Top

മോദിയുടെ ടീം ഇന്ത്യയില്‍ കേരള മുഖ്യമന്ത്രിക്ക് അയിത്തമോ?

മോദിയുടെ ടീം ഇന്ത്യയില്‍ കേരള മുഖ്യമന്ത്രിക്ക് അയിത്തമോ?
കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയും സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച നടത്താന്‍ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനാനുമതി നിഷേധിക്കുന്നത് എന്നു മലയാള മനോരമ റിപ്പോര്‍ട്ടും പറയുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് അസൌകര്യമാണെങ്കില്‍ സൌകര്യപ്രദമായ ഒരു ദിവസം അനുവദിച്ചു തന്നാല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിനും അനുകൂലമായ ഒരു മറുപടി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയില്ല.

നേരത്തെ നോട്ട് നിരോധനത്തിന് പിന്നാലെ സഹകരണ ബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താന്‍ 2016ലും, വരള്‍ച്ചാ സഹായം തേടി 2017ലും സന്ദര്‍ശനാനുമതി ചോദിച്ചപ്പോഴും സമാനമായ പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാണോ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ചു പിണറായി വിജയന്‍ പറഞ്ഞ ഫെഡറല്‍ ത്വത്വങ്ങളുടെ ലംഘനം. ബിജെപി ഇതര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ രണ്ടാം കെട്ടിലെ മക്കളല്ലല്ലോ. പ്രധാന മന്ത്രി പറയുന്നതുപോലെ ടീം ഇന്ത്യയല്ലേ. എന്നിട്ടും എന്താണ് ഇങ്ങനെ? പ്രധാനമന്ത്രിക്ക് സൌകര്യപ്രദമായ സമയമല്ലേ ചോദിച്ചത്?

അങ്ങനെയിങ്ങനെ കാണാന്‍ പറ്റില്ല മോദിയെ എന്നാണെങ്കില്‍ കഴിഞ്ഞ ജൂണ്‍ 16നല്ലേ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തിയ തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ചന്ദ്രശേഖര്‍ റാവുവിന് ഒരു നയവും പിണറായി വിജയന് വേറൊരു നയവും എന്നാണോ. എന്താണ് ഇതിന്റെ ഗുട്ടന്‍സ്.

ജൂണ്‍ 30 തന്നെ. രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അടുത്തൂണ്‍ പറ്റുന്നത് അന്നാണല്ലോ. റാവുവിന്റെ കയ്യില്‍ വിലയേറിയ 6 എം പിമാരുണ്ട്. നിലവില്‍ 104 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. തെലങ്കാന രാഷ്ട്ര രക്ഷാസമിതിയുടെ പിന്തുണ കിട്ടിയാല്‍ അത് 110 ആകും. വൈ എസ് ആര്‍ കോണ്‍ഗ്രസ്സിനും ഉണ്ട് രണ്ട് എം പിമാര്‍. അങ്ങനെ കാര്യങ്ങള്‍ ഒരു വഴിക്ക് ശരിയാക്കാന്‍ നോക്കുകയാണ് ബിജെപി. റാവു ആണെങ്കില്‍ കര്‍ണ്ണാടകയിലെ പ്രതിപക്ഷ ഷോ ഓഫിനൊന്നും നിന്നുകൊടുക്കാതെ വരാലിനെ പോലെ വഴുതിക്കളിക്കുകയാണ്.

പിണറായി അങ്ങനെയാണോ? ബിജെപി ഗവണ്‍മെന്റിനെതിരെ ബദ്ധശത്രുവായ മമതാ ബാനര്‍ജിയുമായിവരെ കൈകോര്‍ത്തില്ലേ. ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ക്ക് നഖം ഉരയ്ക്കാന്‍ വന്നില്ലേ. എന്നിട്ടെന്തൊക്കെയാണ് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

ഇന്നിതാ കഞ്ചിക്കോട് അനുവദിച്ച കോച്ച് ഫാക്ടറി പദ്ധതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതിനെതിരെ എല്‍ ഡി എഫ് എം പിമാര്‍ ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. “36 വര്‍ഷത്തെ വഞ്ചന എന്നാണ് മുഖ്യമന്ത്രി ഇതിനെ കുറിച്ചു പറഞ്ഞത്. ഹരിയാനയിലാകാം, ഉത്തര്‍പ്രദേശിലാകാം. എന്താണ് കാരണം. അവിടെയെല്ലാം ഭരിക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇങ്ങനെയാണോ ഒരു രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്?” പിണറായി ചോദിച്ചു.

ഫെഡറല്‍ തത്വങ്ങളുടെ ലംഘനം നടക്കുന്നു എന്ന ആരോപണമാണ് കേരള മുഖ്യമന്ത്രി തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് വിഹിതത്തിലെ കുറവ് ചൂണ്ടിക്കാണിച്ച് കേരളം രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാരുടെ യോഗം കേരളം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ ഒരു ഐക്യപ്പെടല്‍ ബിജെപിയെ വലിയ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് എതിരാണ് എന്ന മട്ടില്‍ വലിയ പ്രചരണം ഉയര്‍ന്നു.

മാത്രമല്ല കേരളത്തില്‍ ബിജെപിക്ക് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തത് ഇടതുപക്ഷം കെട്ടുറപ്പോടെ നില്‍ക്കുന്നത് കൊണ്ടാണെന്ന വിലയിരുത്തലാണ് ബിജെപിക്ക്. അതുകൊണ്ടു തന്നെ ഇടതു ഗവണ്‍മെന്റിന് മെച്ചമുണ്ടാക്കുന്ന ഒരു തീരുമാനവും കേന്ദ്രനില്‍ നിന്നുണ്ടാകാന്‍ ഇടയില്ല. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ചില ബിജെപി നേതാക്കള്‍ പറഞ്ഞത് തന്നെ സി പി എമ്മിനെ കണ്ടുപഠിക്കണം എന്നാണ്.

പിണറായി ചെന്നയുടനെ കാണാന്‍ മോദി കാറ്റുകൊണ്ടിരിക്കുകയാണോ എന്നായിരിക്കും സംഘപരിവാറിന്റെ സൈബര്‍ വാര്യര്‍മാര്‍ ചോദിക്കാന്‍ പോകുന്ന പ്രധാന ചോദ്യം. അത്രയേറെ തിരക്കുള്ള പ്രധാനമന്ത്രി ഭരണം സ്തംഭിപ്പിച്ച് ഗുജറാത്തിലും കര്‍ണ്ണാടകയിലും എത്ര റാലികളാണ് സംഘടിപ്പിച്ചത്. ഓര്‍ക്കുന്നുണ്ടാവുമല്ലോ അല്ലേ...?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/update-modi-denies-permission-pinarayi-meet/

http://www.azhimukham.com/newswrap-bjp-is-committing-same-mistake-in-delhi-as-in-karnataka-in-dealing-kjriwals-sleepover-protest-writes-saju/

http://www.azhimukham.com/india-centre-misusing-governors-office-to-destabilize-non-bjp-governments-says-yechury/

http://www.azhimukham.com/india-four-chief-ministers-extends-support-to-kejriwal/

http://www.azhimukham.com/newswrap-what-a-tragedy-bjp-leader-k-surendran-writes-saju/

http://www.azhimukham.com/somalia-statement-pirates-poverty-tribe-kerala-pomonemodi-somy/
Next Story

Related Stories