TopTop

സുഭാഷ് പാര്‍ക്കല്ല സര്‍ കുറിഞ്ഞി പാര്‍ക്ക്; കൊഴിഞ്ഞു പോകുന്ന ഓരോ ദിനവും പ്രധാനം

സുഭാഷ് പാര്‍ക്കല്ല സര്‍ കുറിഞ്ഞി പാര്‍ക്ക്; കൊഴിഞ്ഞു പോകുന്ന ഓരോ ദിനവും പ്രധാനം
നീലകുറിഞ്ഞി പൂക്കുക 12 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്. കഴിഞ്ഞ കുറിഞ്ഞി പൂക്കാലം 2006ല്‍ ആയിരുന്നു. അതായത് അടുത്ത വര്‍ഷം വീണ്ടും പൂക്കും. 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍.

എന്നാല്‍ മാധ്യമങ്ങളില്‍ കുറിഞ്ഞി പൂത്തു തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം മുന്നേ തന്നെ.

2006ലെ കുറിഞ്ഞി കാലത്ത് പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട ‘നീലകുറിഞ്ഞി ഉദ്യാനം’ മറ്റൊരു നീല കുറിഞ്ഞി കാലത്ത് വീണ്ടും ചര്‍ച്ചായായിരിക്കുന്നു. ‘നീലകുറിഞ്ഞി ഉദ്യാനം’ വൈകാന്‍ കാരണം എന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന 58-ാം ബ്ലോക്കിന്റെ സ്വാധീനം തന്നെ.

കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 1893 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ബ്ലോക്ക് 58 എന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാറിന്റെ തീരുമാനം മൂന്നാറിനെ വീണ്ടും രാഷ്ട്രീയ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. തലസ്ഥാനത്ത് തോമസ് ചാണ്ടി വിഷയത്തില്‍ ഇടഞ്ഞ സി പി എം –സി പി ഐ നേതാക്കള്‍ തമ്മിലുള്ള തുറന്ന യുദ്ധം ആദ്യം കണ്ടത് കുറിഞ്ഞിയുടെ നാട്ടിലായിരുന്നു. ഭരണ പാര്‍ട്ടി തന്നെ സര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ജനാധിപത്യത്തിന്റെ അസുലഭ നിമിഷവും ദൃശ്യമായി.

ആ നാടകങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര യോഗം എടുത്ത തീരുമാനങ്ങള്‍ കുറിഞ്ഞി ഉദ്യാനം എറണാകുളം സുഭാഷ് പാര്‍ക്ക് പോലെ ചുരുക്കി കളയുമോ എന്ന പേടിയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.ഇന്നലത്തെ റവന്യൂ-വനം വകുപ്പിന്റെ ഉന്നത തല യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത് മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു, “വ്യക്തമായ പഠനം നടത്താതെയാണ് 2006ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. നീലകുറിഞ്ഞി അമൂല്യ സാമ്പത്താണ്. അത് സരക്ഷിക്കുന്നതിന് ഉദ്യാനം ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ശാസ്ത്രീയ പഠനം ആവശ്യമാണ്”

അതായത് വി എസ് അച്ചുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം തെറ്റെന്നു പിണറായി. നോട്ട് ദി പോയിന്‍റ്. പ്രഖ്യാപനം നടത്തിയത് സി പി ഐക്കാരനായ ബിനോയ് വിശ്വം മന്ത്രി. വീണ്ടും നോട്ട് ദി പോയിന്‍റ്.

അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ തമസ്ക്കരിക്കാനുള്ള വിഭവങ്ങള്‍ ഇതിനകത്ത് തന്നെയുണ്ട് എന്നു സാരം. സ്ഥാപിതക്കാര്‍ക്ക് ഇനി പണി തുടങ്ങാം.

മനോരമ അത് ഇങ്ങനെ തുടങ്ങികഴിഞ്ഞു. ഒന്നാം ലീഡ് തുടങ്ങുന്നത് ഇങ്ങനെ “ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജിന്റെ ദേവികുളം കോട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ, 2006ല്‍ വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ പ്രദേശം കൂടി ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍” പിണറായി വിജയന്‍ തീരുമാനിച്ചു എന്നാണത്.

http://www.azhimukham.com/keralam-kottakamboor-land-encroachment-by-joicegeorgemp/

പുതിയ തീരുമാനത്തിന്റെ അടിയന്തിര പ്രകോപനം ജോയ്സ് ജോര്‍ജ്ജ് എം പിയുടെ പട്ടയമാണ് എന്നു വ്യംഗ്യം. വി എസ് കൂടി വരുമ്പോള്‍ ആ ടെക്സ്റ്റ് കുറച്ചുകൂടി പുഷ്കലമാവും എന്നു മനോരമയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ. എത്ര മനോഹരമായ സങ്കീര്‍ണ്ണ വാക്യം അല്ലേ?

എന്നാല്‍ വി എസ് സര്‍ക്കാരിന് ശേഷം ഒരു ഉമ്മന്‍ പൂക്കാലം ഉണ്ടായിരുന്നു എന്ന കാര്യം മനോരമ വിഴുങ്ങുന്നു. കാരണം അന്ന് ജോയ്സ് ജോര്‍ജ്ജ് നല്ല പത്തരമാറ്റ് കോണ്‍ഗ്രസ്സുകാരനായിരുന്നു.

കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളിലായി പറന്നു കിടക്കുന്ന നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം 3200 എക്കറാണ്. ഇതില്‍ ജനവാസ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ എത്രയുണ്ടെന്ന് കണ്ടെത്താന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ ചുമത്തപ്പെടുത്തിയിരിക്കുകയാണ്. കുര്യന്‍ പറയുന്നതു ഇങ്ങനെ “നീലക്കുറിഞ്ഞി ഉദ്യാനം ഉദ്ദേശിച്ചത് 3200 ഹെക്ടറില്‍ ആണെങ്കിലും അത് അന്തിമമല്ല. വിജ്ഞാപനത്തില്‍ തന്നെ പട്ടയ ഭൂമി ഒഴിവാക്കിയിട്ടുണ്ട്. ബാക്കി ഏകദേശം 2000 ഹെക്ടര്‍ മാത്രമേ വരൂ. ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടി വരില്ല. അവസാന വിജ്ഞാപനം വരുമ്പോള്‍ മാത്രമേ എത്ര ഹെക്ടര്‍ ഉദ്യാനം ഉണ്ടാകൂ എന്നു വ്യക്തമാവുകയുള്ളൂ”

http://www.azhimukham.com/offbeat-vr-premkumar-ias-devikulam-sub-collector-kottakamboor-land-encroachment/

പി എച്ച് കുര്യന്റെ വിശദീകരണത്തെ മലയാള മനോരമ ഇങ്ങനെ വ്യക്തമാക്കുന്നു, “നീലക്കുറിഞ്ഞി സങ്കേതത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം പിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെയുള്ള ഭൂമിയുടെ വിസ്തൃതി 1200 ഓളം വരും” അതായത് പി എച്ച് കുര്യന്‍ മൈനസ് ചെയ്യാന്‍ പോകുന്ന 1200 ഇതാണെന് ആന്തരാര്‍ത്ഥം.

മാതൃഭൂമി പത്രം പിടിച്ചിരിക്കുന്നത് മന്ത്രി എം എം മണിയിലാണ്. “കുറിഞ്ഞിയിലെ റവന്യൂ നടപടിക്കു മണികെട്ടി” എന്നാണ് മാതൃഭൂമിയുടെ ഒന്നാം പേജ് തലക്കെട്ട്.

കുറിഞ്ഞി സങ്കേതത്തിലെ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കാന്‍ എം എം മണിയെ കൂടി ഉള്‍പ്പെടുത്തി മന്ത്രിതല സമിതി ഉണ്ടാക്കിയെന്നതിലാണ് മാതൃഭൂമിയുടെ ഫോക്കസ്. ഇനി കുറിഞ്ഞിയില്‍ മണിയാശാന്‍ അറിയാതെ ഒരില അങ്ങില്ലെന്ന് സാരം.

http://www.azhimukham.com/trending-mm-mani-blame-devikulam-sub-collector-prem-kumar-ias/

“ഭൂപ്രശ്നങ്ങളില്‍ റവന്യൂ വകുപ്പ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിന് തടയിടാനും ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം എം മണിക്കു കൂടി തീരുമാനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു.നിലവില്‍ തുടങ്ങിവെച്ച കയേറ്റം ഒഴിപ്പിക്കല്‍, വ്യാജ പട്ടയം റദ്ദാക്കല്‍ തുടങ്ങിയവ വൈകുകയും ചെയ്യും”

എന്തായാലും ഈ സമിതി അടുത്തമാസം തന്നെ പ്രദേശത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് യോഗ തീരുമാനം. എല്ലാ ചര്‍ച്ചകളും കഴിയുമ്പോഴേക്കും മൂന്നാറില്‍ പൂക്കാന്‍ നീല കുറിഞ്ഞി ബാക്കിയുണ്ടാകുമോ എന്നാണ് പരിസ്ഥിതി സ്നേഹികളുടെ ഭീതി.

http://www.azhimukham.com/offbeat-land-encroachment-encroachers-again-holds-hands-together-in-munnar/

Next Story

Related Stories