UPDATES

ട്രെന്‍ഡിങ്ങ്

‘ദൈവം ചോദിക്കും’, ‘കൈകാര്യം ചെയ്യും’, ‘വിഷയമാക്കും’; മൂന്ന് സുരേമാര്‍ക്ക് ‘ദൈവവിളി’

ഒരുകാര്യം ഉറപ്പായി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ദൈവത്തിന്റെ വികൃതികളാല്‍ സമ്പന്നമായിരിക്കും

ഈ തിരഞ്ഞെടുപ്പില്‍ ശബരിമല അയ്യപ്പന്റെ വിളയാട്ടമായിരിക്കും എന്നാണ് കേരളത്തിലെ കുലപുരുഷന്‍മാരും കുലസ്ത്രീകളും അവരെ നയിക്കുന്ന രാഷ്ട്രീയ സാമുദായിക നേതാക്കളും പറഞ്ഞു നടന്നിരുന്നത്. ആ അപകടം മുന്‍കൂട്ടി മനസിലാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്ന നിര്‍ദേശം തുടക്കത്തിലേ നല്‍കി. എന്നാല്‍ ബിജെപി പ്രധാനമായും കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ അത്ര തൃപ്തരായിരുന്നില്ല. ശബരിമലയെ തുല്യതയുടെ വിഷയം എന്ന നിലയിലും അവിടെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലുള്ള വിമര്‍ശനവും അവതരിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു മീണ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ല എന്നു പറഞ്ഞ് രംഗത്തുവന്ന പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വാദത്തെ ഖണ്ഡിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തുകയുണ്ടായി. ശബരിമലയല്ല, മോദിയുടെ ഭരണമികവാണ് ബിജെപിയുടെ പ്രചാരണ വിഷയം എന്നായിരുന്നു പിള്ളയുടെ ഒരിത്. എന്നാല്‍ മിസോറാമില്‍ നിന്നും ഗവര്‍ണ്ണര്‍ പദവി രാജി വെച്ചു തിരുവനന്തപുരം കീഴടക്കാനെത്തിയ കുമ്മനം രാജശേഖരന് മറ്റൊരു അഭിപ്രായമായിരുന്നു. ശബരിമല പ്രചാരണ വിഷയമാക്കും എന്നായിരുന്നു തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

അതേസമയം മലയാള മനോരമ നടത്തിയ തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേയില്‍ ശബരിമല ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജനതയ്ക്ക് മാത്രമാണ് ഇത് സ്വല്പം പ്രശനമായിട്ടു തോന്നിയത്. അതിന്റെ ഗുണം കുമ്മനത്തിന് കിട്ടുമെന്നും സര്‍വ്വെ പ്രവചിച്ചിരുന്നു.

എന്തായാലും ശശികലയും സെന്‍കുമാറും ഒക്കെ നയിക്കുന്ന ശബരിമല കര്‍മ്മസമിതി അയ്യപ്പന്റെ ബ്രഹ്മചാര്യം തകര്‍ക്കാനുള്ള ശ്രമം തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല പ്രചാരണ വിഷയമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും 15 ദിവസങ്ങള്‍ ഉണ്ടല്ലോ.

ഇന്നലെ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു എന്ന പേരില്‍ ബിജെപിയുടെ തൃശൂര്‍ സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ് ഗോപി നിയമക്കുരുക്കില്‍ എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത.

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തൃശൂരിലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത് ജില്ല കളക്ടര്‍ ടിവി അനുപമയാണ്. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത്. സുരേഷ് ഗോപി 48 മണിക്കൂറിനകം വിശദീകരണം നല്‍കണം.

എന്നാല്‍ ടി വി അനുപമയുടെ നടപടിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്ത് വന്നു കഴിഞ്ഞു. കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടുമെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കി. അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എന്നിട്ടും വിശദീകരണം തേടിയ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ടി വി അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിലെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും ചർച്ചയാക്കി വോട്ട് ചോദിക്കുമെന്നും വ്യക്തമാക്കി.

ഇഷ്ട ദേവന്റെ പേര് പറയാന്‍ സാധിക്കാതെ വരുന്നത് ദുഃഖകരമാണെന്നും അങ്ങനെ വന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ഇന്ന് രാവിലെ സുരേഷ് ഗോപി വ്യക്തമാക്കി കഴിഞ്ഞു.

അയ്യപ്പന്റെ കാര്യത്തില്‍ ഏറെ കരുതല്‍ പ്രകടിപ്പിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ഭക്ത കമ്യൂണിസ്റ്റിന്റെ ശരീരഭാഷ സഖാവ് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ശബരിമല ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുമ്പോഴും ഗുരുവായൂര്‍ അമ്പലത്തിലായാലും കൊഞ്ചിറവിള ഭഗവതിയുടെ മുന്‍പിലായാലും ആ മുഖത്ത് വിളങ്ങിയത് വൈരുദ്ധ്യാത്മക ആത്മീയ പ്രകാശമായിരുന്നു. ഇന്നലെ കണ്ണൂര്‍ തളിപ്പറമ്പ് നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിലും ആ ആത്മീയ പ്രകാശനം കണ്ടു. പ്രസംഗം ഇങ്ങനെയായിരുന്നു.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നായുരുന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പ്രസംഗിച്ചത്. “1000 രൂപ 1200 രൂപയാക്കി വർധിപ്പിച്ച് പെൻഷൻ വീട്ടിൽ എത്തിച്ച പിണറായി വിജയന് ഒരു വോട്ട് കൊടുക്കാൻ പറയണം. ഇല്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാമതി. ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ട് കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട്, അദ്ദേഹം തീർച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാൻ നമുക്ക് സാധിക്കണം. ഇക്കാര്യം പെന്‍ഷന്‍കാരോട് പാർട്ടി പ്രവര്‍ത്തകര്‍ പറയണം.നമ്മൾ പറഞ്ഞില്ലെങ്കിൽ ബിജെപിക്കാരും കോൺഗ്രസുകാരും എല്ലാം വേറെന്തെങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും.” ഇങ്ങനെ പോകുന്നു സഖാവ് മന്ത്രിയുടെ വാഗ് പ്രവാഹം.

എന്തായാലും മന്ത്രിയുടെ ദൈവത്തെ പിടിച്ചുള്ള കളിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും എന്നാണ് രമേശ് ചെന്നിത്തല ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പെന്‍ഷന്‍ വാങ്ങുന്നവരെ ഭയപ്പെടുത്താനാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

ഒരുകാര്യം ഉറപ്പായി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ദൈവത്തിന്റെ വികൃതികളാല്‍ സമ്പന്നമായിരിക്കും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍