സുപ്രീം കോടതിയില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവരുന്നത് കോടികള്‍ ചിലഴിച്ച്; അട്ടപ്പാടി മധു കേസില്‍ വക്കീലിന് നല്‍കാന്‍ പണമില്ല

ഫീസ് നല്‍കാനില്ല എന്നു പറഞ്ഞു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി

2017 ഫെബ്രുവരി 22നു അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമായത് അന്ന് പ്രാദേശിക പേജിലെ ഒറ്റക്കോളം അഞ്ചു വാക്യ വാര്‍ത്തയായിരുന്നു എല്ലാ പത്രങ്ങള്‍ക്കും. മോഷ്ടാവെന്ന് കരുതി പിടിച്ച യുവാവ് മരണപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ആ ‘മോഷ്ടാവി’ന്റെ തുണിക്കെട്ടിനുള്ളില്‍ ഒരു പായ്ക്കറ്റ് മല്ലിപ്പൊടിയാണെന്ന് പുറത്തുവന്നപ്പോള്‍ കേരളം പ്രതിഷേധ ജ്വാലയില്‍ ജ്വലിച്ചു.

കാട് കയറിയ ആള്‍ക്കൂട്ടം മാനസികാസ്വസ്ഥ്യമുള്ള മധുവിനെ മര്‍ദ്ദിക്കുക മാത്രമല്ല കൈകള്‍ കൂട്ടിക്കെട്ടി അയാളുടെ ഒപ്പം സെല്‍ഫി എടുത്തു എന്നതുകൂടി പുറത്തുവന്നപ്പോള്‍ കൊട്ടിഘോഷിച്ചു നടക്കുന്ന കേരളം ഒന്നാം നംബറിന്റെ പുറം പൂച്ചാണ് അഴിഞ്ഞു വീണത്.

വലിയ ഞെട്ടലോടെ വാര്‍ത്ത കേരളമാകെ പടര്‍ന്ന ഘട്ടത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി, “സാക്ഷര – സംസ്കാര കേരളമേ ലജ്ജിക്കുക. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ- മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകൾ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം..”

ജോയ് മാത്യു എഴുതിയത് തന്നെ സംഭവിക്കാന്‍ പോകുന്നു എന്നാണ് അത് സംബന്ധിച്ച ഇന്നത്തെ മലയാള മനോരമ വാര്‍ത്ത തെളിയിക്കുന്നത്. മധു കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി എന്നാണ് മനോരമയില്‍ ഷില്ലര്‍ സ്റ്റീഫന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ല എന്ന കാരണം പറഞ്ഞാണ് നടപടി എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“മോഷണക്കുറ്റം ആരോപിച്ചു ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയ ശ്രദ്ധ നേടിയതോടെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടരെ നിയമിക്കുമെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചതും പിന്നീട് മന്ത്രിസഭ തീരുമാനമെടുത്തതും.” എന്നാല്‍ ആ കേസിനെ കുഴിച്ചുമൂടുന്ന തരത്തിലേക്കുള്ള നടപടിയിലേക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. ഇനി എസ് സി എസ് ടി കേസുകള്‍ നോക്കുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എല്ലാ കേസുകളുടെയും കൂട്ടത്തില്‍ ഒന്നായി ഈ കേസും നോക്കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമം വ്യവസ്ഥ ചെയ്യുന്നതു പ്രകാരമുള്ള ഫീസ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട അഭിഭാഷകന്‍ അംഗീകരിക്കാത്തതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാല്‍ ഫീസ് സംബന്ധിച്ചു ഒരു കാര്യവും തന്നോടു സംസാരിച്ചിട്ടില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി ഗോപിനാഥ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ടിലുണ്ട്. കേസിന്റെ ആവശ്യത്തിന് മണ്ണാര്‍ക്കാട് ഓഫീസ് വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടിയായി നിയമനം റദ്ദാക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് കിട്ടിയതെന്നും ഗോപിനാഥ് പറയുന്നു.

മണ്ണാര്‍ക്കാട് കോടതിയില്‍ വിസ്താരം ആരംഭിക്കാനിരിക്കെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നീക്കിക്കൊണ്ട് പുറത്തിറങ്ങിയ ഉത്തരവ് കേസിനെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന ഫീസ് ചോദിച്ചു, അത് നല്‍കാന്‍ കഴിയില്ല എന്നാതൊക്കെ വെറും മുട്ടാപ്പോക്ക് ന്യായങ്ങള്‍ മാത്രം. ആദിവാസി, ദളിത് വിഷയങ്ങളിലുള്ള ഇടതു സര്‍ക്കാരിന്റെ ആത്മാര്‍ഥതയാണ് ഇവിടെ സംശയിക്കപ്പെടുന്നത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനപ്പെട്ട 5 കേസുകള്‍ വാദിക്കാന്‍ ചിലാവാക്കിയത് രണ്ടരക്കോടി രൂപയാണ് എന്നും വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി മനോരമ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പല കേസുകളിലും സുപ്രീം കോടതിയില്‍ നിന്നടക്കം വന്‍ തുക ഫീസ് വാങ്ങിക്കുന്ന അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിരന്തരം നിലപാട് എടുക്കുന്ന പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ സോളാര്‍ കേസില്‍ അടക്കം കാണിക്കുന്ന താത്പര്യം നീതി നടന്നുകാണാനുള്ളതല്ല, മറിച്ച് വെറും രാഷ്ട്രീയ താത്പര്യം മാത്രമായിരുന്നു എന്നു വിലയിരുത്തേണ്ടിവരും. മധുവിന്റെ കൊലപാതകികള്‍ക്ക് അര്‍ഹിച്ച ശിക്ഷ വാങ്ങിച്ചുകൊടുക്കാനുള്ള സാമൂഹ്യമായ ഇടപെടലുകള്‍ ഇനിയും നടത്തിയില്ലെങ്കില്‍ മലയാളിയുടെ പുരോഗമനവും ആദിവാസി പ്രേമവുമൊക്കെ ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റലില്‍ ഒതുങ്ങുന്ന നാട്യം മാത്രമാണ് എന്നു നാം വേദനയോടെ തിരിച്ചറിയേണ്ടിവരും.

കൊല്ലുന്നതിന് മുന്‍പ് സെല്‍ഫിയെടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് ലജ്ജിക്കാം-ജോയ് മാത്യു

അട്ടപ്പാടിയില്‍ നടന്ന കൊലപാതകങ്ങളും ദുരൂഹമരണങ്ങളും അന്വേഷിക്കണം: മധു അനുസ്മരണത്തില്‍ ആവശ്യം

അട്ടപ്പാടിയില്‍ ഇനിയുമുണ്ട് മധുമാര്‍, കാട്ടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ടവര്‍

മധു ഒരു തുടര്‍ച്ച മാത്രമാണ്, അട്ടപ്പാടിയിലെ അജ്ഞാത മരണങ്ങളുടെ തുടര്‍ച്ച; സി കെ ജാനു

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

‘ഞങ്ങള്‍ക്കുള്ളതെല്ലാം പിടിച്ചുപറിക്കുന്ന ഇതേ നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്, ഇതാണ് ഞങ്ങള്‍ കാടു വിട്ടു വരാത്തതും’

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍