Top

OMKV, മലയാള സിനിമയോടാണ്

OMKV, മലയാള സിനിമയോടാണ്
കഴിഞ്ഞ ഫെബ്രുവരി 19-നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമ ലോകം മാത്രമല്ല കേരള സമൂഹമാകെ പ്രക്ഷുബ്ദമായി ഈ സംഭവത്തിന് ശേഷം. മുഖ്യപ്രതി പള്‍സര്‍ സുനി നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഒരു പ്രതിനായകന്റെ ഗൂഡാലോചന പിന്നിലുണ്ടെന്ന് എല്ലാവരും സംശയിച്ചു. ഒടുവില്‍ അത് ദിലീപിന്റെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ലൈംഗികാക്രമണത്തെ കുറിച്ച് നിയമത്തിന് മുന്‍പില്‍ തുറന്നു പറയാന്‍ കാണിച്ച നടിയുടെ ധൈര്യം ഏറെ ശ്ലാഘിക്കപ്പെട്ടു.

സമാനമായ മറ്റൊരു സംഭവം മലയാള സിനിമ മേഖലയില്‍ വീണ്ടും ഉണ്ടായിരിക്കുന്നു. ഇത് ഒരു നടിക്ക് നേരെയുള്ള ശാരീരിക ആക്രമണമല്ല. നവമാധ്യമങ്ങളിലൂടെയുള്ള സംഘടിതമായ ആക്രമണമാണ്. മമ്മൂട്ടി മുഖ്യവേഷമഭിനയിച്ച കസബയില്‍ സ്ത്രീ വിരുദ്ധവും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധവുമായ സംഭാഷണങ്ങള്‍ ഉണ്ടെന്ന് അഭിപ്രായപ്പെട്ടതിന് മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്നും അധിക്ഷേപകരമായ സൈബര്‍ ആക്രമണമാണ് നടി പാര്‍വ്വതി നേരിട്ടുകൊണ്ടിരിക്കുന്നത്. ഒടുവില്‍ തനിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന അശ്ലീല തെറിവിളികള്‍ക്കെതിരെ പാര്‍വ്വതി പോലീസിന് പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

ഐ ടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും എന്നാണ് പോലീസ് നല്‍കുന്ന സൂചന.

http://www.azhimukham.com/cinema-women-collective-questioning-chauvinistic-nature-of-malayala-cinema-industry-rjsalim/

കേരള ചലച്ചിത്രോത്സവത്തില്‍ നടന്ന ഒരു സംവാദത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് പാര്‍വ്വതിക്ക് നേരെയും അതിനെ പിന്തുണച്ച നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനും നടി റിമ കല്ലിങ്കലിന് നേരയും തെറി വിളികളുമായി ഭക്തസംഘം നവമാധ്യമ തെരുവിലേക്ക് ഇറങ്ങിയത്. ഒരു സിനിമയിലെ പ്രമേയവുമായി ബന്ധപ്പെട്ട വിഷയം അതിലെ നായകന്‍ ജനലക്ഷങ്ങളുടെ ആരാധനാപാത്രമാണ് എന്നു കരുതി ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന അസഹിഷ്ണുതയുടെ സാമൂഹിക സൂചന എന്താണ്? എവിടെയാണ് നാം കൊട്ടിഘോഷിക്കുന്ന ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും? എവിടെപ്പോയി നാഴികയ്ക്ക് നാല്‍പ്പതുവട്ടം നാം നമ്മെത്തന്നെ പറഞ്ഞുവിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രബുദ്ധത?

എന്തായാലും ഒരു കാര്യം വ്യക്തമായി കഴിഞ്ഞിരിക്കുന്നു, മലയാള സിനിമ ഇന്നൊരു അശ്ലീലകാഴ്ചയാണ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ (അതിനു മുന്‍പും മെച്ചമല്ല) കണ്ടുകൊണ്ടിരിക്കുന്നത് ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളും ഒളി യുദ്ധവുമാണ്.

http://www.azhimukham.com/film-why-malayali-like-manjuwarier-stereotype-characters-sajukomban/

നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക സംഘടനയായ അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചു രൂപം കൊണ്ട സ്ത്രീകളുടെ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ പ്രവര്‍ത്തകര്‍ വ്യാപകമായി തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍വതിയും റിമയും ഗീതുവുമൊക്കെ അതിന്റെ ഭാഗമാണെന്നതു കൂടിയാണ് സമീപകാലത്ത് അവര്‍ക്കെതിരെ ആരാധക ഭ്രാന്തന്‍മാര്‍ തിരിയാന്‍ കാരണം. ഇവരെ പരിഹസിക്കുന്നതില്‍ സിനിമാക്കാര്‍ മാത്രമല്ല പി.സി ജോര്‍ജ്ജിനെയും പി.സി വിഷ്ണുനാഥിനെയും പോലുള്ള രാഷ്ട്രീയക്കാര്‍ കൂടിയുണ്ട് എന്നതും ശ്രദ്ധിക്കുക.

http://www.azhimukham.com/newswrap-nevermind-to-cyber-rapists-mammootty-advises-parvathy/

ആഷിക് അബുവിന്റെ മായാനദി എന്ന സിനിമയ്ക്കെതിരെ സംഘടിത ആക്രമണം ഇപ്പോഴും തുടരുകയാണ്. മായാനദി കാണാതിരിക്കാന്‍ കാരണം അത് റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത സിനിമയായതാണ് എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അടക്കം ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള സംവിധായകനാണ് ആഷിക് അബു എന്നതും കാരണമായി.

http://www.azhimukham.com/opinion-boycott-dileeps-movie-ramaleela-reasons-by-anaswara/

ദിലീപിന്റെ രാമലീല സിനിമയോടൊപ്പം പ്രദര്‍ശനത്തിനെത്തിയ മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയ്ക്ക് നേരെയും സംഘടിതമായ ആക്രമണങ്ങള്‍ നടന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട് എന്നു ആദ്യമായി പറഞ്ഞത് മഞ്ജു വാര്യരാണ് എന്നതായിരുന്നു അതിന്റെ കാരണം.

താന്‍ ഇനി സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കില്ല എന്ന നടന്‍ പൃഥ്വിരാജിന്റെ പ്രഖ്യാപനം ഏറെ കയ്യടി നേടിയിരുന്നു. എന്നാല്‍ ഇതിനൊക്കെ വളരെ മുന്‍പ് തന്നെ സൈബര്‍ ലോകത്ത് വേട്ടയാടപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ സിനിമ ഇറങ്ങുമ്പോള്‍ തിയറ്ററില്‍ ആളെ വിട്ടു കൂവിക്കുന്നതടക്കമുള്ള നാലാംകിട ക്വട്ടേഷന്‍ പരിപാടികള്‍ അരങ്ങേറുന്നതും മലയാള സിനിമ കണ്ടതാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത പൃഥ്വിയുടെ പുതിയ ചിത്രം വിമാനത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നു എന്നാണ്.

http://www.azhimukham.com/film-jipsa-putuppanam-writing-about-recent-trend-about-film-criticism-becoming-social-media-viral/

മുഖ്യധാര മലയാള സിനിമയുടെ കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ചരിത്രം ഇതുപോലുള്ള കുടിപ്പകയുടെയും വിലക്കുകളുടെയും അപകീര്‍ത്തിപ്പെടുത്തലുകളുടെയും കൂടിയാണ്. അത് നമ്മള്‍ നിരന്തരം കേട്ട ഒരു തിലകനിലോ വിനയനിലോ ശ്രീനാഥിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. മറിച്ച് ശബ്ദമില്ലാത്ത നിരവധി പേരുടെ നിലവിളികളാണ് അതില്‍ മുഴങ്ങുന്നത്. അതില്‍ ഏറെ പേരും നടികളാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പാര്‍വ്വതിയുമൊക്കെ ശബ്ദം നല്‍കിയത് അവര്‍ക്കാണ്.

ഇനിയും നിരവധി തൊഴിലാളികള്‍ തൊഴിലെടുക്കുന്ന വ്യവസായം എന്നും സംവിധായകന്റെ കല എന്നും പറഞ്ഞ് മനുഷ്യാവകാശ ധ്വംസനങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും ന്യായീകരിക്കാന്‍ ആളെ കിട്ടില്ല എന്നത് താര മാടമ്പിമാരും ആശ്രിതരും കരുതുന്നത് നന്ന്. അല്ലെങ്കില്‍ പ്രേക്ഷകര്‍ പറയും മലയാള സിനിമയോട് OMKV എന്ന്.

http://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

Next Story

Related Stories