TopTop

വേണ്ടത് മനുഷ്യത്വത്തിന്റെ വെന്റിലേറ്റര്‍; അറിഞ്ഞുകൊണ്ട് ഒരാളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നോ?

വേണ്ടത് മനുഷ്യത്വത്തിന്റെ വെന്റിലേറ്റര്‍; അറിഞ്ഞുകൊണ്ട് ഒരാളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നോ?
കൊല്ലം ഇത്തിക്കരവളവില്‍ ആഗസ്ത് 6നു അപകടത്തില്‍പ്പെട്ട് ചികിത്സാ നിഷേധത്തെ തുടര്‍ന്ന് തിരുനെല്‍വേലി സ്വദേശിയായ മുരുഗന്‍ മരണപ്പെട്ടത് വലിയ വിവാദമാണ് ഉയര്‍ത്തിവിട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുരുകന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതും ചികിത്സ നിഷേധിച്ച ആറോളം ആശുപത്രികളുടെ പേരില്‍ കേസെടുക്കാന്‍ തീരുമാനിച്ചതും മുരുഗന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചതും ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും ഒരു മനുഷ്യ ജീവന് പകരമാവുന്നതായിരുന്നില്ല അതൊന്നും. ചികിത്സ നിഷേധിച്ചതില്‍ പൊതു പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉണ്ടെന്നത് ഞെട്ടലോടുകൂടിയാണ് പൊതുസമൂഹം കേട്ടത്.

ഇന്നലെ പുറത്തുവന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്. രാത്രി 10.30-ഓടെ അപകടത്തില്‍ പെട്ട മുരുഗനെ അര്‍ധരാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. “മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയത്” എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. “15 വെന്റിലേറ്ററുകളും നിലവിലുള്ള ഗുരുതര രോഗികള്‍ക്ക് കരുതലെന്ന നിലയില്‍ ഒഴിച്ച് വെച്ചതാണ് എന്നും പുതിയ രോഗികള്‍ക്ക് നല്‍കാനാവില്ലെന്നും മൊഴിയിലുണ്ട്”- മനോരമ റിപ്പോര്‍ട്ട് പറയുന്നു.

മുരുഗന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ വിഭാഗത്തില്‍ രണ്ടും സര്‍ജിക്കല്‍ ന്യൂറോ വിഭാഗത്തില്‍ അഞ്ചും വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമായിരുന്നു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ ആകെയുള്ള 71 വെന്റിലേറ്ററുകളില്‍ 54 എണ്ണവും അന്ന് പ്രവര്‍ത്തനക്ഷമമായിരുന്നു എന്നും മാതൃഭൂമി റിപ്പോര്‍ട്ടിലുണ്ട്.

അതേ സമയം വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതുകൊണ്ടാണ് മുരുഗനെ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്.അതേ സമയം അഞ്ചില്‍ കൂടുതല്‍ വെന്റിലേറ്റര്‍, സ്റ്റാന്‍ഡ് ബൈ ആയി ആവശ്യമില്ല എന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത് എന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ മലയാള മനോരമ പറയുന്നു. മെഡിക്കല്‍ കോളേജ് പോലുള്ള ആശുപത്രികളില്‍ ഏത് നിമിഷവും അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകാം എന്നതുകൊണ്ട് വെന്റിലേറ്റര്‍ ഒഴിവുണ്ടാവുക സ്വാഭാവികമാണ്. മുരുഗന്‍ മരണപ്പെട്ട ദിവസം മറ്റൊരു വന്‍ ദുരന്തമാണ് ഉണ്ടായതെങ്കില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന കാരണം പറഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നോ?

അപ്പോള്‍ ഇപ്പോള്‍ പറയുന്ന ന്യായങ്ങള്‍ എല്ലാം സാങ്കേതികമായ ഒഴിവുകഴിവുകള്‍ മാത്രമാണ് എന്ന് സാരം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ടും അപകട ചികിത്സാ രംഗത്തെ വിദഗ്ദ്ധനുമായ ഡോ. എസ് എസ് സന്തോഷ് കുമാര്‍ മാതൃഭൂമി എഡിറ്റ് പേജില്‍ എഴുതിയ ‘മുരുകന്റെ മരണവും ചില വസ്തുതകളും’ എന്ന ലേഖനത്തില്‍ പറയുന്നത് മുരുഗന്‍ മരണപ്പെട്ടത് വെന്റിലേറ്റര്‍ നിരസിക്കപ്പെട്ടതിനാലാണ് എന്ന വാദം അടിസ്ഥാനരഹിതമാണ് എന്നാണ്.

Also Read: മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

“അപകടത്തിനിരയായ വ്യക്തിക്ക് ഏത് നിമിഷവും, ഒരു പക്ഷേ മരണം സംഭവിക്കാം. അതിനുള്ള സാധ്യതയും കാരണവും കൃത്യമായി കണ്ടെത്തി പ്രതിവിധി നിശ്ചയിക്കുകയാണ് അഡ്വാന്‍സ്ഡ് ട്രോമ ലൈഫ് സപ്പോര്‍ട്ട് എന്ന മാര്‍ഗ്ഗത്തിലൂടെ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ശ്വാസോച്ഛ്വാസം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങിയവ പ്രാഥമിക നിരീക്ഷണത്തിലൂടെ വ്യക്തമാക്കും. ഏതാനും മിനുട്ടുകള്‍ മാത്രം മതി നല്ല ഒരു ഡോക്ടര്‍ക്ക് ഇത് നിര്‍ണ്ണയിക്കാന്‍. ഇതില്‍ മൂന്നാമത്തേതാണ് തലച്ചൊറിന്റെ പ്രവര്‍ത്തന നിര്‍ണ്ണയം. മൂന്നു മുതല്‍ പതിനഞ്ചു വരെയുള്ള സ്കോറിലൂടെയാണ് ഇതില്‍ ഗുരുതരാവസ്ഥ കണക്കാക്കുന്നത്. ഗ്ലാസ്ഗോ കോമ സ്കെയില്‍ (ജി സി എസ് ) എന്നാണ് ഇതിന് പറയുന്നത്. തലച്ചോറിന് പ്രശ്നമൊന്നുമില്ലാത്ത സാധാരണനിലയിലുള്ള ഒരാളിന്‍റെ ജിസിഎസ് പതിനഞ്ച് ആയിരിക്കും. ഏറ്റവും ഗുരുതരമായ പരുക്കേറ്റവരുടേത് മൂന്നും. രക്ഷപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്കോറാണ് മൂന്ന്.” മുരുകന്റെ സ്കോര്‍ മൂന്നായിരുന്നു എന്ന് ആദ്യ പരിശോധന നടത്തിയ ആശുപത്രിയില്‍ നിന്നു തന്നെ വ്യക്തമായതാണ് എന്ന് ഡോക്ടര്‍ സന്തോഷ് കുമാര്‍ എഴുതുന്നു. അങ്ങനെയുള്ള വ്യക്തികളെ തുടര്‍ ചികിത്സയ്ക്ക് വിധേയമാക്കാന്‍ വെന്റിലേറ്റര്‍ അത്യാവശ്യമാണ്.

മുരുകനെ വെന്റിലേറ്ററില്‍ നിന്നും പുറത്തിറക്കിയാല്‍ മരണം സംഭവിക്കും. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിമിഷങ്ങള്‍ക്കകം സ്ഥിരം വെന്റിലേറ്റര്‍ സംവിധാനത്തില്‍ കിടത്തണം. “അപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ക്കും അറിയാം.” ഡെപ്യൂട്ടി സൂപ്രണ്ട് എഴുതുന്നു.

Also Read:‘പാണ്ടി’കളോട് കേരള മുതല്‍വര്‍ തന്‍ മന്നിപ്പ്

അതായത് നിമിഷങ്ങള്‍ക്കകം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കില്‍ മുരുഗനെ രക്ഷിക്കാമായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തന്നെ വ്യക്തമാക്കുന്നത്. പക്ഷേ 'ദൌര്‍ഭാഗ്യകരമായ' സാഹചര്യം ആയിരുന്നു പ്രശ്നം. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ആ സമയം 15 വെന്റിലേറ്ററുകള്‍ സ്റ്റാന്‍ഡ് ബൈ ആയി കിടന്നിരുന്നു എന്ന വാര്‍ത്ത പുറത്തുവരുമ്പോഴാണ് മേല്‍പ്പറഞ്ഞ ദൌര്‍ഭാഗ്യകരമായ സാഹചര്യം സൃഷ്ടിക്കപ്പെടതാണ് എന്ന യാഥാര്‍ഥ്യം വെളിവാകുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും പറഞ്ഞു വിട്ടു 6 മണിക്കൂറിന് ശേഷമാണ് മുരുഗന്‍ മരിക്കുന്നത്. അതായത് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും അടിയന്തിര തുടര്‍ ചികിത്സയും ഉണ്ടായിരുന്നെങ്കില്‍ ആ മനുഷ്യ ജീവന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നു എന്നു സാരം. ഒരു മനുഷ്യനെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു സമൂഹത്തോട് ഉത്തരവാദപ്പെട്ട മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍.

അതാണ് പറഞ്ഞത്, വെന്റിലേറ്റര്‍ മാത്രം പോര അല്‍പ്പം മനുഷ്യത്വം കൂടി വേണമെന്ന്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്നലെ നല്‍കിയ പത്ര കുറിപ്പിന്റെ പൂര്‍ണ്ണരൂപം കൂടി വായിക്കുക;

മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഒഴിവില്ലായിരുന്നു

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ഐ.സി.യു. സംവിധാനമുള്ള ആമ്പുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റർ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് ആശുപത്രി സൂപ്രണ്ട്. വെന്റിലേറ്റർ ഒഴിവുണ്ട് എന്ന തരത്തിൽ പോലീസിനോ ആരോഗ്യ വകുപ്പ് ഡയറക്ടർക്കോ മെഡിക്കൽ കോളേജ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടില്ല. ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാൽ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മൂന്ന് മിനറ്റിലധികം സമയം സ്വന്തമായി ശ്വാസോഛ്വാസം ചെയ്യാൻ കഴിയാതെ വന്നാൽ തലച്ചോറിലെ പ്രത്യേക കോശങ്ങൾക്ക് കേടുപാട് സംഭവിക്കും. ഇത്തരം രോഗികൾക്കാണ് വെന്റിലേറ്റർ സൗകര്യം നൽകുന്നത്.

മെഡിക്കൽ കേളേജിലെ വിവിധ ഐ.സി.യു.കളിൽ വിവിധ രോഗികൾക്ക് ഉടൻ ഉപയോഗിക്കുന്ന സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ദൈർഘ്യമേറിയ സങ്കീർണ ശസ്ത്രക്രിയ നടത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ അത്തരം രോഗികൾക്കായി വെന്റിലേറ്റർ ഒഴിച്ചു വയ്ക്കുന്നു. ഡയാലിസിസ് നടത്തുന്ന രോഗികൾക്കും ശ്വാസതടസം ഉണ്ടാകാം. ഇത്തരം രോഗികൾക്കായ് ഒരു വെന്റിലേറ്റർ സ്റ്റാൻഡ് ബൈയായി വയ്ക്കാറുണ്ട്.

തലച്ചോറാണ് ശ്വാസോഛ്വാസം നിയന്ത്രിക്കുന്നതിനാൽ ന്യൂറോ സർജറി കഴിഞ്ഞ എല്ലാ രോഗികൾക്കും വെന്റിലേറ്റർ ആവശ്യമുണ്ട്. വെന്റിലേറ്ററിൽ നിന്നും മാറ്റിയ രോഗിയായിരുന്നാലും അവർക്ക് ടിപീസ് ഘടിപ്പിച്ചിരിക്കുകയും വെന്റിലേറ്റർ സ്റ്റാന്റ് ബൈയായി സൂക്ഷിക്കാറുമുണ്ട്. വീണ്ടും രക്ത സ്രാവമോ, രക്തം കട്ട പിടിയ്ക്കുകയോ ചെയ്താൽ വീണ്ടും വെന്റിലേറ്റര്‍ ഘടിപ്പിക്കും. മാത്രവുമല്ല ഇത്തരം വെന്റിലേറ്ററുകൾ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാൽ ഇവ കേടാകാന്‍ സാധ്യത കൂടുതലാണ്. ഈയൊരു അപകട സാധ്യത മുന്നിൽ കണ്ടും ഒരു സ്റ്റാന്റ് ബൈ വെന്റിലേറ്റർ സൂക്ഷിക്കാറുണ്ട്. വെന്റിലേറ്റർ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഇങ്ങനെ സ്റ്റാന്റ് ബൈ വെന്റിലേറ്ററുകൾ സൂക്ഷിക്കാറുണ്ട്.

ഒരു രോഗിയെ പെട്ടെന്ന് വെന്റിലേറ്ററിലാക്കുന്നതു പോലെ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ സാധിക്കില്ല. ആ രോഗിയെ വെന്റിലേറ്ററിൽ നിന്നും ഘട്ടം ഘട്ടമായി മാറ്റിയ ശേഷം ആ വെന്റിലേറ്റർ സ്റ്റാന്റ് ബൈയാക്കുന്നു. പൂർണമായും ആ രോഗി സ്വതന്ത്രമായി ശ്വസിക്കുമ്പോഴാണ് ആ വെന്റിലേറ്റർ സ്വതന്ത്രമാകുന്നത്. ഇത്തരത്തിലുള്ള സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെ "ഒഴിവുണ്ടായിരുന്നു'' എന്ന തരത്തിൽ വ്യാഖ്യാനം നൽകരുതെന്നും സൂപ്രണ്ട് അറിയിച്ചു.

മീഡിയ കോ-ഓർഡിനേറ്റർ
മെഡിക്കൽ കോളേജ്
തിരുവനന്തപുരം

ഇനി ഇന്ന് മലയാള മനോരമ ഒന്നാം പേജില്‍ വന്ന ഈ വാര്‍ത്ത കൂടി വായിക്കൂ.. പോലീസ് സമീപത്ത് ഉണ്ടായിട്ടും ഒരു 'അജ്ഞാതന്‍' അപകടത്തില്‍ പെട്ട് ചോര വാര്‍ന്ന് മരിച്ചിരിക്കുന്നു. അതും കൊല്ലത്ത് തന്നെ. പോലീസിന്റെയും പൊതുജനത്തിന്റെയും നെഗ്ലിജന്‍സിന് എതിരെ ഇനി ആര് കേസെടുക്കും? ആര് മാപ്പ് പറയും.


Next Story

Related Stories