Top

പടക്കം പൊട്ടിക്കല്‍ നിയന്ത്രണത്തിലും എന്തെങ്കിലും ആചാര ലംഘനമുണ്ടോ ‘ജ്ഞാനി’കളേ?

പടക്കം പൊട്ടിക്കല്‍ നിയന്ത്രണത്തിലും എന്തെങ്കിലും ആചാര ലംഘനമുണ്ടോ ‘ജ്ഞാനി’കളേ?
സുപ്രീകോടതി ഇന്നലെ പുറപ്പെടുവിച്ച പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടുള്ള വിധി ഈ ഭൂഗോളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒന്നാണ്. എന്നാല്‍ സ്വവര്‍ഗ്ഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല തുടങ്ങിയ കേസുകളില്‍ ഉയര്‍ത്തിപ്പിടിച്ച ധീരത ഈ വിധിയില്‍ അല്‍പ്പം കൈമോശം വന്നുപോയോ എന്നു സംശയം. എന്തായാലും വിധി താത്ക്കാലികമായാ ആശ്വാസം നല്‍കുന്നതാണ്. പ്രത്യേകിച്ചും തെക്ക് വടക്ക് ഭേദമില്ലാതെ ഈ വരുന്ന നവംബര്‍ 7-ന് രാജ്യം ദീപാവലി ആഘോഷിക്കാനിരിക്കെ.

മലിനീകരണത്തോതും ശബ്ദവും കുറഞ്ഞ പടക്കങ്ങളുടെ മാത്രം വില്‍പ്പനയും ഉപയോഗവും അനുവദിച്ചുകൊണ്ടും ഉത്സവകാലങ്ങളിലെ പടക്കം പൊട്ടിക്കലില്‍ സമയ ക്രമം നിശ്ചയിച്ചുകൊണ്ടുമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി പടക്കങ്ങളും പടക്കനിര്‍മാണവും പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. പുതിയ ഉത്തരവ് പ്രകാരം ദിപാവലി അഘോഷങ്ങള്‍ക്ക് രാത്രി എട്ടു മുതല്‍ പത്തു വരെയും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് രാത്രി 11:55 മുതല്‍ 12:30 വരെയും മാത്രമേ ഇനി പടക്കങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

കൂടാതെ ഗ്രീന്‍ പടങ്ങള്‍ക്കാണ് അനുമതി. അതായത് പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത പടക്കങ്ങള്‍ക്ക് എന്ന് സാരം. ബേരിയം ലവണങ്ങള്‍, ലിഥിയം, ഈയം, മെര്‍ക്കുറി, ആന്‍റിമണി തുടങ്ങിയവയുള്ള പടക്കങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനമുണ്ട്. ഇപ്പോള്‍ ഉപയോഗത്തിലുള്ള പടക്കങ്ങളിലെ രാസവസ്തുക്കള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഉത്സവങ്ങള്‍ക്ക് മുന്‍പും ശേഷവുമായി രണ്ടാഴ്ചക്കാലത്തെ മലിനീകരണത്തോത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കാനും ഉത്തരവിട്ടുണ്ട്.

ഇതിനു പുറമെ ഓണ്‍ലെന്‍ വഴിയുള്ള പടക്കവില്‍പ്പന പൂര്‍ണമായി നിരോധിക്കാനും കോടതി തയ്യാറായിട്ടുണ്ട്. ഭരണഘടനയുടെ 21ാം അനുഛേദ പ്രകാരം പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങളോടെയുള്ള അനുമതി നല്‍കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 6 മാസമായ രണ്ടു കുഞ്ഞുങ്ങളുടെയും 14 മാസമായ കുഞ്ഞിന്റെയും പേരില്‍ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് മതപരമായ കാര്യമാണെന്ന് കോടതി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപാവലി മാത്രമല്ല, ക്രിസ്തുമസും ഈദും തൃശൂര്‍പൂരവുമൊക്കെ മതപരമായ കാര്യങ്ങള്‍ തന്നെ. അങ്ങനെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു ഉത്സവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ നിയന്ത്രണം കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമുയരുക സ്വാഭാവികം. പൊട്ടിക്കുന്നത് പച്ച പടക്കമാണ് എന്നു ആര് കണ്ടെത്തും. നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പടക്ക ഉപയോഗത്തെ പൂര്‍ണ്ണ നിയന്ത്രണങ്ങളില്‍ കൊണ്ടുവരിക പ്രായോഗികമാണോ? ദീപാവലിക്ക് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ വ്യാപകമായി തയ്യാറാക്കപ്പെട്ട, കോടതി പാടില്ലെന്ന് പറഞ്ഞ രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പടക്കങ്ങള്‍ ഇനി എന്തുചെയ്യും? നിരവധി ചോദ്യങ്ങള്‍ വിധി ബാക്കി വെക്കുന്നുണ്ട്.

ദീപാവലി കാലത്ത് ഡല്‍ഹിയിലെയും ഹരിയാനയിലെയും യുപിയിലെയും മറ്റും ജനങ്ങള്‍ നേരിടുന്ന വായു മലിനീകരണ തോത് അപകടകരമാം വിധം ഉയര്‍ന്നതാണ് എന്നത് നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതാണ്. മനുഷ്യരെ മാത്രമല്ല സകല ജീവജാലങ്ങളെയും ഇത് ബാധിക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ ഈ ആഘോഷ ദിവസങ്ങളിലെ പ്രകൃതിയെ ഒന്നു നിരീക്ഷിച്ചാല്‍ മാത്രം മതി. ആഗോള താപനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ലോകം അതീവഗൌരവമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മതപരമായ ‘ആചാര’ത്തിന്റെ കാര്യം കൂടി പറഞ്ഞു പറഞ്ഞു ഭാഗിക അനുമതി നല്കിയിരിക്കുന്നത് എന്നതോര്‍ക്കണം.

ഭൂമി ഉണ്ടെങ്കില്‍ മാത്രമല്ലേ പടക്കം പൊട്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന ലളിതമായ മറുചോദ്യം മാത്രമാണ് വിധിക്കെതിരെ വരുന്നവര്‍ക്കുള്ള ഉത്തരം. മുട്ടയാണോ കോഴിയാണോ എന്ന മണ്ടന്‍ ചോദ്യത്തിന് കോടതി ഇനിയും ഉത്തരം പറയേണ്ട കാര്യമില്ല. ഭൂമി തന്നെയാണ് ആദ്യം ഉണ്ടായത്. മതവും ആചാരവുമൊക്കെ അനേക കോടി വര്‍ഷങ്ങള്‍ക്ക് ശേഷവും...

ഇനി കേരളത്തിലേക്ക് വന്നാല്‍, വെടിക്കെട്ടു നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പ്രതീകാത്മകമായി ആചാരങ്ങള്‍ നടത്തുമെന്നു പറഞ്ഞ പാറമ്മേക്കാവ് – തിരുവമ്പാടി ദേവസ്വം ഇവിടെയാണേ... കൂടാതെ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ നടയടച്ചു താന്‍ പാടുനോക്കി പോകും എന്ന് പറഞ്ഞു കോടതി വിധിയെ വെല്ലുവിളിച്ച രാജീവന്‍ തന്ത്രിയും..
https://www.azhimukham.com/debate-on-fireworks-bans-and-regulations-epw-editorial-2/

https://www.azhimukham.com/thrissur-pooram-law-elephant-crackers-politicians-court-rajashekharan-nair-azhimukham/

https://www.azhimukham.com/ollur-church-raphel-marriage-fire-works-protest-rakesh/

https://www.azhimukham.com/trending-ldf-meeting-pathanamthitta-sabarimala-women-entry-pinarayi-vijayan-speech/

Next Story

Related Stories