Top

മത്തിയില്‍ മസാല ചേര്‍ക്കുന്ന ഈ രാഷ്ട്രീയം അസംബന്ധമാണ്

മത്തിയില്‍ മസാല ചേര്‍ക്കുന്ന ഈ രാഷ്ട്രീയം അസംബന്ധമാണ്
മസാല ബോണ്ട് വിടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ കൊല്ലം പ്രസ്സ് ക്ലബില്‍ ധനമന്ത്രി നടത്തിയ പത്രസമ്മേളനം ഇത്തിരി എരിവും പുളിയും കൂടിയ ഒന്നായതോടെ ‘ചൌക്കിദാര്‍ ചോര്‍ ഹേ’ എന്ന ദേശീയ ക്യാമ്പയിന്‍ കേരളത്തിലേക്ക് കൊണ്ടുവരികയാണ് ചെന്നിത്തല.

“കേരളത്തിന്റെ കാവല്‍ക്കാരന്‍ പെരുംകള്ളന്‍” എന്നാണ് ചെന്നിത്തല ഇന്നലെ തൃശൂരില്‍ പ്രഖ്യാപിച്ചത്. “സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരുംകള്ളനാണ്. എസ് എന്‍ സി ലാവലിന്‍ ബന്ധമുള്ള കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നു.” ചെന്നിത്തല പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത ഭാഷയിലാണ് ധനമന്ത്രി തോമസ് ഐസക് ചെന്നിത്തലയെ വിമര്‍ശിച്ചത്. ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? എന്നാണ് ഐസകിന്റെ ചോദ്യം.

“ബോണ്ട് ഇറക്കുന്നതിന് ഇടനിലക്കാരുണ്ടോയെന്നാണ് ചോദ്യം. ഈ ബോണ്ട് ഇറക്കുന്നത് എന്താ എങ്ങനെയാ എന്നൊക്കെ തനിക്ക് അറിയാമോ? ബോണ്ട് പോട്ടെ, നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌റ്റോക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെങ്കില്‍ നിങ്ങള്‍ ബ്രോക്കര്‍മാര്‍ വഴിയല്ലാതെ രമേശ് ചെന്നിത്തല വഴി മത്തിക്കച്ചവടത്തിന് പോകുന്ന പോലെ പോയിട്ട് വില്‍ക്കാനും മേടിക്കാനും നില്‍ക്കുമോ?”

ഐസക് ഇങ്ങനെ തുടരുന്നു;

“ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്താലേ വില്‍ക്കാന്‍ സാധിക്കൂ. ഈ ലിസ്റ്റ് ചെയ്ത് വില്‍ക്കുന്നതിന് യൂറോ മാര്‍ക്കറ്റില്‍ അവരുടേതായ യൂറോ ക്ലിയറിംഗ് എക്‌സ്‌ചേഞ്ച് ഉണ്ട്. അവരാണ് ടെണ്ടര്‍ വിളിക്കുന്നതും വില്‍ക്കുന്നതും. അല്ലാതെ നിങ്ങളും ഞാനും പോയി വില്‍ക്കാന്‍ പറ്റില്ല. അത് പൊതുവിതരണം. സ്വകാര്യ വിതരണമാണെങ്കില്‍ നിങ്ങള്‍ പ്ലേസ്‌മെന്റ് നടത്തും. നെഗോഷ്യേറ്റ് ചെയ്ത് നിങ്ങള്‍ ഇത്രയും മേടിക്ക്, ഇയാള്‍ ഇത്രയും മേടിക്ക് എന്ന് പറഞ്ഞ്. സ്വകാര്യ വിതരണത്തില്‍ ആരാണ് മേടിച്ചതെന്ന് പോലും വെളിപ്പെടുത്തുന്നത് ക്ലിയറിംഗ് ഹൗസിന്റെ വിവേചന അധികാരമാണ്. അത് നമ്മളോട് പറയണമെന്നില്ല. നമ്മള്‍ എന്തിനാണ് അറേഞ്ചര്‍മാരെ വയ്ക്കുന്നത്? സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിക്ഷന്‍ എന്നീ കമ്പനികള്‍ റേറ്റ് ചെയ്യുമ്പോള്‍ നമ്മുടെ ഉപദേശകര്‍ ഇവരാണ്. ആ റേറ്റിംഗ് തീരുമാനിക്കാനുള്ള പ്രൊഫഷണല്‍സ് അല്ല നമ്മള്‍. അവരാണ് അതിന് നമ്മളെ ഉപദേശിക്കുന്നത്.”

കനേഡിയന്‍ പത്രമായ ലാ പ്രസ്സ് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടാണ് ഐസക് ഇവിടെ പരാമര്‍ശിക്കുന്നത്. മസാലബോണ്ട് വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലാ പ്രസ്സ് ചെന്നിത്തലയെ ബന്ധപ്പെട്ടു. ഫോണ്‍ വിളിക്കുകയും മെയില്‍ ചെയ്യുകയും ചെയ്തിട്ടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നാണ് ഇപ്പോള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതൊക്കെ പോകട്ടെ സംഗതി മത്തിക്കച്ചവടത്തില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. മത്തിക്കച്ചവടം പോലെയല്ല ബോണ്ട് വാങ്ങുന്നതെന്ന് പറഞ്ഞ തോമസ് ഐസക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചിരിക്കുകയാണ് എന്നാണ് ചെന്നിത്തലയുടെ പുതിയ വാദം. “ബോണ്ട് വിറ്റ് കമ്മീഷന്‍ അടിക്കുന്നതാണ് അധമ ജോലി. മത്തിക്കച്ചവടം മാന്യമായ ജോലിയാണ്. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ച തോമസ് ഐസക് അവരെ അപമാനിച്ചിരിക്കുയയാണ്. ഇതിന് അദ്ദേഹം മത്സ്യതൊഴിലാളികളോടെ മാപ്പ് പറയണം.” എന്നാണ് ചെന്നിത്തലയുടെ ആവശ്യം.

രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മത്സ്യത്തൊഴിലാളികളോട് മാപ്പ് പറയണമെന്ന ആവശ്യവുമായി എല്‍ ഡി എഫും രംഗത്ത് വന്നിരുന്നു.

'മീൻ മണമേറ്റാൽ ഓക്കാനിക്കുന്ന സസ്യഭുക്ക്' ആണ് താന്‍ എന്നായിരുന്നു തിരുവനന്തപുരത്തെ ഒരു മീന്‍ മാര്‍ക്കറ്റില്‍ വോട്ട് തേടിപ്പോയ അനുഭവത്തെ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. “Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!” -എന്നായിരുന്നു ട്വീറ്റ്.

ഇതില്‍ ‘squeamishly vegetarian’ എന്ന പ്രയോഗത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളുയര്‍ന്നിരിക്കുന്നത്. squeamish എന്നതിന് ‘easily upset or shocked by things that you find unpleasant or that you do not approve of’ എന്നാണ് കേംബ്രിഡ്ജ് നിഘണ്ടു ഒരു പൊതു വ്യാഖ്യാനം നൽകിയിരിക്കുന്നത്. ശശി തരൂർ ഉപയോഗിച്ചിരിക്കുന്ന സന്ദർഭത്തിൽ ഈ വാക്കിന് ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അർത്ഥം വരിക. മീൻമണം തനിക്ക് മനംപുരട്ടലുണ്ടാക്കുമെങ്കിലും ചന്തയിലെ ആരവങ്ങൾ തന്നെ ഉത്സാഹഭരിതനാക്കി എന്നാണ് ശശി തരൂര്‍ പറഞ്ഞത്.

ഉടന്‍ തന്നെ ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചു എന്ന ആരോപണവുമായി ഇടതുപക്ഷം രംഗത്തെത്തി. ഇവിടത്തെ ഇടതുപക്ഷക്കാര്‍ക്ക് ഇംഗ്ലീഷ് ശരിക്കും അറിയാന്‍ പാടില്ല എന്ന പരാമര്‍ശവുമായി തരൂര്‍ രംഗത്ത് വന്നതും വിവാദമായി. 10 വര്‍ഷം തിരുവനന്തപുരം എംപിയായ തരൂരിന് മലയാളം ശരിക്കും അറിയുമോ എന്നായി ചോദ്യം. എന്തായാലും മറ്റൊരു മീന്‍ മാര്‍ക്കറ്റില്‍ പോയി വലിയ ചൂര മീന്‍ കയ്യില്‍ തൂക്കിയെടുത്ത് ഉയര്‍ത്തിപ്പിടിച്ചാണ് തരൂര്‍ മീന്‍ നാറ്റത്തിന്റെ ക്ഷീണം തീര്‍ത്തത്.

തിരഞ്ഞെടുപ്പിന്റെ തുടക്ക ഘട്ടത്തിലും ഒരു മീന്‍ വിവാദമുണ്ടായി. അത് തിരുത മീനിനെ ചൊല്ലിയായിരുന്നു. സോണിയാ ഗാന്ധിക്ക് തിരുത മീന്‍ കൊണ്ടുകൊടുത്താണ് പ്രൊഫ. കെ വി തോമസ് സീറ്റ് തരപ്പെടുത്തിയിരുന്നത് എന്ന രാഷ്ട്രീയ പരിഹാസത്തില്‍ വംശീയത ഉണ്ടെന്നായിരുന്നു വിമര്‍ശനം.

“മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് കോളേജിലെ അധ്യാപകനായ ആളും, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എറണാകുളത്ത് വളരെക്കാലം ജനപിന്തുണ നേടിയ ആളുമാണ് കെ വി തോമസ്. അദ്ദേഹത്തെ ആക്ഷേപിക്കാൻ കരുണാകരനും സോണിയക്കും തിരുത മീൻ കൊടുത്തു സ്ഥാനങ്ങൾ നേടിയ ആളാണെന്ന് പറയുന്നതാണ് പ്രശ്നം. ഇതിലുള്ളത് ജാതി അധിക്ഷേപം മാത്രമാണ്. ആരു പറഞ്ഞാലും. കെ വി തോമസിൻറേത് മോശം രാഷ്ട്രീയമാണെങ്കിൽ അതു പറഞ്ഞു തോല്പിക്കണം. ജാതി പറഞ്ഞല്ല.”
നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ എഡിറ്ററും ഇടതുപക്ഷ സഹയാത്രികനുമായ റൂബിന്‍ ഡിക്രൂസ് ഫേസ്ബുക്കില്‍ എഴുതി.

മഹാ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന, കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ കുറിച്ചുള്ള ഹൃസ്വ ചിത്രം ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പേജില്‍ ശ്രദ്ധ നേടി മികച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയായിരിക്കുന്നു എന്നതുകൂടി ശ്രദ്ധിയ്ക്കുക. മമ്മൂട്ടിയാണ് ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

മാപ്പ് പറച്ചിലിനും വാഴ്ത്തുപാട്ടിനും അപ്പുറം കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെ അഭിസംബോധന ചെയ്താല്‍ മതിയോ? വയനാട്ടിലെ ആദിവാസികള്‍ പോലെ അരിക് വത്ക്കരിക്കപ്പെട്ട ഈ ജനതയെ വൈകാരികമായി പ്രകോപിപ്പിച്ച് വോട്ട് ക്യാന്‍വാസ് ചെയ്യുന്ന പരിപാടി എന്നാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കുക?

അതേ സമയം മാര്‍ച്ച് 14നു തൃശൂരില്‍ വെച്ച് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ദേശീയ മത്സ്യതൊഴിലാളിപാര്‍ലമെന്‍റ് ശ്രദ്ധേയമായ ഇടപെടലാണ് എന്ന കാര്യത്തില്‍ സംശയമില്ല. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ മത്സ്യതൊഴിലാളി മാനിഫെസ്റ്റോ കോണ്‍ഗ്രസ്സ് പുറത്തിറക്കുകയുണ്ടായി. തൃശൂരില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മത്സ്യതൊഴിലാളി മേഖലയില്‍ നിന്നുള്ള ടി എന്‍ പ്രതാപനാണ് എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിക്കുകയാണ്.

Explainer: കിഫ്ബിയുടേത് കേരളമെന്ന ബ്രാൻഡിന്റെ കൂടി വിജയം; മസാല ബോണ്ടിന് കിട്ടിയ സ്വീകാര്യതയ്ക്കു പിന്നിലെ മസാലക്കൂട്ട്

Next Story

Related Stories