UPDATES

ട്രെന്‍ഡിങ്ങ്

‘വരത്തന്‍’ യുക്തി ഭരിക്കുന്ന വംശീയ രാഷ്ട്രീയക്കാര്‍; എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജലീല്‍, പീതാംബര കുറുപ്പുമാരുടെ ചെവിക്ക് പിടിക്കണം

ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുക്കേണ്ടതുണ്ട്

ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത് ഞാന്‍ പ്രകാശന്റെ ട്രോള്‍ പോസ്റ്റര്‍ വഴിയാണ്. ‘ആറ്റിങ്ങലിന് പ്രകാശമേകാന്‍ ഞാൻ പ്രകാശൻ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ, ഈ ചിത്രം തന്റെ ഔദ്യോഗിക പേജിലും അടൂർ പ്രകാശ് ഷെയര്‍ ചെയ്യുകയുണ്ടായി.

എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ നടക്കുന്ന ഒരു പ്രചരണം ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ് രംഗത്ത് വന്നു. എതിരാളികള്‍ തന്നെ ‘വരത്തന്‍’ എന്നു വിളിക്കുന്നു എന്നാണ് ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്ലാ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്കും വോട്ട് മറ്റ് മണ്ഡലങ്ങളില്‍ ആണെന്നും അതുകൊണ്ടുതന്നെ വരത്തന്‍ സ്ഥാനാര്‍ത്ഥിയാണ് എന്നു പ്രചരിപ്പിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ് എന്നും അപഹാസ്യമാണെന്നും അടൂര്‍ പ്രകാശ് പറയുന്നു. “ഇന്ദിരാ ഗാന്ധി ഇവിടെ വയലാര്‍ രവിയെ നിര്‍ത്തിയ പോലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നും അടൂര്‍ പ്രകാശ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വരത്തന്‍ യുക്തിയുടെ ഞെട്ടിക്കുന്ന ഡൈമെന്‍ഷനാണ് ജലീലിന്റെ പരാമര്‍ശത്തില്‍ നാം കേട്ടത്. അത് വലിയ വിവാദമാവുകയും ചെയ്തു. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രചാരമാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം.

‘ശ്ശെടാ..പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ’ എന്നായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാനാണ് ജലീല്‍ ശ്രമിച്ചതെങ്കിലും അതിലെ വംശീയ അധിക്ഷേപം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് നേതാക്കളും സോഷ്യല്‍ മീഡിയയും രംഗത്തെത്തി.

ജലീലിന്റെ ട്രോള്‍ കടുത്ത വംശീയവിദ്വേഷമുള്ളതും തൊഴിലാളി വിരുദ്ധവുമാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരേന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന ട്രോളിലൂടെ ജലീല്‍ പ്രാദേശിക വാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. പോസ്റ്ററൊട്ടിക്കുന്നവരേയും കൂലിപ്പണിയെടുക്കുന്നവരേയും രണ്ടാം കിട തൊഴിലാളികളായി ചിത്രീകരിച്ച് കൊണ്ട് ഒരു ഇടതുപക്ഷ മന്ത്രി മുന്നോട്ട് വരുന്നതിലെ രാഷ്ട്രീയ ശരികേടും സാമൂഹികമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

തന്റെ പരാമര്‍ശം കൈവിട്ടുപോയി എന്നു മനസിലാക്കിയ ജലീല്‍ വിശദീകരണവുമായി രംഗത്തെത്തിയതും വിവാദമായി.

“ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ ‘Moron’ കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു “അഴകിയ രാവണൻ” നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!

“ഇസ്ലാമോഫോബിയ” പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് “കമ്മ്യൂണിസ്റ്റോഫോബിയ” യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണ്ണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ്സ് ‘ഷോ’വനിസ്റ്റുകളും.”

മൊറോണ്‍ എന്ന പ്രയോഗവും “ഇസ്ലാമോഫോബിയ” പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് “കമ്മ്യൂണിസ്റ്റോഫോബിയ” എന്ന പരാമര്‍ശവുമാണ് ഇവിടെ ചര്‍ച്ചയായത്.

ഏറ്റവും ഒടുവില്‍ എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരകുറുപ്പാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. മണിക്കെതിരെ കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്ന വംശീയ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് ഇതും.

ഡാമുകള്‍ ഒന്നിച്ച് തുറവിടാനും അതുകാരണം പ്രളയത്തിന്റെ കാരണക്കാരന്‍ ‘ഹോണറബിള്‍ മിനിസ്റ്റര്‍ മിസ്റ്റര്‍ ബ്ലാക്ക് മണി’ (ബഹുമാനപ്പെട്ട ശ്രീ കറുത്ത മണി) ആണ് എന്നായിരുന്നു പീതാംബരകുറുപ്പിന്റെ പരാമര്‍ശം. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വേണ്ടി ആറ്റിങ്ങല്‍ മണ്ഡലത്തിലെ നെടുമങ്ങാട് പ്രസംഗിക്കുമ്പോഴായിരുന്നു പീതാംബരകുറിപ്പിന്റെ വംശീയാധിക്ഷേപം.

വീഡിയോ കാണാം: ബഹുമാനപ്പെട്ട ശ്രീ ‘ബ്ലാക്ക് മണി’; എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് എന്‍ പീതാംബരകുറുപ്പ് 

ഭരണഘടനയുടെ അന്തസത്തയെ തന്നെ അവഹേളിക്കുന്ന അധിക്ഷേപ പരാമര്‍ശങ്ങളിലേക്ക് നിയമനിര്‍മ്മാണ സഭയിലെ പ്രതിനിധികളും ആ പദവി നേരത്തെ അലങ്കരിച്ചവരും കടന്നു പോകുന്നത് രാഷ്ട്രീയത്തിന്റെ മൂല്യരാഹിത്യത്തെ തന്നെയാണ് കാണിക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ സോഷ്യല്‍ മീഡിയ അനിയന്ത്രിതമായി ഇടപെടുന്ന ഈ കാലത്ത് ഈ പ്രവണതയെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തില്‍ പതിയുമെന്നും പ്രതീക്ഷിക്കാം. എന്നിട്ടും ‘വാചകമടി’ തുടരുന്നവരുടെ ചെവിക്ക് പിടിക്കുക തന്നെ വേണം.

©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍