Top

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും

പ്രകാശ് രാജ് എന്ന ധീരനും ദി ഇന്‍സള്‍ട്ടിന്റെ രാഷ്ട്രീയവും
ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ഒരു കാരണം ഇന്നലെ അതിന്റെ ഉദ്ഘാടന വേദിയില്‍ വന്നു നിന്നുകൊണ്ട് നടന്‍ പ്രകാശ് രാജ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ തീ തുപ്പുന്ന വാക്കുകളുടെ പേരിലായിരിക്കും. ആ ധീരതയുടെ പേരിലായിരിക്കും.

"സിനിമയും ആവിഷ്കാര സ്വാതന്ത്ര്യവും തടയപ്പെടുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഇത് സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്. ഇന്ന് ഒരു മനുഷ്യന്‍ രാജസ്ഥാനില്‍ ജീവനോടെ ചുട്ടു കൊല്ലപ്പെട്ടിരിക്കുന്നു. തലവെട്ടും മൂക്ക് ചെത്തിക്കളയും എന്നു ഭീഷണി മുഴക്കിയ ആള്‍ നിയമത്തിന്റെ പിടിയിലകപ്പെടാതെ സ്വതന്ത്രനായി വിഹരിക്കുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി താന്‍ നിസാഹായനാണ് എന്നു പറയുന്നു. അത്തരം ഒരു ഭരണാധികാരിയോട് താഴെ ഇറങ്ങാന്‍ നമ്മള്‍ പറയേണ്ടേ?
” ഇന്നലെ പ്രകാശ് രാജ് പറഞ്ഞു.

അന്ധമായ മുസ്ലീം വിരോധത്തിന്റെ പേരിലാണ് ഹിന്ദുത്വ തീവ്രവാദികള്‍ അഫ്രാസുല്‍ ഖാന്‍ എന്ന മനുഷ്യനെ രാജസ്ഥാനില്‍ പച്ചയ്ക്ക് ചുട്ടുകൊന്നത്. കത്തിച്ചു കൊല്ലുന്നതിന്റെയും എല്ലാ 'ലൗ ജിഹാദി'കള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെയെന്ന് കൊലയാളി വിളിച്ചുപറയുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ബാബറി മസ്ജീദ് തകര്‍ത്തത്തിന്റെ ഇരുപത്തി അഞ്ചാം വര്‍ഷത്തില്‍ അത് ആഘോഷിക്കുകയും അടുത്ത ലക്ഷ്യം മഥുരയും കാശിയും ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഒരു മലയാളി വി എച്ച് പി നേതാവ് ഈ കൊലയെ അനുകൂലിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും കഴിഞ്ഞ ദിവസമാണ്.

പ്രകാശ് രാജ് കേരളത്തിലെ യുവ തലമുറയോട് പറഞ്ഞത് ഇതുതന്നെയാണ്. “ശത്രു നമ്മുടെ ഇടയിലേക്ക് പതുക്കെ നുഴഞ്ഞു കയറിവരുന്നത് നമ്മള്‍ തിരിച്ചറിയണം. അതിനെതിരെ പോരാടണം. ‘ജന്മ’യില്‍ വിശ്വസിക്കുന്ന ഇത്തരം മനുഷ്യര്‍ ഹിറ്റ്ലറുടെ പുനരവതാരങ്ങളാണ്.

പ്രകാശ് രാജിന്റെ പ്രസംഗത്തിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കലായിരുന്നു ഇന്നലെ പ്രദര്‍ശിപ്പിച്ച ഉദ്ഘാടന ചിത്രമായ ദി ഇന്‍സള്‍ട്ടും. ലബനീസ് സംവിധായകന്‍ സിയാദ് ദൌരി സംവിധാനം ചെയ്ത ചിത്രം ലബനീസ് സമൂഹം കടന്നു പോകുന്ന സങ്കുചിത മത ദേശീയതയും മത രാഷ്ട്രീയവും വംശീയ സംഘര്‍ഷങ്ങളും രണ്ടു സാധാരണ മനുഷ്യരുടെ ജീവിതത്തിലെ വളരെ അപ്രധാനമെന്ന് തോന്നുന്ന സംഭവത്തെ ഒരു ദേശീയ രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നു. രണ്ടു പേരുടെ ഈഗോ വിഷയത്തിനപ്പുറം ‘ഒരധിക്ഷേപം’ ചരിത്രവും നിയമവും ഭരണകൂടവുമൊക്കെ മുഖാമുഖം വന്നു നില്‍ക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുകയാണ് സിനിമയില്‍.

സിനിമ തുടങ്ങുന്നത് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ ദേശീയനേതാവ് ഒരു റാലിയില്‍ തന്റെ അണികളെ ആവേശം കൊള്ളിക്കുന്ന രീതിയില്‍ പ്രസംഗിക്കുന്നതാണ്. സിനിമയിലെ നായകനില്‍ ഒരാളായ ടോണി എന്ന ക്രിസ്ത്യന്‍ യുവാവിന്റെ പലസ്തീന്‍ വിരോധം എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തം. നരേന്ദ്ര മോദി എന്ന ഹിന്ദുത്വ രാഷ്ട്രീയ നേതാവിനെയും അയാളുടെ ആരാധകരുടെ മുസ്ലീം വിരോധത്തിന്റെ കാരണവും സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം.

http://www.azhimukham.com/offbeat-kerala-the-only-one-place-where-one-can-live-says-prakashraj/

ഈ ചിത്രത്തിന്റെ തുടക്കത്തില്‍ സെന്‍സര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ ലബനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക നയമല്ല എന്ന ഡിസ്ക്ലൈമര്‍ എഴുതിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ സിനിമയുടെ ലബനീസ് റിലീസിന് തൊട്ടുമുന്‍പായി, ദി അറ്റാക്ക് എന്ന സിയാദ് ദൌരിയുടെ രണ്ടാമത്തെ സിനിമയുമായി ബന്ധപ്പെട്ട് എന്ന പേരില്‍ ബെയ്റൂട്ട് വിമാനത്താവളത്തില്‍ വെച്ചു അദ്ദേഹത്തെ തടഞ്ഞുവെക്കപ്പെടുകയും പാസ്പോര്‍ട്ട് പിടിച്ചെടുക്കപ്പെടുകയും ഉണ്ടായി.

ഇവിടെ സംഘപരിവാറിന് ഇഷ്ടമല്ലാത്ത സെക്സി ദുര്‍ഗ്ഗയും പത്മാവതിയും വേട്ടയാടപ്പെടുന്നത് ഓര്‍ക്കുക.

ചലച്ചിത്രോത്സവ വാര്‍ത്തകളാല്‍ സമ്പന്നമാണ് ഇന്നത്തെ പത്രങ്ങള്‍. ഏഴു നാള്‍ നീണ്ടു നില്‍ക്കുന്ന ചലചിത്ര മേള ഒരു സാംസ്കാരികോത്സവം എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയ പ്രതിരോധം കൂടിയാണ് അത്.

പ്രശസ്ത സിനിമാ നിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ മാതൃഭൂമിയില്‍ എഴുതുന്നു, “ഈ മേളയുടെ ഉള്ളടക്കത്തിന്റെ സവിശേഷതയും ശക്തിയും അത് മൂന്നാം ലോകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാമുഖ്യമാണ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കും നല്‍കുന്ന ഊന്നല്‍ നമ്മുടെ മേളയുടെ രാഷ്ട്രീയ ആഭിമുഖ്യങ്ങളെ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്ന ഒന്നാണ്”.

http://www.azhimukham.com/opinion-muslim-man-burned-alive-sangh-parivar-india-sreekanth/

Next Story

Related Stories