TopTop
Begin typing your search above and press return to search.

'നീ മുന്തിരി ആട്ടും, പക്ഷേ വീഞ്ഞു കുടിക്കയില്ല'; പോപ്പും ആലഞ്ചേരിയും ചില 'നരക'ചിന്തകളും

നീ മുന്തിരി ആട്ടും, പക്ഷേ വീഞ്ഞു കുടിക്കയില്ല; പോപ്പും ആലഞ്ചേരിയും ചില നരകചിന്തകളും

ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ യൂജീനോ സ്കള്‍ഫാരി പോപ് ഫ്രാന്‍സിസിനോട് ചോദിച്ചു, ‘പിതാവേ, ചീത്ത ആത്മാക്കള്‍ എങ്ങോട്ടേക്ക് പോകും?’

പോപ്പിന്റെ മറുപടി ഇതായിരുന്നു, അത് ആഗോള ക്രിസ്ത്യന്‍ മതവിശ്വാസികളെ ഞെട്ടിക്കുക തന്നെ ചെയ്തു.

“അവര്‍ ഒരിയ്ക്കലും ശിക്ഷിക്കപ്പെടില്ല. പശ്ചാത്തപിക്കുന്നവര്‍ക്ക് ദൈവം മാപ്പുകൊടുക്കും. ദൈവവചനം അനുസരിച്ചു ജീവിച്ച നല്ല ആത്മാക്കളുടെ ഒപ്പം തന്നെ അവര്‍ക്ക് സ്ഥാനവും കിട്ടും. എന്നാല്‍ പശ്ചാത്തപിക്കാത്തവര്‍ക്ക് മാപ്പ് ലഭിക്കുകയില്ല. അവര്‍ അപ്രത്യക്ഷരാകും. നരകം നിലവിലില്ല, പകരം പാപം ചെയ്ത ആത്മാക്കളുടെ അപ്രത്യക്ഷമാകലാണ് നടക്കുന്നത്.”

എന്തായാലും ക്രിസ്തുവിന്റെ കുരിശേറ്റവും ഉയര്‍ത്തെഴുന്നേല്‍പ്പും ആചരിക്കുന്ന വിശുദ്ധവാരത്തില്‍ പോപ് പറഞ്ഞതായി വന്ന ഈ വചനങ്ങള്‍ വത്തിക്കാനെ അമ്പരപ്പിച്ചു. ദി ഹോളി സി (The Holy See) വിശദീകരണവുമായി രംഗത്തെത്തി. സാധാരണ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ വളച്ചൊടിച്ചു എന്ന പറയുന്നതിന് പകരം കുറച്ചു ബൈബ്ലിക്കല്‍ രീതിയില്‍ പറഞ്ഞു എന്നു മാത്രം. പത്രപ്രവര്‍ത്തകന്റെ ‘പുനസൃഷ്ടിയുടെ ഫല’മാണെന്ന്. അത് പരിശുദ്ധ പിതാവിന്റെ വാക്കുകളുടെ "വിശ്വാസപൂര്‍വ്വമായ വിവര്‍ത്തനമല്ല.” എന്നും വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു.

അവിശ്വാസിയായ സ്കള്‍ഫാരി 2013ല്‍ പോപ്പുമായി ഉണ്ടാക്കിയ സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു സൌഹൃദ കൂടിക്കാഴ്ചയാണ് ഇതെന്നും അഭിമുഖത്തിന് ഔദ്യോഗികമായി അനുവാദം കൊടുത്തിട്ടില്ല എന്നും വത്തിക്കാന്‍ പറയുന്നു.

എന്തായാലും ലോകം പോപ്പിനെ സംശയിക്കും. മറ്റേതൊരു മാര്‍പ്പാപ്പയെക്കാളും ലോകം ശ്രദ്ധയോടെ കേള്‍ക്കുന്ന വാക്കുകളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്. സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചുമൊക്കെ പോപ് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മതവൈതാളികരെയും യൂറോപ്പിന്റെ അധികാര കേന്ദ്രങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു.

http://www.azhimukham.com/pope-steers-church-away-from-sex-to-real-world-politics/

നരകമില്ല എന്ന പോപ്പിന്റെ പ്രസ്താവന വളച്ചൊടിച്ചതായാലും ശരിയായാലും ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ് തോമസ് മാമോദീസ മുക്കിയ ക്രിസ്ത്യാനികള്‍ ജീവിക്കുന്ന കേരളത്തില്‍ അതോര്‍ത്തു സന്തോഷിക്കുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല, സീറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ കര്‍ദിനാള്‍ ബിഷപ്പ് മാര്‍ ആലഞ്ചേരി. ലൈംഗിക പീഡനങ്ങളിലും കൊലപാതകങ്ങളിലും അല്ലാതെ പ്രമുഖനായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥ പ്രകാരമുള്ള ഭൂമി തട്ടിപ്പ് കേസില്‍ കുടുങ്ങിയിരിക്കുന്നു എന്ന സവിശേഷ സാഹചര്യത്തിലാണ് പോപ്പിന്റെ പ്രസ്താവന പ്രസക്തമാകുന്നത്. തനിക്ക് തെറ്റുപറ്റി എന്നു വൈദിക സമിതിയുടെ യോഗത്തിന് മുന്‍പാകെ പറഞ്ഞ കര്‍ദിനാള്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ ഇടം തേടാന്‍ അര്‍ഹതയുള്ളയാള്‍ തന്നെ. ഇനി പശ്ചാത്തപിച്ചിട്ടില്ലെങ്കില്‍ കൂടി പോപ്പിന്റെ വചന പ്രകാരം നരകമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് നരക തീയിലൂടെ സഞ്ചരിക്കേണ്ടി വരില്ല. പകരം അപ്രത്യക്ഷനാവുകയേ ഉള്ളൂ...

http://www.azhimukham.com/pope-says-3-children-per-family-is-about-right-catholics-dont-need-to-breed-like-rabbits/

ഇന്നലത്തെ ചേര്‍ത്തല കൊക്കോതമംഗലത്തെ ക്രിസ്തു ശിഷ്യന്‍റെ പേരിലുള്ള സെയ്ന്‍റ് തോമസ് പള്ളിയില്‍ വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മാര്‍ ആലഞ്ചേരി നടത്തിയ പ്രസംഗത്തിലെ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുമ്പസാരം തട്ടിപ്പാണോ എന്നു സംശയിക്കേണ്ടി വരും. “രാജ്യത്തിന്റെ നീതി വെച്ചു ദൈവത്തിന്റെ നീതി അളക്കരുത് എന്നും നീതിമാന്‍ എപ്പോഴും കുരിശിലാണെന്നും” ആലഞ്ചേരി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഈ വിശുദ്ധ വാരത്തില്‍ കേരളത്തില്‍ കുറിശേലറ്റപ്പെട്ടുകിടക്കുന്നത് യേശുവല്ല മറിച്ചു ‘നീതിമാനായ’ താനാണ് എന്നു വ്യംഗ്യം.

കര്‍ദിനാള്‍ ഇങ്ങനെ തുടരുന്നു. “കോടതി വിധികളിലൂടെ സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്ന ചിലര്‍ സഭയിലുണ്ട്. അത്തരക്കാര്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകില്ല.” നീതിമാനായ തന്നെ ധിക്കരിക്കുന്ന അവിശ്വാസികള്‍ക്ക് എന്നു സാരം.

http://www.azhimukham.com/the-world-should-heed-the-pontiffs-real-warning-pankaj-mishra-2/

എന്തായാലും പോപ്പിന്റെ അഭിമുഖത്തിന് വ്യാഖ്യാനവുമായി വത്തിക്കാന്‍ വന്നതുപോലെ ഇവിടെ സീറോ മലബാര്‍ സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് ഉടന്‍ വിശദീകരണവുമായി എത്തി. രാജ്യത്തെ നിയമത്തിനെതിരെയല്ല കര്‍ദിനാള്‍ പ്രസംഗിച്ചത് എന്നായിരുന്നു വിശദീകരണം. “വിശ്വാസങ്ങളെ ആസ്പദമാക്കി നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കരുത്. പൂര്‍ണ്ണമായ നീതി ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് പ്രസംഗത്തിലെ സൂചന. ഇത് വിശ്വാസികള്‍ക്ക് മനസിലാകുന്ന ഭാഷയാണ്. വിശ്വാസികളോടാണ് കര്‍ദിനാള്‍ പ്രസംഗിച്ചത്.”

അതായത് വക്താവ് ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ. മാര്‍ അലഞ്ചേരിയുടെ പള്ളിയില്‍ പറഞ്ഞത് കോടതി അലക്ഷ്യമല്ല. അത് വിശ്വാസികളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. കോടതിക്ക് മനസിലാവുന്ന ഭാഷയില്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ സംസാരിക്കും.

എന്നാല്‍ സഭാവിശ്വാസിയും ഇന്ത്യന്‍ ഭരണഘടനാ വിശ്വാസിയുമായ റിട്ടയേര്‍ഡ് ജസ്റ്റീസ് കെടി തോമസ് ആലഞ്ചേരി പിതാവിനെ ഇങ്ങനെ ഖണ്ഡിച്ചു. അതും മാതൃഭൂമി ബോക്സില്‍ കൊടുത്തിട്ടുണ്ട്. “ആദ്ധ്യാത്മിക കാര്യങ്ങളില്‍ സഭകള്‍ക്ക് സഭാ നിയമപ്രകാരം പ്രവര്‍ത്തിക്കാം. ഭൌതിക കാര്യങ്ങളിലും സഭാനിയമം ബാധകമാണെങ്കിലും അത് രാജ്യത്തെ നിയമത്തിന്നു വിധേയമായിരിക്കണം. എല്ലാ ക്രൈസ്തസഭകള്‍ക്കും അതാതിന്റേതായ നിയമങ്ങള്‍ ഉണ്ട്. ഇതില്‍ കത്തോലിക്കാ സഭയുടേതാണ് കാനോന്‍ നിയമം. സഭാ നിയമങ്ങള്‍ എല്ലാം അതത് രാജ്യങ്ങളിലെ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കേണ്ടത്.”

http://www.azhimukham.com/newswrap-church-and-ldf-government-head-to-head-in-liquor-policy-writes-saju/

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ എന്തു അദ്ധ്യാത്മീകം എന്നു ആരും ചോദിച്ചേക്കരുത്.

എല്ലാം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. എന്താണ് പോപ്പ് ഉദ്ദേശിച്ചതെന്നും അതിന് വത്തിക്കാന്‍ നല്‍കിയ വ്യാഖ്യാനവും ആലഞ്ചേരിയുടെ ചേര്‍ത്തല പ്രസംഗവും അതിനു ഫാ. ജിമ്മി പൂച്ചക്കാട് നല്‍കിയ വിശദീകരണവും എല്ലാം.

ജിമ്മി പൂച്ചക്കാട് ഇത്രയും കൂടി പറഞ്ഞുവെച്ചു. “രാജ്യനീതിയുടെ നിയമങ്ങള്‍ക്ക് തെറ്റ് വരുന്നുണ്ടെന്നതും കോടതികളില്‍ നിന്നു ചിലപ്പോഴെങ്കിലും തെറ്റായ വിധിതീര്‍പ്പുകള്‍ ഉണ്ടാകുന്നുണ്ടെന്നതും എല്ലാവര്‍ക്കും അറിവുള്ളതാണ്.”

http://www.azhimukham.com/opinion-ka-antony-writing-about-syro-malabar-saba-and-its-land-sale-controversy/

അതായത് ഇനിയെങ്ങാനും കോടതി മാര്‍ ആലഞ്ചേരി കുറ്റക്കാരനാണ് എന്നു വിധിച്ചാല്‍ (അടിമ) വിശ്വാസികള്‍ അത് കോടതിക്ക് തെറ്റുപറ്റിയതായി കരുതണം എന്നര്‍ത്ഥം.

ദൈവത്തിന്റെ കോടതിയില്‍ മാപ്പ് അപേക്ഷിച്ച പിതാവിന് മാപ്പ് കിട്ടുകയാണെങ്കില്‍ പോപ്പിന്റെ പുതിയ സിദ്ധാന്ത പ്രകാരം നരകത്തിലേക്ക് പോകില്ലെന്നും അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ കൂടെ തന്നെ ഉണ്ടാകും എന്ന ആഹ്ളാദ വിചാരത്തോടെ നാളത്തെ നീതിമാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് നമുക്ക് കാത്തിരിക്കാം.

"നിന്റെ പാപങ്ങള്‍ നിമിത്തം നിന്നെ ഞാന്‍ ശൂന്യമാക്കും. നീ ഭക്ഷണം കഴിക്കും, എന്നാല്‍ മതിവരില്ല, നിന്റെ വയറ്റില്‍ പിത്തനീരുനിറഞ്ഞുനില്ക്കും. നീ മാറ്റിവെയ്ക്കുന്നതൊന്നും നിന്റെ സമ്പാദ്യമായി മാറുകയില്ല; നീ സൂക്ഷിച്ചുവെയ്ക്കുന്നവയെ ഞാന്‍ വാളിന്നിരയാക്കും; നീ വിതയ്ക്കും പക്ഷേ, കൊയ്യുകയില്ല; നീ ഒലീവ് ആട്ടും; പക്ഷേ, എണ്ണ തേയ്ക്കുകയില്ല; നീ മുന്തിരി ആട്ടും, പക്ഷേ വീഞ്ഞു കുടിക്കയില്ല."

സ്തോത്രം..!

http://www.azhimukham.com/offbeat-as-an-indian-citizen-cardinal-george-alencherry-must-follow-indian-laws/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories