Top

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍

പിണറായി എന്ന ‘ചെകുത്താന്‍’ മാനസാന്തരം വരുത്തിയ സുഗതന്‍; നവോത്ഥാനം വരുന്ന ഓരോ വഴികള്‍
കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ എന്നറിയില്ല. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് ഇന്നലെ സാത്വിക ഭാവമായിരുന്നു. മൈക്ക് കണ്ടാല്‍ ഉടന്‍ തെറിവിളിയെന്ന കലാപരിപാടി ഇന്നലെ ഉണ്ടായില്ല. വളരെ മയത്തിലുള്ള സംസാരം. അനിശ്ചിതകാല നിരാഹാരം കിടക്കാന്‍ പോകുന്നതിന്റെ ഉത്കണ്ഠ കൊണ്ടാണോ എന്നറിയില്ല. അതോ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്നും ജയിലിലേക്ക് പറന്നു നടക്കുന്നതു കണ്ടതിന്റെ ഭീതിയോ? ആകെ പറഞ്ഞ കടുത്ത വാക്ക് പിണറായിക്ക് മാര്‍ക്കടമുഷ്ടിയാണ് എന്നു മാത്രം. പിണറായിയുടെ പേര് പട്ടിക്കിടും അറബിക്കടലില്‍ ചവിട്ടി താഴ്ത്തും തുടങ്ങിയ മൊഴിമുത്തുകള്‍ ഇന്നലെ ചിതറി വീണില്ല.

എന്നാല്‍ ബിജെപിയുടെ അഖിലേന്ത്യാ നേതാവ് പ്രഹ്ളാദ് ജോഷി ആ കുറവ് തീര്‍ത്തു. “ശങ്കരനും നാരായണ ഗുരുവും ജനിച്ച സ്ഥലത്താണ് പിണറായി വിജയൻ എന്ന ചെകുത്താനും ജനിച്ചിരിക്കുന്നതെന്നാ”യിരുന്നു ഇന്നലെ സെക്രട്ടറിയേറ്റിന് മുന്‍പിലെ സമര വേദിയില്‍ ജോഷി പ്രസംഗിച്ചത്. വിശ്വാസിയല്ലാത്ത കേരളത്തിലെ മുഖ്യമന്ത്രി സംസ്ഥാനത്ത് നിരീശ്വരവാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് പ്രഹ്ളാദ് ജോഷി പറഞ്ഞു.

പക്ഷേ പൊതുവേയുള്ള ഞെരിപ്പന്‍ ഡയലോഗുകളില്‍ നിന്നും മറ്റ് ബിജെപി നേതാക്കള്‍ വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടു. ഈ കാര്യത്തില്‍ പുകള്‍പെറ്റ ശോഭാ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍, എ സുരേഷ് തുടങ്ങിയവരൊക്കെ ഉണ്ടായിട്ടുപോലും...

നവോത്ഥാനവും വനിതാ മതിലും ഒക്കെയായി ശബരിമല ചര്‍ച്ചയെ മലയിറക്കിയ മുഖ്യമന്ത്രിയുടെ തന്ത്രം വിജയം കാണുന്നു എന്നതാണ് പൊതുവിലുള്ള ട്രെന്‍ഡ്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കാനുള്ള നീക്കത്തിനെ ചെറുക്കും എന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ത്തുകൊണ്ടാണ് ആധുനിക കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുക.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാര്‍ത്താ സമ്മേളനം നടത്തിയതോടെ ഇന്നലെയും ഈ വിഷയങ്ങള്‍ ചൂടുള്ള ചര്‍ച്ചയായി.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചതായി പിണറായി വിജയന്‍ ആരോപിച്ചു. പദവിക്ക് നിരക്കാത്ത പദപ്രയോഗമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. വനിതാ മതില്‍ പൊളിക്കുമെന്ന് പറഞ്ഞത് സ്ത്രീവിരുദ്ധമാണെന്നും പുരുഷമേധാവിത്ത മനോഭാവമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നവോത്ഥാന പൈതൃകമുള്ള സാമൂഹ്യസംഘടനകളെയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിനു വലിയ സംഭാവനകള്‍ നല്‍കിയവരുടെ പിന്മുറക്കാരെന്ന നിലയിലാണ് അവരെ ക്ഷണിച്ചത്. ക്ഷണിക്കപ്പെട്ടവരില്‍ ചില സംഘടനകള്‍ വന്നു. ചിലര്‍ വന്നില്ല. വരാത്തവര്‍ മോശക്കാരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. എന്നാല്‍, സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് യോഗത്തിനെത്തിയ സംഘടനകളെയും അതിന്‍റെ നേതാക്കളെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് എടുക്കുന്നത്. കേവലം ജാതിസംഘടനകള്‍ എന്ന നിലയ്ക്ക് നവോത്ഥാന പൈതൃകമുള്ള പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്.

‘സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മുഴുവന്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്’. ഇതുവഴി പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. നവോത്ഥാന പൈതൃകമുള്ള ഈ സംഘടനകളോടും അതിന്‍റെ നേതാക്കളോടും പ്രതിപക്ഷ നേതാവിന് പുച്ഛമാണ്. പ്രതിപക്ഷത്തെ ഇതര കക്ഷികള്‍, കോണ്‍ഗ്രസിലെ തന്നെ ഇതര നേതാക്കള്‍ ഈ നിലപാട് പങ്കിടുന്നുണ്ടോ?

കേരളത്തിന്‍റെ നവോത്ഥാനമൂല്യങ്ങളെ പുതിയ കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ ഈ സംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട് എന്നാണ് കരുതുന്നത്. കേരളീയ സമൂഹത്തിന്‍റെ പുരോഗമനോډുഖമായ വികാസത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ നിരാകരിക്കുക കൂടിയാണ് പ്രതിപക്ഷ നേതാവ്. -ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

“എന്നാല്‍ താന്‍ ഒരു സംഘടനയെയും അധിക്ഷേപിച്ചിട്ടില്ല. ജാതി സംഘടനയെന്ന് ആരോപിച്ചിട്ടില്ല.” എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വനിതാ മതില്‍ താന്‍ പൊളിക്കുമെന്ന് പറഞ്ഞിട്ടില്ല. അത് ജനങ്ങള്‍ പൊളിച്ചോളും എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപി സുഗതന്നെ പോലുള്ള എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തുറന്നു കാട്ടിയതിന്റെ പേരില്‍ ഇത്ര അരിശം കൊള്ളുന്നത് എന്തിനാണ്? ചെന്നിത്തല ചോദിച്ചു.

അതേസമയം പക്വതയില്ലാത്ത കാലത്ത് ചെയ്ത തെറ്റിന് മാപ്പിരന്ന് 'എടുക്കാച്ചരക്ക്' സുഗതന്‍ രംഗത്തെത്തി. കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നായിരുന്നു മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി സുഗതന്‍ വ്യക്തമാക്കിയത്. ഹാദിയ കേസിന്റെ സമയത്ത് കൊലവിളി പരാമർശം നടത്തിയതിൽ മാപ്പു ചോദിക്കുന്നതായും ഹിന്ദു പാര്‍ലമെന്റ് നേതാവ് പറഞ്ഞു.

“ഞാനൊരു അച്ഛനാണ്, എട്ടാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. അന്ന് ഒരച്ഛന്റെ വികാരമാണ് പ്രകടിപ്പിച്ചത്. അതില്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ടിരുന്നു. ആ ഇടപെടലില്‍ നിന്നുണ്ടായ ഒരു സാമൂഹ്യ ദുരന്തമെന്ന രീതിയിലാണ് ഹാദിയയുടെ കേസ് സുപ്രീം കോടതിയില്‍ പോയത്. ഇതു കണ്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതികരണം. പിന്നീട് സുപ്രീംകോടതി തന്നെ ആ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. വിഷയത്തിൽ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഇപ്പോഴും. പക്ഷേ എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്”- സുഗതന്‍ പറയുന്നു.

മാനസാന്തരം വന്ന ഒരു മനുഷ്യനെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത് ശരിയോ? നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം അത്തരക്കാര്‍ക്ക് മാപ്പ് നല്‍കാനല്ലേ പറഞ്ഞിട്ടുള്ളത്, ജ്ഞാനികളേ...

https://www.azhimukham.com/news-update-women-wall-convener-cp-sugathan-reaction-on-hadiya-conservatory-and-ayodhya/

https://www.azhimukham.com/newswrap-nss-sukumaran-nair-boycott-from-meeting-call-for-by-pinarayi-vijayan-criticised-writes-saju/

https://www.azhimukham.com/trending-controversy-in-vanitha-mathil-in-thane-name-of-hindu-parliament-leader-cp-sugathan-who-threat-hadiya/

https://www.azhimukham.com/trending-nss-sukumaran-nair-think-about-upper-class-lower-class-discrimination-what-a-comedy/

https://www.azhimukham.com/kerala-is-women-wall-to-be-organised-by-ldf-government-renaissance-movement-in-support-of-sabarimala-women-entry-writes-dhanya/

Next Story

Related Stories