Top

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?
ശബരിമലാനന്തര രാഷ്ട്രീയത്തില്‍ മുസ്ലീം ലീഗ് തങ്ങളുടെ കോണി എങ്ങോട്ട് ചാരും എന്നായിരുന്നു കഴിഞ്ഞ ദിവസം ഞാനെഴുതിയ റാപ്പിന്റെ ഉള്ളടക്കം. (ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും? ) വിശ്വാസ രാഷ്ട്രീയത്തില്‍ ബിജെപിയുടെയൊപ്പമാണ് തങ്ങളെന്ന് മുസ്ലീം സമുദായ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു ലീഗ് തെളിയിച്ചതിനെ കുറിച്ചായിരുന്നു ആ എഴുത്ത്. എന്നാല്‍ യൂത്ത് ലീഗിന്റെ പി കെ ഫിറോസും കൂട്ടരും ശബരിമലയില്‍ സംഘപരിവാറിന്റെ ചിത്തിരയാട്ട പൊറാട്ട് നാടകം നടക്കുമ്പോള്‍ തന്നെ തങ്ങളുടെ കോണി സമര്‍ത്ഥമായി ഒരിടത്തേക്ക് തിരിച്ചുവെച്ചു. അത് മാധ്യമ ചര്‍ച്ചകളില്‍ മറ്റൊരു അജണ്ട സെറ്റ് ചെയ്യുന്ന രീതിയില്‍ ഗംഭീര രാഷ്ട്രീയ ഇടപെടലായി എന്നു പറയാതെ വയ്യ.

മന്ത്രി കെ ടി ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. പിണറായി സര്‍ക്കാരിന്റെ മധുവിധു കാലത്ത് മന്ത്രിസഭയിലെ രണ്ടാമനെയാണ് ബന്ധു നിയമന ആരോപണത്തിലൂടെ തെറിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ജലീലൊക്കെ എന്ത് എന്നായിരിക്കാം യൂത്ത് ലീഗും യു ഡി എഫും കരുതിയിട്ടുണ്ടാകുക. ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പക്ഷേ ജലീലിന് പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്താണ് ജലീല്‍ കേസ്?

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീലിന്റെ പിതൃസഹോദര പുത്രന്‍ അദീബ് ടി കെയെ നിയമിച്ചത് ബന്ധു നിയമനമാണ് എന്നാണ് യൂത്ത് ലീഗ് ഉയര്‍ത്തിയ ആരോപണം. 2013-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എംബിഎ അല്ലെങ്കില്‍ സിഎ, സിഎസ്, ഐസിഡബ്ല്യുഎ എന്നിവയില്‍ ഏതെങ്കിലുമൊന്നും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്നാണ്. എന്നാല്‍ 2016 ഓഗസ്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബിടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ യോഗ്യത കൂട്ടിച്ചേര്‍ത്തു. ഇതുവഴി എഞ്ചിനീയറിങ് ബിരുദധാരിയായ അദീപിനെ നിയമിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു എന്നാണ് ഫിറോസ് ഉന്നയിച്ച ആരോപണം. സത്യപ്രതിജ്ഞ ലംഘനവും സ്വജപപക്ഷപാതവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.

എന്നാല്‍ അനധികൃതമായി ഒരു നിയമനം നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ആരോപണങ്ങളില്‍ മന്ത്രി ജലീലിന്റെ പ്രതികരണം. “പ്രസ്തുത തസ്തികയിലേക്ക് ജനറല്‍ മാനേജറായി ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്നതിനു വേണ്ടി 2016 സെപ്തംബര്‍ 17 ശനിയാഴിച്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം കോര്‍പ്പറേഷന്‍ പരസ്യം നല്‍കിയിരുന്നതാണ്. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഒരു ധനകാര്യ സ്ഥാപനമാണ്. ആ നിലയ്ക്ക് മറ്റേതെങ്കിലും മെച്ചപ്പെട്ട ഒരു ധനകാര്യ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരാളെ ജനറല്‍ മാനേജറായി നിയമിക്കാനാണ് തീരുമാനം എടുത്തത്.” ജലീല്‍ വിശദീകരിക്കുന്നു.

അദീപ് ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷത്തില്‍ അധികം ശമ്പളം പറ്റിയിരുന്നു എന്നിരിക്കെ എന്തിന് അതിനെക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ അയാള്‍ ജോലി സ്വീകരിച്ചു വരണം എന്നാണ് ജലീല്‍ ഉന്നയിക്കുന്ന പ്രധാന വാദം. സ്ഥാപനത്തെ മെച്ചപ്പെടുത്താന്‍ കഴിവും അനുഭവപരിചയവും ഉള്ള ഒരാളെ നിയമിക്കുക എന്ന പൊതു താല്പ്പര്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും ജലീല്‍ പറയുന്നു.

അതേസമയം അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് അദീപിനെക്കാള്‍ കൂടുതല്‍ യോഗ്യത ഉള്ളവരാണ് എന്ന വിവരവും പി കെ ഫിറോസ് പുറത്തുവിട്ടതോടെ ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇതിനിടയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജലീല്‍ കാണുകയുണ്ടായി. ഇതേ തുടര്‍ന്ന് നടന്ന സി പി എം സെക്രട്ടറിയേറ്റാണ് ജലീലിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. കോടതിയോ മറ്റേതെങ്കിലും ഏജന്‍സിയോ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ ആലോചിക്കാമെന്നാണ് സി പി എം തീരുമാനമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയില്‍ എന്തെങ്കിലും അപകടമുണ്ടാവാനുള്ള സാധ്യത കണ്ടുകൊണ്ടാണ് പാര്‍ട്ടി പരസ്യനിലപാട് സ്വീകരിക്കാത്തത് എന്നാണ് മനോരമ പറയുന്നത്. സെക്രട്ടറിയേറ്റ് തീരുമാനം സംബന്ധിച്ച് പത്രകുറിപ്പ് ഇന്നലെ ഉണ്ടായിരുന്നില്ല.

ഇതിനിടെ പ്രശ്നത്തില്‍ കുരുക്ക് മുറുക്കാന്‍ കൂടുതല്‍ ആരോപണങ്ങളുമായി യു ഡി എഫ് രംഗത്തെത്തി. കിലയില്‍ ജലീല്‍ അനധികൃത നിയമനം നടത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവും വടക്കഞ്ചേരി എം എല്‍ എയുമായ അനില്‍ അക്കരെ ആരോപണം ഉന്നയിച്ചത്.

ഇന്ന് മലയാള മനോരമ പുതിയൊരു ആരോപണമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലപ്പുറത്തെ ജനതാ ദള്‍ നേതാവിന്റെ ഭാര്യ രണ്ടു വര്‍ഷമായി മന്ത്രി മന്ദിരത്തില്‍ പൂന്തോട്ട പരിചാരിക എന്ന പേരില്‍ ശമ്പളം പറ്റി വരികയാണ് എന്നാണ് കെ പി സഫീനയുടെ റിപ്പോര്‍ട്ട്. തന്റെ ഔദ്യോഗിക വസതിയില്‍ രണ്ടു വര്‍ഷമായി അവര്‍ ജോലി ചെയ്യുന്നുണ്ട് എന്നു ജലീല്‍ വിശദീകരിക്കുമ്പോഴും ഇവര്‍ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് (ഏത് പ്രദേശവാസി എന്നൊന്നും ചോദിച്ചേക്കരുത്)

ബിജെപിയുടെ ശബരിമല അജണ്ടയെ അട്ടിമറിച്ച് ശ്രീധരന്‍പിള്ളയുടെ രഥ യാത്രയെ ശോക സീനാക്കി മാറ്റിയ യൂത്ത് ലീഗിന്റെ ഇടപെടലിനെ എന്തായാലും അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല. മുന്‍ യൂത്ത് ലീഗ് നേതാവും ലീഗ് ജനറല്‍ സെക്രട്ടറി കെ ടി ജലീലിനെതിരെയാണ് ആരോപണം ഉയര്‍ത്തിയത് എന്നതിലെ ‘സങ്കുചിത’ താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ടുതന്നെ.

എന്നാല്‍ യൂത്ത് ലീഗിലൂടെ കപ്പടിച്ച് നില്‍ക്കുന്ന മുസ്ലീം ലീഗിന് ഇരുട്ടടി നല്‍കിക്കൊണ്ടാണ് അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി വിധി ഇന്നലെ ഹൈക്കോടതിയില്‍ നിന്നും വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം വി നികേഷ് കുമാറിനെ പരാജയപ്പെടുത്താന്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ലഘുലേഖ അച്ചടിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തു എന്നാണ് കേസ്. അതില്‍ വസ്തുതയുണ്ട് എന്നു കണ്ടെത്തിയ കോടതി അഴീക്കോട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുളില്‍ ഷാജി കൊടുത്ത അപേക്ഷയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ച് തന്നെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു.

വിധിയുടെ വിധി എന്തുതന്നെയായാലും ജലീലിന് ചാരി വെച്ച കോണിയിലൂടെ ഇറങ്ങുന്നത് ഷാജി ആയിരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ചോദിക്കുന്ന കൌതുകകരമായ ചോദ്യം.

കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ലീഗിനും യൂത്ത് ലീഗിനും പടച്ചോന്‍ നല്‍കിയ ശിക്ഷയെന്നായിരുന്നു ഉടനടിയുള്ള കെടി ജലീലിന്റെ പ്രതികരണം. അതിനും 20 മണിക്കൂറുകള്‍ക്ക് മുന്‍പ് ഷാജി പറഞ്ഞത് ബന്ധുനിയമന കേസിലൂടെ ജലീലിനെ പിടിച്ച് താഴെ ഇറക്കുമെന്നാണ്.

കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി, കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ അയ്യപ്പനും പടച്ചോനും ഒക്കെത്തന്നെയാണ്..

https://www.azhimukham.com/newswrap-future-of-muslimleague-after-sabarimala-womenentry-verdict-saju/

https://www.azhimukham.com/newwrap-can-congress-to-stop-their-leaders-from-joining-bjp-writes-saju/

https://www.azhimukham.com/kerala-km-shaji-and-nikesh-kumar-commentary-by-ka-antony/

https://www.azhimukham.com/kerala-new-evidences-out-in-nepotism-against-kt-jaleel/

https://www.azhimukham.com/kerala-minister-kt-jaleel-nepotism-controversy-minority-financial-development-corporation-pinarayi-government/

Next Story

Related Stories