UPDATES

ട്രെന്‍ഡിങ്ങ്

‘നാല് വോട്ടിന് രാമായണം’; ചില കെ പി സി സി വിചാരങ്ങള്‍

കെപിസിസി വിചാര്‍ വിഭാഗിന്റെ രാമായണം, തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പിന്നെ യൂത്ത് കോണ്‍ഗ്രസ്സിന്റെ രക്ഷാബന്ധനും

അങ്ങനെ രാമായണ മാസാചരണത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്‍മാറി. രാമായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നു വി എം സുധീരനും നാലു വോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത് എന്നു കെ മുരളീധരനും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം എന്നു കേള്‍ക്കുന്നു. പക്ഷേ, രാമായണ സംവാദങ്ങളുമായി മുന്നോട്ട് പോവാന്‍ ത്തന്നെയാണ് ഇടതു അനുകൂലി ബുദ്ധിജീവികളുടെ സംഘടനയായ സംസ്കൃത സംഘത്തിന്റെ തീരുമാനം. പരിപാടിയുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വിശദീകരിച്ചിരുന്നു.

കെ പി സി സി വിചാര്‍ വിഭാഗിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കര്‍ക്കിടകം ഒന്നിന് തിരുവനന്തപുരം ഗാന്ധി ഭവനില്‍ വെച്ചു പരിപാടി നടത്താന്‍ തീരുമാനിച്ചത്. രാമായണം നമ്മുടേതാണ് നാടിന്‍റെ നന്മയാണ്’ എന്ന പേരിൽ നടത്താനിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്. അതായത് നാളെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തുമെന്നുമായിരുന്നു പ്രഖ്യാപനം.

“ബിജെപി ശൈലി കോണ്‍ഗ്രസ്സ് പിന്തുടരുന്നതിലെ എതിര്‍പ്പ് പല കോണുകളില്‍ നിന്നും ഉയര്‍ന്നു. പാര്‍ട്ടിയുടെ ഫോറങ്ങളിലൊന്നും ചര്‍ച്ച ചെയ്യാതെ ഈ തീരുമാനമെടുത്തതിലുള്ള അതൃപ്തി ഉണ്ടായതിനെ തുടര്‍ന്ന് കെ പി സി സി വിചാര്‍ വിഭാഗിനെ വിലക്കുകയായിരുന്നു.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മീയ ഗ്രന്ഥങ്ങളെയും ഇതിഹാസ കൃതികളെയും ആസ്പദമാക്കി വിചാർ വിഭാഗ് മുമ്പും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാമായണത്തെ സംബന്ധിച്ചുള്ള പരിപാടി ഏറെ തെറ്റിധാരണ പരത്തിയ സാഹചര്യത്തിലാണ് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്ന് വിചാര്‍ വിഭാഗ് അധ്യക്ഷന്‍ നെടുമുടി ഹരികുമാര്‍ വിശദീകരിച്ചു.

ഇപ്പോള്‍ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന സാക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയില്‍ നവാസുദ്ദീന്‍ സിദ്ദിക്കി അവതരിപ്പിക്കുന്ന ഗണേഷ് ഗയ്ടണ്ട് എന്ന മുംബയിലെ അധോലോക ഗുണ്ടാ തലവന്‍ ഹിന്ദു മുസ്ലീം സംഘര്‍ഷത്തെ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനെ കുറിച്ച് ശ്രീവാസ്തവ നെവാട്യ ദി ഹിന്ദുവിന്റെ സണ്‍ഡേ മാഗസിനില്‍ എഴുതിയിട്ടുണ്ട്. ഷ ബാനു കേസ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി രാമാനന്ദ് സാഗറിന്റെ രാമായണം നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതിനെ കുറിച്ച് ഗയ്ടണ്ട് സൂചിപ്പിക്കുന്നുണ്ട്. ആയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഹിന്ദുത്വ നീക്കം ശക്തമായത് ഞായറാഴ്ചകളിലെ രാമായണം സംപ്രേക്ഷണമാണ് എന്നു ഗയ്ടണ്ട് പറയുന്നു. മുംബൈ സ്ഫോടനവും തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥകളും ചിത്രീകരിച്ച ബ്ലാക് ഫ്രൈഡേയുടെ സംവിധായകന്‍ അനുരാഗ് കാശ്യപ് ആണ് സാക്രഡ് ഗെയിംസിന്റെ സംവിധായകന്‍. എന്തായാലും ആര്‍ എസ് എസ് ചിത്രത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

രാമായണം പോലുള്ള ഇതിഹാസങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്ന സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുള്ള ബൌദ്ധിക പ്രവര്‍ത്തനമായിട്ടാണ് ഇടതു സംഘം രാമായണ പരിപാടികളെ കാണുന്നത്. പക്ഷേ എന്തുകൊണ്ട് കര്‍ക്കിടക മാസത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലും മറ്റും വിശ്വാസത്തിന്റെ ഭാഗമായി രാമായണ മാസം ആചരിക്കുമ്പോള്‍ തന്നെ എന്തിന് ഇടതുപക്ഷക്കാര്‍ ഇത് ചെയ്യുന്നു എന്നാണ് ചോദ്യം. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് പോലെ രാമായണം ഏത് മാസം വേണമെങ്കിലും വായിക്കാമെന്നിരിക്കെ.

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

കെ പി സി സി വിചാര്‍ വിഭാഗിന്റെ രാമായണ പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി നിശ്ചയിച്ച ശശി തരൂര്‍ എം പി ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ബിജെപിക്കാര്‍ ഏറ്റുപിടിച്ചു രാഹുല്‍ ഗാന്ധി മാപ്പുപറയണം എന്നു വശ്യപ്പെട്ടു എന്നത് മാത്രമല്ല കല്‍ക്കത്തയില്‍ നിന്നും തരൂരിനെതിരെ കേസും വന്നു കഴിഞ്ഞു. ‘ഇന്ത്യയും ഹിന്ദു പാകിസ്താനും’ എന്ന ഇന്നത്തെ മാതൃഭൂമി എഡിറ്റ് പേജ് ലേഖനത്തില്‍ തന്റെ പ്രയോഗത്തിന്റെ രാഷ്ട്രീയ വിവക്ഷകളെ തരൂര്‍ വിശദീകരിക്കുന്നുണ്ട്.

“രണ്ടു ആശയങ്ങള്‍ക്കിടയിലാണ് നമ്മുടെ ദേശീയത ഭിന്നിച്ചു പോയത്. മതപരമായ സ്വത്വമാണ് തങ്ങളുടെ ദേശീയത നിര്‍ണ്ണയിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമായിരുന്നു അതിലൊന്ന്. മറുവശത്ത് മത വിശ്വാസങ്ങള്‍ക്കപ്പുറം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെന്ന ആശയത്തില്‍ വിശ്വസിക്കുന്നവരും. ഇതില്‍ ആദ്യത്തേത് പാക്കിസ്ഥാന്റെ പ്രത്യയശാസ്ത്രമായി മാറി. രണ്ടാമത്തേത് ഇന്ത്യയുടെയും.”

‘പാക് പ്രത്യയശാസ്ത്രത്തിന്റെ പ്രതിബിംബം’ എന്ന ഉപ തലക്കെട്ടില്‍ തരൂര്‍ ഇങ്ങനെ പറയുന്നു. “ബിജെപിയുടെയും ആര്‍ എസ് എസിന്റെയും ഹിന്ദു രാഷ്ട്ര ആശയം പാകിസ്ഥാന്‍ പുലര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രതിബിംബമാണ്. ഭൂരിപക്ഷം കൈയാളുന്ന ഒരു പ്രത്യേക മതം ആധിപത്യം പുലര്‍ത്തുകയും മറ്റ് ന്യൂനപക്ഷങ്ങളെ അധമസ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു രാജ്യമെന്ന ആശയം. ആ ആശയം നടപ്പിലായാല്‍ തീര്‍ച്ചയായും ഒരു ‘ഹിന്ദുത്വ പാക്കിസ്ഥാന്‍’ ആയിരിക്കും.”

അങ്ങനെയൊരു ‘ഹിന്ദു പാകിസ്ഥാനാ’ക്കാന്‍ രാമായണത്തെയും ദൈവങ്ങളെയും ബിജെപി ഉപയോഗിക്കുന്നത് തടയാനാണ് ഇടതുപക്ഷ സംസ്കൃത സംഘം ശ്രമിക്കുക എന്നാണ് ആവര്‍ പറയുന്നതു. അതുതന്നെയല്ലോ ശശി തരൂരും പറയുന്നത്.

രാമായണമാസാചരണത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്‍മാറിയെങ്കിലും കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ രക്ഷാബന്ധന്‍ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ആര്‍ എസ് എസ് വര്‍ഗീയതയ്ക്കെതിരെ ദേശ രക്ഷബന്ധന്‍ എന്ന പേരിലാണ് ദേശീയ പതാകയുടെ നിറങ്ങളില്‍ മൂവര്‍ണ്ണ രാഖി കെട്ടുന്നത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയെ ആഗസ്ത് 15നു തുടക്കം കുറിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയായി നടത്താനാണ് ആലോചിക്കുന്നത്. നേരത്തെ പശു രക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലയ്ക്കെതിരെ പരസ്യമായി പോത്തുകുട്ടിയെ അറുത്ത പ്രസ്ഥാനമാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ്.

ശ്രീകൃഷ്ണ ജയന്തി സിപിഎമ്മുകാര്‍ കൊണ്ടുപോയി. അവരിപ്പോള്‍ രാമായണ മാസത്തിന്റെയും പിന്നാലെയാണ്. യൂത്ത് കോണ്‍ഗ്രസ്സ് രക്ഷാ ബന്ധന്‍ നടത്താന്‍ പോകുന്നു. എന്തായാലും കേരളത്തിലെ ആര്‍ എസ് എസുകാരുടെ കാര്യം കഷ്ടം തന്നെ.

തരൂരിനുള്ള പാക് വിസ റെഡി!

രാമായണം ഹിന്ദുത്വവാദികളുടെ തറവാട്ടുസ്വത്തല്ല, പക്ഷെ സിപിഎം രാമായണ മാസത്തെ മിമിക്രി ആക്കരുത്: സച്ചിദാനന്ദന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍