TopTop
Begin typing your search above and press return to search.

‘തൂക്കിക്കൊല്ലാന്‍’ അവകാശമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം

‘തൂക്കിക്കൊല്ലാന്‍’ അവകാശമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം

ക്രൂര പീഡനമായിരുന്നു എങ്കില്‍ നടി പിറ്റേന്ന് അഭിനയിക്കാന്‍ എങ്ങനെ പോയി? എന്ന് പിസി ജോര്‍ജ്ജ് എം എല്‍ എ ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ആജ്ഞാപിച്ച ദിവസമായിരുന്നു. പിണറായിയുടെ പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വര്‍ഗ്ഗ വികാരം തിളയ്ക്കുകയും അവര്‍ ഒന്നടങ്കം മുഖ്യമന്ത്രിയുടെ മുകളിലേക്ക് പാഞ്ഞു കയറുകയും ചെയ്തപ്പോള്‍ ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ വെച്ചു നടത്തിയ പിസിയുടെ തിരുവായ് മൊഴികള്‍ വെറും പ്രാദേശിക വാര്‍ത്ത മാത്രമായി ചുരുങ്ങി. ദിലീപിന്റെ ജാമ്യ ഹര്‍ജില്‍യിലെ വാദങ്ങള്‍ ശാസ്ത്രീയമായ കണ്ടെത്തല്‍ പോലെ ചര്‍ച്ച ചെയ്യുന്ന അന്തി ചര്‍ച്ച തമ്പുരാക്കളുടെ ശ്രദ്ധയില്‍ പോലും ഈ ക്രൂര പരാമര്‍ശങ്ങള്‍ പെട്ടില്ല. പിറ്റേന്നത്തെ ദേശാഭിമാനി അടക്കം പല പത്രങ്ങളും ഈ വാര്‍ത്തയെ ചെറുതാക്കിയും മുക്കിയും ഒതുക്കിക്കളഞ്ഞു. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട വനിതാ സംഘടനകളോ നിയമ സംവിധാനങ്ങളോ ഈ വാര്‍ത്ത അറിഞ്ഞതുമില്ല.

വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ പ്രതിനിധിയും നടിയും വനിതാ പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ അഴിമുഖത്തിലൂടെ നടത്തിയ പ്രതികരണത്തിലൂടെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെടുകയും അത് ചര്‍ച്ചയായി ഉയര്‍ന്നു വരികയും ചെയ്തത്. എന്നിട്ടും ഇത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയോ ചര്‍ച്ചാ വിഷയവുമായില്ല എന്നതാണ് നിഗൂഡം.

Also Read: പ്രതിക്കൊപ്പം നിന്നോളൂ, പക്ഷേ പബ്ലിസിറ്റി കിട്ടാന്‍ ഇത്തരം വഷളത്തരങ്ങള്‍ പറയരുത്; പി സി ജോര്‍ജിനോട് സജിത മഠത്തില്‍

ഇന്നിപ്പോള്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാനുള്ള വനിതാ കമ്മീഷന്റെ തീരുമാനം വന്നതോടെ തങ്ങള്‍ തമസ്കരിച്ച വാര്‍ത്ത ഒന്നാം പേജിലേക്കും പ്രധാന പേജിലേക്കും തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് മുഖ്യധാര മാധ്യമങ്ങള്‍.

മാതൃഭൂമിയിലെ ഒന്നാം പേജ് വാര്‍ത്തയില്‍ പിസി ജോര്‍ജ്ജ് ഇങ്ങനെ പറഞ്ഞിരിക്കുന്നു; “ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ തനിക്ക് നോട്ടീസ് അയച്ചാല്‍ സൌകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പിസി ജോര്‍ജ്ജ്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ല. അവര്‍ ആദ്യം വനിതകളുടെ കാര്യം നോക്കട്ടെ. വനിതാ കമ്മീഷന്‍ തന്നെ ഒരു ചുക്കും ചെയ്യില്ല.”

1995 ഡിസംബര്‍ ഒന്നിന് നിലവില്‍ വന്ന കേരള വനിതാ കമ്മീഷന്‍ ആക്ട് 1990ന്‍റെ ആമുഖത്തില്‍ അതിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. “It has come to the notice of the Government that many unfair practices against women prevail in the State resulting the lowering of their status in the society. In order to provide for enquiry into the many unfair practices now prevailing in the State against women and to facilitate the redressal of their grievances. Government have decided to set up a Commission for women to be known as the Kerala Women Commission”

പിസി ജോര്‍ജ്ജ് അംഗമായിരിക്കുന്ന നിയമസഭ ചര്‍ച്ച ചെയ്തു പാസാക്കിയ നിയമത്തെയാണ് അദ്ദേഹം ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഈ നിയമം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ താന്‍ നിയമസഭാ അംഗമായിരുന്നില്ല എന്നു പിസി ജോര്‍ജ്ജ് വാദിച്ചേക്കാം. തന്റെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടാത്തതുകൊണ്ടു തന്നെ തന്നെ ഈ നിയമം സമഗ്രമല്ലെന്നും.

Also Read:‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

പക്ഷേ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഒരു നിയമത്തെ അപഹസിക്കുന്ന രീതിയില്‍ ഒരു നിയമസഭാസമാജികന്‍ കൂടിയായ പിസി സംസാരിക്കാമോ? ഇത് സഭയോടുള്ള അവമതിപ്പ് അല്ലേ? ഇനി ഭേദഗതി എന്തെങ്കിലും വേണം എന്ന അഭിപ്രായം പിസിക്ക് ഉണ്ടെങ്കില്‍ അതിനുള്ള നിയമപരമായ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. നിയമപരമായ ബാധ്യതകള്‍ ഉള്ള ഒരു സ്ഥാപനത്തെ മാധ്യമ സമ്മേളനം വിളിച്ച് വെല്ലുവിളിക്കുന്നതിലൂടെ പിസി ജോര്‍ജ്ജ് പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്. ഒരു ജനപ്രതിനിധിയ്ക്ക് ബാധ്യത ഇല്ലാത്ത വനിതാ കമ്മീഷനെ ഇനി ആരാണ് വകവെയ്ക്കാന്‍ പോകുന്നത്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എന്നാണ് പത്രവാര്‍ത്ത. ജോര്‍ജ്ജ് നടത്തിയ പരാമര്‍ശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ ഉള്ളതാണെന്നുമാണ് കമ്മീഷന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പിസി ജോര്‍ജ്ജിന്റെ മൊഴി എടുക്കുന്നതിന് കമ്മീഷന്‍ അധ്യക്ഷ സ്പീക്കര്‍ക്ക് കത്ത് നല്കും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിതാ കമ്മീഷന്‍ തനിക്കെതിരെ കേസെടുത്തത് നന്നായെന്ന് അഭിപ്രായപ്പെട്ട പിസി ജോര്‍ജ്ജ് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ള അവസരമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടത്തില്‍ വനിതാ കമ്മീഷന്‍ നിയമം നടത്താന്‍ അല്ലെന്നും പേരുണ്ടാക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും പിസി വിമര്‍ശിക്കുന്നു.

Also Read: പൃഥ്വിരാജില്‍ നിന്നും പിസി ജോര്‍ജ്ജിന് ചിലത് പഠിക്കാനുണ്ട്

ഇനി പന്ത് കമീഷന്റെ കോര്‍ട്ടിലാണ്. തെളിയിച്ചുകൊടുക്കൂ പിസിക്ക് കേരള വനിതാ കമ്മീഷന്‍ ആക്ട് 1990ന്‍റെ വില. പിസിക്ക് മുന്‍പില്‍ പരാജയപ്പെടുകയാണെങ്കില്‍ കമ്മീഷന്‍ പിരിച്ചുവിട്ട് നിയമം മാറ്റി എഴുതാന്‍ ശുപാര്‍ശ ചെയ്യാം.

അതേ സമയം പിസി ജോര്‍ജ്ജിന്റെ വിരട്ടല്‍ തങ്ങളുടെ അടുത്ത് വേണ്ടെന്ന എം സി ജോസഫൈന്‍റെ താക്കീത് വന്നു കഴിഞ്ഞു. പി സി ജോര്‍ജ്ജിന്റെ പരാമര്‍ശം പദവി മറന്നുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ ആരെയെങ്കിലും തൂക്കിക്കൊല്ലുന്ന സ്ഥാപനമല്ല എന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

Also Read: വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories