Top

ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതിന് മുന്‍പ് കേരളം കുറ്റവാളികള്‍ ഇല്ലാത്ത കിണാശ്ശേരി ആയിരുന്നില്ല

ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതിന് മുന്‍പ് കേരളം കുറ്റവാളികള്‍ ഇല്ലാത്ത കിണാശ്ശേരി ആയിരുന്നില്ല
നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് കൊച്ചി പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും ആസൂത്രിത കവര്‍ച്ച നടന്നത്. അതിനു തൊട്ട് മുന്‍പത്തെ ദിവസമാണ് കയ്യൂര്‍ ചീമേനിയില്‍ റിട്ട. അധ്യാപികയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയത്. കൊലപാതകത്തിനും മോഷണത്തിനും പിന്നില്‍ ആരാണ് എന്നു വ്യക്തമായിട്ടില്ലെങ്കിലും പോലീസ് നല്‍കുന്ന സൂചനകള്‍ എന്നു പറഞ്ഞുകൊണ്ടു മാധ്യമങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഇതര സംസ്ഥാനക്കാരിലേക്കാണ്.

ഇന്നത്തെ മലയാള മനോരമ തങ്ങളുടെ എഡിറ്റോറിയലില്‍ ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

“ഇതര സംസ്ഥാനതൊഴിലാളികള്‍ക്കൊപ്പം എത്തുന്ന കുറ്റവാളികള്‍ കൊലപാതകവും മോഷണവും തുടങ്ങിയതാണ് അടുത്തകാലത്തെ വെല്ലുവിളി. ഇത്തരക്കാര്‍ പ്രതികളായ കുറ്റകൃത്യങ്ങളുടെ പെരുപ്പം കേരളത്തെ ജാഗരൂകമാക്കേണ്ടതു തന്നെ. ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകള്‍ തന്നെ ഇപ്പോള്‍ ലഭ്യമല്ലെന്നതാണ് വാസ്തവം. കണക്കിലെ അവ്യക്തതയോടൊപ്പം, ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ലഭ്യമല്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം സുരക്ഷിത താവളം തേടി ഇവിടെക്ക് എത്തുന്നവരും ലഹരിമരുന്നും കള്ളനോട്ടും വിതരണം ചെയ്യുന്നവരും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമൊക്കെ ഈ കൂട്ടത്തിലുണ്ടെന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരായ ക്രിമിനലുകളുടെ കണക്കോ വിലാസമോ ചിത്രമോ പോലീസിന്റെ കയ്യില്‍ കാര്യമായി ഇല്ലെന്നതും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.”

ഇത്രയും വായിച്ചാല്‍ തോന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതിന് മുന്‍പ് കേരളം കുറ്റവാളികള്‍ ഇല്ലാത്ത കിണാശ്ശേരി ആയിരുന്നെന്ന്.

എന്തായാലും മാന്യന്‍മാരായ ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മനോരമ തങ്ങളുടെ എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.http://www.azhimukham.com/news-wrap-migrant-labours-killed-in-kerala-another-hate-campaign-sajukomban/

കേരള പോലീസ് ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. “ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘം കവര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്കു ട്രെയിനില്‍ മടങ്ങിയെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോലീസ് പുറപ്പെട്ടു.”

അതേസമയം കവര്‍ച്ച നടത്താന്‍ നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട് എന്നു മലയാള മനോരമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഇതര സംസ്ഥാനക്കാര്‍ നടത്തി എന്നു കരുതുന്ന ചീമേനിയിലെ കൊലപാതകത്തിനും മോഷണത്തിനും പിന്നില്‍ ഒരു അടുത്ത ബന്ധുവിനെ സംശയിക്കുന്നതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നതും ശ്രദ്ധിക്കുക. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ആണെന്ന് വിവരമുണ്ടെങ്കിലും പോലീസ് അത് നിഷേധിച്ചിട്ടുണ്ട് എന്നും കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ വാര്‍ത്തയില്‍ തന്നെ ഘാതകര്‍ എത്തി എന്നു കരുതുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് എന്നു കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/newswrap-aawaz-health-cum-insurance-scheme-for-migrant-labours-sajukomban/

കൊച്ചിയിലെ മോഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രക്കാരുടെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടി എന്നാണ് കേരളകൌമുദിയുടെ മറ്റൊരു റിപ്പോര്‍ട്ട്. “മോഷണം നടന്ന രാത്രിയില്‍ തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയറ്ററില്‍ രണ്ടു ഹിന്ദിക്കാര്‍ ടിക്കറ്റെടുക്കാന്‍ കൌണ്ടറിലെത്തി. ആദിവാസി ഗ്രാമങ്ങളില്‍ സംസാരിക്കുന്ന ഹിന്ദി ആയതിനാല്‍ ജീവനക്കാരന് മനസിലായില്ല.”

ഗംഭീരം, ലേഖകാ... സെന്‍ട്രല്‍ തിയറ്ററില്‍ കാര്‍ത്തി നായകനായ ‘തീരന്‍- അധിഗാരം ഒണ്‍ട്ര്’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നു കൂടി എഴുതിയിരുന്നെങ്കില്‍ അല്ലെങ്കില്‍ തീയറ്റര്‍ ജീവനക്കാരന് കവര്‍ച്ചക്കാരെ തിരിച്ചറിയാന്‍ സാധിച്ചത് തീരന്‍ കണ്ടതുകൊണ്ടാണ് എന്നു പറഞ്ഞിരുന്നെങ്കില്‍ കഥയുടെ മസാലക്കൂട്ട് ഉഷാറായേനെ.

http://www.azhimukham.com/jisha-murder-hate-campaign-against-migrant-labours/

2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്ന ട്രൈബല്‍ ക്രിമനല്‍ സംഘമായ ബവാരിയകളുടെ കഥയാണ് തീരന്‍. ഐജി എസ് ആര്‍ ജന്‍ഗിദിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബവാരിയ കവര്‍ച്ച സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം നടത്തിയ സാഹസികമായ തിരച്ചിലിന്റെ കഥയാണ് ഈ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം.

http://www.azhimukham.com/kerala-thrikkodithanam-police-collected-the-details-of-migrant-workers-in-kerala/

വേണമെങ്കില്‍ ഒരാവേശം കിട്ടാന്‍ ഉത്തരേന്ത്യയിലേക്ക് കള്ളന്മാരെ തേടിപ്പോകുന്ന കേരള പോലീസ് ഈ സിനിമ കാണണമെന്ന് പറഞ്ഞുകൊണ്ടു ഒരു മസാലയ്ക്ക് സ്കോപ്പുണ്ട്.

30 ലക്ഷത്തിനോടടുപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ അതിജീവനത്തിനായി തൊഴിലെടുക്കുന്ന കേരളത്തില്‍ തെളിവുകളുടെ ബലമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന കാര്യം മാധ്യമങ്ങള്‍ മറക്കാതിരിക്കുക.

http://www.azhimukham.com/film-theeran-adhigaaram-ondru-tamil-movie-karthi-bawariya-criminal-tribes/

Next Story

Related Stories