍ച്ച് 7നു വയനാട് ലക്കിടിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ തണ്ടര്‍ ബോള്‍ട്ട് സംഘം വെടിവെച്ചു കൊന്നതിന്റെ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നതോടുകൂടി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുമെന്നാണ് പോലീസിന്റെ ലോജിക്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ ചുമതല തണ്ടര്‍ ബോള്‍ട്ടിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. വ്യാപകമായ തിരച്ചിലുകളും നടക്കുന്നുണ്ട്.

ജലീലിന്റെ മരണത്തോടെ വയനാട്ടിലെ ആദിവാസി ഊരുകള്‍ തള്ളിയിടപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. “വൈത്തിരിയിലെ വെടിവയ്പ്പിനു ശേഷം, ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമെന്നത് അധികൃതര്‍ക്കിടയില്‍ ഒരു വലിയ പ്രശ്‌നമായിത്തന്നെ വളര്‍ന്നുവന്നുകഴിഞ്ഞു. അതിനോടുള്ള പ്രതികരണമെന്ന രീതിയില്‍ പോലീസിന്റെ പട്ടികയിലുള്ള, കാടിനോടു ചേര്‍ന്നുള്ള ആദിവാസി കോളനികളിലെല്ലാം പരിശോധനകളും ശക്തിപ്പെട്ടു. അടിക്കടിയുള്ള അന്വേഷണങ്ങള്‍ക്കു പുറമേ, കോളനികളുടെ പല കാര്യങ്ങളിലും പോലീസ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കോളനികളിലേക്കുള്ള പ്രവേശനം വിലക്കപ്പെട്ടതോടൊപ്പം തന്നെ, ഓരോ വ്യക്തിയും കര്‍ശനമായ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളതെന്ന് ഇവിടത്തുകാര്‍ തന്നെ പറയുന്നു. കോളനിയ്ക്കകത്തു നിന്നുള്ളവരെയല്ലാതെ, മറ്റു കോളനികളില്‍ നിന്നുള്ള ആദിവാസി വിഭാഗക്കാര്‍ക്കു പോലും പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള സുരക്ഷയൊരുക്കല്‍ രീതികളാണ് വയനാട്ടില്‍ ഇപ്പോള്‍ നിലവിലുള്ളത്. ജലീല്‍ കൊല്ലപ്പെട്ട വൈത്തിരിയോടു ചേര്‍ന്നുള്ള സുഗന്ധഗിരി, അംബ ആദിവാസി സെറ്റില്‍മെന്റുകള്‍ മുതല്‍, തുടരെത്തുടരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകാറുള്ള മറ്റു കോളനികളില്‍ വരെ പോലീസിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഞങ്ങളുടെ വീടുകളിലെത്തുന്നവരെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും, മറ്റു കോളനികളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തങ്ങളെ വിലക്കുന്നത് എന്തിനാണെന്നും ചോദിക്കാതെ, അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കോളനിക്കാര്‍ ശിരസ്സാവഹിക്കുകയും കൂടി ചെയ്യുന്നതോടെ, ഈ നിയന്ത്രണങ്ങള്‍ എളുപ്പമാകുകയും ചെയ്യുന്നു. കാലങ്ങളായി മാവോയിസ്റ്റുകളും പോലീസുകാരും തമ്മിലുള്ള ബലാബലത്തിന്റെ ഇടയില്‍പ്പെട്ടു നില്‍ക്കുന്ന ആദിവാസി കോളനികളെ ഈ അവസ്ഥ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുക ഒട്ടേറെ തരത്തിലാണ്.” ശ്രീഷ്മയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. (കൂടുതല്‍ വായിക്കാം: മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഊരുകളില്‍ തടഞ്ഞുവയ്ക്കപ്പെടുന്ന ആദിവാസികള്‍, പുറത്താക്കാപ്പെടുന്ന അവകാശ പ്രവര്‍ത്തകര്‍; സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള വയനാട് ഇങ്ങനെയാണ്).

നിലവില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് വയനാട്ടിലെ ആദിവാസി ഊരുകളിലെ ജീവിതം കൂടുതല്‍ ദുസഹമാവും എന്നാണ്.

1967ല്‍ തൃശിലേരിയില്‍ നടന്ന നക്സലൈറ്റ് ആക്ഷനില്‍ പങ്കെടുത്തു എന്ന കുറ്റം ചാര്‍ത്തപ്പെട്ട് ഏഴു വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന കാളന്‍ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിലെ വരിനിലം കോളനിയില്‍ ഇപ്പോഴുമുണ്ട്. തൃശിലേരിയിലെ ഭൂവുടമയായ വാസുദേവ അഡിഗയെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയതാണ് തൃശിലേരി ആക്ഷന്‍. വയനാട്ടിലെ കാര്‍ഷിക മേഖലകളില്‍ നിലനിന്നിരുന്ന അസമത്വത്തിന്റെയും ചൂഷണത്തിന്റെയും നേര്‍ പ്രതിഫലനങ്ങളായിരുന്നു ആദ്യം സി പി എമ്മിന്റെയും പിന്നീട് നക്സല്‍ പ്രസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍. അതില്‍ കര്‍ഷകതൊഴിലാളികളും ആദിവാസികളും പങ്കെടുത്തു.

അതായത് വയനാട്ടിലേക്ക് കുടിയേറിവന്ന തുഷാറിന്റെ മാവോ പേടിക്ക് അര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രമുണ്ട് എന്നര്‍ത്ഥം. അത് ഭൂവുടമകളുടെയും അധികാരം കയ്യാളുന്നവരുടെയും പേടിയുടെ ചരിത്രം കൂടിയാണ്.

വയനാട് പോലെ സങ്കീര്‍ണ്ണമായ ഭൂമികയില്‍ ജനപ്രതിനിധിയാകാന്‍ വരുമ്പോള്‍ തുഷാര്‍ വായിക്കേണ്ടത് ചരിത്രമാണ്. കാണേണ്ടത് വരിനിലം കാളനെയാണ്. അല്ലാതെ തോക്ക് ധാരിയുടെ സുരക്ഷിതത്വത്തില്‍ നടത്തുന്ന വടക്കേ ഇന്ത്യന്‍ സ്റ്റൈല്‍ വോട്ട് പിടുത്തമല്ല.

Read More: വര്‍ഗ്ഗീസ് പിടിച്ചുപറിക്കാരനല്ല, ഞങ്ങളുടെ പെരുമന്‍; 7 വര്‍ഷക്കാലം ജയിലില്‍ കിടന്ന തിരുനെല്ലിയിലെ കാളന്‍ നക്സല്‍ കാലത്തെ കുറിച്ച്


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories