Top

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍
പദ്മാവതിയുടെ കാര്യത്തില്‍ കോടതി ഇടപെടല്‍ തുടരുകയാണ്. ‘ആരും സെന്‍സര്‍ ബോര്‍ഡ് ചമയണ്ട’ എന്ന ശക്തമായ താക്കീതുമായി സുപ്രീം കോടതി വീണ്ടും രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ദുര്‍ഗ്ഗയുടെ കാര്യത്തിലോ? യഥാര്‍ത്ഥ സെന്‍സര്‍ ബോര്‍ഡ് എത്രത്തോളം ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറാന്‍മൂളികളും ആകാമെന്നതിന്റെ തെളിവാണ് ഇന്നലത്തെ നടപടി. ഐ എഫ് എഫ് ഐയില്‍ പ്രദര്‍ശിപ്പിക്കണം എന്ന കേരള ഹൈക്കോടതി വിധിയെ മറികടക്കുന്നതിന് വേണ്ടി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അറിവിന്റെ സ്വാതന്ത്ര്യത്തിലേക്ക് കോടതി തുറന്നു വിട്ട ഹാദിയയുടെ ജീവിതം ഇനി പതിനഞ്ചോളം പോലീസുകാരുടെയും മെഷീന്‍ ഗണ്ണിന്‍റെയും നടുവിലായിരിക്കും എന്ന് ഏകദേശം തെളിഞ്ഞു കഴിഞ്ഞു. സേലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്.പദ്മാവതിയുടെ കാര്യത്തില്‍ ഇന്നലെ സുപ്രീം കോടതി വിമര്‍ശിച്ചത് ഒരു പറ്റം ബിജെപി മുഖ്യമന്ത്രിമാരെയാണ്. “ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ മുന്‍വിധിയോടെ അഭിപ്രായം പറയുന്നത് തികഞ്ഞ നിയമ ലംഘനം ആണെ"ന്നാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്. “ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരും ചില കേന്ദ്രമന്ത്രിമാരും ചിത്രത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അഭിപ്രായപ്രകടനം” എന്നു ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

“സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ ഇരിക്കുന്ന ചിത്രം നിരോധിക്കുമെന്ന് എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. ആരും സ്വയം സെന്‍സര്‍ ബോര്‍ഡ് ചമയരുത്. ചിത്രം പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. അതിനു പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുന്നതെങ്ങിനെ? ചിത്രത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സെന്‍സര്‍ ബോര്‍ഡിനെ സ്വാധീനിക്കാന്‍ കഴിയുന്നതാണ്”- ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

http://www.azhimukham.com/edit-bansali-film-padmavati-and-sangh-parivar/

വിദേശത്തെ റിലീസിംഗ് തടയണമെന്ന ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയപ്പോള്‍ സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ എന്ന ചിത്രത്തെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണം എന്ന കേരള ഹൈക്കോടതി വിധിയെ മറികടക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിനെ ഭരണകൂടം നാണം കെട്ട രീതിയില്‍ ഉപയോഗിക്കുന്നതാണ് കണ്ടത്.

ഗോവയിലെ ജൂറിയില്‍ നിന്നും പരാതി ലഭിച്ചു എന്നു പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്. “എസ് ദുര്‍ഗ്ഗ എന്ന ചിത്രത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്കിയത് എന്നും ഗോവന്‍ മേളയില്‍ നല്‍കിയ കോപ്പിയില്‍ എസ് എന്നു എഴുതിയ ശേഷം ഇംഗ്ലീഷില്‍ എക്സ് (SXXX) എന്നു മൂന്നുതവണ എഴുതിയിട്ടുണ്ടെന്നും ഇത് അനുവദിക്കാനാവില്ല എന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്”, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഫെസ്റ്റിവല്‍ അധികൃതര്‍ കള്ളക്കളി നടത്തുകയാണ് എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ ഇതിനോട് പ്രതികരിച്ചത്. “ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ഓരോ കാരണം കണ്ടെത്തുകയായിരുന്നു. കോടതി അലക്ഷ്യത്തിന് അധികൃതര്‍ക്കെതിരെ കേസ് കൊടുക്കും”, സനല്‍ പറഞ്ഞു. “ചിത്രത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു രാജി വെച്ചവര്‍ക്ക് പകരം മൂന്നു പേരെ കേന്ദ്ര സര്‍ക്കാര്‍ ജൂറിയില്‍ തിരുകിക്കയറ്റിയിരുന്നു. ഇവരും നേരത്തെയുള്ള ഒരാളും ചേര്‍ന്നാണ് ജൂറി തീരുമാനം അട്ടിമറിച്ചത്” എന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.

http://www.azhimukham.com/news-wrap-sexyduga-changed-as-sdurga-censor-board-compelled-sajukomban/

പദ്മാവതിയുടെ കാര്യത്തില്‍ സുപ്രീം കോടതി വിശ്വാസത്തിലെടുക്കണം എന്നു പറയുന്ന അതേ സെന്‍സര്‍ബോര്‍ഡ് ഒരു സുപ്രധാന കീഴ്ക്കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കുന്നതിന് ഭരണകൂടത്തിന് കൂട്ട് നിന്നതിന്റെ ക്ലാസിക് ഉദാഹരണമായി ദുര്‍ഗ്ഗയുടെ കാര്യത്തില്‍ സംഭവിച്ചത്.

ഇനി ഹാദിയയുടെ കാര്യത്തില്‍ സംഭവിക്കുന്നതോ?

കോടതി നിന്റെ സ്വാതന്ത്ര്യമാണ് പരമ പ്രധാനം എന്നു പറഞ്ഞയച്ച ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോ കോളേജില്‍ എത്തിച്ചത് ഡപ്യൂട്ടി കമ്മീഷണറും അന്‍പതോളം പോലീസുകാരും പ്രത്യേക കമാന്‍ഡോകളും ചേര്‍ന്ന്.

http://www.azhimukham.com/edit-lumpen-elements-cannot-limit-the-imaginations-of-a-whole-society/

27 പോലീസുകാരുടെ മുഴുവന്‍സമയ കാവലില്‍ നിന്നും വീട്ടിലെ അപ്രഖ്യാപിത തടങ്കലില്‍ നിന്നും മോചനം ചോദിച്ചു വാങ്ങിയ ഹാദിയയ്ക്ക് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരിക്കുന്നതും ഇതിന് സമാനമായ ജീവിതമാണെന്ന സംശയം ജനിപ്പിക്കുന്നതാണ് ചൊവ്വാഴ്ച കണ്ട കാഴ്ചകള്‍. വീട്ടിലെ ഒറ്റ മുറിയില്‍ അടച്ചിടപ്പെടില്ലെങ്കിലും സദാസമയം പോലീസുകാര്‍ ഹാദിയയ്ക്ക് കൂട്ടിനുണ്ടാവും
.” അഴിമുഖത്തില്‍ കെ ആര്‍ ധന്യ എഴുതുന്നു.

http://www.azhimukham.com/trending-hadiya-form-one-jail-to-another-jail/

അഞ്ച് വനിതാ പോലീസുകാരുള്‍പ്പെടെ പതിനഞ്ച് പോലീസുദ്യോഗസ്ഥരായിരിക്കും ഇനി ഹാദിയയ്ക്ക് കാവലുണ്ടാവുക. ഹാദിയയുടെ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് ഇത്രയും പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഷഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമെന്ന് പോലീസുകാര്‍ സമ്മതിച്ചതായി ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഷഫിന്‍ ജഹാനെ കാണുന്നത് അനുവദിക്കുന്ന കാര്യം പിന്നീട് ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന നിലപാടിലാണ് ഡിസിപിയും കോളേജ് അധികൃതരും. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുമതി ലഭിച്ചെങ്കിലും സേലത്തെത്തിച്ച ഹാദിയയ്ക്ക് അതിനുള്ള അനുമതിയും നിഷേധിക്കപ്പെടുന്നു.

മതിലുകളില്‍ ബഷീര്‍ ചോദിച്ചതു ഓര്‍ക്കാം “who wants freedom?”

http://www.azhimukham.com/newswrap-hadiya-allowed-to-return-her-studies-by-supremecourt/

മലയാളിയെ സംബന്ധിച്ചിടത്തോളം ഇന്ന് ആഹ്ളാദകരമായ ഒരു വാര്‍ത്ത കൂടിയുണ്ട്. ഗോവ ഐ എഫ് എഫ് ഐയില്‍ മികച്ച നടിക്കുള്ള പുരസ്കാരം ടേയ്ക്ക് ഓഫിലെ സമീറ എന്ന നഴ്സിനെ അവതരിപ്പിച്ച പാര്‍വതിക്ക്. തനിക്ക് കിട്ടിയ പുരസ്കാരം കേരളത്തിലെ നഴ്സുമാര്‍ക്ക് സമര്‍പ്പിക്കുന്നു എന്നാണ് പാര്‍വ്വതി പറഞ്ഞത്. അത് ലീഡ് വാര്‍ത്ത ആക്കിയിരിക്കുകയാണ് മനോരമ.

അഭിനയം കൊണ്ട് മാത്രമല്ല പാര്‍വ്വതി പ്രിയങ്കരി ആകുന്നതെന്ന് രാകേഷ് സനല്‍ അഴിമുഖത്തില്‍ എഴുതുന്നു; “അഭിനയം കൊണ്ട് മാത്രമാണോ പാര്‍വതിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. അല്ല, അവരുടെ വ്യക്തിത്വം. സിനിമയ്ക്ക് പുറത്ത് പുലര്‍ത്തുന്ന നിലപാട്. പേരിലെ മോനോന്‍ വേണ്ട, പാര്‍വതി തിരുവോത്ത് എന്നറിയപ്പെട്ടോളാം എന്നു പറയാന്‍ കാണിച്ച ആര്‍ജ്ജവം. തന്റെ സഹപ്രവര്‍ത്തക ആക്രമിപ്പെട്ടപ്പോള്‍, അതിനു പിന്നില്‍ സിനിമയ്ക്കുള്ളില്‍ തന്നെയുള്ള ഒരു ശക്തന്‍ ഉണ്ടെന്നു തെളിഞ്ഞപ്പോള്‍ സധൈര്യം ഒരു പെണ്ണിന്റെ കൂടെ നില്‍ക്കാന്‍ തയ്യാറായപ്പോള്‍, സിനിമയിലെ ആണ്‍കോയ്മകളെയും പെണ്ണുടലിന് മോഹിച്ച അവസരങ്ങള്‍ ലേലത്തിനു വയ്ക്കുന്ന പ്രവണതയ്‌ക്കെതിരേ തുറന്നു പറയാന്‍ തയ്യാറായപ്പോള്‍ പാര്‍വതിയെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു. പക്ഷേ തുറന്നു പറയുന്ന പെണ്ണിനെ അഹങ്കാരിയും തന്‍പോരിമക്കാരിയുമാക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാന്‍ ഇപ്പോഴും മടിയാണ്.”

http://www.azhimukham.com/film-parvathy-best-actress-best-personality-rakeshsanal/

Next Story

Related Stories