Top

കാനത്തിന്റെ മിഷന്‍ കുഞ്ഞുമാണി; ഒരു രാഷ്ട്രീയ കച്ചവടക്കാരനെ തീര്‍ത്ത കഥ

കാനത്തിന്റെ മിഷന്‍ കുഞ്ഞുമാണി; ഒരു രാഷ്ട്രീയ കച്ചവടക്കാരനെ തീര്‍ത്ത കഥ
ഇന്നലെ ചെങ്ങന്നൂരില്‍ മിന്നുന്ന വിജയം നേടിയ സജി ചെറിയാനെക്കാളും ആഹ്ളാദിച്ച ഒരാളുണ്ട്. തിരുവനന്തപുരത്തെ മോഡല്‍ സ്കൂള്‍ ജംഗ്ഷനിലെ ആ പഴയ കെട്ടിടത്തിലെ തന്റെ കസേരയില്‍ അമര്‍ന്നിരുന്ന് ആ കര്‍ക്കശക്കാരന്‍ ഉള്ളുകൊണ്ട് ആര്‍ത്തുചിരിച്ചിട്ടുണ്ടാവണം. തന്റെ മിഷന്‍ വിജയിച്ചതില്‍. അത് മറ്റാരുമല്ല സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ.

സാങ്കേതികമായി വിജയിച്ചത് ചെങ്ങന്നൂരില്‍ മത്സരിച്ച സിപിഎം ആണെങ്കിലും ഇടതു രാഷ്ട്രീയത്തില്‍ വിജയം കാനത്തിനാണ്. അതുകൊണ്ട് തന്നെയായിരിക്കാം ഇന്നലത്തെ വിജയാഹ്ളാദ മാധ്യമ സമ്മേളനത്തിലും പിണറായി വിജയന്‍ കാനത്തെ കുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്; “കാനം ഇടയ്ക്കിടെ ചില വാചകം പറഞ്ഞുകൊണ്ടിരിക്കും. അത് ശീലമാണ്.”

മുഖ്യമന്ത്രിയുടെ ഈ വാചകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലയാള മനോരമയാണ്. വിജയത്തിനിടയിലും ഇരിക്കട്ടെ ഒരു കുത്തിത്തിരിപ്പ് എന്നു കരുതി ചെയ്ത റിപ്പോര്‍ട്ടാണോ എന്ന സംശയ ദൂരീകരണത്തിന് മാതൃഭൂമി പരതി. അവരും അങ്ങനെ തന്നെ, അതേ വാചകം തന്നെ കൊടുത്തിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വിശദമായി റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി പക്ഷേ കാനം പരാമര്‍ശം വിട്ടുകളഞ്ഞു. അപ്പോള്‍ ഉറപ്പായി, മുഖ്യമന്ത്രി ഇങ്ങനെ തന്നെയായിരിക്കും പറഞ്ഞിട്ടുണ്ടാകുക എന്ന്.

എന്തായാലും ഇന്നലത്തെ വിജയത്തെ കുറിച്ച് കാനം പറഞ്ഞത് ഇതാണ്; മാണിയില്ലാതെ എല്‍ഡിഎഫിന് ജയിക്കാനാകുമെന്ന് തെളിഞ്ഞു. അതിലെന്താ ഇത്ര അത്ഭുതം എന്നു ചിലര്‍ ചോദിച്ചേക്കാം. കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി മാണിയിലാതെ അല്ലേ എല്‍ഡിഎഫ് ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത്?

ശരിയാണ്. പക്ഷേ സമീപ കാല രാഷ്ട്രീയ സാഹചര്യമാണ് കാനത്തെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബാര്‍ കോഴ കേസിലെ കോണ്‍ഗ്രസ് ചതി ചൂണ്ടിക്കാണിച്ച് കെ എം മാണിയും കൂട്ടരും യു ഡി എഫ് വിട്ടതോടെ എല്‍ഡിഎഫിലെ വല്യേട്ടനായ സിപിഎമ്മിന് മറ്റൊരു വേളി മോഹം കൂടി ഉണ്ടായി. ഇടതു തറവാട്ടിലേക്ക് മാണിയെ കൈ പിടിച്ചു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കുമെന്ന് കേരള കോണ്‍ഗ്രസ്സിനെ നന്നായി അറിയാവുന്ന കോട്ടയംകാരന്‍ കൂടിയായ കാനത്തിന് ആരും വിശദീകരിച്ചു കൊടുക്കേണ്ടല്ലോ. ആ അപകടം മനസിലാക്കി ഇടതു രാഷ്ട്രീയ വിശുദ്ധിയില്‍ പിടിച്ച് ആണയിട്ട് വേണ്ടുന്നിടത്തും വേണ്ടാത്തിടത്തുമൊക്കെ മാണിയെ കോലിട്ട് കുത്താന്‍ തുടങ്ങി കാനം. സിപിഎമ്മിനോട് നേരിട്ടു ഏറ്റുമുട്ടാനുള്ള പാങ്ങില്ല എന്നറിയാവുന്നതുകൊണ്ട് എല്ലാ ആക്രമണങ്ങളും മാണിക്ക് നേരെ ആയിരുന്നു. അതില്‍ പലപ്പോഴും മാണി ചെന്നു കൊത്തുകയും കൊച്ചു കൊച്ചു രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് സിപിഎമ്മിനെ വല്ലാതെ കുഴപ്പിക്കുകയും ചെയ്തു. കയ്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായി.

ഒടുവില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ തങ്ങളുടെ തീരുമാനം ക്ലൈമാക്സിലേക്ക് നീട്ടിവെച്ചുകൊണ്ട് രാഷ്ട്രീയ ചൂതാട്ടത്തിന് മാണിയും കൂട്ടരും ഒരുങ്ങിയപ്പോള്‍ അതിനു മുന്‍പില്‍ സിപിഎം പരുങ്ങി നിന്നപ്പോളും കാനം കുലുങ്ങിയില്ല. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും വേണ്ടെന്ന് പറയില്ല എന്നു പറഞ്ഞുകൊണ്ടു കോടിയേരിയെ ട്രോളുകയാണ് മൂപ്പര്‍ ചെയ്തത്.

http://www.azhimukham.com/offbeat-will-accept-rss-vote-says-kanamrajendran/

എന്നാല്‍ ചെങ്ങന്നൂര്‍ പ്രചരണത്തിന് വി എസ് വന്നതോടുകൂടി ചിത്രം മാറി. അഴിമതിക്കാരനായ മാണിയുടെ പിന്തുണ വേണ്ട എന്ന വി എസിന്റെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത പ്രസ്താവനയില്‍ മാണിയുമായുള്ള സംഭാഷണത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞു എന്നു മനസിലാക്കിയ സിപിഎം നേതൃത്വം ഇനി എന്താണെന്ന് വെച്ചാല്‍ മാണി തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് നിശബ്ദരായപ്പോള്‍ ഇടതു മുന്നണിയിലേക്കുള്ള മാണിയുടെ വഴി അടഞ്ഞു എന്നത് ഏറെക്കുറെ തീരുമാനമായി.

മാണിയുടെ ഈ പതര്‍ച്ചയാണ് കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചത്. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്നുള്ള ആരവം കുഞ്ഞാലിക്കുട്ടിയെ പ്രചോദിപ്പിച്ചിരിക്കണം. കളം നിറഞ്ഞുള്ള ആ കയറിക്കളിയില്‍ മാണിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ വീണു. ചെങ്ങന്നൂരില്‍ ഒരു പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനമുള്ള, ചുരുങ്ങിയത് 5000 വോട്ടെങ്കിലും അവകാശപ്പെടാവുന്ന മാണിയെ കൂട്ടിയാല്‍ ചിലപ്പോള്‍ വിജയിച്ചേക്കാമെന്ന അവസാന പ്രതീക്ഷയില്‍ ആ പുന:സമാഗമം പൂര്‍ത്തിയായി.

ചെങ്ങന്നൂരിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍മാസ്റ്ററുടെ പ്രസ്താവന ഉടനെ എത്തി, “മാണിയില്ലാതെ തന്നെ ഞങ്ങള്‍ ജയിക്കും.”

തന്റെ ദൌത്യം പൂര്‍ത്തിയായതില്‍ കാനം സന്തോഷവാനായെങ്കിലും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന ചിന്ത ഒരു ദു:സ്വപ്നം പോലെ എം എന്‍ ഗോവിന്ദന്‍ നായര്‍ മന്ദിരത്തിന് മുകളില്‍ ഘനീഭവിച്ചു നിന്നു. സജി ചെറിയാന്റെ ഭൂരിപക്ഷം രാമചന്ദ്രന്‍ നായരെക്കാള്‍ കുറഞ്ഞാല്‍ പോലും സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ക്കല്‍ അതിന്റെ മൂര്‍ധന്യത്തിലാവും എന്നു രാഷ്ട്രീയ വിശകലനക്കാര്‍ വിധി എഴുതി. തോറ്റാല്‍ പറയേണ്ട പൂരം.

എന്തായാലും ആ 20956 വോട്ടുകള്‍ വിധി എഴുതിയത് ചെങ്ങന്നൂരിന്റെ മാത്രമല്ല. കാനത്തിന്റെയും മാണിയുടെയും കൂടിയാണ്. ഇടതു രാഷ്ട്രീയത്തിന്റെയും അവസരവാദ രാഷ്ട്രീയത്തിന്‍റെയുമാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കേരളരാഷ്ട്രീയത്തിലെ പ്രസക്തിയും അത് തന്നെ.

http://www.azhimukham.com/kerala-newswrap-mani-has-to-learn-bih-lesson-from-karunakaran-writes-saju/

http://www.azhimukham.com/trending-kerala-on-mani-cpm-cpi-fight-continues-ahead-of-chengannur-bypoll-writes-kaantony/

http://www.azhimukham.com/trending-they-unbelieving-you-because-of-your-fault-mr-chennithala/

http://www.azhimukham.com/kerala-politics-k-m-mani-had-a-bitter-experience-in-chengannur-by-election/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories