TopTop

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം
കസബ എന്ന വാക്കാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടി പാര്‍വ്വതി മമ്മൂട്ടി സിനിമയായ കസബയ്ക്കെതിരെ നടത്തിയ വിമര്‍ശനം തുറന്നു കാട്ടിയത് നവമാധ്യമങ്ങളില്‍ ആര്‍ത്തുവിളിച്ച മലയാളി പുരുഷന്റെ വികൃതമുഖം. ഇപ്പോള്‍ രണ്ട് സൈബര്‍ റേപ്പിസ്റ്റുകളുടെ അറസ്റ്റ് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ഡിസംബര്‍ 27ന് ഒരു വടക്കഞ്ചേരി സ്വദേശിയെയും ഇന്നലെ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാക്കളോ പ്രവര്‍ത്തകരോ ആണോ എന്നു വ്യക്തമല്ല. എന്തായാലും ഈ വിഷയത്തില്‍ തന്റെ മൌനം മുറിച്ചുകൊണ്ട് മമ്മൂട്ടി മാധ്യമങ്ങളുടെ മുന്‍പില്‍ ഒടുവില്‍ എത്തിയിരിക്കുന്നു.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും വലിയ പ്രാധാന്യത്തോടെ തന്നെ മമ്മൂട്ടിയുടെ വിശദീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ നടി പാര്‍വതിയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂട്ടം ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആക്രമിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു.

'എനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും നിയോഗിച്ചിട്ടില്ല' എന്നാണ് ഇന്നലെ മമ്മൂട്ടി പറഞ്ഞത്. പാര്‍വതി തന്നെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ അവരെ ഉപദേശിച്ചുവെന്നുമാണ് മമ്മൂട്ടി വിശദീകരണത്തില്‍ പറയുന്നത്. പ്രസിദ്ധരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

http://www.azhimukham.com/filmnews-mamoottys-first-response-in-cyberbullying-against-parvathy/

കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം. തന്റെ ഭക്തസംഘങ്ങള്‍ എന്ന പേരില്‍ ഒരു സംഘം ആണ്‍ മേധാവിത്വ ധാര്‍ഷ്ട്യങ്ങള്‍ സൈബര്‍ ഇടത്തില്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ അത് മൈന്‍ഡ് ചെയ്യേണ്ട എന്നാണ് താങ്കള്‍ ഉപദേശിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ പുച്ഛം തോന്നുന്നു. താങ്കളുടെ പൌര ബോധത്തെ ഓര്‍ത്തു മാത്രമല്ല, ഒരു ജനതയുടെ ആത്മാവിഷ്ക്കാരം എന്ന ടാഗ് ലൈനുമായി സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ചാനല്‍ താങ്കളെ ഇപ്പോഴും ചുമക്കുന്നുവല്ലോ എന്നോര്‍ത്ത്. താങ്കളുടെ പേര് രാജ്യസഭ എം പി സ്ഥാനത്തേക്ക് പരിഗണിക്കക്കപ്പെട്ടിരുന്നു എന്ന മുന്‍ വാര്‍ത്തകളെ ഓര്‍ത്ത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷമുള്ള മാധ്യമ സമ്മേളനത്തില്‍ ദിലീപിന്റെ പിണിയാളുകള്‍ മാധ്യമങ്ങളുടെ നേരെ കുരച്ചു ചാടുമ്പോള്‍ ശൂന്യാകാശം നോക്കി ഇരുന്ന താങ്കളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍, അല്ലേ?

തന്റെ ഫാന്‍സുകാര്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നത് താന്‍ ഒരു വിധത്തിലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അത്രയെങ്കിലും പറഞ്ഞല്ലോ, നല്ലത്.

കസബ എന്ന വാക്ക് ഇന്നു മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കോഴിക്കോട് നിന്നാണ്. നവീകരിച്ച മിഠായിതെരുവില്‍ വെച്ച് സാക്ഷരതാ മിഷന്‍ കലോത്സവത്തിന് തയ്യാറെടുക്കാന്‍ എത്തിയ ട്രാന്‍സ് ആക്റ്റിവിസ്റ്റുകളായ സുസ്മി, ജാസ്മിന്‍ എന്നിവരെ കസബ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് വാര്‍ത്ത. നിങ്ങളെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പോലീസിന്റെ മര്‍ദ്ദനം.http://www.azhimukham.com/trending-attack-on-transgenders-in-kozhikodu-mittayi-theruvu-by-arun/

ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകളെ നിയമിച്ച് ലോകത്തിന്റെ കയ്യടി നേടിയ സംസ്ഥാനമാണ് കേരളം. അപേക്ഷാ ഫോറങ്ങളില്‍ ട്രാന്‍സ് കോളം ഉള്‍പ്പെടുത്തിയ നാടാണ് ഇത്. ട്രാന്‍സിന് വേണ്ടി ഒരു യൂണിറ്റ് തന്നെ രൂപീകരിച്ച് ഡി വൈ എഫ് ഐ എന്ന ഭരണ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനം (അതില്‍ ശരികേട് ഉണ്ടെങ്കിലും). അവിടെയാണ് ട്രാന്‍സ് ആയതിന്റെ പേരില്‍ മാത്രം പോലീസ് ഇവരെ തല്ലിച്ചതയ്ക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടി കോഴിക്കോട് നിന്നു മാത്രമല്ല നാം കേട്ടത്. അടുത്തകാലത്ത് തൃശ്ശൂരും കൊച്ചിയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

പോലീസ് മേധാവി ലോകനാഥ് ബെഹ്റയോട് ഒരു അഭ്യര്‍ഥനയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം മലയാളം പഠിപ്പിക്കുന്ന വേറിട്ട പരിപാടികളുമായി മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് ഡോ. ശ്രീകല ടീച്ചറുടെ നേതൃത്വത്തിലുള്ള സാക്ഷരത മിഷന്‍. എന്താണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന ട്രാന്‍സ് സാക്ഷരത ക്യാമ്പയിന്‍ കേരള പോലീസിനുവേണ്ടി നടത്താന്‍ അവരോട് ആവശ്യപ്പെടണം. തീര്‍ച്ചയായും സന്തോഷത്തോടെ ശ്രീകല ടീച്ചര്‍ അത് ചെയ്യും എന്നുതന്നെയാണ് പ്രതീക്ഷ.

http://www.azhimukham.com/newswrap-omkv-to-malayalacinema/

കസബ സിനിമ കണ്ടിറങ്ങിയ സുകന്യ കൃഷ്ണ എന്ന ട്രാന്‍സ്ജെന്‍ഡര്‍ മുന്‍പ് അഴിമുഖത്തില്‍ എഴുതിയത്, ‘മുഴുനീള ആഭാസങ്ങളുടെ സര്‍വ്വവിജ്ഞാനകോശം’ എന്നാണ്. “കുറേ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് ഇന്നൊരു സിനിമയ്ക്ക് പോകാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇതുവരെ എന്നോടൊപ്പം പുറത്ത് പോകാന്‍ എന്റെ കുടുംബം മടിച്ചിരുന്നു. കാരണം ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. എന്നോടൊപ്പം പുറത്തിറങ്ങുന്നത് അവര്‍ക്കൊക്കെ പരിഹാസം മാത്രമാണ് നേടിക്കൊടുത്തത്. ഇപ്പോഴവര്‍ എന്നെ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. അതാണ് ‘ഭാഗ്യം ലഭിച്ചു’ എന്ന് ആദ്യ വരിയില്‍ ഞാന്‍ പറഞ്ഞത്. പക്ഷേ ആ ഭാഗ്യം ഒരു നിര്‍ഭാഗ്യമായി പരിണമിച്ചത് വളരെ പെട്ടെന്നായിരുന്നു... മമ്മൂട്ടി എന്ന നടനില്‍ ഉണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും കാരണമാണ് ഈ സിനിമ തിരഞ്ഞെടുത്തത്. എന്നാല്‍, കുടുംബസമേതം ഒരിക്കലും പോകാന്‍ പാടില്ലാത്ത ചിത്രമാണ് കസബയെന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി.”

http://www.azhimukham.com/kasaba-movie-insulting-transgenders-sukanya-krishna-azhimukham/

അവര്‍ തുടര്‍ന്നെഴുതുന്നു; “ചിത്രത്തില്‍ ഈ രംഗം നടക്കുമ്പോള്‍ തൊട്ടടുത്തിരുന്ന എന്റെ സഹോദരന്‍, വളരെ രൂക്ഷമായി എന്നെ ഒന്നു നോക്കി. അപ്പോള്‍ അതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി തരുന്ന സംഭവം അരങ്ങേറിയത്. ചേട്ടന്‍ അമ്മയോടായി അലറി; ‘അമ്മ കണ്ടില്ലേ, ഇവളുടെ ആളുകളുടെ സ്വഭാവവും ജോലിയും എന്താണെന്ന്? ഇവള്‍ ഇതുപോലുള്ള സാധനങ്ങളുടെ കൂടെയാണ് ബാംഗ്ലൂരില്‍ താമസിക്കുന്നത്. ഇതാണോടീ ബാംഗ്ലൂരില്‍ നിന്റെയും തൊഴില്‍? അവിടെ വന്ന് ആരും ഒന്നും അന്വേഷിക്കാത്തതുകൊണ്ട് എന്തും ആവാമല്ലോ, അല്ലേ?’”

മമ്മൂട്ടി, താങ്കളുടെ സഹപ്രവര്‍ത്തകയായ പാര്‍വതിയും താങ്കളെ ഇഷ്ടപ്പെടുന്ന ട്രാന്‍സ്ജെന്‍ഡറായ സുകന്യയും പറയുന്നത് തന്നെയാണ് കഴിഞ്ഞ ഒരു മാസമായി സൈബര്‍ ഇടത്തിലും കോഴിക്കോട്ടെ തെരുവിലും സംഭവിച്ചത്. താങ്കളിലെ അഭിനയ പ്രതിഭ ജീവന്‍ പകര്‍ന്ന രാജന്‍ സ്കറിയമാര്‍ ജീവിക്കുന്നുണ്ട്. വടക്കാഞ്ചേരിയിലെ പ്രിന്‍റോ ആയും ചാത്തന്നൂരിലെ റോജനായും പിന്നെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെ പോലീസുകാരായും.

http://www.azhimukham.com/film-mammootty-fans-misogyny-and-slut-shaming-against-paravathy-arrest-by-aparna/

Next Story

Related Stories