TopTop
Begin typing your search above and press return to search.

ഒഖിയില്‍ വിവാദ വിളവെടുപ്പ് നടത്തരുത്; നമ്മളും പ്രകൃതി ദുരന്തങ്ങള്‍ക്ക് അകലയല്ല എന്നത് മുഖ്യപാഠം

ഒഖിയില്‍ വിവാദ വിളവെടുപ്പ് നടത്തരുത്; നമ്മളും പ്രകൃതി ദുരന്തങ്ങള്‍ക്ക് അകലയല്ല എന്നത് മുഖ്യപാഠം

‘കേരള സര്‍ക്കാര്‍ ഉണരാന്‍ വൈകി; ഒഖി ഉറഞ്ഞു തുള്ളി’-മലയാള മനോരമയുടെ ഒന്നാം പേജ് വാര്‍ത്തയാണ്. ആ വാര്‍ത്ത പ്രകാരം ചുഴലിക്കാറ്റിനുള്ള സാധ്യത അറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ വിലപ്പെട്ട ജീവനും കൊടികളുടെ നഷ്ടങ്ങളും ഉണ്ടാക്കി എന്നാണ് പത്രം ആരോപിക്കുന്നത്. “ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ച്, വിലപ്പെട്ട നാലു മണിക്കൂറെങ്കിലും സര്‍ക്കാര്‍ പാഴാക്കി. കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചില്ലെന്ന സാങ്കേതിക ന്യായത്തില്‍ സര്‍ക്കാരിന് പിടിച്ചു തൂങ്ങാമെങ്കിലും അനാസ്ഥ പ്രകടം. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി 28-നു തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്നും ലഭിച്ച സന്ദേശം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി സൂചനയുണ്ട്. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടു”- ഇങ്ങനെ പോകുന്നു മനോരമ റിപ്പോര്‍ട്ട്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതു ഇതാണ്, “ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിട്ടും മത്സ്യതൊഴിലാളികള്‍ക്ക് സന്ദേശം നല്‍കിയില്ലെന്നാണ് തെറ്റിദ്ധാരണ വന്നത്. അത് ശരിയല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാത്രമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയത്. സര്‍ക്കാര്‍ ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ചു”- ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുഴലിക്കാറ്റ് വരുന്നുവെന്ന് കാലാവസ്ഥാ വകുപ്പോ ദേശീയ സമുദ്രവിജ്ഞാന കേന്ദ്രമോ സ്ഥിരീകരിച്ചില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവി ശേഖര്‍ എല്‍ കുര്യാക്കോസ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയ കാര്യം അറിയിച്ചത്. അപ്പോള്‍ ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 60 കിലോമീറ്റര്‍ തെക്കും തിരുവനന്തപുരത്ത് നിന്നും 120 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ആയിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വെച്ചു അടിയന്തിര സാഹചര്യങ്ങള്‍ പ്രഖ്യാപിക്കാനാവില്ല എന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.”

അതേ സമയം ഒഖി ചുഴലിക്കാറ്റ് രൂപം കൊണ്ടത് ദ്രുതഗതിയില്‍ ആയതിനാലാണ് വേണ്ട മുന്നറിയിപ്പുകള്‍ക്ക് സാധിക്കാതെ പോയതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അറ്റ്മോസ്ഫറിക് വിഭാഗം പറഞ്ഞു. സാധാരാണ ഗതിയില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് തീവ്ര ന്യൂനമര്‍ദം, അതി തീവ്ര ന്യൂനമര്‍ദം തുടങ്ങിയ ന്യൂനമര്‍ദ്ദത്തിന്റെ പല വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്. ഈ ഘട്ടങ്ങള്‍ കടന്നു പോകാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍ ഒഖി സംഭവിച്ചത് അതിവേഗതയിലാണ്. ഇത്തരം പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല.

http://www.azhimukham.com/kerala-okhi-tragedy-id-the-result-of-state-negligence-kr-dhanya-reporting/

മലയാള മനോരമയുടെ കുസാറ്റിനെ കുറിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ടും ശ്രദ്ധിക്കേണ്ടതാണ്. ഒഖി ചുഴലിക്കാറ്റിനെ കുറിച്ച് കുസാറ്റിലെ അത്യാധുനിക റഡാര്‍ സ്റ്റേഷന്‍ കൃത്യമായ വിവരങ്ങള്‍ അറിഞ്ഞിരുന്നു. പക്ഷേ ജനങ്ങളെ അറിയിക്കാന്‍ നിര്‍വാഹമില്ല. കുസാറ്റില്‍ 25 കോടി മുടക്കിയാണ് കാലാവസ്ഥാ വിശകലന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ കാലാവസ്ഥാ ബുള്ളറ്റിന്‍ ഇറക്കാനുള്ള അവകാശം അവര്‍ക്കില്ല.

ഒഖി സംബന്ധിച്ചു രാഷ്ട്രീയ വിവാദങ്ങള്‍ ആഞ്ഞുവീശും എന്നു തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. “മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്. ലോകത്തെവിടെയും ചുഴലിക്കൊടുങ്കാറ്റ് വീശുന്നതിന് മുന്‍പ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാറാണ് പതിവ്. ഇവിടെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിന് പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ചുഴലിക്കൊടുങ്കാറ്റ് അടിച്ചു കഴിഞ്ഞതിന് ശേഷമാണ് സര്‍ക്കാര്‍ അനങ്ങിയതു തന്നെ. സര്‍ക്കാരിന്റെ വീഴ്ച കാരണം നൂറ്റമ്പതിലേറെ മത്സ്യത്തൊളിലാളികളാണ് കടലില്‍ കുടുങ്ങിയത്”- രമേശ് ചെന്നിത്തല പറഞ്ഞു. ചുഴലികൊടുങ്കാറ്റിനെ ലാഘവത്തോടെ എടുത്തു എന്നാണ് കുമ്മനത്തിന്റെ ആരോപണം.

http://www.azhimukham.com/update-chennithala-against-state-negligence-to-warn-okhi/

ഇതിനിടയില്‍ തിരുവല്ലം ദേശീയ പാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളുമായി മത്സ്യ തൊഴിലാളികള്‍ രംഗത്തിറങ്ങിയതും അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കി.

എന്തായാലും വന്‍ ദുരന്തമില്ലാതെ കടന്നു പോയ ഒഖി കേരളത്തിന് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മളും പ്രകൃതി ദുരന്തങ്ങള്‍ക്ക് അകലയല്ല എന്നതുതന്നെ മുഖ്യ പാഠം. പേരിനുള്ള ദുരന്ത നിവാരണ സംവിധാനങ്ങള്‍ക്ക് പകരം സുസജ്ജമായ ഒരു വിഭാഗം തന്നെ ദുരന്തങ്ങളെ നേരിടാന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കുസാറ്റ് പോലുള്ള സര്‍വ്വകലാശാലകളുടെയും മറ്റ് പഠന വിഭാഗങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ തീരസേനയെ തിര എണ്ണുന്നവര്‍ മാത്രമാക്കാതെ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളനുവദിച്ചു സജ്ജമാക്കേണ്ടിയിരിക്കുന്നു.

വിവാദങ്ങള്‍ക്ക് വിട നല്‍കി സര്‍ക്കാര്‍ ഇതിലേക്ക് ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതാം.

http://www.azhimukham.com/trending-murali-thummarakudi-on-cyclone-warning/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories