UPDATES

സിനിമ

രാഷ്ട്രീയ മോഹമില്ലെന്ന് മഞ്ജു വാര്യര്‍; അങ്ങനെയല്ല മഞ്ജു, നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കഴിഞ്ഞു

ആദ്യ നായികയായ റോസിയെ കല്ലെറിഞ്ഞു നാടുകടത്തിയ നാട്ടില്‍, 90 വയസ്സു പൂര്‍ത്തിയാകുന്ന മലയാള സിനിമയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തുകൊണ്ടാണ് തന്റെ രാഷ്ട്രീയ സ്വത്വം എന്താണ് എന്നു മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചത്

‘രാഷ്ട്രീയ മോഹങ്ങളില്ല’, ഇന്നലെ സൂര്യ വിമന്‍സ് ടോക്ക് ഫെസ്റ്റിവലില്‍ സംസാരിക്കവേ പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിവിധ സാമൂഹ്യ വിഷയങ്ങളില്‍ താന്‍ നടത്തുന്ന ഇടപെടല്‍ ഒരു കൈത്താങ്ങ് വേണ്ടവര്‍ക്ക് നല്‍കുന്ന ആശ്വാസം മാത്രമാണ് എന്നാണ് മഞ്ജു പറഞ്ഞത്.

“ആരും ചെയ്യാത്ത വലിയ കാര്യമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്ന വിചാരമൊന്നും എനിക്കില്ല. ഞാനിപ്പോള്‍ ചെയ്യുന്നതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ നിശബ്ദമായി ചെയ്യുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. ഞാന്‍ ഒരു സിനിമാ താരമായതുകൊണ്ടും ആളുകള്‍ക്ക് പരിചിതയായതുകൊണ്ടും ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ എടുത്തുകാണിക്കപ്പെടും. ഇതൊന്നും ഞാന്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്ന ഉദ്ദേശത്തില്‍ അല്ല. നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് അല്‍പം ആശ്വാസം പകരുക എന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്തമായി ഞാന്‍ കാണുന്നു”, മഞ്ജു വാര്യരുടെ പ്രസംഗം ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് മഞ്ജു വാര്യരുടെ അഭിപ്രായ പ്രകടനവും വരുന്നത്. കഴിഞ്ഞ ആഴ്ച ഒഖി ദുരിതബാധിതരെ കാണാന്‍ മഞ്ജു തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളില്‍ എത്തിയിരുന്നു. മലയാള ചലച്ചിത്ര മേഖലയില്‍ നിന്നും ഒഖി ദുരിത മേഖലയിലെത്തുന്ന ആദ്യത്തെ സിനിമാ പ്രവര്‍ത്തകയായിരിക്കും മഞ്ജു. ഒഖിയുടെ ആദ്യ ദിനത്തില്‍ എം എല്‍ എ കൂടിയായ നടന്‍ മുകേഷ് കൊല്ലം നീണ്ടകരയില്‍ എത്തിയപ്പോള്‍ പ്രതിഷേധത്തോടെയാണ് ജനം സ്വീകരിച്ചത്.

നേരത്തെയും മഞ്ജുവാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചില കിംവദന്തികള്‍ പരന്നിരുന്നു. മഞ്ജു ബിജെപിയുടെ രാജ്യസഭ എം പിആകും എന്നായിരുന്നു ആ വാര്‍ത്ത. അത് അന്നുതന്നെ മഞ്ജു വാര്യര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

ഉദാഹരണം മഞ്ജു; ഈ ‘വാര്‍പ്പ് നായിക’യെ എന്തുകൊണ്ട് നമ്മള്‍ ഇഷ്ടപ്പെടുന്നു?

സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശം തൊട്ട് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ വലിയ പുതുമ അല്ലെങ്കിലും കേരളത്തില്‍ അത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തെ അരാഷ്ട്രീയ ഇടപെടല്‍ ആയിട്ടാണ് ഇത് വിലയിരുത്തിയിട്ടുള്ളത്. നിത്യഹരിത നായകന്‍ പ്രേംനസീര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും ചിറയിന്‍കീഴില്‍ മത്സരിക്കാന്‍ ടിക്കറ്റിന് ശ്രമിച്ചതും എല്ലാം ഏറെ പരിഹസിക്കപ്പെട്ടിരുന്നു അക്കാലത്ത്. പിന്നീട് നടന്‍ മുരളിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം തന്നെ തങ്ങളുടെ വാദങ്ങള്‍ വിഴുങ്ങി. വാദത്തിന് മുരളി ഒരു സിനിമാ നടന്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനാണ് എന്നു പറയാമെങ്കിലും.

പിന്നീട് കെ ബി ഗണേഷ് കുമാര്‍ അച്ചന്റെ പാര്‍ട്ടിയുടെ ലേബലില്‍ എം എല്‍ എ ആകുകയും മന്ത്രിയാവുകയും ചെയ്തു. ഗണേഷ് കുമാറിന് വേണ്ടി സിനിമാ മേഖലയില്‍ നിന്നും ഒരു പട തന്നെ പത്തനാപുരത്ത് ലാന്‍ഡ് ചെയ്തു. അതില്‍ ഇപ്പോള്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നാരോപിക്കപ്പെട്ട് ജയിലില്‍ കിടന്ന ദിലീപ് അടക്കം ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ ആര്‍ക്കാണ് പേടി? ഒരു പത്തനാപുരം പൊളിറ്റിക്കല്‍ സ്കിറ്റ്

പിന്നീട് കേരള രാഷ്ട്രീയം കണ്ടത് സിനിമാക്കാരുടെ ഒഴുക്കായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആകുകയും പരിണതപ്രജ്ഞനായ കോണ്‍ഗ്രസ്സ് നേതാവ് പി സി ചാക്കോയെ പരാജയപ്പെടുത്തി അത്ഭുത വിജയം നേടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മുകേഷും മുന്നണി മാറി പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും ഇടതു പാനലില്‍ വിജയിച്ച് കയറി. ഗണേഷ് കുമാറിന് എതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആയി ജഗദീഷും, ബിജെപി സ്ഥാനാര്‍ത്ഥി ആയി ഭീമന്‍ രഘുവും പ്രത്യക്ഷപ്പെട്ടു. വടക്കാഞ്ചേരിയില്‍ ഇടതു സ്വതന്ത്രയായി എത്തിയ കെ പി എ സി ലളിതയെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം കാരണം സിപിഎമ്മിന് പിന്‍വലിക്കേണ്ടി വന്നു. ആ മണ്ഡലം വെറും മുപ്പതു വോട്ടിനാണ് കോണ്‍ഗ്രസ്സ് ജയിച്ചത്. പാര്‍ട്ടി കെ പി എ എസി ലളിതയെ സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയാക്കി അവരോധിച്ചുകൊണ്ടാണ് പുനരധിവാസം സാധ്യമാക്കിയത്. സിപിഎമ്മിന്റെ കൂടെ നടന്നിട്ടും ഇപ്പൊഴും പച്ച പിടിക്കാത്ത താരം മമ്മൂട്ടിയാണ്. തന്നെക്കാള്‍ പോഴനായ സുരേഷ് ഗോപിവരെ പാര്‍ലമെന്റില്‍ കയറി വിലസുന്നത് കണ്ടു പുകയുകയാണ് സൂപ്പര്‍താരം. വരുന്ന തിരഞ്ഞെടുപ്പില്‍ എങ്കിലും താരത്തിന്റെ ഭാവി തെളിയുമോ എന്തോ? മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാല്‍ തന്റെ മൃദു ബിജെപി നിലപാട് കൊണ്ട് പലപ്പോഴും വിമര്‍ശന വിധേയനായിട്ടുണ്ടെങ്കിലും സ്ഥാന മോഹത്തെ കുറിച്ചൊന്നും ഇതുവരെ മനസ് തുറന്നിട്ടില്ല.

ഔഡി കാറില്‍ പോകുന്ന ‘കൃഷീവല’നോടും ‘പരമദരിദ്ര’രോടും, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്…

എന്തായാലും കേരള രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക് നല്ല കാലമാണ്. അതുകൊണ്ടു കൂടിയായിരിക്കാം കൂടുതല്‍ കൂടുതല്‍ പേര്‍ തങ്ങളുടെ രാഷ്ട്രീയ ചായിവ് വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വരുന്നത്. ടെലിവിഷനും നവമാധ്യമങ്ങളും എല്ലാം നല്‍കുന്ന പിന്‍ബലമാണ് ഇവരുടെ കൈമുതല്‍.

ഏറ്റവും ഒടുവില്‍ പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനം നടത്തിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. എം എന്‍ ഗോവിന്ദന്‍ നായര്‍ മന്ദിരത്തില്‍ നേരിട്ടു ചെന്നു കാനത്തെ ദര്‍ശിച്ചിട്ടാണ് ഭാഗ്യലക്ഷ്മി സി പി ഐയില്‍ അംഗത്വം നേടിയിരിക്കുന്നത്. പ്രത്യേകിച്ചു സ്ഥാന മോഹങ്ങള്‍ ഒന്നും ഇല്ലെന്നും താനിപ്പോള്‍ തുടരുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വേണ്ടിയാണ് ഒരു പ്രമുഖ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത് എന്നുമാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

മിയ, മമ്ത, ലക്ഷ്മി പ്രിയ; നിങ്ങളുടെ വാക്കുകള്‍ സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് ചെയ്യുന്ന അപരാധം

അതേസമയം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പ്രത്യക്ഷപ്പെടാനാണ് കാലേക്കൂട്ടിയുള്ള ഈ വേഷം മാറല്‍ എന്നാണ് അണിയറ സംസാരം. വടക്കഞ്ചേരി കൂട്ട ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് സി പി എമ്മിന്റെ കണ്ണിലെ കരടായി ഭാഗ്യലക്ഷ്മി മാറിയിരുന്നു. സിപിഎമ്മിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ ത്രാണിയുള്ള ഒരാള്‍ കാനം മാത്രമാണ് എന്ന തിരിച്ചറിവായിരിക്കാം ഭാഗ്യലക്ഷ്മിയെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നയിച്ചത്.

മഞ്ജു വാര്യര്‍, ഹാറ്റ്സ് ഓഫ്‌; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്

സിപിഐയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം മണ്ഡലം ഒരു കീറാമുട്ടിയാണ്. ഈ അടുത്തകാലത്തൊന്നും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ചീത്തപ്പേര് ബാക്കിയും. 2005ല്‍ കരുണാകരന്റെ പിന്തുണയോടെ പന്ന്യന്‍ ജയിച്ചു എന്ന ചീത്തപ്പേര്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിന് മൂന്നാം സ്ഥാനം. സീറ്റ് കച്ചവടം എന്ന ആരോപണവും. ഇത്തവണയെങ്കിലും അതില്‍ നിന്നും കരകയറണം. അതിനുള്ള കാനത്തിന്റെ ഭാഗ്യാന്വേഷണമാണോ ഇത്? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ അത്ര ഇല്ലെങ്കിലും അക്കാദമിക് ക്വാളിഫിക്കേഷനും സമ്പത്തുമാണ് മാനദണ്ഡമാക്കിയതെങ്കില്‍ ഇത്തവണ തരൂരിന്റെ സൌകുമാര്യമായ്ക്കോട്ടെ എന്നു കാനം വിചാരിച്ചു കാണണം. പിന്നെ തങ്ങളുടെ സഹയാത്രികരായ ഒഎന്‍വിയെയും ഇപ്പോള്‍ മുകേഷിനെയുമൊക്കെ തട്ടിയെടുത്തതിന് സി പി എമ്മിനോടുള്ള പ്രതികാരവും. ലോ അക്കാദമി സമരത്തിനെ അഭിസംബോധന ചെയ്തു ഭാഗ്യലക്ഷ്മി നടത്തിയ ഉശിരന്‍ പ്രസംഗവും കാനത്തെ വീഴ്ത്തിയിരിക്കാം.

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നു മഞ്ജുവാര്യര്‍ പറയുമ്പോഴും രണ്ടായിരത്തി പതിനേഴിലെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള രാഷ്ട്രീയ ഇടപെടലിന്റെ സൂത്രധാര അവരായിരുന്നു. ആദ്യ നായികയായ റോസിയെ കല്ലെറിഞ്ഞു നാടുകടത്തിയ നാട്ടില്‍, 90 വയസ്സു പൂര്‍ത്തിയാകുന്ന മലയാള സിനിമയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്തുകൊണ്ടാണ് തന്റെ രാഷ്ട്രീയ സ്വത്വം എന്താണ് എന്നു മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചത്.

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തുകൊണ്ട് നടന്‍ പ്രകാശ് രാജ് പറഞ്ഞത് മഞ്ജുവിന്റെ ശ്രദ്ധയ്ക്കായി ഇവിടെ കുറിക്കുന്നു, “ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതുകൊണ്ടല്ല ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. ഒരു കാലാകാരന്‍ എന്ന നിലയില്‍ ശബ്ദമുയര്‍ത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഒരാള്‍ കലാകാരന്‍ ആകുന്നത് കഴിവുകൊണ്ട് മാത്രമല്ല സമൂഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പേരും പ്രശസ്തിക്കും കാരണമായ സമൂഹത്തിനു എന്തെങ്കിലും തിരിച്ചുകൊടുക്കാന്‍ കലാകാരന്‍ ബാധ്യസ്ഥനാണ്. നമ്മള്‍ കലാകാരന്മാര്‍ ഭീരുക്കളായാല്‍ നമ്മള്‍ ഈ സമൂഹത്തെ തന്നെയാണ് ഭീരുക്കള്‍ ആക്കുന്നതെന്നു തിരിച്ചറിയണം. ശബ്ദം ഉയര്‍ത്താന്‍ സാധിക്കാത്തവരുടെ ശബ്ദമായി കലാകാരന്മാരുടെ ശബ്ദം മാറണം.”

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്ന കമല്‍ ഹാസനോട് പുതിയ പാര്‍ട്ടി ഇടതുപക്ഷമായിരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി കൂടി ഈ അവസരത്തില്‍ ഓര്‍ക്കാം “കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ചെയ്യുന്ന സിനിമകളിലൂടെ എന്റെ നിറം എന്താണെന്ന് വ്യക്തമായിട്ടുണ്ട്. തീര്‍ച്ചയായും അത് കാവിയല്ല.”

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍