TopTop
Begin typing your search above and press return to search.

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ രാഷ്ട്രീയ സൂചനകള്‍; കേരളത്തിന്റെ ‘ചില ഇടങ്ങളില്‍’ മാത്രം കളങ്കിതമാവുന്ന ഡിഎന്‍എ

രാഷ്ട്രപതിയുടെ പ്രസംഗത്തിലെ രാഷ്ട്രീയ സൂചനകള്‍; കേരളത്തിന്റെ ‘ചില ഇടങ്ങളില്‍’ മാത്രം കളങ്കിതമാവുന്ന ഡിഎന്‍എ
'രാഷ്ട്രീയ അക്രമങ്ങള്‍ കേരളത്തിന്റെ മഹനീയ പാരമ്പര്യത്തിന് ചേര്‍ന്നതല്ല' എന്നാണ് നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം ഉത്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നലെ പറഞ്ഞത്. രാഷ്ട്രപതി കേരളത്തിന്റെ മണ്ണില്‍ വന്നിറങ്ങിയ അതേ ദിവസമാണ് കാസര്‍ഗോഡ് ഉപ്പളയില്‍ ഒരു യുവാവ് കൊലക്കത്തിക്ക് ഇരയായത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആ ദാരുണ സംഭവത്തില്‍ രാം നാഥ് കോവിന്ദ് പ്രതിധാനം ചെയ്തിരുന്ന പാര്‍ട്ടിയാണ് പ്രതി സ്ഥാനത്ത്.

ഉപ്പളയില്‍ കൊലചെയ്യപ്പെട്ട സിദ്ദിഖിനെ കുറിച്ചുള്ള വാര്‍ത്തകളും പ്രതിഷേധങ്ങളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പരക്കുമ്പോഴാണ് രാഷ്ട്രപതി കേരളത്തിന്റെ ‘ചില പ്രദേശങ്ങളില്‍ നടക്കുന്ന ആക്രമങ്ങളെ’ കുറിച്ചു തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. “കേരളത്തിന്റെ ജനിതക ഘടനയിലെ ജനാധിപത്യപരമായ സംവാദ പാരമ്പര്യം സംരക്ഷിക്കപ്പെടണം”, എന്നു ജനപ്രതിനിധികളുടെ പ്രൌഡമായ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.

എന്നത്തേയും പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗീയ കലാപങ്ങളും കാണാതെ താരതമ്യേന സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ വന്നു ബിജെപി അജണ്ട പ്രസംഗിക്കുകയാണ് രാം നാഥ് കോവിന്ദ് എന്നു വിമര്‍ശിക്കാം. പക്ഷേ അത് കണ്ണടച്ച് ഇരുട്ടാക്കലാകും എന്നു പറയാതെ വയ്യ. ഒരു മാസം മുന്‍പാണ് അഭിമന്യു എന്ന വിദ്യാര്‍ത്ഥി തീവ്ര മതവാദികളുടെ കൊലക്കത്തിക്ക് ഇരയായത്. അപ്പോള്‍ വിദ്വേഷ കൊലകളും ആക്രമണോത്സുകമായ പ്രചരണങ്ങളും കേരളത്തില്‍ അപൂര്‍വ്വമല്ല തന്നെ. അടുത്തടുത്ത് നടന്ന രണ്ടു സംഭവങ്ങളിലും മത രാഷ്ട്രീയം പറയുന്ന സംഘടനകളാണ് പ്രതിസ്ഥാനത്ത് എന്നതാണ് ഇവിടെ ഉയര്‍ത്തിക്കാണിക്കേണ്ട പ്രധാന വിഷയം.

രാഷ്ട്രപതിയുടെ വാക്കുകള്‍ മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു, “അക്രമത്തിന് നമ്മുടെ ഭരണഘടനയില്‍ സ്ഥാനമില്ല. ഇത് അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ബോധമുള്ള എല്ലാ പൌരരും ശ്രമിക്കേണ്ടതുണ്ട്.”

“ഒരു വ്യക്തിക്ക് ഏതെങ്കിലും മതത്തിലോ വിശ്വാസ സമ്പ്രദായത്തിലോ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അതല്ല പ്രധാനം. കാര്യങ്ങള്‍ മനസിലാക്കിയുള്ള, ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള സംവാദത്തിന്റെ സംസ്കാരമാണ് കേരളത്തിന്റെ ഡിഎന്‍എ.”

ആരാണ് ഈ ഡിഎന്‍എയെ കളങ്കിതമാക്കാന്‍ ശ്രമിക്കുന്നത്? രാഷ്ട്രപതി പറഞ്ഞതുപോലെ ഇത് രാഷ്ട്രീയ ആക്രമണങ്ങള്‍ മാത്രമാണോ? ആരാണ് സിദ്ദിക്കിനെയും അഭിമന്യുവിനെയും കൊലക്കത്തിക്കിരയാക്കിയത്? ആരാണ് ഒരു നോവല്‍ എഴുതിയതിന്റെ പേരില്‍ എസ് ഹരീഷിനെയും കുടുംബത്തെയും വകവരുത്തുമെന്ന് അട്ടഹസിച്ചത്? ആരാണ് തൊടുപുഴയിലെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിയെടുത്തത്? ആരാണ് എംടിയെയും കമലിനെയും കുരീപ്പുഴയെയും ജിംഷാറിനെയുമൊക്കെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും തെരുവില്‍ ഇറങ്ങിയത്? തന്റെ സിനിമയ്ക്കു സെക്സി ദുര്‍ഗ എന്നു പേരിട്ടതിന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കൊലവിളി നടത്തിയത് ആരാണ്? പര്‍ദ്ദ എന്ന കവിത പിന്‍വലിക്കാന്‍ പവിത്രന്‍ തീക്കുനിയെ ഭീഷണിപ്പെടുത്തിയ തീവ്രവാദ സംഘം ഏത്? ആരാണ് വടയമ്പാടിയില്‍ ജാതി മതില്‍ പണിഞ്ഞതും ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതും? ഇതെല്ലാം സമീപ ഭൂതകാലത്തില്‍ നിന്നുള്ള ചോദ്യങ്ങളാണ് എന്നതും ഭീതിയോടെ ഓര്‍ക്കുക.

അപ്പോള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിലെ ‘ചില ഇടങ്ങളിലെ രാഷ്ട്രീയ ആക്രമങ്ങള്‍’ എന്ന പ്രസ്താവനയിലെ പ്രകടമായ രാഷ്ട്രീയ സൂചന, പ്രഭാഷണത്തിലെ ഗാംഭീര്യമാര്‍ന്ന പദാവലികള്‍ കേട്ട് ഉള്‍പ്പുളകത്തോടെ വിഴുങ്ങേണ്ടതുണ്ടോ?

ഇനി ഈ വാര്‍ത്ത കൂടി വായിക്കുക. പാലക്കാട് ജില്ല ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി മുനീര്‍ എന്ന യുവാവിനെ ലൌ ജിഹാദ് ആരോപിച്ച് ആര്‍എസ്എസുകാര്‍ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചു. ചെവിക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ യുവാവ് പാലക്കാട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. “മുസ്ലിം അല്ലേ. താടി ഉണ്ട്, നീ തീവ്രവാദി” ആണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആള്‍ക്കൂട്ട മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊടുപുഴയില്‍ അശ്വതി ജ്വാല നടത്തിയ ആഹ്വാനം പാലക്കാട് പുത്തൂരില്‍ ആര്‍എസ്എസുകാര്‍ നടപ്പാക്കിയിരിക്കുന്നു. ഹിന്ദു ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചില സ്ഥലത്ത് മാത്രമല്ല...

https://www.azhimukham.com/offbeat-activist-aswathyjwala-hatespeech-analysis-aruntvijaan-writes/

https://www.azhimukham.com/newswrap-sanghparivar-hate-speakers-behind-mobocracy-writes-sajukomban/

Next Story

Related Stories