UPDATES

ഹണി ട്രാപ്പും മാധ്യമ വിലക്കും തരുന്ന സൂചനകള്‍; പിണറായിക്കും മാധ്യമങ്ങള്‍ക്കും

‘പിണറായി മോദിയാകുന്നു’ എന്ന് പല അവസരങ്ങളിലും സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ നിരീക്ഷകര്‍ ഓര്‍മ്മിപ്പിക്കുന്നതിന്റെ സാഹചര്യത്തെ ഇടതുമുന്നണിയും പ്രത്യേകിച്ച് സി പി എമ്മും ഗൌരവമായി കാണുമെന്ന് പ്രതീക്ഷിക്കാം

‘നില്‍ക്ക് പുറത്ത്; മാധ്യമ വിലക്കുമായി പിണറായി സര്‍ക്കാര്‍’- മലയാള മനോരമയുടെ ഒന്നാം ലീഡ്. ‘സെക്രട്ടറിയേറ്റിലും മാധ്യമ വിലക്ക്’-മാതൃഭൂമി. ‘മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റില്‍ തടഞ്ഞു’-ജനയുഗം. ‘Media stopped at Secratariat gate,gurads cite CMO’- ടൈംസ് ഓഫ് ഇന്ത്യ.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ‘സ്വേച്ഛാധിപത്യ’ നടപടിയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ പോകുന്നു.

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിന്റെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ തടഞ്ഞത്.

ഇന്നലെ നടന്നത് എന്താണെന്ന് മലയാള മനോരമ പറയുന്നത് ഇങ്ങനെ; “റിട്ട.ജഡ്ജി പി എസ് ആന്‍റണി കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പണ വാര്‍ത്തയ്ക്കായി രാവിലെ എത്തിയ മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റിന്റെ കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ച പ്രകാരം എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അകത്തേക്ക് വിടാന്‍ അനുമതിയില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് വ്യക്തമായത്”

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിങ്ങനെ; “മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചു. മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണിച്ചിരുന്നില്ല. അതിനാല്‍ ഉണ്ടായ ആശയകുഴപ്പമാണ്” ഉണ്ടായിരിക്കുന്നത്.

“മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തിലെത്തി, മുഖ്യമന്ത്രിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മറവിലായിരുന്നു സെക്രട്ടറിയേറ്റ് പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാതിരുന്നത്” എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലെന്നു ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞതായും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മംഗളം സിഇഒ തുലച്ചത് ഒരു ചാനലിന്റെ ഭാവി കൂടിയാണ്

അതേസമയം ഇന്നലെ മാധ്യമങ്ങളെ തടഞ്ഞ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം മാധ്യമങ്ങള്‍ക്കുള്ള കുറ്റപത്രവുമായി മാറി.

എ കെ ശശീന്ദ്രന്‍ കേസില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം എന്നും സി ഇ ഒ ആര്‍ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും, പൊതുഖജനാവിന് ഉണ്ടായ നഷ്ടം ചാനലില്‍ നിന്നും ഈടാക്കണമെന്നും ശുപാര്‍ശ ചെയ്ത ജസ്റ്റീസ് പി എസ് ആന്‍റണി കമ്മീഷന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റ ചട്ടം വേണം എന്ന ശുപാര്‍ശയും നല്‍കി.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട കമ്മീഷന്റെ പരാമര്‍ശങ്ങള്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു; ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ സംവിധാനം ആകാം. മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെ പറ്റിയും മോശം അഭിപ്രായമില്ല. ചിലത് പരിധി ലംഘിക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും കൈമാറണം.

വി എസ് ഔട്ട്, ബോബി ഇന്‍; മുട്ടിലിഴയുകയാണ് നമ്മുടെ ‘ധാര്‍മിക’ മാധ്യമങ്ങള്‍

മാധ്യമ സ്വാതന്ത്ര്യം മാധ്യമ ദുസ്വാതന്ത്ര്യമാകുന്നോ എന്ന ചര്‍ച്ചകള്‍ പല തലത്തില്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശം വരുന്നു എന്നത് ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

നരേദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ പല തരത്തില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചതിന്റെയും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെയും വാര്‍ത്തകള്‍ ദേശീയ തലത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു. എന്‍ ഡി വി മേധാവി പ്രണയ് റോയുടെ വീട്ടില്‍ നടത്തിയ സി ബി ഐ റെയ്ഡ് അതില്‍ ഒടുവിലത്തെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. ഭരണകൂടം മാധ്യമങ്ങളെ നേരിടുന്നതിന്റെ ആക്രമണോത്സുക രൂപമാണ് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ബെംഗളൂരുവില്‍ ലങ്കേഷ് പത്രിക എഡിറ്റര്‍ ഗൌരി ലങ്കേഷ് വെടിവെച്ചു കൊലചെയ്യപ്പെട്ട സംഭവം ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും ഭീഷണമായ ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍; അത് എത്ര സ്വതന്ത്രമാണ്?

കേരളത്തില്‍ പിണറായി വിജയന്‍ അധികാരത്തില്‍ എറിയത് മുതല്‍ മാധ്യമങ്ങളോട് സ്വീകരിച്ചിട്ടുള്ള സമീപനവും ഒട്ടും ആശാവഹമായ ഒന്നല്ല. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മാധ്യമ ബ്രീഫിംഗ് ഒഴിവാക്കി പി ആര്‍ ഡിയുടെ പത്രകുറിപ്പിലേക്ക് മാറിയതായിരുന്നു ആദ്യ നടപടി. പിന്നീട് ‘കടക്ക് പുറത്ത്’ ആജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ തനിക്ക് മാധ്യങ്ങളോട് വലിയ മമതയില്ല എന്നു പിണറായി തെളിയിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ എകെ ശശീന്ദ്രന്റേയും തോമസ് ചാണ്ടിയുടെയും രാജിയിലേക്ക് നയിച്ച സംഭവങ്ങളിലെ മാധ്യമങ്ങളുടെ പങ്ക് നന്നായി മനസിലാക്കിയ മുഖ്യമന്ത്രി മാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുക എന്ന നിലപാടിലേക്ക് മാറിയാതായി വേണം ഇന്നലത്തെ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍.

ഒരു ജാനധിപത്യ സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണ് ഇന്നലെ കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. ‘പിണറായി മോദിയാകുന്നു’ എന്ന് പല അവസരങ്ങളിലും സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ നിരീക്ഷകര്‍ ഓര്‍മ്മിപ്പിക്കുന്നതിന്റെ സാഹചര്യത്തെ ഇടതുമുന്നണിയും പ്രത്യേകിച്ച് സി പി എമ്മും ഗൌരവമായി കാണുമെന്ന് പ്രതീക്ഷിക്കാം.

ഇല്ലെങ്കില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതുപോലെ ‘ജയ്പൂര്‍ അല്ല തിരുവനന്തപുരമെന്ന്’ തെളിയിക്കപ്പെടുന്ന കാലം വരും.

പിണറായി, താങ്കള്‍ മല്ലു മോദി ആകരുത്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍