Top

'ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള'; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം കഴിഞ്ഞു പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു, “നവോത്ഥാന സംഘടനകളെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്‍ എസ് എസിനെ ഒഴിവാക്കാനാവില്ല.”

എന്നാല്‍ യോഗം കഴിഞ്ഞു പുറത്തുവന്ന വെള്ളാപ്പള്ളി എന്‍ എസി എസിനും അതിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുമെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്തു എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “ഒരു ചങ്ങനാശ്ശേരിക്കാരനും കിരീടമില്ലാത്ത പന്തളം രാജാവും തന്ത്രിയുമാണ് കുഴപ്പങ്ങള്‍ക്ക് കാരണം”, “ചുവപ്പ് കാണുന്നിടത്തെല്ലാം കുത്തുന്ന കാളയായി എന്‍ എസ് എസ് മാറരുത്”, “പിണറായി വിജയന്‍ പറഞ്ഞതുകൊണ്ട് ആഞ്ഞു കൊത്തണമെന്ന നിലപാടല്ല വേണ്ടത്” ഇങ്ങനെ പോയി വെള്ളാപ്പള്ളിയുടെ സുകുമാരന്‍ നായര്‍ വധം ആട്ടക്കഥ. വിമോചന സമര കാലം മുതലുള്ള എന്‍ എസ് എസിന്റെ കമ്യൂണിസ്റ്റ് വിരോധത്തെ ഓര്‍മ്മിപ്പിക്കുകയാണ് കുശാഗ്ര ബുദ്ധിയായ വെള്ളാപ്പള്ളി 'ചുവപ്പ് കാണുമ്പോള്‍ കുത്തുന്ന കാള' എന്ന പ്രയോഗത്തിലൂടെ.

അതേസമയം ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതെന്നാണ് കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാര്‍ ഇന്നലെ യോഗം കഴിഞ്ഞു പറഞ്ഞത്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും മന്നത്ത് പദ്മനാഭന്റെ നവോത്ഥാന പ്രസ്ഥാനം സഹകരിച്ചില്ലെങ്കിലും 2019 ജനുവരി ഒന്നിന് 'കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന നവോത്ഥാന സംഘടനകളുടെ യോഗം തീരുമാനിച്ചു. പരിപാടി സംഘടിപ്പിക്കാനുള്ള സമിതിയുടെ ചെയര്‍മാനായി വെള്ളാപ്പള്ളി നടേശനെയും ജനറല്‍ സെക്രട്ടറിയായി കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. 190 സംഘടനകളെയാണ് ഇന്നലത്തെ യോഗത്തില്‍ ക്ഷണിച്ചത്. അതില്‍ 170 സംഘടനകള്‍ പങ്കെടുത്തു എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ 80 സംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത സുകുമാരന്‍ നായര്‍, തന്ത്രി കുടുംബം, പന്തളം രാജ കുടുംബം എന്നിവര്‍ പ്രതിനിധീകരിക്കുന്ന എന്‍ എസ് എസ്, യോഗ ക്ഷേമ സഭ, ക്ഷത്രിയ സഭ എന്നീ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യുവതീ പ്രവേശന വിഷയത്തില്‍ തങ്ങള്‍ കൊടുത്ത പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സര്‍ക്കാരുമായി ഒരു സമവായം ഉണ്ടാക്കാന്‍ തയ്യാറല്ല എന്ന കടുത്ത നിലപാടുമായി എന്‍ എസ് എസ് തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗക്ഷേമ സഭയ്ക്ക് യോഗത്തിന് തൊട്ട് തലേ ദിവസം മാത്രമാണ് ക്ഷണക്കത്ത് കിട്ടിയത് എന്നാണ് ആരോപണം. ഇതിനെ കുറിച്ച് അന്വേഷിക്കും എന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

കളി എന്‍ എസ് എസിനോട് വേണ്ട എന്നാണ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നപ്പോള്‍ സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ആരാണ് ഇതിന് പിന്നില്‍ എന്നു തങ്ങള്‍ക്ക് അറിയാമെന്നും കേരള പിറവി ദിനത്തിന്റെ പിറ്റെന്നാള്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല പ്രകടമായ രാഷ്ട്രീയ സൂചനകളോടെ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു.

ശബരിമല വിഷയം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ ഒരു വേള പോലും എന്‍ എസ് എസിനെയോ സുകുമാരന്‍ നായരെയോ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി മുഖ്യമന്ത്രിയോ സി പി എം നേതാക്കളോ രംഗത്ത് വന്നിരുന്നില്ല എന്നത് ശ്രദ്ധിയ്ക്കുക. അതേ സമയം പന്തളം രാജ കുടുംബത്തിനും തന്ത്രി കുടുംബത്തിനും എതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

എന്തായാലും യോഗത്തില്‍ പങ്കെടുത്തില്ല എന്നതുകൊണ്ട് എന്‍ എസ് എസിനെ സമ്പൂര്‍ണ്ണമായി കയ്യൊഴിഞ്ഞിട്ടില്ല എന്ന സൂചന തന്നെയാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ സൌമ്യമായ പ്രതികരണത്തില്‍ നിന്നും മനസിലാക്കേണ്ടത്. എന്‍ എസ് എസിനെ അടുപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സര്‍ക്കാരും സി പി എമ്മും എത്തുക തന്നെ ചെയ്യും എന്നാണ് ശബരിമല വിഷയത്തിലെ ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ ബോധ്യപ്പെടുക.

കടുത്ത പ്രതിഷേധവുമായി നീങ്ങിയ ബിജെപിയും മിത പ്രതിഷേധവുമായി നീങ്ങിയ കോണ്‍ഗ്രസ്സും ഇനിയെന്ത് എന്ന കാര്യത്തില്‍ വ്യക്തയില്ലാതെ നില്‍ക്കുമ്പോഴാണ് സാമുദായിക സംഘടനകളെ അണിനിരത്തി മറ്റൊരു പോര്‍മുഖം ഇടതു പക്ഷം തുറക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍ മാത്രമല്ല അടുത്ത ലോകസഭാ തിരഞ്ഞെടുപ്പും ഇതിന്റെ പിന്നിലെ ലക്ഷ്യമാണെന്ന് രാഷ്ട്രീയ ചതുരംഗപലകയില്‍ കളി അറിഞ്ഞു കളിക്കുന്നവര്‍ക്ക് ആര്‍ക്കും പകല്‍ പോലെ വ്യക്തമാവും.

https://www.azhimukham.com/trending-absence-of-nss-in-chief-ministers-meeting-of-communal-organisation/

https://www.azhimukham.com/offbeat-bjp-state-chief-ps-sreedharan-pillai-use-kerala-rerormation-leaders-for-his-radhayatha/

https://www.azhimukham.com/kerala-sabarimala-women-entry-vellappally-speaking/

https://www.azhimukham.com/trending-kpms-leader-punnala-sreekumar-on-sabarimala-women-entry/

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/

Next Story

Related Stories