TopTop
Begin typing your search above and press return to search.

പാര്‍വ്വതി, നിഷ: നിങ്ങളുടെ ആണ്‍ഹുങ്കിനെ തച്ചുടയ്ക്കുന്ന പോരാളികളാണവര്‍

പാര്‍വ്വതി, നിഷ: നിങ്ങളുടെ ആണ്‍ഹുങ്കിനെ തച്ചുടയ്ക്കുന്ന പോരാളികളാണവര്‍

“എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ, സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ. നമ്മുടെ ദേഹം അങ്ങനെയായതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല.”

നടി പാര്‍വ്വതി ഇന്നലെ 'താരങ്ങളും താഴെയുള്ള ഉറുമ്പുകളും' എന്ന മാതൃഭൂമി പരമ്പരയില്‍ പ്രതികരിച്ചതാണ് ഇത്. ആ പീഡനം ഇപ്പോഴും തുടരുന്നു എന്നു തന്നെയാണ് പാര്‍വ്വതി നായികയായ മൈ സ്റ്റോറി എന്ന സിനിമ ഇറങ്ങിയതിന് ശേഷം പുരുഷാധികാരം നിയന്ത്രിക്കുന്ന മലയാള സിനിമയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിമന്‍ ഇന്‍ സിനിമാ കലക്ടീവിനെ ‘മിമിക്’ ചെയ്ത് അവരുടെ അതേ ലോഗോ നാണമില്ലാതെ ഉപയോഗിച്ചുകൊണ്ട് തുടങ്ങിയ മെന്‍ ഇന്‍ സിനിമാ കലക്ടീവാണ് പാര്‍വതിക്കെതിരെ പുതിയ ആക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടത്. സ്വഭാവികമായും താരാരാധനയ്ക്ക് മേധാവിത്തമുള്ള സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 'പാറു' എന്ന വിളിയോടെ ഈ അധിക്ഷേപം തുടര്‍ന്നു. മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ, ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പ്രതികരിച്ചതും ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്ത് ഉറച്ചു നിന്നതുമാണ് പാര്‍വ്വതി ഇത്രയേറെ ആക്രമിക്കപ്പെടുന്നതിന് കാരണം. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ പാര്‍വതി പോലീസില്‍ പരാതി കൊടുക്കുകയും അതിനെ തുടര്‍ന്ന് ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതുകൊണ്ടായിരിക്കാം അശ്ലീല പദപ്രയോഗങ്ങള്‍ ഈ തെമ്മാടിക്കൂട്ടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

താന്‍ ഒരു ഇരയല്ല, പോരാളിയാണ് എന്ന് തന്റെ ധീരമായ നിലപാടുകളിലൂടെ പാര്‍വ്വതി തെളിയിച്ചുകൊണ്ടിരിക്കുന്നു. നടിമാരുടെ രാജിയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് എഎംഎംഎയുടെ യോഗം ഉടന്‍ വിളിക്കണം എന്നു പരസ്യമായി അവര്‍ ആവശ്യപ്പെടുകയുണ്ടായതും ഓര്‍ക്കുക.

മാതൃഭൂമിയില്‍ പാര്‍വ്വതിയുടെ പ്രതികരണം പ്രസിദ്ധീകരിച്ച ദിവസം തന്നെയാണ് നിഷ സാരംഗ് എന്ന സീരിയല്‍ നടി താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

“തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്” എന്നാണ് കരഞ്ഞുകൊണ്ട് അവര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Also Read: ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്: സംവിധായകനെതിരെ നടി നിഷ സാരംഗ്

തന്നെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍, ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. ഉപ്പും മുളകിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും നിഷ ആരോപിച്ചു. സെറ്റില്‍ മദ്യപിച്ചുവരുന്ന സംവിധായകന്‍ നടിമാരോട് മോശമായി പെരുമാറാറുണ്ട് എന്നും അവര്‍ പറഞ്ഞു.

മലയാളത്തിലെ വിനോദ വ്യവസായം എത്രത്തോളം സ്ത്രീ വിരുദ്ധവും അപരിഷ്കൃതവും അരാജകവും ആണെന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് നിഷയുടെ തുറന്നു പറച്ചില്‍. എഎംഎംഎയില്‍ നിന്നും നടിമാരുടെ രാജി ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ അല പല രൂപത്തില്‍ ഈ പുരുഷ ഹുങ്കിന് നേരെ ആഞ്ഞടിക്കുകയാണ്. നടിമാരുടെ പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തപ്പോള്‍ ഒടുവില്‍ താര മാടമ്പികള്‍ക്കും മുട്ടുമടക്കേണ്ടി വന്നു. വിമന്‍ ഇന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കത്തുമായി എഎംഎംഎ രംഗത്ത് വന്നതും അതുകൊണ്ടുതന്നെയാണ്.

മലയാള വിനോദ വ്യവസായ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ഹേമ കമ്മീഷന് പാര്‍വതിയുടെ പ്രതികരണവും നിഷയുടെ അഭിമുഖവും തെളിവായി സ്വീകരിക്കാവുന്നതാണ്.

Also Read: നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

Also Read: Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories