Top

പ്രളയത്തിന്റെ 100 ദിനം; കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല ശബരിമലയിലെ നടവരവ് കുറഞ്ഞോ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം

പ്രളയത്തിന്റെ 100 ദിനം; കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല ശബരിമലയിലെ നടവരവ് കുറഞ്ഞോ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം
കേരളത്തെ മുക്കിയ പ്രളയം കലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമെന്ന് വ്യക്തമാക്കിക്കൊണ്ട് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതായി മലയാള മനോരമ. “അതിശക്തമായ കാലവര്‍ഷവും അണക്കെട്ടുകളില്‍ വന്‍തോതില്‍ വെള്ളമെത്തിയതുമാണ് പ്രളയത്തിന് കാരണമായത്. ഇതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനമാണ്.” ഐ എം ഡി ഡയറക്ടര്‍ ജനറല്‍ ഡോ. കെ ജെ രമേശ് പറഞ്ഞു.

മഹാപ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നോ എന്നായിരുന്നു പ്രളയാനാന്തര കേരളം അഭിമുഖീകരിച്ച സുപ്രധാന ചോദ്യം. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഗാഡ്ഗില്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി വക്താവ് ജെ ആര്‍ പദ്മകുമാറും ഒക്കെ ഈ പ്രയോഗം ആവര്‍ത്തിച്ചു. സര്‍ക്കാര്‍ പ്രതിരോധത്തിലായി. എന്നാല്‍ ഗാഡ്ഗിലിന്റെ പ്രയോഗവും രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രയോഗവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു.

സാധാരണ മഴയുടെ അളവ് കുറയുന്നതും അതിശക്തമായ മഴയും കഠിന വരള്‍ച്ചയും ഉണ്ടാകുന്നതും കലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ്. സാധാരണ 1676.3 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ ഇത്തവണ ലഭിച്ചതു 2377.1 മില്ലി മീറ്റര്‍ മഴ. അതായത് 42 ശതമാനത്തില്‍ അധികമാണ് ഇതേന്ന് ദേശീയ കലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു. ആഗസ്ത് ഒന്നു മുതല്‍ 20 വരെ രേഖപ്പെടുത്തിയ മഴ 156% അധികമായിരുന്നു.

എന്നാല്‍ ഒരാഴ്ച മുന്‍പ് മലയാള മനോരമ തന്നെ “മുന്നറിയിപ്പുകള്‍ അവഗണിച്ചു; പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പഠനം” എന്ന ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. നെയ്യാര്‍ ഡാമിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ ഗവേഷണ കേന്ദ്രത്തിന്റെ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശശി തരൂരും അടക്കം കോണ്‍ഗ്രസ്സ് നേതാക്കളും സഹയാത്രികരുമാണ് ഭരണ സമിതി അംഗങ്ങള്‍.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല, ജനങ്ങൾക്കു മുന്നറിയിപ്പ് നൽകിയതിൽ ഗുരുതരവീഴ്ചയുണ്ടായി, എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ഒന്നിച്ചു തുറന്നുവിട്ടതു പ്രളയം രൂക്ഷമാക്കി എന്ന് രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നു.

അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജലസംഭരണി പ്രവര്‍ത്തിക്കാനുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കോഡ് അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനുമുണ്ടായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഈ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും കലാവസ്ഥാ മാറ്റത്തെ പരാമര്‍ശിക്കുന്നുണ്ടോ എന്നു മലയാള മനോരമ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ വെബ്സൈറ്റില്‍ ഇത്തരമൊരു പഠനത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനും സാധിച്ചില്ല.

എന്തായാലും പ്രളയശേഷം കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കൊണ്ടുവന്ന വാദത്തിന് ഒരു അക്കാദമിക് അടിസ്ഥാനം ചമയ്ക്കുമ്പോള്‍ കുറച്ചുകൂടി ആധികാരികം ആവേണ്ടതായിരുന്നില്ലേ എന്നാണ് സംശയം. റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിയ കാരണങ്ങള്‍ പ്രസക്തമാണെന്ന കാര്യത്തില്‍ സംശയമില്ല. അത് പക്ഷേ ഈ 2018ല്‍ സംഭവിച്ച ഒന്നല്ല എന്നത് സുവ്യക്തമായ കാര്യമാണ്. അതായത് പ്രളയത്തിന്റെ പാപ ഭാരം നിലവിലുള്ള സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെയ്ക്കുന്നത് അനീതിയാണ് എന്നര്‍ത്ഥം.

ഒന്നിച്ചു ഡാം തുറന്നു എന്നതാണ് മുഖ്യ രാഷ്ട്രീയ ആരോപണമായി ഉന്നയിക്കപ്പെട്ടത്. അപ്രതീക്ഷിതമായ അതി തീവ്ര മഴയാണ് ഡാമുകളിലേക്ക് വെള്ളം എത്തിച്ചത് എന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയതോടെ ആ വാദത്തിന്റെ മുനയൊടിഞ്ഞിരിക്കുന്നു. നേരത്തെ കേന്ദ്ര ജല കമ്മീഷനും ഈ വാദം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. “അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കാരണം. കനത്ത മഴ മൂലം അണക്കെട്ടുകള്‍ അതിവേഗത്തില്‍ നിറഞ്ഞത് ഡാമുകള്‍ തുറന്നുവിടാന്‍ നിര്‍ബന്ധിതമാക്കി” കേന്ദ്ര ജല കമ്മീഷന്‍ പ്രളയാനാന്തരം വിശദീകരിച്ചു.

കേരളം നേരിട്ട പ്രളയത്തെ കലാവസ്ഥാ വ്യതിയാന ദുരന്തമായാണ് ഐക്യ രാഷ്ട്ര സഭയും വിശദീകരിച്ചത്. യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ ചീഫ് ഓഫ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ മേധാവി മുരളി തുമ്മാരകുടി എഴുതിയത് ഡാമുകള്‍ ഇല്ലാതിരുന്നെങ്കിലും പ്രളയം ഉണ്ടാകുമായിരുന്നു എന്നാണ്. അതേസമയം ഡാം മാനേജ്മെന്റില്‍ കാലങ്ങളായി തുടരുന്ന പാളിച്ച കേരളം ഇപ്പോഴും തുടരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ്സിന്റെ ഗവേഷണ കേന്ദ്രം നടത്തിയ പഠനം ഗുണം ചെയ്തത് സംഘപരിവാറിനാണ്. അവര്‍ അതും തങ്ങളുടെ വ്യാജ പ്രചരണത്തിനുള്ള ഉപാധിയാക്കി മാറ്റി എന്നതാണ് ഏറ്റവും വലിയ ദുരന്തം. ‘ശബരിമലയുടെ പേരില്‍ ഹിന്ദുവിനെ വേട്ടയാടുന്നത് മറ്റു പലതിനെയും മറച്ചുവയ്ക്കാന്‍ കൂടിയാണ്’ എന്നാണ് ഈ പഠന റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചുകൊണ്ട് സംഘ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പ്രളയാനന്തര കേരളം 100 ദിവസം പിന്നിടുമ്പോഴും പ്രളയത്തില്‍ നിന്നും നാം പാഠം പഠിച്ചിട്ടില്ല എന്നു ശബരിമല തെളിയിച്ചു. കേരളം എങ്ങനെ പുനര്‍നിര്‍മ്മിക്കുമെന്നല്ല ശബരിമലയിലെ നടവരവ് കുറഞ്ഞോ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പുനര്‍ നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

https://www.azhimukham.com/trending-congress-institution-report-says-flood-is-human-made-sangh-groups-using-this/

https://www.azhimukham.com/newswrap-hindu-outfits-and-congress-decides-to-widen-protest-in-sabarimala-issue-writes-saju/

https://www.azhimukham.com/newswrap-caste-discrimination-in-kuttanadu-relief-camp-and-kerala-progress-in-question-by-saju/

https://www.azhimukham.com/offbeat-criticism-against-on-flood-writes-kaantony/

https://www.azhimukham.com/offbeat-sanghaparivar-propaganda-against-uae-aid-writes-ka-antony/

Next Story

Related Stories