TopTop

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍
ഒഖി ദുരന്തം നേരിട്ടതിലെ അപാകതകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ദുരന്ത നിവാരണത്തെ കുറിച്ചുള്ള ക്രിയാത്മക ആലോചനയിലേക്ക് മാറുമോ? വരുത്തിയ പിഴകള്‍ക്ക് ഗവണ്‍മെന്‍റ് ചോദ്യം ചെയ്യപ്പെടുകയും വസ്തുതകളുടെ പിന്‍ബലത്തോടെ തുറന്നു കാട്ടപ്പെടുകയും വേണം. മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതല അതായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. അതേ സമയം എരിതീയില്‍ എണ്ണ ഒഴിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്തിന്റെ പേരിലായാലും ഭൂഷണമല്ല എന്നതും നമ്മള്‍ തിരിച്ചറിയണം.

ദുരന്ത നിവാരണത്തില്‍ എന്തുകൊണ്ട് കേരളം പരാജയപ്പെട്ടു എന്നതിന്റെ കൃത്യമായ ഉത്തരം നല്‍കുന്ന റിപ്പോര്‍ട്ട് ഇന്നത്തെ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയിലെ ഏഴംഗ സമിതിയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ഉള്ളത് എന്നാണ് എസ്.എന്‍ ജയപ്രകാശിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ മെംബര്‍ സെക്രട്ടറിയായ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ മാത്രമാണ് ഈ മേഖലയില്‍ അക്കാദമിക് യോഗ്യതയുള്ള വിദഗ്ധന്‍ എന്നു പറയുന്നത്.

“കാലാവസ്ഥാ മാറ്റങ്ങളെ പറ്റി നിരന്തരം നിരീക്ഷിക്കാനുള്ള വിദഗ്ധര്‍ വേണ്ട സമിതിയെയാണ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുത്തിനിറച്ചു കേരളം നോക്കുകുത്തിയാക്കിയത്. ദുരന്ത നിവാരണ നിയമത്തിന്റെ അന്ത:സത്തയ്ക്ക് ചേരാത്ത വിധമാണിത്. ഒഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവാത്തതിനു കാരണം വൈദഗ്ദ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്”- എസ് എന്‍ ജയപ്രകാശ് റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/kerala-fishermen-missing-in-poonthura/

2005ലെ കേന്ദ്ര സര്‍ക്കാരിന്റെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ അതോറിറ്റി രൂപവത്ക്കരിച്ചത്. ഈ നിയമത്തില്‍ എവിടേയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുമൊക്കെ ഇതില്‍ ഉള്‍പ്പെടുത്തണം എന്നു പറയുന്നില്ല. മുഖ്യമന്ത്രിയായിരിക്കണം അധ്യക്ഷന്‍ എന്നു മാത്രമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. കേരളത്തില്‍ റവന്യൂ മന്ത്രി ഉപാധ്യക്ഷനും നിന്നു തിരിയാന്‍ സമയമില്ലാത്ത ചീഫ് സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്.

"ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് അതോറിറ്റിയില്‍. കേരളത്തിലും ഇത്തരം മുഴുവന്‍ സമയ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റി ഉണ്ടെങ്കിലേ ദുരന്തനിവാരണത്തിന്റെ ഏകോപനം ഫലപ്രദമാവൂ” എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് മുന്‍ മേധാവി കെ.ജി താര പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയില്‍ ആകെയുള്ള സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഒന്‍പതുപേരാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ള ഡിപ്ലോമയാണ് ഇവരുടെ യോഗ്യത എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/kerala-okhi-tragedy-id-the-result-of-state-negligence-kr-dhanya-reporting/

ഒഖി സൃഷ്ടിച്ച അങ്കലാപ്പിന്റെ കാതല്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധരുടെ അഭാവമല്ല പ്രശ്നം. നമ്മുടെ മനുഷ്യവിഭവശേഷിയെ അനുയോജ്യമായ രീതിയില്‍ അല്ല ഗവണ്‍മെന്റുകള്‍ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് ബോര്‍ഡുകളും സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് മേധാവികളെ നിയമിക്കുമ്പോള്‍ നടക്കുന്നതു നഗ്നമായ വീതം വെക്കലുകളാണ്. ഓരോ സ്ഥാപനത്തിന്റെയും തലപ്പത്തെത്തുന്നവര്‍ അതാത് മേഖലകളില്‍ കഴിവ് തെളിയിച്ചവരാണോ എന്നൊന്നും ആരും അന്വേഷിറില്ല. രാഷ്ട്രീയവും മത, സാമുദായിക സന്തുലനവും ബന്ധുബലവും പണവും ഒക്കെയാണ് നിയമനങ്ങളുടെ അടിസ്ഥാനം. ഇനങ്ങനെയൊരു ബന്ധു നിയമന വിവാദത്തിലാണ് ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നത് എന്നോര്‍ക്കുക.

ഒഖിയെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലെ ഡീപ് ഡിപ്രഷന്‍ എന്താണെന്ന് മനസിലാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിഞ്ഞില്ല എന്നാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അത് മനസിലാക്കാന്‍ ദുരന്ത നിവാരണത്തില്‍ ഡിപ്ലോമ മാത്രം മാതിയോ എന്നാണ് പ്രസക്തമായ ചോദ്യം.

ഒഖി എന്ന ബംഗാളി വാക്കിന്റെ അര്‍ത്ഥം കണ്ണ് എന്നാണ്. സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍ ഒഖി കാരണമാവട്ടെ.

http://www.azhimukham.com/newswrap-ockhi-government-failure/

Next Story

Related Stories