TopTop
Begin typing your search above and press return to search.

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

നിപയില്‍ മനോരമ വീണ്ടും തുടങ്ങി. ഇന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജ് കണ്ടുകഴിഞ്ഞാല്‍ തോന്നുക വായനക്കാരുടെ ഭീതിയാണ് മനോരമയുടെ ആനന്ദം എന്നാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഒഖി ചുഴലിക്കൊടുങ്കാറ്റ് കാലത്തെ അതേ അടവ് തന്ത്രമാണോ മലയാള മനോരമ പയറ്റുന്നത് എന്നു സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

ഇന്നത്തെ ഒന്നാം പേജ് നോക്കുക.

'വെറും പനിയല്ല മരണം 15' എന്ന തലക്കെട്ടാണ് ആദ്യം ശ്രദ്ധയില്‍ വരുക. പ്രധാന കാരണം മരണം 15 എന്ന ഭാഗം കറുത്ത പെട്ടിയില്‍ കൊടുത്തിട്ടുണ്ട് എന്നതുതന്നെ. കൂടാതെ 'വെറും പനിയല്ല മരണം 15' എന്ന ബ്ലോക്കിനൊപ്പം വവാലിന്റെ ചിത്രവും കൊടുത്ത് ആകര്‍ഷകമാക്കിയിട്ടുണ്ട്. നിപ പരത്തുന്നത് വവാലുകള്‍ ആണെന്നതും വവാലുകളുടെ ഇമേജ് പൊതുവേ ഭീതി ഉണ്ടാക്കാന്‍ ഉപകരിക്കുന്നതാണെന്നും കൂടി വെക്കുമ്പോള്‍ സംഗതി അര്‍ത്ഥ സംപുഷ്ടം. സംസ്ഥാനത്ത് നിപ വൈറസ് മൂലം 15 പേര്‍ മരിച്ചു എന്ന ഷോക്ക് സൃഷ്ടിക്കണം. വാര്‍ത്തയില്‍ എത്ര സത്യം പറഞ്ഞാലും തലക്കെട്ട് ഉണ്ടാക്കുന്ന ഇംപാക്ട് മറ്റൊന്നാണല്ലോ.

ഏറ്റവും മുകളില്‍ ചുവന്ന നിറത്തില്‍ അക്ഷരത്തിന്റെ വലിപ്പം കുറച്ച്, “പേരാമ്പ്രയിലെ മൂന്നു മരണം നിപ്പ വൈറസ് മൂലമെന്ന് സ്ഥിരീകരണം” എന്നു കൊടുത്തത് എത്ര പേരുടെ ശ്രദ്ധയില്‍ വരും എന്നത് കൂടി ചിന്തിക്കുക.

ഇനി മലയാള മനോരമയുടെ വാര്‍ത്തയിലേക്ക് വരാം.

“സംസ്ഥാനത്ത് ഭീതി പടര്‍ത്തി പനിമരണം തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ 8 പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ ഇരു ജില്ലകളിലുമായി രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 15 ആയി. അതേ സമയം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചത് നിപ വൈറസ് ബാധ മൂലമാണെന്ന് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.”

അതുകഴിഞ്ഞു മലയാള മനോരമ പറയുന്നതു 10 പേര്‍ നിപ വൈറസ് ബാധിച്ചു കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട് എന്നാണ്. എന്നാല്‍ ഈ കാര്യം ആരെ ഉദ്ധരിച്ചാണ് എന്നു പത്രം വ്യക്തമാക്കുന്നില്ല.

അടുത്ത പാരഗ്രാഫില്‍ മനോരമ ഇങ്ങനെ വിശദീകരിക്കുന്നു. "ഇന്നലെ മരിച്ച എട്ടില്‍ ഏഴു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നേഴ്സും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു മരണം ഡെങ്കിപ്പനി മൂലമാണ്. ഇന്നലെ മരിച്ചവരില്‍ എട്ടുപേരില്‍ നിപ വൈറസ് മൂലമാണ് എന്നു സംശയമുണ്ട്.”

ഇത്രയും വായിച്ചതിന് ശേഷം മനോരമയുടെ വാര്‍ത്തയുടെ മത്താമാറ്റിക്സ് നോക്കുക.

രണ്ടാഴ്ചയ്ക്കിടെ പനി മൂലം മരിച്ചത്-15

നിപ എന്നു സ്ഥിരീകരിച്ചത്-3

നിപ എന്നു സംശയം -2

ബാക്കി-10

ഡെങ്കി-1

ശേഷിച്ചത്-9

9 പേര്‍ എങ്ങനെ മരിച്ചു? നിപ ബാധിച്ചോ? ഡെങ്കിയോ? ചിക്കന്‍ ഗുനിയയോ? അതോ തക്കാളി പനിയോ? മനോരമയ്ക്ക് ഉത്തരമില്ല. വായനക്കാര്‍ക്ക് അതിന്റെ ആവശ്യവുമില്ല എന്നാണ് മനോരമയുടെ ധാര്‍ഷ്ട്യം.

ഇനി ഈ വിഷയത്തില്‍ മാതൃഭൂമി വാര്‍ത്ത നോക്കുക:

അവരുടെ തലക്കെട്ട് മാന്യവും കൃത്യവും വായനക്കാരെ ഭീതിപ്പെടുത്താതെ വിവരം ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതുമാണ്. തലക്കെട്ട് ഇങ്ങനെ “വൈറസ് നിപ തന്നെ”

ആ വാര്‍ത്തയിലെ പ്രധാന പോയിന്റുകള്‍ ഇങ്ങനെ ഹൈ ലൈറ്റ് ചെയ്തിരിക്കുന്നു –പേരാമ്പ്രയില്‍ പനി ബാധിച്ചു മരിച്ച രണ്ടു പേര്‍ക്കും ചികിത്സയില്‍ ഉള്ള ഒരാള്‍ക്കും നിപ സ്ഥിരീകരിച്ചു, കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു, മരണം അഞ്ചായി, ഏഴുപേര്‍ ചികിത്സയില്‍, അഞ്ചു പേരുടെ നില ഗുരുതരം, രണ്ടു പേരുടെ നില ഭേദപ്പെട്ടു, കേന്ദ്ര വിദഗ്ധ സംഘം ഇന്നെത്തും.

മനോരമയില്‍ നിന്നും വ്യത്യസ്തമായി മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്‍റര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് എന്നു ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയെ ഉദ്ധരിച്ചുകൊണ്ടാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ മറ്റ് പരിപാടികള്‍ റദ്ദാക്കി കോഴിക്കോട് ക്യാമ്പ് ചെയ്യും എന്നും മാതൃഭൂമി വാര്‍ത്തയിലുണ്ട്. കോഴിക്കോട് വൈറസ് ബാധ മൂലമുള്ള പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് അതി ജാഗ്രതാ നിര്‍ദേശം നല്കി എന്ന റിപ്പോര്‍ട്ട് മാതൃഭൂമി ബോക്സില്‍ കൊടുത്തിട്ടുണ്ട്. മനോരമയ്ക്ക് തങ്ങളുടെ വായനക്കാരുടെ ആരോഗ്യത്തെ കുറിച്ച് യാതൊരു വേവലാതിയുമില്ലാത്തതുകൊണ്ട് ജാഗ്രതാ നിര്‍ദേശം പോലും വാര്‍ത്തയില്‍ സ്ഥാനം പിടിച്ചിട്ടില്ല.

കൂടാതെ മലപ്പുറത്തെ 4 പനി മരണം നിപ വൈറസ് കാരണം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നു ഡി എം ഒ ഡോ. കെ സക്കീനയെ ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു സബ് സ്റ്റോറി എന്തായാലും മലയാള മനോരമയുടെ സ്റ്റേറ്റ് പേജില്‍ വന്നിട്ടില്ല. സംസ്ഥാന പ്രാധാന്യമുള്ള വിഷയമായിരുന്നിട്ടു കൂടി.

പക്ഷേ അവര്‍ ഒരു കാര്യം അറിഞ്ഞിട്ടുണ്ട് അങ്ങ് ഡല്‍ഹിയില്‍ നിന്നു വിദഗ്ദ്ധരുടെ പ്രത്യേക സംഘം കോഴിക്കോട് എത്തുന്നു. അതും അല്‍ഫോണ്‍സ് കണ്ണന്താനം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി എന്നിവരുടെ പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ചാണ് കേന്ദ്ര മന്ത്രി ജെ പി നഡ്ഡ വിദഗ്ധ സംഘത്തെ അയക്കുന്നത് എന്നു മനോരമ എടുത്തു പറയുന്നുണ്ട്.

ഇനി മനോരമ വായിക്കുന്ന ഒരു സാധാരണക്കാരന് സ്വാഭാവികമായും തോന്നുന്ന സംശയം ഇത്രയേ ഉള്ളൂ..? കേന്ദ്രം വരെ അറിഞ്ഞു, എവിടെ സംസ്ഥാന സര്‍ക്കാര്‍? ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍? മുഖ്യമന്ത്രി എപ്പോള്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കും?

ഒഖി അടിച്ചപ്പോള്‍ മനോരമാദികള്‍ കടപ്പുറത്ത് നിന്നു കാണിച്ച മാധ്യമ ആഭാസത്തിന്റെ മറ്റൊരു സ്റ്റേജ് ഷോ ഒരുങ്ങിവരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘ആഘോഷിക്കാന്‍’ ഇതില്‍പ്പരം മറ്റെന്തുവേണം?

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories