Top

റബ്ബര്‍ വെട്ടിക്കളഞ്ഞ് കടുക്ക നടൂ...; പോസ്റ്റ് കൊളോണിയല്‍ (പിസി) ജോര്‍ജ്ജിന്റെ കൃഷി പാഠങ്ങള്‍

റബ്ബര്‍ വെട്ടിക്കളഞ്ഞ് കടുക്ക നടൂ...; പോസ്റ്റ് കൊളോണിയല്‍ (പിസി) ജോര്‍ജ്ജിന്റെ കൃഷി പാഠങ്ങള്‍
റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങൾ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഏകദേശം അര നൂറ്റാണ്ട് നീളുന്ന സുദീര്‍ഘമായ കാലയളവില്‍ റബ്ബര്‍ പാര്‍ട്ടി എന്നു വിളിപ്പേരുള്ള കേരള കോണ്‍ഗ്രസ്സിനെ നയിച്ചയാളാണ് ഇത് പറഞ്ഞത് എന്നു കണ്ടു രാഷ്ട്രീയ കേരളം മൂക്കത്ത് വീരല്‍ വെച്ചു എന്നു അതിശയോക്തിക്ക് വേണ്ടി പറയാം. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. രാഷ്ട്രീയം വെറും വാചകമടി മാത്രമായി കാണുന്ന ഈ മധ്യ തിരുവിതാംകൂര്‍ മാടമ്പി രാഷ്ട്രീയക്കാരന്‍ ഇതെല്ല ഇതിനപ്പുറവും പറയും.

“ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അതുകൊണ്ട് റബ്ബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോ?” ധനമന്ത്രി ടി എം തോമസ് ഐസക്കിനോട് പി സി ചോദിച്ചു.

റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്.

ഇവിടെ കേരള കാര്‍ഷിക ചരിത്രത്തിന്റെ പോസ്റ്റ് കൊളോണിയല്‍ (അധിനിവേശാനന്തര) വായന നടത്തുന്ന പി സി ജോര്‍ജ്ജിനെ കാണാം. (ശാസ്ത്ര ബിരുദധാരിയാണ് ജോര്‍ജ്ജെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണുന്നത്. കൃഷിയിലാണോ ബിരുദം?) ലോകത്തെ എല്ലാ തദ്ദേശിയ ജനസമൂഹങ്ങളെയും കീഴടക്കി അവരുടെ മണ്ണും സംസ്കാരവും മാറ്റിമറിച്ച സായിപ്പന്‍മാരുടെ ഇടപാടിനെയാണ് ജോര്‍ജ്ജ് വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ പ്രാദേശികമായ കാര്‍ഷിക വ്യവസ്ഥ, ഭൌമ ഘടന ഒക്കെ ഇതിലൂടെ തകര്‍ക്കപ്പെട്ടു. പ്രളയാനന്തര കേരളം നല്‍കിയ ഒരു തിരിച്ചറിവു കൂടിയാണോ ജോര്‍ജ്ജിനിത് എന്നറിയില്ല.

മഹാപ്രളയത്തിന് തൊട്ട് മുന്‍പത്തെ മഹാമാരിയില്‍ പാലാ ടൌണ്‍ ആകെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ചിത്രം കാണുകയുണ്ടായി. മീനച്ചിലാറില്‍ ഏതെങ്കിലും ഡാം ഉണ്ടായിട്ടല്ല പാലാ മുങ്ങിയത്. അപ്പോള്‍ മറ്റെന്തോ കാരണമാണ്. 1964 മുതല്‍ പാലയെ നയിക്കുന്ന കെ എം മാണിയാണ് അതിനു ഉത്തരം തരേണ്ടത്. റബ്ബര്‍ കൃഷിയെ പരിപോഷിച്ച ധനമന്ത്രി കൂടിയായിരുന്നല്ലോ അദ്ദേഹം.

ഇനി റബ്ബര്‍ കൃഷിയുടെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് പി സി എന്താണ് പറഞ്ഞതെന്ന് നോക്കാം.

അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു. എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക്‌ കിട്ടാന്‍ പോകുകയാണ്. ഒരു കര്‍ഷകന്‍ കൂടിയായ ഈ ജനപ്രതിനിധി അവകാശപ്പെട്ടു.

എന്നാല്‍ പിസിയുടെ പുതിയ കാര്‍ഷിക സിദ്ധാന്തങ്ങള്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിനെ അത്ഭുതപ്പെടുത്തി. റബ്ബറിന് പകരം കടുക്കാ കൃഷി നടത്താമെന്ന ജോര്‍ജ്ജിന്റെ യുക്തി നടപ്പാക്കാന്‍ ആകില്ലെന്ന് മന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള കോണ്‍ഗ്രസ്സിന്റെ വാലായി നടന്ന ഒരാളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു എന്നും മന്ത്രി പറഞ്ഞു.

കിലോയ്ക്ക് ഒരു രൂപയുള്ള ഉള്ളിയുടെ അവസ്ഥ എന്തായാലും ഇപ്പോള്‍ റബ്ബറിന് വന്നിട്ടില്ലല്ലോ? 750 കിലോ ഉള്ളി വിറ്റ് തനിക്ക് കിട്ടിയ 1064 രൂപ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മണി ഓര്‍ഡര്‍ അയച്ചാണ് മഹാരാഷ്ട്രയിലെ കര്‍ഷകന്‍ സഞ്ജയ് സാഥെ പ്രതിഷേധിച്ചത്. 2010ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത കര്‍ഷകരില്‍ ഒരാളായിരുന്നു സഞ്ജയ് സാഥെ; ഇങ്ങനെയുള്ള വാര്‍ത്തകളും വടക്ക് നിന്നും വരുന്നുണ്ട്. സമയം കിട്ടുമ്പോള്‍ ഉത്തരേന്ത്യന്‍ കര്‍ഷകരുടെ ദുരിത ജീവിതത്തെ കുറിച്ച് പുതിയ കൂട്ടുകാരന്‍ രാജേട്ടനോട് ചോദിച്ചു മനസിലാക്കാവുന്നതാണ്.

അതേസമയം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായ റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികകവിളകളെ പുനരുദ്ധരിക്കാന്‍ ഗവണ്‍മെന്‍റ് നടപടി സ്വീകരിക്കണം എന്നാണ് ജോര്‍ജ്ജിന്റെ ഗുരുഭൂതനായ കെ എം മാണി ഇന്നലെ കോട്ടയത്ത് ആവശ്യപ്പെട്ടത്. ആ കാര്യം ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ നസ്രാണികളുടെ അടിത്തറ തോണ്ടുന്ന ജോര്‍ജ്ജിന്റെ വര്‍ത്തമാനം കണ്ടതായി പോലും ദീപിക നടിച്ചിട്ടില്ല. ക്രിസ്ത്യാനിയെ ഒറ്റാന്‍ നടക്കുന്ന അഭിനവ യൂദാസായിട്ടാണോ പുതിയ സംഘപരിവാര്‍ ബാന്ധവ പരിസരത്തില്‍ ജോര്‍ജ്ജിനെ ദീപിക കാണുന്നത് എന്നറിയില്ല.

മാണി സാറിന്റെ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം പോലെ പി സി ജോര്‍ജ്ജിന്റെ “കേരള റബ്ബറിന്റെ പോസ്റ്റ് കൊളോനിയല്‍ വായന” എന്നോ മറ്റോ ഉള്ള പ്രബന്ധം വല്ല സര്‍വ്വകലാശാലകളിലും അവതരിപ്പിക്കാന്‍ ഇടയാകുമോ എന്തോ?

https://www.azhimukham.com/trending-pc-george-going-to-co-operate-with-bjp-what-next/

https://www.azhimukham.com/india-ms-swaminathan-urges-central-state-govts-consider-farmers-agitation-seriously-mega-kisan-mukti-march-against-modi-govt/

https://www.azhimukham.com/trending-india-farmer-got-just-1064-rupees-for-750-kg-onion-send-money-prime-minister-narendra-modi/

https://www.azhimukham.com/azhimukham-374/

https://www.azhimukham.com/pc-george-kerala-congress-politics-keralam-2/Next Story

Related Stories