TopTop
Begin typing your search above and press return to search.

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍
ഇന്ന് അമിത് ഷാ കേരളത്തില്‍ എത്തുകയാണ്; അതും കണ്ണൂരില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വരവിന് രാഷ്ട്രീയ പ്രധാന്യമേറ്റുന്നത് ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയും ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ 'വിജയകരമായി' നടത്തിയ പ്രക്ഷോഭങ്ങളുമാണ്.

അമിത് ഷാ വരുന്നതിന് മുന്നോടിയായി ഇന്നലെ സംസ്ഥാന ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം കണ്ണൂരില്‍ ചേരുകയുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് അന്തിമ രൂപം നല്കാനും കൂടിയാണ് ആ യോഗം ചേര്‍ന്നത് എന്ന് അതിനെ കുറിച്ചുള്ള ഇന്നത്തെ മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കാസര്‍കോട് മുതല്‍ പമ്പ വരെ രഥയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമല വിഷയത്തെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം പരാമാവധി ഉപയോഗപ്പെടുത്തുക എന്നുള്ളത് തന്നെയാണ് ബിജെപി ലൈന്‍ എന്നു വ്യക്തം. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയായിരിക്കും യാത്രയ്ക്ക് നേതൃത്വം നല്‍കുക.

ശബരിമല വിഷയത്തില്‍ പന്തളത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് വലിയ വിജയമായതിന്റെ ഊര്‍ജ്ജം വടക്കന്‍ ജില്ലകളിലേക്ക് കൂടി പ്രസരിപ്പിക്കുകയാകാം രഥ യാത്രയുടെ ലക്ഷ്യം.

രഥ യാത്ര എന്നു കേള്‍ക്കുമ്പോള്‍ ഉണരുന്ന ചരിത്രപരമായ ഓര്‍മ്മകള്‍ മുതല്‍ക്കൂട്ടാകുകയും ചെയ്യും. 1992-ല്‍ നടത്തിയ എല്‍.കെ അദ്വാനിയുടെ രഥയാത്രയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ അടിത്തറ ഉറപ്പിച്ചത്. അതേ പരീക്ഷണം ശബരിമല ക്ഷേത്രത്തെ മുന്‍നിര്‍ത്തി നടത്താനുള്ള ബിജെപിയുടെ തീരുമാനം അങ്ങനെ വെറുതെ തള്ളിക്കളയാന്‍ പറ്റില്ല.

ഇന്നലെ നടന്ന യോഗത്തില്‍ ദക്ഷിണ കന്നഡയില്‍ നിന്നുള്ള ബിജെപി എം.പി നളിന്‍ കുമാര്‍ കട്ടീല്‍ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായിരുന്നു ദക്ഷിണ കന്നഡ. ടിപ്പു വിഷയമടക്കം എടുത്തുകൊണ്ട് ചെറുതും വലുതുമായ നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് ഹൊനാവറിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയത്.

ദക്ഷിണ കന്നഡയിലെ എട്ട് അസംബ്ലി സീറ്റുകളില്‍ ഏഴും ഇത്തവണ നേടിയത് ബിജെപി ആയിരുന്നു എന്നതാണ് ആ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരിണതഫലം. 2013ല്‍ കോണ്‍ഗ്രസ്സായിരുന്നു 7 സീറ്റ് നേടിയത് എന്നോര്‍ക്കണം.

ആ ഒരു പാറ്റേണില്‍ വോട്ടര്‍മാരുടെ മനസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ബിജെപി കേരളത്തില്‍ നടത്തുക എന്നു വ്യക്തം. അതിന്റെ ലോഞ്ചിംഗ് പാഡായിരിക്കും രഥയാത്ര. ഈ നീക്കം കോണ്‍ഗ്രസ്സിനെയാണോ സിപിഎമ്മിനെയാണോ പ്രതികൂലമായി ബാധിക്കുക എന്നത് വരും ദിവസങ്ങള്‍ തെളിയിക്കും.

ഇനി അമിത് ഷായുടെ ഇന്നത്തെ സന്ദര്‍ശനത്തിലേക്ക് വരാം. കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിനം ഒരു പ്രതീകാത്മക പ്രഹരമാണ്. തങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചു പണിപൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ 'ഉദ്ഘാടനം' അമിത് ഷാ നിര്‍വഹിക്കുകയാണ് എന്നതുതന്നെ അതിനടിസ്ഥാനം. ഇത് ചെറുതല്ലാത്ത ആനന്ദം കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും അമിത് ഷാ നേരെ എത്തുന്നത് ശിവഗിരിയിലേക്കാണ്. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യതിപൂജ-മണ്ഡല പൂജ ഉദ്ഘാടനം ചെയ്യാനാണ് ഷാ എത്തുന്നത്.

ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ട സാഹചര്യത്തില്‍ ഷായുടെ ശിവഗിരി സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. നിലവില്‍ ബിഡിജെഎസ് മുന്നണിയില്‍ സജീവമായി നിന്നുകൊണ്ടു സമര രംഗത്ത് ഉണ്ടെങ്കിലും എസ്എന്‍ഡിപിയുടെ നിലപാട് നാമജപ സമരങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നതാണ് യാഥാര്‍ഥ്യം. വെള്ളാപ്പള്ളിയുമായി വീണ്ടുമൊരു 'അന്തര്‍ധാര' സൃഷ്ടിക്കാന്‍ അമിത് ഷായുടെ ഈ കേരള സന്ദര്‍ശനത്തിന് സാധിക്കുമെങ്കില്‍ വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് ചിലര്‍ക്കൊക്കെ വാട്ടര്‍ ലൂ ആകുമെന്നുതന്നെ തത്ക്കാലം കരുതേണ്ടി വരും.

https://www.azhimukham.com/offbeat-sabarimala-women-entry-karma-samithi-says-no-to-rahul-easwer-and-pratheesh-viswanath-participation-in-protest/

https://www.azhimukham.com/kerala-karma-samithi-explain-their-plan-to-protest-on-women-entry-in-sabarimala-report-rakesh/

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/newswrap-tgmohandas-rahuleswar-rebuilds-polarised-kerala-after-sabarimala-womenentry-verdict-writes-saju/

https://www.azhimukham.com/trending-amit-shah-kannur-visit-saturday-political-plans-analysis-ka-antony-writes/

Next Story

Related Stories