Top

ശബരിമലയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍: ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും?

ശബരിമലയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍: ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും?
ശബരിമല ഒരു ആചാര വിഷയം എന്നതില്‍ നിന്നും പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. നവോത്ഥാന (സമുദായ) സംഘടനകളെ സര്‍ക്കാര്‍ ലേബലില്‍ അണിനിരത്തി സി പിഎമ്മും സമരത്തിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട ബിജെപി ഗവര്‍ണ്ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചും സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയും വീണ്ടും ഒന്നാമതെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. നിയമസഭാ സമ്മേളനം എന്ന സുവര്‍ണ്ണാവസരത്തില്‍ പിടിച്ച് കോണ്‍ഗ്രസ്സും തങ്ങളുടേതായ രീതിയില്‍ രാഷ്ട്രീയ കരുനീക്കം തകൃതിയായി നടത്തുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും എന്നത് എന്തായാലും ഇപ്പോള്‍ പ്രവചിക്കാവുന്ന ഒന്നല്ല. 'ശബരിമല'യില്‍ ഇന്നലെ നടന്നത്;

‘ഗവര്‍ണ്ണര്‍ ഇടപെടും’

അമിത് ഷാ നിയോഗിച്ച സംഘം ഇന്നലെ കേരളത്തില്‍ എത്തി. സംസ്ഥാന ബിജെപി യില്‍ മൂര്‍ച്ഛിച്ച വിഭാഗീയതയും ശബരിമല സമരത്തില്‍ നേതൃത്വം ഇരുട്ടില്‍ തപ്പുന്നതും തിരിച്ചറിഞ്ഞ ദേശീയ നേതൃത്വം കൂടുതല്‍ പിടിമുറുക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാന്‍. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍ എം പി , ബിജെപി എസ് സി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോങ്കാര്‍ എം പി എന്നിവരാണ് ബിജെപി സംഘത്തിലുണ്ടായിരുന്നത്.

സംഘം പിന്നീട് നിവേദനവുമായി ഗവര്‍ണ്ണര്‍ പി സദാശിവത്തെ കണ്ടു. ശബരിമലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയുമായാണ് സംഘം ഗവര്‍ണ്ണറെ കണ്ടത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായി ബിജെപി സംഘം മാധ്യമങ്ങളോട് അറിയിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ചു വിശദീകരണം നല്‍കുമെന്നും ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയതായും സംഘം പറഞ്ഞു. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് എന്നാണ് നേതാക്കള്‍ ഗവര്‍ണറോട് പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ അടക്കം കേന്ദ്ര ഇടപെടലിനുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്.

ശബരിമല വിഷയത്തില്‍ സമരംഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതോടെ വരും ദിവസങ്ങളില്‍ ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഹൈക്കോടതി നിരീക്ഷക സംഘം ശബരിമലയിലേക്ക്

ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍,ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സംഘം ഇന്നലെ ആലുവയില്‍ യോഗം ചേര്‍ന്നു. ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്നു പറഞ്ഞ സഭ ക്രമസമാധാന പ്രശനങ്ങളില്‍ ഇടപെടില്ല എന്നു വ്യക്തമാക്കി. നിരോധനാജ്ഞ നീക്കണം എന്ന വിഷയത്തിലും ഇടപെടില്ല. സംഘം ഇന്ന് ശബരിമല സദര്‍ശിക്കും.

നവോത്ഥാന വനിതാ മതില്‍

ഹാദിയയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി പി സുഗതനെ വനിതാ മതില്‍ സംഘാടക സമിതി ജോയിന്‍റ് കണ്‍വീനറായി തിരഞ്ഞെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്നാണ് ടിയാന്‍ പോസ്റ്റിട്ടത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും കേരളം ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു
ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

വനിതാ മതിൽ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടി പരിപാടി നടത്താന്‍ സംസ്ഥാന ഖജനാവില്‍ നിന്നുമുള്ള പണം ധൂര്‍ത്തടിക്കരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച ബിജെപിയുടെ വഴി തന്നെയാണ് സര്‍ക്കാര്‍ എന്നും ആരോപിച്ചു.

കോടതി വിധി നടപ്പിലാക്കാന്‍ ധൃതി കാണിച്ചില്ല-മുഖ്യമന്ത്രി

ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചില്ല എന്നു ഇടതു മുന്നണി ഇന്നലെ ആലപ്പുഴയില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ കുറച്ചു താത്പര്യമെങ്കിലും കാണിച്ചിരുന്നെങ്കില്‍ കുറച്ചു സ്ത്രീകളെ എങ്കിലും ശബരിമലയില്‍ കൊണ്ട് പോകാന്‍ കഴിയുമായിരുന്നു. കേരളത്തില്‍ ഏറ്റവും ജനപിന്തുണയില്ല മുന്നണിയാണ് എല്‍ ഡി എഫ്. അതില്‍ ബഹു ഭൂരിപക്ഷവും സ്ത്രീകളാണ്. അങ്ങനെയൊരു തീരുമാനമെടുത്താല്‍ എത്രപേര്‍ മുന്നോട്ട് വരുമായിരുന്നു. മുഖ്യമന്ത്രി ചോദിച്ചു.

കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല- ജി സുധാകരന്‍

കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി ജി സുധാകരന്‍. തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയില്‍ ഏറ്റവുമധികം അദ്ധ്വാനിക്കുന്നത് കഴുതകളാണ്. ആലപ്പുഴയില്‍ അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംഘടിപ്പിച്ച വില്ലുവണ്ടി യാത്രയുടെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായൈരുന്നു മന്ത്രി. അമ്പലം സമര വേദിയാക്കിയതിലെ രാഷ്ട്രീയ കാപട്യം തിരിച്ചറിയണം എന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം: എന്‍എസ്എസ്

ശബരിമല പ്രശ്‌നം രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്. യുവതീ പ്രവേശനവും നവോത്ഥാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും എന്‍എസ്എസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സവര്‍ണനും അവര്‍ണനും ജാതീയ വേര്‍തിരിവുണ്ടാക്കുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

‘നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളത്? അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടേയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്‌നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഈ വസ്തുത തിരിച്ചറിഞ്ഞ് കേസ് ഉത്ഭവിച്ചപ്പോള്‍ തന്നെ ആ വക കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും ബന്ദിയാക്കി നിര്‍ത്തി. ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാല്‍ തെറ്റുണ്ടോ? സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ്ണ, അവര്‍ണ്ണ ചേരിതിരിവോ ജാതി സ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് പറയാതെ വയ്യ.’

https://www.azhimukham.com/kerala-is-women-wall-to-be-organised-by-ldf-government-renaissance-movement-in-support-of-sabarimala-women-entry-writes-dhanya/

https://www.azhimukham.com/trending-bjp-approaches-new-protesting-methods-against-kerala-government-in-sabarimala-issue/

https://www.azhimukham.com/newswrap-nss-sukumaran-nair-boycott-from-meeting-call-for-by-pinarayi-vijayan-criticised-writes-saju/

https://www.azhimukham.com/newswrap-bjp-changes-strategy-in-sabarimala-women-entry-protest-writes-saju/

https://www.azhimukham.com/kerala-villuvandi-protest-to-restore-tribals-custom-rights-in-sabarimala-and-protest-against-brahmin-invasion-report-by-arathi/

Next Story

Related Stories