UPDATES

‘ചുവപ്പ് ജിഹാദി’ല്‍ ശിരസ്സറ്റ് കോണ്‍ഗ്രസ്; കുമ്മനം എവിടെ എത്തിയോ എന്തോ?

ജാഥയുടെ ‘ശവമടക്കി’നെങ്കിലും അമിത് ജി വരുമായിരിക്കും

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ നിയോഗിച്ച സോളാര്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയിന്മേല്‍ അദ്ദേഹത്തിനും നാലു മുന്‍ മന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, എന്നിവരടക്കം മറ്റ് 21 പേര്‍ക്കെതിരെ ക്രിമിനല്‍, വിജിലന്‍സ് കേസ് നടപടികള്‍ക്ക് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഇന്നലെ രാവിലെ മുതല്‍ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇന്നത്തെ എല്ലാ പത്രങ്ങളും പിണറായി മന്ത്രിസഭയുടെ ഈ സര്‍ജിക്കല്‍ സ്ട്രൈക്ക് ആഘോഷിക്കുകയാണ്. ഈ സമീപകാലത്ത് കേരളം ഞെട്ടിത്തെറിച്ച ഏറ്റവും വലിയ രാഷ്ട്രീയ ഭൂകമ്പങ്ങളിലൊന്നായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള നിയമ നടപടി ശുപാര്‍ശ മാറിയിരിക്കുന്നു.

ബിജെപി അധ്യക്ഷന്‍ കുമ്മനത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചുവപ്പ് ജിഹാദ്’. ശിരസറ്റ് വീണു കിടക്കുന്നത് തല നരച്ചതും നരയ്ക്കാത്തതുമായ ഒരു പറ്റം കോണ്‍ഗ്രസ്സ് നേതാക്കളാണ്.

അഴിമതി കേസിലും ബലാത്സംഗ കേസിലും നിയമ നടപടി നേരിടാന്‍ ഒരുങ്ങുന്നവരുടെ പട്ടിക മലയാള മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം പിമാരായ ജോസ് കെ മാണി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, മുന്‍ എംഎല്‍എമാരായ താമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, എ പി അബ്ദുള്ളക്കുട്ടി, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, പാണക്കാട് ബഷീറലി തങ്ങള്‍, ഡിജിപി ഹേമചന്ദ്രന്‍, എ ഡി ജി പി കെ പദ്മകുമാര്‍, ഐ ജി എംആര്‍ അജിത്ത് കുമാര്‍, സോളാര്‍ കേസ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡിവൈഎസ് പി കെ ഹരികൃഷ്ണന്‍, പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ജി ആര്‍ അജിത്ത്, ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെനി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലീം രാജ്.

Also Read: ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരു കോടതി വെറുതെ വിട്ടു; പക്ഷേ പിണറായി വെറുതെ വിടുമോ?

അന്വേഷണം പുരോഗമിക്കുമ്പോള്‍ ചോദ്യം ചെയ്യലിന്റെയും  തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകള്‍ പ്രതി ചേര്‍ക്കപ്പെട്ടേക്കാം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ച ആളുകളുടെ പേരില്‍ മാത്രം നിയമനടപടികള്‍ സ്വീകരിക്കാനാനാണ് മന്ത്രിസഭ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി, ലൈംഗിക പീഡന, ഗൂഡാലോചന കേസായി സോളാര്‍ കേസ് മാറും. ഒരു ഗവണ്‍മെന്‍റ് അതിന്റെ സര്‍വ്വസന്നാഹവും ഉപയോഗിച്ച് നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്ന അഴിമതിയുടെ ഏറ്റവും അശ്ലീകരമായ അധ്യായങ്ങളില്‍ ഒന്ന്.

സോളാര്‍ കേസ് എങ്ങനെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ബാധിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന യു ഡി എഫില്‍ നിന്നും ഇനി ഏതൊക്കെ ആദര്‍ശക്കുട്ടന്‍മാര്‍ ഈ പേര് പറഞ്ഞു പുറത്തേക്ക് പോകും എന്നു കാത്തിരുന്നു കാണാം. വേങ്ങര തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും അത്ഭുതം സംഭവിച്ച് ഇടതു മുന്നണി വിജയിച്ചാല്‍ അത് യുഡിഎഫിന്റെ അന്ത്യകൂദാശയാകും എന്ന കാര്യത്തില്‍ സംശയമില്ല.

കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ് പരമദയനീയം. ഒരുപിടി മുന്‍നിര നേതാക്കളാണ് കുടുങ്ങിയിരിക്കുന്നത്. സംഘടന എന്ന നിലയില്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് ആര് നടത്തും എന്ന വലിയ ചോദ്യമുണ്ട്. ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ എ.കെ ആന്‍റണി തന്നെ രംഗത്തിറങ്ങേണ്ടി വരും എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിയാല്‍ കൂടില്ല എന്നത് ആര്‍ക്കാണ് അറിയാത്തത്. എ ഗ്രൂപ്പ് അതിന്റെ ചരിത്രത്തില്‍ ഇല്ലാത്ത ഏറ്റവും വലിയ പതനത്തിന്റെ ഘട്ടത്തിലാണ്. കെപി സി സി പുനസംഘടനയില്‍ പ്രസിഡണ്ടായി ഒരു എ ഗ്രൂപ്പുകാരന്‍ (ചിലപ്പോള്‍ ഉമ്മന്‍ ചാണ്ടി) തന്നെ ഉയര്‍ന്നുവരും എന്നു കരുതിയിരിക്കുമ്പോഴാണ് പിണറായി വിജയന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

പക്ഷേ വലിയ വേദന സോളാര്‍ കേസില്‍ ഒന്നും പരമര്‍ശിക്കപ്പെടാത്ത ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഓര്‍ത്താണ്. ജനങ്ങളെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നടത്തം സോളാറിന്റെ പ്രഭവകേന്ദ്രമായ കൊച്ചിയില്‍ എത്തിയപ്പോഴാണ് രാഷ്ട്രീയ ഭൂമികുലുക്കം സംഭവിക്കുന്നത്. ജാഥ ആരംഭിച്ചതു മുതല്‍ ഒരു സ്വസ്ഥതയും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. പച്ച-ചുവപ്പ് ജിഹാദിനെ മുഖ്യ ശത്രുവായിക്കണ്ട് നയിക്കുന്ന ജാഥയെ തോല്‍പ്പിക്കുന്ന ശത്രുക്കള്‍ പല വേഷത്തിലാണ് വരുന്നത്. അത് അമിത് ഷായുടെയും മകന്‍ ജയ് ഷായുടെയും യോഗി ആദിത്യനാഥിന്റെയും വേഷത്തില്‍ പോലും വന്നു. എന്തിന് പറയുന്നു, വലിയ രാഷ്ട്രീയ നേട്ടങ്ങളൊക്കെ ലാക്കാക്കി രാഷ്ട്രപതി ഭവനിലെത്തിച്ച രാം നാഥ് കോവിന്ദ് പോലും ജാഥയെ തോല്‍പ്പിച്ചു കളഞ്ഞു. അതും കേരളത്തില്‍ വന്നിട്ട്.

Also Read: ഒടുവില്‍ രാം നാഥ് കോവിന്ദും കുമ്മനത്തെ തോല്‍പ്പിച്ചു!

ഇപ്പോഴിതാ സോളാര്‍ അന്വേഷണം പ്രഖ്യാപിച്ച് പിണറായി, ജാഥയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിച്ചിരിക്കുന്നു. അഴിമതിയെ കുറിച്ച് മിണ്ടാന്‍ പറ്റാത്തതുകൊണ്ടാണ് ജിഹാദ് മുഖ്യമുദ്രാവാക്യമായി എടുത്തത്. മെഡിക്കല്‍ കോഴയും ഇപ്പോള്‍ ജയ് ഷായുടെ അഴിമതിയും ഒക്കെക്കൂടി പുലിവാല് പിടിച്ചിരിക്കുകയാണ്. സോളാര്‍ കേസില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത അവസ്ഥ. മാനനഷ്ടക്കേസിന്റെ മേനി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ശേഷിക്കുന്ന അഞ്ചു ദിവസം എങ്ങനെയെങ്കിലും കഴിച്ചുകൂട്ടി യാത്ര തീര്‍ക്കുക തന്നെ.

ജാഥയുടെ ‘ശവമടക്കി’നെങ്കിലും അമിത് ജി വരുമോ എന്തോ?

Also Read: കുമ്മനത്തിന്റെ യാത്ര ‘പൊളിച്ചത്’ അമിത് ഷായും യോഗിയും..!

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും കണ്ടെത്തി. സമിതിയുടെ ആദ്യ യോഗമാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ പ്രധാനമന്ത്രിക്ക് നല്കുമെന്ന് സമിതി അദ്ധ്യക്ഷന്‍ ബിബെക് ദെബ്രോയ് പറഞ്ഞു. (മലയാള മനോരമ)

പ്രായപൂര്‍ത്തിയാകാത്ത ‘ഭാര്യ’ യുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചതാണ് മറ്റൊരു സുപ്രധാന വാര്‍ത്ത. സോളാര്‍ വാര്‍ത്തകള്‍ക്കിടയിലും ദേശാഭിമാനി വലിയ പ്രാധാന്യത്തോടെ ഇത് നല്‍കിയിട്ടുണ്ട്. 18 വയസ്സിനു താഴെ പ്രായമുളള ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ് എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. 15 മുതല്‍ 18 വയസ്സുവരെയുള്ള ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കേണ്ടതില്ലെന്ന ഐപിസി 375 ആം വകുപ്പിലെ വ്യവസ്ഥയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.

കേരളം എന്‍ഐഎയ്ക്ക് കൈമാറിയത് 90 ലൗജിഹാദ് കേസുകളാണ് എന്ന റിപ്പോര്‍ട്ടുമായാണ് ജന്മഭൂമി ഇറങ്ങിയിരിക്കുന്നത്. അഖില കേസില്‍ എന്‍ ഐ എ അന്വേഷിക്കേണ്ടതില്ല എന്ന സുപ്രീം കോടതിയില്‍ കേരളം വാദിച്ചതിന് തിരിച്ചടിയാണ് ഇതെന്നാണ് ജന്മഭൂമിയുടെ പക്ഷം.

Also Read: ഹാദിയയുടെ ‘ബ്ലൂ വെയില്‍ കളി’; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

ഒടുവില്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഗജേന്ദ്ര ചൌഹാനെ മാറ്റി. പുതിയ ഡയറക്ടര്‍ നടനും സംവിധായകനും ബിജെപി സഹയാത്രികനുമായ അനുപം ഖേറാണ്. കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഗജേന്ദ്ര ചൌഹാനെ മാറ്റിയത്. ചൌഹാന്‍റെ നിയമത്തിനെതിരെ 139 ദിവസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.

Also Read: ശ്ശെ…. ആരാ ഈ മണ്ടന്മാരെ അകത്ത് കയറ്റിയത്?

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നു കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികകളുടെയും കോമണ്‍ കാറ്റഗറി തസ്തികകളുടെയും 10 ശതമാനം നീക്കിവെച്ചുകൊണ്ടാണ് കെ.എ.എസ് രൂപീകരിക്കുന്നത്.

സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരുടെ രണ്ടാം നിര സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൂന്നു ധാരകളിലൂടെയാണ് (stream) കെ.എ.എസിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത്. (1) നേരിട്ടുളള നിയമനം: പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാല ബിരുദവുമാണ്.  (2) ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം: പ്രായപരിധി 40 വയസ്. യോഗ്യത സര്‍വകലാശാല ബിരുദം. (3) തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസ്റ്റഡ് തസ്തികയിലുളളവരില്‍ നിന്നും തുല്യമായ കോമണ്‍ കാറ്റഗറി തസ്തികയിലുളളവരില്‍നിന്നും മാറ്റം വഴിയുളള നിയമനം: പ്രായപരിധി 50 വയസ്സിനു താഴെ. അംഗീകരിച്ച കരട് സ്പെഷ്യല്‍ റൂള്‍സ് സംബന്ധിച്ച് ജീവനക്കാരില്‍നിന്നും അവരുടെ സംഘടനകളില്‍ നിന്നും അഭിപ്രായം തേടുന്നതാണ്. സ്പെഷ്യല്‍ റൂള്‍സ് പി.എസ്.സിയുടെ പരിഗണനയ്ക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.

Also Read: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും സര്‍ക്കാര്‍ നടപടികളും – പൂര്‍ണ രൂപം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍